ADVERTISEMENT

അനുഭവങ്ങളിൽ നിന്നാണ് പാഠങ്ങൾ പഠിക്കേണ്ടതെന്നും ഒരു യൂണിവേഴ്സിറ്റിയും പഠിപ്പിക്കാത്ത കോഴ്സാണ് ലവ് ആക്‌ഷൻ ഡ്രാമ എന്ന തന്റെ ആദ്യ ചിത്രം പഠിപ്പിച്ചതെന്നും നടൻ അജു വർഗീസ്. മനോരമ ഓൺലൈനും കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ യൂത്ത് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

 

‘ഇൗ അടുത്താണ് ഫൺടാസ്റ്റിക്ക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് ഞാനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ചത്. പുതുമുഖങ്ങൾക്ക് അവസരം നൽകുകയെന്നതായിരുന്നു ലക്ഷ്യം. ഞാൻ, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്ന് ലവ് ആക്ഷൻ ഡ്രാമ, ഹെലൻ, ഗൗതമന്റെ രഥം, സാജൻ ബേക്കറി എന്നിങ്ങനെ നാലു സിനിമകൾ ചെയ്തു. നാലും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തത്. ചിലപ്പോൾ ആദ്യമൊന്നും നമുക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കില്ല. അങ്ങനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ കിട്ടുന്ന നേട്ടങ്ങളൊന്നും നിലിനിൽക്കുകയില്ലെന്നും ഞാൻ വിശ്വസിക്കുന്നു. ജീവിതം ഒരു ഏണി പോലെയാണ്. ഒാരോ ചുവടുകളായി പതിയെ കഷ്ടപ്പെട്ടു കയറി ഉയരത്തിലെത്തുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. എന്റെ ചിന്തകളും വിശ്വാസങ്ങളുമാണ് ഞാൻ പറയുന്നത്. എല്ലാവർക്കും അങ്ങനെയാകണം എന്നില്ല.’ അജു പറഞ്ഞു. 

 

‘അനുഭവങ്ങളിൽ നിന്നു വേണം നാം പഠിക്കാൻ. അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്. നാമറിയാതെ തന്നെയാണ് പല കാര്യങ്ങളും പഠിക്കുന്നത്. പരിചയസമ്പന്നത എന്നത് അങ്ങനെ സംഭവിക്കുന്നതാണ്. എന്റെ ആദ്യ ചിത്രം വലിയ മുതൽമുടക്കുള്ള ഒന്നായിരുന്നു. ചെറിയ സിനിമയായിട്ടാണ് ആലോചിച്ചതെങ്കിലും അതൊരു വലിയ സിനിമയായി മാറി. രണ്ടു വെള്ളപ്പൊക്കങ്ങൾ ആ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായി. സാമ്പത്തികമായി മുന്നോട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥ വന്നു. കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു. മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി. പക്ഷേ റിലീസ് ഡേറ്റിനെക്കുറിച്ച്  മാത്രം ചിന്തിക്കാൻ എന്റെ പങ്കാളി വിശാഖ് പറഞ്ഞു. അതു മനസ്സിൽ വച്ച്  മുന്നോട്ടു പോയപ്പൾ വിജയമുണ്ടായി. അതു കഴിഞ്ഞുള്ള സിനിമകൾ ചെയ്തപ്പോൾ നേരത്തെ പറഞ്ഞ പരിചയസമ്പന്നത വളരെയധികം സഹായിച്ചു. ലവ് ആക്‌ഷൻ ഡ്രാമ ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്ത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചു. അതിന്റെ മൂല്യം വളരെ വലുതാണ്. ഏല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. സിനിമയിൽ മാത്രമല്ല.’ അജു പറഞ്ഞു. 

 

‘തീരുമാനം എടുക്കുക എന്നത് വലിയൊരു കാര്യമാണ്. യെസ് ഒാർ നോ എന്ന തീരുമാനം എടുക്കാൻ ഒരു ഘട്ടത്തിലും താമസം ഉണ്ടാകരുത്. അങ്ങനെയുണ്ടാകുമ്പോൾ വരുത്തുന്ന തെറ്റുകളിൽ നിന്നു മാത്രമേ നാം കൂടുതൽ പഠിക്കൂ. ഒരു നേതാവ് ഉണ്ടാകുന്നത് അവിടെ നിന്നാണ്. ഒരു നല്ല നേതാവ് നല്ല തീരുമാനങ്ങളെടുക്കും. അവനെ പിന്തുടരാൻ ആളുകളുണ്ടാകും. മറ്റുള്ളവരെ ഒരുപാട് ആശ്രയിച്ച് ഒരുപാട് ആളുകളോട് സംസാരിച്ച് തീരുമാനങ്ങൾ എടുക്കാൻ ൈവകരുത്. നമുക്ക് നമ്മെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണം.’ അജു കൂട്ടിച്ചേർത്തു. 

 

കോവിഡാനന്തര കാലത്തെ അവസരങ്ങളും നേതൃത്വ പരിശീലനവുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർഥികൾക്കായി ഓൺലൈനായി ഗ്ലോബൽ സമ്മിറ്റ് സംഘടിപ്പിച്ചത്. ബന്ധപ്പെട്ട വിഷയത്തിൽ വ്യത്യസ്ത മേഖലയിലെ വിദഗ്ധർ സെഷനുകൾ നയിച്ചു. സംഗീത സംവിധായകൻ സൂരജ് എസ് കുറുപ്പ്, അയർലൻഡിലെ സ്ലിഗോ ഇൻസ്റ്റിറ്റ്യൂട്ടിലെ നാനോടെക്നോളജി ആൻഡ് ബയോഎൻജിനീയറിങ് റിസർച്ച് വിഭാഗം തലവൻ ഡോ. സുരേഷ് സി. പിള്ള, ജെൻറോബോട്ടിക് ഇന്നവേഷൻസ് സഹസ്ഥാപകനും ഡയറക്ടറുമായ കെ.റാഷിദ്, സംരംഭകനും മോട്ടിവേഷനൽ സ്പീക്കറുമായ റൊട്ടേറിയൻ പിഡിജി സുരേഷ് മാത്യു എന്നിവർ നേതൃത്വ പരിശീലന ക്ലാസെടുത്തു. മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മറിയം മാമ്മൻ മാത്യു, റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ഹോൾജർ നാക്ക്, റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ റൊട്ടേറിയൻ ഡോ. തോമസ് വാവാനിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com