ADVERTISEMENT

മാർച്ച് 10ന് പൂട്ടി മുന്നൂറ്റിപ്പതിനഞ്ചിലേറെ ദിവസം കഴിഞ്ഞ് തുറക്കുമ്പോൾ തിയറ്ററിലൊരു മലയാള സിനിമ കാണാത്തതിൽ മലയാളികൾക്ക് എന്തായാലും സങ്കടമുണ്ടാകില്ല. കാരണം, കണ്മുന്നിലെത്തിയിരിക്കുന്നത് മലയാളത്തിലെ ഏതൊരു നടനെയും പോലെ നാം സ്നേഹിക്കുന്ന വിജയ്‌യുടെ ചിത്രമാണ്. മാത്രവുമല്ല ‘മാസ്റ്ററി’ലെ നായികയായെത്തുന്നത് മലയാളി മാളവിക മോഹനും. അതു മാത്രമല്ല, മലയാളവുമായി സിനിമയ്ക്കകത്തുമുണ്ട് ഒരു ബന്ധം. അതു പറയും മുൻപ് ചിത്രത്തിലെ വിജയ്‌യുടെ കഥാപാത്രത്തെപ്പറ്റിയും അറിയണം. 

 

വിജയ് അവതരിപ്പിക്കുന്ന ജെഡി എന്ന പ്രഫസർ എന്തുകൊണ്ട് മുഴുക്കുടിയനായി എന്ന് ആർക്കും അറിയില്ല. കാരണം ചോദിക്കുന്നവരോട് അദ്ദേഹം ഓരോരോ കഥകൾ പറഞ്ഞ് ഒഴിവാക്കുകയാണ് പതിവ്. പറഞ്ഞു തുടങ്ങുമ്പോൾ എല്ലാവരും കരുതും വമ്പനൊരു ട്രാജഡിക്കഥയാണു പറയാൻ പോകുന്നതെന്ന്. പക്ഷേ പറഞ്ഞു പാതിയെത്തുമ്പോഴേക്കും മനസ്സിലാകും ഹിറ്റായ ഏതെങ്കിലും സിനിമയുടെ കഥയാണ് ജെഡി സ്വന്തം കഥയായി പറയുന്നതെന്ന്. ടൈറ്റാനിക്കിലെ കഥ വരെ പുള്ളിക്കാരൻ അത്തരത്തിൽ പറയുന്നുണ്ട്. പക്ഷേ മലയാളികൾക്ക് ഇഷ്ടപ്പെട്ടത് ചിത്രത്തിലെ നായിക ചാരുലതയുടെ മുന്നിൽവച്ച് കുട്ടികളോടായി വിജയ് പറയുന്ന കഥയാണ്. 

 

കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടെ ജെഡിക്ക് ഒരു ടീച്ചറോട് പെരുത്ത പ്രേമമായിരുന്നു. ‘അവളുടെ കണ്ണുകൾ കണ്ടാൽമതി, അപ്പോൾത്തോന്നും പ്രണയം’ എന്നായിരുന്നു അതിനെപ്പറ്റി ജെ‍ഡി പറഞ്ഞത്. ആ പ്രണയം ശക്തമായി മുന്നോട്ടു പോകുന്നതിനിടെയായിരുന്നു അധ്യാപികയ്ക്ക് ഒരു അപകടം പറ്റിയത്. അതിൽ അവരുടെ ഓര്‍മശക്തിയും നഷ്ടപ്പെട്ടു. അതുവരെയുണ്ടായിരുന്ന പ്രണയമെല്ലാം അവർ മറന്നു. ജെഡിയെ മറന്നു. ഒരു ബന്ധുവിനെ വിവാഹം കഴിക്കാൻ തയാറാണെന്നു പറയുകയും ചെയ്തു! കഥ കേട്ട ചാരുട്ടീച്ചർ അപ്പോൾത്തന്നെ പറഞ്ഞു– ‘പൊയ്ക്കഥൈ..’ 

 

എന്നാൽ ജെഡി വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല– ആരു പറഞ്ഞു നുണയാണെന്ന്? ഇത് പ്രേമം സിനിമയുടെ കഥയാണെന്നു പറഞ്ഞപ്പോൾ ‘ശെടാ അപ്പോഴേക്കും അതും സിനിമയായോ..’ എന്ന മട്ടായിരുന്നു ജെ‍ഡിക്ക്. മാസ്റ്ററിലെ ഏറ്റവും മികച്ച കോമഡി നിമിഷങ്ങളിലൊന്നു മാത്രമല്ല, പ്രണയനിമിഷം കൂടിയായിരുന്നു അത്. മലയാളത്തിലെ സൂപ്പർഹിറ്റായ ആ ‘പ്രേമ’കഥയിലൂടെയാണ് ചാരുവിന്റെ മനസ്സിലേക്കും ജെഡി മാസ്റ്റര്‍ ഒരു തൂവൽ പോലെ പറന്നിറങ്ങുന്നത്. 

 

മലർ മിസിനെ പ്രണയിച്ച ജോർജിന്റെ കഥയിലൂടെ മാത്രമല്ല, മാസ്റ്ററിന്റെ സംവിധായകൻ ലോഗേഷുമായി പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനു മറ്റൊരു ബന്ധവുമുണ്ട്. 2016ൽ തമിഴിലിറങ്ങിയ ആന്തോളജി ചിത്രമായ ‘അവിയലി’ലൂടെയാണ് അൽഫോൻസിന്റെ ആദ്യ സിനിമ തിയറ്ററുകളിലെത്തുന്നത്. അന്ന് ഹ്രസ്വചിത്രമായി ചെയ്ത ‘എലി’ എന്ന ചിത്രമാണ് പിന്നീട് ‘നേരം’ എന്ന പേരിൽ മുഴുനീള ചിത്രമായെത്തിയത്. ‘അവിയലി’ൽ കാലം എന്ന ചിത്രമാണ് ലോഗേഷ് സംവിധാനം ചെയ്തത്. ‘പ്രേമ’ത്തിലൂടെ അൽഫോൻസിന് വമ്പൻ ബ്രേക്ക് ലഭിച്ചെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തിൽ മിന്നിത്തിളങ്ങാൻ ലോഗേഷിന് 2019ൽ ‘കൈതി’ വരെ കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ രണ്ട് സിനിമാസുഹൃത്തുക്കൾ നേരിട്ടല്ലെങ്കിലും ‘മാസ്റ്ററി’ലൂടെയും ഒന്നായിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com