ADVERTISEMENT

പത്തനാപുരം ∙ ചലച്ചിത്ര–നാടകനടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമായിരുന്ന പാലാ തങ്കം (84) അന്തരിച്ചു. 2013 സെപ്റ്റംബർ മുതൽ പത്തനാപുരത്തെ ഗാന്ധിഭവനിൽ അന്തേവാസിയായിരുന്ന തങ്കത്തിന്റെ അന്ത്യം ഇന്നലെ രാത്രി 7.35ന് ആയിരുന്നു. സംസ്കാരം പിന്നീട്.

 

കോട്ടയം വേളൂർ തിരുവാതുക്കൽ ശരത്ചന്ദ്രഭവനിൽ കുഞ്ഞുക്കുട്ടന്റെ മകളായി ജനിച്ച രാധാമണി കലാരംഗത്ത് എത്തിയതോടെ പാലാ തങ്കം എന്ന പേരു സ്വീകരിക്കുകയായിരുന്നു. പതിനഞ്ചാം വയസ്സിൽ ആലപ്പി വിൻസന്റിന്റെ ‘കെടാവിളക്കി’ൽ താരക മലരുകൾ വാടി, താഴത്തു നിഴലുകൾ മൂടി' എന്ന ഗാനം പാടിയാണ് സിനിമാരംഗത്തേക്ക് എത്തിയത്. പിന്നീട് പാട്ടിനൊപ്പം നാടകങ്ങളിൽ തന്റെ അഭിനയ മികവും തെളിയിച്ചു. പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സ്, കെപിഎസി, ചങ്ങനാശേരി ഗീഥ തുടങ്ങി ഒട്ടേറെ നാടകസമിതികളിൽ പ്രവർത്തിച്ചു. നൂറോളം സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറോളം സിനിമകളിൽ കഥാപാത്രങ്ങൾക്കു ശബ്ദം നൽകുകയും ചെയ്തു. 

 

1963ൽ പുറത്തിറങ്ങിയ ‘റബേക്ക’ എന്ന ചിത്രത്തിൽ നായകനായിരുന്ന സത്യന്റെ അമ്മ വേഷത്തിലാണ് ശ്രദ്ധ നേടിയത്. ഇതേ ചിത്രത്തിൽ ബി.എസ്.സരോജയ്ക്കും ഗ്രേസിക്കും ശബ്ദം നൽകിയതും തങ്കമായിരുന്നു. 1971ൽ പുറത്തിറങ്ങിയ ‘ബോബനും മോളിയും’ എന്ന സിനിമയിൽ ബേബി സുമതിക്കും മാസ്റ്റർ ശേഖറിനും ശബ്ദം നൽകിയതോടെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അവസരങ്ങൾ കിട്ടി. 

 

2018ൽ സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. ഗാന്ധിഭവനിലെത്തിയ ശേഷവും സിനിമകളിൽ അഭിനയിച്ചിരുന്നു. കിണർ എന്ന സിനിമയിലാണ് ഒടുവിൽ അഭിനയിച്ചത്.

 

എസ്ഐ ആയിരുന്ന ഭർത്താവ് ശ്രീധരൻ തമ്പി 25 വർഷം മുൻപു മരിച്ചു. പരേതയായ ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളി, സോമശേഖരൻ തമ്പി, ബാഹുലേയൻ തമ്പി എന്നിവരാണു മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT