ADVERTISEMENT

വരിക്കാശേരി മനയുടെ മുറ്റത്ത് ഓർമകൾ കഥകളിവേഷം പോലെ വന്നു നിരന്നു. കടുത്ത വർണങ്ങൾ, വല്ലാത്തൊരു നിറവ്. ഗോപിയാശാൻ വന്നിറങ്ങിയപ്പോൾ മോഹൻലാൽ ഓടിയെത്തി  നമസ്കരിച്ചു. മുഖത്തെ മാസ്ക് മാറ്റുന്ന തിരക്കിൽ തോളിലെ ബാഗ് വീണുപോകുമോ എന്നു പരിഭ്രമിച്ച ആശാനതു കണ്ടില്ല. കാലിലെ വിരൽസ്പർശം ലാലിന്റേതാണെന്നറിഞ്ഞ ഉടനെ പറഞ്ഞു: ‘താനിതൊന്നും ചെയ്യരുത്.’ 

kalamandalam-gopi-lal-1
ചിത്രങ്ങളും വിഡിയോയും നവീൻ മുരളി

 

kalamandalam-gopi-lal-23

സെറ്റിലെ എല്ലാവരും ആദരവോടെ എഴുന്നേറ്റുനിന്നു. ഒരു കഥകളിനടനു കിട്ടുന്ന അപൂർവ ആദരം. മോഹൻലാലും കലാമണ്ഡലം ഗോപിയും തമ്മിലുള്ള സൗഹൃദം വളരെ നീണ്ടതാണ്. ഷാജി എൻ.കരുണിന്റെ ‘വാനപ്രസ്ഥ’മാണ് ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലൊന്ന്. പിന്നീടങ്ങോട്ടു വാത്സല്യത്തിന്റെ പൂക്കാലമായിരുന്നു. ആറാട്ട് എന്ന സിനിമയിലെ ഒരു ഗാനരംഗത്തിനായി വരിക്കാശേരി മനയിലെ ഷൂട്ടിന് കുറച്ചുനേരം കലാമണ്ഡലം ഗോപിയെ കിട്ടുമോ എന്നു സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ ചോദിച്ചപ്പോൾ ലാലിന്റെ ഫോണിന്റെ മറുവശത്തു കാത്തിരുന്നതും പഴയ വാത്സല്യം തന്നെയാണ്.

kalamandalam-gopi-lal-12

 

kalamandalam-gopi-lal-13

വരക്കാശേരിയിലേക്കു പോകുമ്പോൾ കൂടെ വരാനിറങ്ങിയ പേരക്കുട്ടി മാളവികയോടു ഗോപിയാശാൻ പറഞ്ഞു: ‘വലിയൊരു കലാകാരനെ കാണാൻ പറ്റുക, കൂടെനിന്നു ചിത്രമെടുക്കാൻ പറ്റുക എന്നതെല്ലാം നിന്റെ ഭാഗ്യമായി കാണണം. ഒരു കലാകാരനു വലിയ കലാകാരന്മാരെ കാണുന്നതിലും വലിയ ഭാഗ്യമില്ല.’ മാളവിക പാട്ടും കഥകളിയും പഠിക്കുന്നുണ്ട്.

kalamandalam-gopi-lal-10

 

‘ഇതെന്റെ ഭാഗ്യം’ എന്നാണു ലാൽ പറഞ്ഞത്. കഥകളിയുടെ സൗന്ദര്യത്തിലൂടെ കുട്ടിക്കാലം മുതൽ യാത്ര ചെയ്ത നെടുമുടി വേണുവും ഗോപിയാശാനെ കാത്തിരിപ്പുണ്ടായിരുന്നു. ഇടവേളയിൽ നെടുമുടി പഴയ കഥകളിവേഷങ്ങളെക്കുറിച്ചു സംസാരിച്ചു. അമേരിക്കയിൽ ഗുരുക്കന്മാരെല്ലാവരും ചേർന്നു നടത്തിയ കഥകളിയുടെ വിഡിയോ യുട്യൂബിൽ നിന്ന് ഇടയ്ക്കിടെ കാണുമെന്നു വേണു പറഞ്ഞപ്പോൾ ഗോപിയാശാനു സന്തോഷമായി. 

 

രചന നാരായണൻകുട്ടി, സ്വാസിക തുടങ്ങിയ പുതുതലമുറ താരങ്ങൾ ഗോപിയാശാനെ നമസ്കരിച്ചു. തിരക്കഥാകൃത്ത് ഉദയകൃഷ്ണയെ ഉണ്ണിക്കൃഷ്ണൻ പരിചയപ്പെടുത്തി. ഷൂട്ടിനെത്തിയ കഥകളി വേഷക്കാർ വേഷത്തോടെ തന്നെ ആശാനെ കാണാനെത്തി. കോവിഡ് പരിശോധന നടത്തിയവരെ മാത്രമേ സെറ്റിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. ഷൂട്ട് തുടങ്ങുകയാണ്. 

 

നിരത്തിവച്ച നൂറുകണക്കിനു നിലവിളക്കുകളുടെ പിന്നണിയിൽ കഥകളിവേഷങ്ങൾ ആടവേ, വരിക്കാശേരിയുടെ നടുമുറ്റത്തിന്റെ കൽപടവിലിരുന്നു കലാമണ്ഡലം ഗോപിയും മോഹൻലാലും നെടുമുടിയും ഒരു ശൃംഗാരപദത്തിനു മുദ്ര കാണിച്ചു. എങ്ങനെ കൈപിടിക്കണമെന്നും എങ്ങോട്ടു കണ്ണു പോകണമെന്നും ഗോപിയാശാൻ കാണിച്ചുകൊടുത്തു. അതിനിടെ, മോഹൻലാൽ ചെവിയിൽ പറഞ്ഞ ശൃംഗാരത്തിൽ ആടിയുലഞ്ഞു ചിരിച്ചു. 

 

‘ആക്‌ഷൻ’ എന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞതും നടനകാന്തി നിറഞ്ഞ മൂന്നു മുഖങ്ങളിലായി ശൃംഗാരം നിറഞ്ഞൊഴുകി. തിരുവാതിരക്കളിക്കു വേണ്ടി കസവുനേര്യത് ഉടുത്തെത്തിയ പെൺകുട്ടികൾ നടുമുറ്റത്തിനു ചുറ്റുംനിന്നു കൺനിറയെ അതു കണ്ടു. അഭിനയത്തിന്റെ കളിവിളക്കു തെളിയുന്ന ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com