തട്ടിപ്പിന് ജീത്തു ജോസഫിന് എതിരെ കേസു കൊടുക്കണം !

HIGHLIGHTS
  • നിലയ്ക്കാത്ത ചർച്ചയ്ക്കു വഴി വെട്ടുന്ന ദൃശ്യം രണ്ടിലെ ലോജിക്കുകൾ
jeethu-joseph-drishyam
SHARE

ദൃശ്യം എന്ന സിനിമ കേരളത്തിലെ സിനിമാ കാഴ്ചയ്ക്കുണ്ടാക്കിയ ഇളക്കം ചെറുതല്ല. സിനിമ ചിന്തിക്കാനും ചർച്ച ചെയ്യാനും കൂടിയുള്ളതാണെന്നു കരുതുന്ന ഒരു പറ്റം പുതിയ കാഴ്ചക്കാരെ സൃഷ്ടിച്ചു. കാണുകയും, നല്ലതെങ്കിൽ കയ്യടിക്കുകയും മോശമാണെങ്കിൽ ‘പൊട്ടപ്പടം’ എന്ന ഒറ്റ വാചകത്തിൽ വിട്ടുകളയുകയും ചെയ്തിരുന്ന പലരും അതിൽ നിന്നു മാറി സിനിമ ചർച്ച ചെയ്യുന്നതിന് എന്തായിരിക്കും കാരണം? നമ്മുടെ ബോധ്യത്തെ ഈ സിനിമ നിരന്തരം ചോദ്യം ചെയ്യുകയും, സംവിധായകന്റെയും സിനിമയുടെയും വഴിയിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. സിനിമ എന്ന കൺകെട്ടിന്റെ പല തട്ടിലുള്ള പ്രയോഗം സാധ്യതയും വ്യാകരണവും ദൃശ്യത്തിൽ പരീക്ഷിക്കപ്പെട്ടു. ജോർജു കുട്ടി പിടിക്കപ്പെടരുതേ എന്ന് ആത്മാർഥമായി വിചാരിച്ചിരിക്കുന്ന പ്രേക്ഷകരുടെ ഇടിലേക്ക് കഥാപാത്രങ്ങളുടെ ചെറിയ നോട്ടം പോലും ആകാംക്ഷ ഉണർത്തി. നായകനോടും കുടുംബത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു സിനിമ കാണാനിരിക്കുന്നവരാണ് സിനിമയുടെ ശക്തി.

ഇനി സംവിധായകൻ ജീത്തുവിന്റെ തട്ടിപ്പുകളിലേക്കു വരാം. അടിസ്ഥാനപരമായി ഒരു തോന്നലാണു സിനിമയെങ്കിലും യാഥാർഥ്യത്തെ വലിയ അളവിൽ ഉൾച്ചേർക്കുന്നതു കൂടിയാണ് കൊമേഴ്സ്യൽ സിനിമയുടെ രീതി. അസംഭാവ്യമായതുമല്ല, സംഭവ്യവുമല്ല എന്നതിലെ ബാലൻസിലാണ് മിക്ക കൊമേഴ്സ്യൽ സിനിമയും സഞ്ചരിക്കുന്നത്. റിയലിസത്തിന്റെ അതിപ്രസരം പ്രേക്ഷകരെ ബോറടിപ്പിക്കാമെന്ന ബോധ്യത്തിൽ നാടകീയതയും അതിശയോക്തിയും തന്നെയാണ് സിനിമയുടെ ഭാഷ. എന്നാൽ നമ്മളെ പറ്റിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്താണു ജീത്തു ദൃശ്യം പകർത്തിയിരിക്കുന്നത്. സിനിമ കണ്ടശേഷം നിരൂപണങ്ങൾ അനസ്യൂതം പരക്കുകയാണ്. സിനിമയിലെ ലോജിക് പ്രശ്നങ്ങളാണ് പ്രധാന ചർച്ച. പൊലീസുകാർ, ഡോക്ടർമാർ, വക്കീലൻമാർ തുടങ്ങിയവരൊക്കെ ഇതിലെ ലോജിക് പ്രശ്നത്തെ സോഷ്യൽ മീഡിയയിൽ പൊളിച്ചെഴുതുന്നുണ്ട്. അവരുടെ ചില ആരാധകർ എന്തൊരു ബുദ്ധിയാ നിങ്ങൾക്ക് എന്നൊക്കെ കമന്റു ചെയ്യുന്നുമുണ്ട്. ശാസ്ത്രീയമായി അവയൊക്കെ ശരിയായിരിക്കാം. എന്നാൽ ഇത് അത്യന്തികമായി സിനിമയാണെന്ന ഉറച്ച ബോധ്യത്തിൽ നോക്കുമ്പോൾ ഈ സിനിമയിലെ എല്ലാ ലോജിക് പ്രശ്നങ്ങളും ജീത്തുവിന്റെ ചെപ്പടി വിദ്യകളാണെന്നും വ്യാഖ്യാനിക്കാം. 

