ഈ നടനാണ് മാസ്റ്ററിലെ ‘കുട്ടി ഭവാനി’

mahendran-bhavani
SHARE

മാസ്റ്റർ സിനിമയിലെ ആദ്യ പതിനഞ്ച് മിനിറ്റിൽ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചു കളയുന്ന കഥാപാത്രമാണ് ‘കുട്ടി ഭവാനി’. ഭവാനി എന്ന കൊടൂര വില്ലനിലേയ്ക്കുള്ള മാറ്റം തുടങ്ങുന്നതും ഇവിടെ നിന്നു തന്നെ. അതിഗംഭീരമായാണ് ആ കഥാപാത്രത്തിന്റെ പരിണാമത്തെ സംവിധായകൻ അവതരിപ്പിക്കുന്നത്. ഭവാനി വളർന്നുവന്ന് ആ കഥാപാത്രമായി വിജയ് സേതുപതി എത്തുമ്പോൾ പ്രേക്ഷകരിൽ ഭീതിയും ആകാംക്ഷയുമൊക്കെ നിറയുന്നു. ഭവാനി എന്ന കഥാപാത്രം ഇത്രയധികം ചർച്ചയാകുമ്പോൾ ആ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ച മഹേന്ദ്രനു കൂടി അർഹതപ്പെട്ടതാണ് ഈ വിജയം.

ഏകദേശം പതിനഞ്ച് വർഷത്തോളം സിനിമാ ഇൻഡസ്ട്രിയിൽ ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെടാതെ പോയ താരമാണ് മഹേന്ദ്രൻ. മൂന്നാം വയസ്സിൽ അഭിനയം തുടങ്ങിയ താരം ബാലതാരമായി ആറു ഭാഷകളിൽ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒരു ബാലതാരത്തിന്റെ റെക്കോർഡ് നമ്പറാണിത്.

1994ൽ റിലീസ് ചെയ്ത നാട്ടാമൈയാണ് ആദ്യ ചിത്രം. 1995ൽ പുറത്തിറങ്ങിയ തൈകുളമൈ തൈകുളമൈ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് പുരസ്കാരം നേടി.

2013ൽ റിലീസ് ചെയ്ത വിഴ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.  പിന്നീട് ആറോളം സിനിമകൾ അഭിനയിച്ചെങ്കിലും ആ സിനിമകളും പരാജയമായി മാറി. 2018ൽ നിർമിച്ച നമ്മ ഊരുക്കു എന്നതാൻ ആച്ച് ആണ് മാസ്റ്ററിനു മുമ്പ് മഹേന്ദ്രൻ അഭിനയിച്ച ചിത്രം. പിന്നീട് രണ്ട് വർഷത്തോളം തമിഴിൽ സിനിമ ഇല്ലായിരുന്നു.

‘എന്റെ അഭിനയം കണ്ട ശേഷം വിജയ് അണ്ണൻ ലോകേഷിനോട് നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ആ കഥാപാത്രത്തിനു പറ്റിയ താരം തന്നെയായിരുന്നു മഹേന്ദ്രനെന്ന് അദ്ദേഹം പറഞ്ഞു. അതിൽ സന്തോഷം.  സത്യം പറഞ്ഞാൽ താടി എല്ലാതെ ഞാൻ അഭിനയിച്ചിട്ടേ ഇല്ല, ഇപ്പോൾ തന്നെ താടിവടിച്ചു വന്നാൽ നിങ്ങൾക്കും എന്നെ മനസിലാകില്ല.’

‘ഇപ്പോൾ എല്ലാവരും ‘കുട്ടി ഭവാനി’ എന്നു വിളിക്കുന്നു. ഫ്ലാഷ്ബാക്കിലെ ഏതോ ഒരു കഥാപാത്രമല്ല ഇത്. വിജയ് സേതുപതി എന്ന അസാധാരണ അഭിനേതാവിന്റെ കരുത്തുറ്റ കഥാപാത്രമാണിത്. ആ കഥാപാത്രത്തെ ഉയർത്തണമെങ്കിൽ നമ്മുടേതായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആ സമ്മർദം ഉള്ളിലുണ്ടായിരുന്നു. എല്ലാ ക്രെഡിറ്റും ലോകേഷിനു തന്നെ.’–മഹേന്ദ്രൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA