ADVERTISEMENT

ഓരോ കരിയിലയും പെറുക്കി മാറ്റുമ്പോഴും ഒരു കഥയിതൾ മനസ്സിൽ കൊണ്ടുനടന്നൊരാൾ. കൊല്ലം കോർപറേഷനിലെ ശുചീകരണ ജോലിക്കിടെ, തനിക്കേറെ മനസ്സിലാകുന്ന ജീവിതപരിസരങ്ങളിൽനിന്നു  ഹ്രസ്വചിത്രങ്ങളൊരുക്കുകയാണു മാണിക്യൻ. ‘പത്താം ക്ലാസ് മാത്രമാണെന്റെ വിദ്യാഭ്യാസ’മെന്നു പറയുമ്പോഴും അനുഭവങ്ങളുടെ അറിവിലൂടെ ആത്മവിശ്വാസത്തോടെ നടക്കുന്നു ഈ തൊഴിലാളി. ‘ഇനിയും കൊച്ചുകൊച്ചു സിനിമകൾ എടുക്കണമെന്ന’ വലിയ സ്വപ്നവും പങ്കുവയ്ക്കുന്നു. 

 

തമിഴ്നാട്ടിൽനിന്നു 1950കളിൽ  കൊല്ലത്തേക്കു ചേക്കേറിയ കുടുംബത്തിലെ അംഗമാണു മാണിക്യൻ (45).  അച്ഛൻ ആണ്ടി പരമശിവം അന്ന്, കൊല്ലം നഗരസഭയിലെ  ശുചീകരണ ജോലിക്കാരനായിരുന്നു.  1993 ൽ കൊല്ലം ക്ലീൻ പദ്ധതിയുടെ ഭാഗമായാണു മാണിക്യൻ‌  ജോലിക്കു ചേരുന്നത്. 

അന്നുതൊട്ടിന്നോളം ‘പിറന്ന മണ്ണിനെ’ തൂത്തുതുടച്ചാണു ജീവിതം. കടപ്പാക്കട  ടൗൺ അതിർത്തിയിൽ മുനിസിപ്പൽ കോളനിയിൽ കുടുംബത്തോടൊപ്പം താമസം. 

 

‘ജനിച്ചത് ഈ നഗരത്തിലാണ്. കടപ്പാക്കടയിലെ സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. അമ്മ സുബ്ബമ്മാളിനൊപ്പമാണ് അന്നത്തെ മുനിസിപ്പാലിറ്റിയിൽ ജോലിക്കെത്തിയത്. ഇപ്പോൾ രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ്  ജോലി. ഒരു സന്ദേശം അടങ്ങിയ ചിത്രമെടുക്കണമെന്നതു  വർഷങ്ങളായുള്ള ആഗ്രഹമാണ്. കുടുംബത്തോടും കൂട്ടുകാരോടും പറഞ്ഞപ്പോൾ അവർ പ്രോൽസാഹിപ്പിച്ചു. കോർപറേഷനിലെ ഉദ്യോഗസ്ഥരും ഒപ്പം നിന്നു.’ മാണിക്യൻ പറയുന്നു. 

 

ജോലി കഴിഞ്ഞുള്ള സമയത്താണു  ഷൂട്ടിങ്ങും ലൊക്കേഷൻ കണ്ടെത്തുന്നതിനുള്ള യാത്രകളുമൊക്കെ. വലിച്ചെറിയുന്ന ഒരു ചാക്ക് മാലിന്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണു സന്ദേശം എന്ന ആദ്യചിത്രം പറഞ്ഞത്.  രണ്ടാമത്തെ ചിത്രമായ ശാന്തികവാടം കഴിഞ്ഞ ദിവസവും പ്രകാശനം ചെയ്തു. ശ്മശാന തൊഴിലാളിയുടെ ആത്മസംഘർഷങ്ങളാണു ദൃശ്യങ്ങളിലൂടെ പങ്കുവച്ചത്. 

 

‘ആദ്യചിത്രം നാലുമാസം മുൻപാണ് എടുത്തത്. നല്ല കാര്യമാണു ചെയ്യുന്നതെന്നു പറഞ്ഞു കോർപറേഷൻ സെക്രട്ടറിയും പ്രോൽസാഹിപ്പിച്ചു. സർക്കാർ ജീവനക്കാർക്ക് ഇതിനുള്ള  അനുമതി  വാങ്ങണമെന്ന് അദ്ദേഹമാണ് ഓർമിപ്പിച്ചത്. അപേക്ഷ അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നു മറുപടി ലഭിച്ചിട്ടില്ല. അതിനായി കാത്തിരിക്കുകയാണ്.’  എന്നിട്ടു വേണം മാണിക്യനു കൂടുതൽ കാഴ്ചകളിലേക്കു നടക്കാൻ; ചെറുചിത്രങ്ങളൊരുക്കാൻ. 

ഭാര്യ മധുര സ്വദേശിനിയായ മീനാക്ഷിയും മകൻ ശരവണനുമാണു ജീവിതക്കാഴ്ചയിലെ ആഹ്ലാദം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com