പൂർണമായും പരിഹരിക്കാത്ത പ്രശ്നങ്ങൾ സൃഷ്ടിച്ച്, അടുത്ത ഭാഗം സിനിമ പിടിക്കാനുള്ള ജനകീയ വോട്ട് നേടിയെടുക്കാനുള്ള തന്ത്രം. നിർമാതാവ് ആന്റണി പെരുമ്പാവൂർ അതു മനസ്സിലാക്കി അടുത്ത ഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു. ദൃശ്യം എന്ന സിനിമാപദ്ധതിയുടെ എല്ലാ ഭാഗങ്ങളും ജീത്തു ജോസഫിന്റെ മനസ്സിൽ പൂർണമാണെന്നു കരുതണം. ആദ്യ ഭാഗം വിജയിച്ച ശേഷം എഴുതിയുണ്ടാക്കിയതല്ല രണ്ടാം ഭാഗം എന്ന് അനുമാനിക്കാം. തീയേറ്റർ പണിയാനുള്ള മോഹം ജോർജുകുട്ടി അതിൽ പങ്കു വയ്ക്കുന്നുണ്ട്. സിനിമാമോഹം പല തരത്തിൽ പങ്കു വയ്ക്കുന്നുണ്ട്. രണ്ടാം ഭാഗത്തിലും കാണാം അത്തരം ചില ബാക്കി വയ്ക്കലുകൾ, സിദ്ദിഖിന്റെ കഥാപാത്രമായ പ്രഭാകർ, സാക്ഷിയാകുന്ന ജോസ്, പ്രതികാര ദാഹിയായ മുരളീഗോപിയുടെ കഥാപാത്രം, തിരക്കഥാകൃത്തായ സായ്കുമാറിന്റെ കഥാപാത്രം, ഇവയെല്ലാം അപൂർണമാണ്. മൂന്നോ നാലോ പാർട്ട് എടുക്കാനുള്ള കഥാബീജം പാകിയിട്ടാണു ദൃശ്യം രണ്ട് ജീത്തു പായ്ക്കപ്പ് പറഞ്ഞത്.

ലോജിക് 1

സിനിമയിലെ പ്രധാന വഴിത്തിരിവായ വരുണിന്റെ മൃതദേഹ ഭാഗം കണ്ടെത്തുന്നതും, ഡിഎൻഎ ടെസ്റ്റിൽ അതു വരുണല്ലെന്നു കണ്ടെത്തുന്നതുമാണ് ലോജിക്കിനു വേണ്ടി വാദിക്കുന്നവരുടെ ഉറക്കം കെടുത്തുന്നത്. എന്നാൽ ജോർജുകുട്ടി തലയോട്ടി തിരിമറി നടത്തിയ കഥ, യഥാർഥ സിനിമയിലേതല്ല. അത് ജോർജുകുട്ടിയുടെ അതിബുദ്ധിമാത്രമാണ്. അതായത് ജോർജുകുട്ടി ഉണ്ടാക്കിയ സിനിമാക്കഥ സായ്കുമാർ പറയുന്നതു മാത്രമാണ്.

