ADVERTISEMENT

മലയാള സിനിമയിൽ ക്ലോസ് ഫ്രൻ‍ഡ് എന്നു പറ‍ഞ്ഞാൽ മായിൻകുട്ടിയാണ്. ഉണ്ടക്കണ്ണുള്ള, ഉടായിപ്പിന്റെ ആൾരൂപമായ മായിൻകുട്ടി. കൂട്ടുകാരനു വേണ്ടി എത്ര തല്ലു കൊള്ളാനും മടിയില്ലാത്ത,  ‘പാരമ്പര്യമായി’ കള്ളലക്ഷണമുള്ള ലോ കോളജ് വിദ്യാർഥി. ജഗദീഷ് തകർത്തഭിനയിച്ച മായിൻകുട്ടിയെ സിദ്ദിഖ്–ലാലിന്റെ ‘ഗോഡ്‌ഫാദർ’ കണ്ടവരാരും മറക്കില്ല. അഥവാ   കാണികൾ മറന്നാലും, ‘ഗോഡ്‌ഫാദ’റിന്റെ സംവിധായകർ മറക്കില്ല. 

കാരണം, ‘ഗോഡ്‌ഫാദ’റിനെ അവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാക്കി മാറ്റിയതിൽ മായിൻകുട്ടിയുടെ ഉടായിപ്പുകൾക്കുള്ള പങ്ക് ചെറുതല്ല. മായിൻ‌കുട്ടി കണ്ടെത്തുന്നൊരു നിർണായക രഹസ്യമാണു ‘ഗോഡ്‌ഫാദ’റിന്റെ കഥയിലെ വഴിത്തിരിവാകുന്നത്. ആ രഹസ്യം കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ കഥ തന്നെ വഴിമുട്ടിപ്പോയേനെ.  പക്ഷേ, മായിൻകുട്ടിക്ക് ആ രഹസ്യം എവിടെ നിന്നു കിട്ടി? ‘ഗോഡ്‌ഫാദ’റിന്റെ മുപ്പത്തിരണ്ടാം വാർഷികത്തിലും അതു രഹസ്യമാക്കി വയ്ക്കുകയാണു സിദ്ദിഖ് ലാൽ. (പുനപ്രസിദ്ധീകരിച്ചത്)

അഞ്ഞൂറാന്റെ രണ്ടാമത്തെ മകൻ സ്വാമിനാഥന് തിരുവല്ലയിൽ ഭാര്യയും കുട്ടികളുമുണ്ടെന്ന അതീവരഹസ്യം മായിൻകുട്ടി കണ്ടെത്തുന്നതോടെയാണു യഥാർ‌ഥത്തിൽ ‘ഗോഡ്‌ഫാദ’റിലെ ഡ്രാമകൾ തുടങ്ങുന്നത്. മൂത്ത ചേട്ടന്മാർ മൂന്നു പേരും സ്ത്രീവിരോധികളായ ബ്രഹ്മചാരികളായി പുര നിറഞ്ഞു നിൽക്കുന്നിടത്തോളം തനിക്കും പെണ്ണുകെട്ടാനാവില്ലല്ലോ എന്നു സങ്കടപ്പെട്ടിരിക്കുന്ന  രാമഭദ്രന്റെ (മുകേഷ്) അടുത്തേക്ക് സൈക്കിളിൽ പാഞ്ഞെത്തിയാണു മായിൻകുട്ടി (ജഗദീഷ്) ആ രഹസ്യം വെളിപ്പെടുത്തുന്നത്: 

സ്വാമിയേട്ടന് രഹസ്യഭാര്യയും കുട്ടികളുമുണ്ട്. ബ്രഹ്മചാരികളിൽ ബ്രഹ്മചാരിയായ ചേട്ടൻ സ്വാമിനാഥൻ എല്ലാ മാസവും ഒന്നാം തീയതി മുതൽ അഞ്ചാം തീയതി വരെ തിരുവില്വാമലയിലെ ഹനുമാൻ കോവിലിൽ ഭജനയിരിക്കാനെന്നും പറഞ്ഞു പോകുന്നത് തിരുവല്ലയിലെ ഭാര്യവീട്ടിലേക്കാണെന്നാണു മായിൻകുട്ടിയുടെ കണ്ടെത്തൽ. എന്നു മാത്രമല്ല, സ്വാമിയേട്ടന്റെ ഭാര്യ കൊച്ചമ്മിണിയുടെ (കെപിഎസി ലളിത) ഫോട്ടോ അടക്കം മായിൻകുട്ടി സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്നു രാമഭദ്രനും മായിൻകുട്ടിയും കൂടി കൊച്ചമ്മിണിച്ചേച്ചിയെക്കാണാൻ തിരുവല്ലായ്ക്കു പോകുന്നതും അതിനു ശേഷം സംഭവിക്കുന്നതുമെല്ലാം ചരിത്രമാണ്. 

1991 നവംബർ 15നായിരുന്നു ‘ഗോഡ്‌ഫാദർ’ റിലീസ്. മലയാള സിനിമയിലെ അതുവരെയുള്ള സകല കലക്ഷൻ റെക്കോർഡുകളും തകർത്ത ‘ഗോഡ്‌ഫാദർ’ തിരുവനന്തപുരത്തെ ഒരു തിയറ്ററിൽ തുടർച്ചയായി 417 ദിവസമാണ് ഓടിയത്. 

ചാനലുകളിലെ കോമ‍ഡിപ്പരിപാടികളിലും യുട്യൂബിലും ഇന്നും ആളുകൾ ആവർത്തിച്ചാവർത്തിച്ചു കാണുന്നുണ്ടെങ്കിലും, മായിൻകുട്ടിക്ക് ആ രഹസ്യം എവിടെ നിന്നു കിട്ടിയെന്ന് ആരും ചോദിച്ചു കേട്ടിട്ടില്ല. തനി മസാലപ്പടങ്ങളിൽ പോലു അത്യാവശ്യം ലോജിക്കും റീസണും തിരയുന്ന പ്രബുദ്ധ പ്രേക്ഷകർ പോലും മായിൻകുട്ടിയോട് ആ രഹസ്യത്തിന്റെ സോഴ്സ് തിരക്കിയില്ല. ആക്ഷൻ സിനിമകളെ വെല്ലുന്ന സ്പീഡിൽ കഥ മുന്നോട്ടു പോവുന്നതിനിടയിൽ ആർക്കും അതിലൊരു കല്ലുകടി തോന്നിയില്ലെന്നതാണു സത്യം. 

Read more at:  പിള്ള സർ ചോദിച്ചു, ‘അഞ്ഞൂറാനായി തിലകൻ പോരേ, എന്തിന് ഞാൻ?’...


പക്ഷേ, മായിൻകുട്ടി ആ രഹസ്യം കണ്ടെത്തുന്നതെങ്ങനെയെന്നു തങ്ങൾ തിരക്കഥയിൽ വ്യക്തമായി എഴുതിയിരുന്നുവെന്നാണു സിദ്ദിഖ്–ലാലിലെ സിദ്ദിഖ് പറയുന്നത്. ‘ മായിൻകുട്ടി ആളൊരു തരികിടയും ഉടായിപ്പിന്റെ ആശാനുമാണെങ്കിലും കൂട്ടുകാരനെ സഹായിക്കാനായി അയാൾ എന്തും ചെയ്യും. അയാൾ സ്വന്തം ഉടായിപ്പു ബുദ്ധി ഉപയോഗിച്ചാണ് ആ രഹസ്യം കണ്ടുപിടിക്കുന്നത്. ആ സീനുകൾ തിരക്കഥയിലെഴുതിയെങ്കിലും പിന്നീട് ഷൂട്ട് ചെയ്യേണ്ടെന്നു തീരുമാനിക്കുകയായിരുന്നു’–സിദ്ദിഖ് മനോരമ ഓൺലൈനോടു പറഞ്ഞു. 

‘മാത്രമല്ല, മായിൻകുട്ടിയുടെ സ്വഭാവം വച്ചു നോക്കുമ്പോൾ, അയാൾ എങ്ങനെയെങ്കിലും അതു കണ്ടുപിടിച്ചിരിക്കും എന്നു കാണികൾ വിശ്വസിക്കുമെന്നും ഞങ്ങൾക്കറിയാമായിരുന്നു’–സിദ്ദിഖ് പറയുന്നു. 

ആട്ടെ, എന്തായിരുന്നു വെട്ടിമാറ്റിയ ആ സീൻ?

‘ഇത്രേം കൊല്ലമായില്ലേ? ഇനി അത് രഹസ്യമായിത്തന്നെ ഇരിക്കട്ടെ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com