ADVERTISEMENT

പ്രതിസന്ധികൾ തരണം ചെയ്ത് മലയാള സിനിമ സജീവമാകാൻ ഒരുങ്ങുകയാണ്. ഇരുപതോളം ചിത്രങ്ങളാണ് ഉടനടി റിലീസിനായി ഒരുങ്ങുന്നത്. ജയസൂര്യ നായകനായ ‘വെള്ളം’ ഇതിൽ ആദ്യം തിയറ്ററുകളിലെത്തും. ചിത്രം ജനുവരി 22ന് റിലീസ് ചെയ്യും. മാർച്ച് 26 വരെ ഇരുപത് സിനിമകൾ റിലീസ് ചെയ്യാനാണ് തീരുമാനം. 

 

മമ്മൂട്ടിയും മഞ്ജു വാരിയറും ആദ്യമായി ഒന്നിക്കുന്ന 'പ്രീസ്റ്റ്' ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. തൊട്ടുപിന്നാലെ 29ന് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌ത 'ലൗ', ആർ ഉണ്ണിയുടെ എഴുത്തിൽ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' എന്നിവയാണത്. 

 

ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ് എത്തും. ഫെബ്രുവരി 12ന് മൂന്ന് സിനിമകൾ റിലീസ് ചെയ്യും. അജു വർഗീസ് നായകനായ സാജൻ ബേക്കറി, വിനായകനും ബാലുവർഗീസും അഭിനയിക്കുന്ന 'ഓപ്പറേഷൻ ജാവ', അമിത് ചക്കാലയ്ക്കൽ നായകനായ 'യുവം' എന്നിവയാണ്.

 

മരട് ഫ്ളാറ്റ് പൊളിക്കൽ പ്രമേയമാക്കിയ 'മരട് 357', വെളുത്ത മധുരം, പാർവതി നായികയാകുന്ന വർത്തമാനം എന്നീ സിനിമകൾ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമ കൂടി  തിയറ്ററിലെത്തും. 'സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ', 'അജഗജാന്തരം', ജയസൂര്യ നായകനായ 'സണ്ണി', 'ടോൾ ഫ്രി 1600 - 600 - 60 'എന്നിവയുടേതാണ് റിലീസ്.

 

അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ-നയൻ‌താര ചിത്രം 'നിഴൽ' മാർച്ച് നാലിന് റിലീസ് ചെയ്യും. ലാൽ-ജീൻ പോൾ ലാൽ എന്നിവരുടെ സംവിധാനത്തിൽ മുകേഷ്, ഇന്നസെന്റ് എന്നിവർ ഉൾപ്പെടെയുള്ള താരനിര അണിനിരക്കുന്ന 'സുനാമി' മാർച്ച് 21നും മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം മാർച്ച് 26നും തിയറ്ററുകളിലെത്തും.

 

വെള്ളം

 

ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാർത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് നിർമാണം. സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.

 

പ്രീസ്റ്റ്

 

ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന ആദ്യ സൂപ്പർസ്റ്റാർ ചിത്രം. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോഫിൻ ടി ചാക്കോ തന്നെയാണ് സിനിമയുടെ കഥയും എഴുതിയിരിക്കുന്നത്. ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ് തിരക്കഥ.

 

വാങ്ക്

 

ഉണ്ണി ആറിന്‍റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി.കെ. പ്രകാശിന്‍റെ മകള്‍ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് 'വാങ്ക്'.  തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശബ്ന മുഹമ്മദാണ്. തണ്ണീർമത്തൻ ദിനങ്ങൾ ലൂടെ പ്രശസ്തയായ അനശ്വര രാജൻ, ഗപ്പിക്ക് ശേഷം നന്ദന വർമ്മ, വിനീത്, ഗോപിക രമേശ്, മീനാക്ഷി ഉണ്ണി കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

 

മോഹൻകുമാർ ഫാൻസ്

 

വിജയ് സൂപ്പറും പൗർണമിക്കും' ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് 'മോഹൻകുമാർ ഫാൻസ്'. കുഞ്ചാക്കോ ബോബൻ, സിദ്ദിഖ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പുതുമുഖം അനാർക്കലി നാസർ നായികയാകുന്നു. ബോബി-സഞ്ജയ് ആണ് കഥ. 'കെട്ട്യോളാണ് എൻറെ മാലാഖ'യ്ക്ക് ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം.

 

സാജൻ ബേക്കറി

 

അജു വർഗീസ് നായകനായി അഭിനയിക്കുന്ന ചിത്രം.  അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാകുന്നു. ലെന, ഗ്രേസ് ആന്റണി, കെ.ബി.  ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല,സുന്ദര്‍ റാം, എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

 

അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്​. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജെല്ലിക്കെട്ടിലൂടെ ഓസ്കറിലും മലയാളസിനിമയുടെ സംഗീതമെത്തിക്കുന്ന പ്രശാന്ത് പിള്ളയാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധായകൻ.

 

യുവം

 

അമിത് ചക്കാലയ്ക്കൽ നായകനാകുന്ന സിനിമ. പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമയാണ്. വൺസ് അപ്പോൺ എ ടൈം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോണി മക്കോറയാണ് നിർമാണം. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ ആണ് ഗാനരചയിതാവ്.

 

ഓപ്പറേഷൻ ജാവ

 

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങൾക്കു ശേഷം വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിച്ച് നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം.  വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,ലുക്ക്മാൻ,ബിനു പപ്പു,ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയൻ,പി ബാലചന്ദ്രൻ, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് മതോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓപ്പറേഷൻ ജാവ ' ഒരു റോ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com