ലോജിക് 2

പൊലീസ് ഒന്നടങ്കം ജോർജുകുട്ടിയെ സംശയിക്കുകയും നാട്ടുകാരിൽ ഒരു വിഭാഗം ജോർജുകുട്ടിക്ക് എതിർ നിൽക്കുകയും ചെയ്യുന്ന സാഹചര്യമാണ്. അപ്പോൾ പൊലീസ് സ്റ്റേഷൻ കുഴിച്ച് ബോഡി എടുക്കുന്ന ദിവസം ജോർജുകുട്ടിയെ നിരീക്ഷിക്കാൻ ഒരു പൊലീസുകാരൻ പോലുമുണ്ടാവില്ലേ? ന്യായമാണ്. അതിനും ഇതേ ഉത്തരമാണ്. ജോർജുകുട്ടി അന്നു രാത്രി ചെയ്ത വൻ പ്ലാനുകളൊക്കെ പുസ്തകത്തിലും സിനിമാക്കഥയിലുമുള്ളതാണ്. അതൊരു തരത്തിലും ജീത്തു ജോസഫ് നമ്മോടു പറയുന്നില്ല. മെഡിക്കൽ കോളജിൽ സിസിടിവി ഇല്ലേ, ഒറ്റ വാതിൽ തുറന്നാൽ കിട്ടില്ലേ തുടങ്ങിയ എല്ലാ കഥയും ഇത്തരത്തിലാണ്.

ലോജിക് 3

ജോർജുകുട്ടി പറഞ്ഞ പുതിയ കഥ എത്രത്തോളം ശരിയായിരിക്കും?

ഒട്ടും ശരിയാകാനിടയില്ല. അതിബുദ്ധിമാനായ ജോർജുകുട്ടി, രക്ഷപ്പെടാൻ ഏതറ്റം വരെയും പോകുന്നയാൾ തന്റെ പ്ലാനുകൾ സത്യസന്ധമായി പറയും എന്നു കരുതാൻ വയ്യ. ഇനി പറഞ്ഞാൽത്തന്നെ, കുഴിവെട്ടിയ ആളെയും സെക്യൂരിറ്റിയെയുമൊക്കെ വ്യക്തമായി പറഞ്ഞ സ്ഥിതിക്ക് അവരെ ചോദ്യം ചെയ്താൽ ജോർജുകുട്ടിയെ വീണ്ടും പൂട്ടാൻ എളുപ്പമല്ലേ? ജോർജുകുട്ടി അതു ചെയ്യുമോ? അതു കള്ളക്കഥയാവാനല്ലേ കൂടുതൽ സാധ്യത?

ആദ്യഭാഗത്തെ ‘വലിച്ചിൽ’

മീനയുടെ മേക്കപ്പിന്റെ അതിപ്രസരം, ഷാഡോ പൊലീസായി വന്ന യുവതിയുമായുള്ള സംഭാഷണത്തിലെ നീട്ടി വലിക്കൽ, ഭാര്യ റാണിയും ജോർജുകുട്ടിയുമായുള്ള സംഭാഷണത്തിലെ കൃത്രിമത്വം എന്നതൊക്കെയാണു പ്രശ്നം. അതിനും വ്യക്തമായ കാരണങ്ങളുണ്ട്. അതിബുദ്ധിമാനായ ജോർജുകുട്ടിയുടെ വീട്ടിൽ മൈക്ക് വച്ച് മുഴുവൻ സംഭാഷണവും പൊലീസ് പിടിച്ചെടുക്കുന്നുണ്ട്. അതു ജോർജുകുട്ടിക്ക് അറിയുമായിരുന്നു എന്നു തോന്നിക്കുന്ന തരത്തിലാണ് ഇടയ്ക്കിടെ ‘ആ വിഷയം ഈ വീട്ടിൽ സംസാരിക്കരുത്’ എന്ന് പറയുന്നത്. ഒരു തവണയല്ല, ഒട്ടേറെ തവണ. തീയേറ്ററും, പൊലീസ് സ്റ്റേഷനും സിസിടിവിയിലൂടെ നിരീക്ഷിക്കുന്ന ജോർജുകുട്ടി, ക്രൈം നടന്ന സ്വന്തം വീട് നിരീക്ഷിക്കാതിരിക്കുമോ? ഷാഡോ പൊലീസായി വന്ന യുവതിയുടെ വീട്ടിൽ പ്രശ്നമുണ്ടാകുമ്പോൾ ജോർജുകുട്ടി പൊലീസിൽ പറയാൻ നിർബന്ധിക്കുന്നുണ്ട്. പൊലീസിനെ തന്റെ വീടിന്റെ പരിസരത്തു വരുത്താൻ താൽപര്യമില്ലാത്ത ജോർജുകുട്ടി എന്തിനാണ് അങ്ങനെ പറയുന്നത്? അതും പല തവണ. അതിലും ഒരു കല്ലുകടിയില്ലേ?

murali-drishyam

മീനയുടെ മേക്കപ്പ്– നാട്ടിലെ പണക്കാരായി മാറിയ കുടുംബമായതിനാൽ മീനയുടെ കഥാപാത്രത്തിന് അൽപം പത്രാസൊക്കെ മോഹിക്കാമല്ലോ. ജീപ്പ് മാറ്റി, കാറു മേടിച്ച ജോർജുകുട്ടിയും ഒരുപാടു മാറിയിട്ടുണ്ട്. ടെലിവിഷനും മൊബൈലിനും വേണ്ടി കസ്റ്റമൈസ് ചെയ്തതാണു രണ്ടാം ഭാഗം. അതിൽ സീരിയലിൽ വരുന്നതു പോലെയുള്ള മേക്കപ്പും ലൈറ്റിങ്ങുമൊക്കെ ബിസിനസ് തന്ത്രം തന്നെയായേക്കാം.

ട്വിസ്റ്റ്

ജോസിന്റെ വെളിപ്പെടുത്തലാണല്ലോ സിനിമയിലെ ട്വിസ്റ്റ്. എന്നാൽ ,ജോർജുകുട്ടിക്ക് അതൊരു ട്വിസ്റ്റായില്ലെന്നു വേണം കരുതാൻ. ജോസിനെ ചായക്കടയ്ക്കു മുൻപിൽവച്ചു കാണുമ്പോൾ ജോർജുകുട്ടി പരുങ്ങുന്നതു കാണാം. കുഴിച്ചിടുന്നതിന്റെ സാക്ഷി ജോസാണെന്ന് ജോർജുകുട്ടി മനസ്സിലാക്കി എന്നു വേണമെങ്കിൽ കരുതാം. സിസിടിവി സെറ്റ് ചെയ്യാൻ വരുന്ന യുവാവ് 20 മിനിറ്റു നേരത്തേക്ക് ജോർജു കുട്ടിയുടെ ഫോൺ വാങ്ങുന്നുണ്ട്. ഒരു ആപ് ഇൻസ്റ്റാൾ ചെയ്യാൻ അതു വാങ്ങുന്നതിൽ അസ്വാഭാവികതയില്ലേ? അവിടെ നിന്നും അടുത്ത ഭാഗത്തിൽ ട്വിസ്റ്റുകൾ വരാം... സിദ്ദിഖിന്റെ കഥാപാത്രത്തോട് ഒന്നിലധികം തവണ മുരളി ഗോപി അസ്വസ്ഥനായി സംസാരിക്കുന്നുണ്ട്. അതിലും ബാക്കിയില്ലേ കഥകൾ? പണക്കാരനായിട്ടും വീട്ടിൽ ഒരു പണിക്കാരിയെ നിർത്താൻ ജോർജുകുട്ടി സമ്മതിക്കുന്നില്ല. മറ്റൊരാളെ ആ വീട്ടിൽ കയറ്റാൻ ജോർജുകുട്ടിക്ക് ധൈര്യമില്ലെന്നു കരുതാം. എന്നിട്ടും ഷാഡോ പൊലീസുകാരിയെ വീട്ടിൽ നിർത്താൻ ജോർജുകുട്ടി പ്രോത്സാഹിപ്പിക്കുന്നു.

ഒട്ടും സോൾവ് ചെയ്യാത്ത കഥയുമായാണ് ജീത്തു രണ്ടാം ഭാഗത്തിലും വന്നിരിക്കുന്നത്. മൂന്നോ നാലോ ഭാഗത്തേക്കുള്ള വഴിമരുന്നിടൽ മാത്രമാണ്. കരുതിക്കൂട്ടി ചില തെറ്റുകൾ വരുത്തി അതു തിരുത്താൻ മറ്റൊരു സിനിമയെടുക്കാനുള്ള സൈക്കളോജിക്കൽ മൂവ്!..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA