ADVERTISEMENT

നഷ്ടമായ പൊതു ഇടങ്ങളുടെ വീണ്ടെടുപ്പായിരുന്നു ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പും. കലയുടെ ജനാധിപത്യവൽക്കരണത്തിനൊപ്പമായിരിക്കും എക്കാലവും പ്രേക്ഷകരെന്ന നിലപാട് അടിവരയിട്ടുറപ്പിക്കുന്നതാണ് ഐഎഫ്എഫ്കെയുടെ ഇക്കഴിഞ്ഞ ഓരോ പതിപ്പുകളും. 1996ൽ കോഴിക്കോട് ആരംഭിച്ച് തിരുവനന്തപുരത്തെത്തി, ഒരിക്കൽ കൊച്ചിയിലെത്തി പിന്നീടു തിരുവനന്തപുര സ്ഥിരം വേദിയായ രാജ്യാന്തര ചലച്ചിത്ര മേള കേരളത്തിലെ സിനിമാ പ്രേമികളുടെ ഉത്സവമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. കോവിഡ് നഷ്ടമാക്കിയ പൊതു ഇടങ്ങൾ തിരിച്ചെത്തിക്കാൻ ഒരു പരിധി വരെ ഐഎഫ്എഫ്കെ നടത്തിയതിലൂടെ സാധിച്ചു. 

 

കോവിഡ് നിയന്ത്രണങ്ങൾ മൂലം 4 വേദികളിലായി മേള നടത്താൻ തീരുമാനിച്ചപ്പോൾ പ്രാദേശിക വാദത്തിന്റെ സ്വഭാവമുള്ള വിമർശനങ്ങൾ ചില കോണുകളിൽ നിന്നുയർന്നു. കൂടുതൽ തിയറ്ററുകളും പശ്ചാത്തല സൗകര്യങ്ങളുമാണ് കഴിഞ്ഞ 2 പതിറ്റാണ്ടിലേറെ മേള തിരുവനന്തപുരത്തു തുടരാൻ കാരണം. എന്നാൽ രജത ജൂബിലി വർഷത്തിൽ മേള അനന്തപുരി കടന്ന് കേരളമൊട്ടാകെ സഞ്ചരിച്ചപ്പോൾ സ്ഥലത്തിന്റെ അതിരുകൾ അലിഞ്ഞില്ലാതാവുകയാണുണ്ടായത്. കാണികളുടെ ദൃശ്യ ബോധത്തിൽ വലിയ മാറ്റം കൊണ്ട് വരാനും ചലച്ചിത്ര മേളകൾക്ക് കഴിഞ്ഞു. 

 

∙ കാഴ്ച വസന്തമൊരുക്കി 80 സിനിമകൾ

 

ദൃശ്യചാരുതയുടെ വർണ വസന്തമൊരുക്കി 80 മികവുറ്റ സിനിമകളുടെ 112 പ്രദർശനങ്ങൾ മലബാറിലെ പ്രേക്ഷകർക്കു സമ്മാനിച്ചാണ് രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം പതിപ്പിനു തിരശ്ശീല വീണത്. നല്ല സിനിമകൾക്കൊപ്പം വലിയ പരാതികളില്ലാത്ത സംഘാടന മികവുകൊണ്ട് കൂടി സിനിമാപ്രേമികളുടെ ഹ്യദയത്തിലിടം നേടിയാണു രാജ്യാന്തര ചലച്ചിത്ര മേള അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. 

കോവിഡ് പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി തലശ്ശേരിക്ക് ലഭിച്ച മേളയുടെ 5 ദിവസവും നിറഞ്ഞ മനസ്സോടെയാണ് ചലച്ചിത്ര പ്രേമികളും നാട്ടുകാരും കാഴ്ചയുടെ സംഗീതം ഏറ്റെടുത്തത്. പിഴവുകളില്ലാത്ത സംഘാടക മികവും കൊണ്ടും ജന പങ്കാളിത്തം കൊണ്ടും മികച്ചു നിൽക്കുന്ന ഒന്നായിരുന്നു തലശ്ശേരിയിലെ മേളയെന്നത് ഇതിന്റെ വിജയം സൂചിപ്പിക്കുന്നു.  

ചുരുളി, കോസ, ദി മാൻ ഹു സോൾഡ് ഹിസ് സ്കിൻ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടു പ്രദർശനങ്ങൾക്കും ടിക്കറ്റുകൾ ഉടൻ വിറ്റുതീർന്നു. 5 തിയറ്റർ ഒന്നിച്ചുള്ള സമുച്ചയം ആയതിനാൽ സിനിമാപ്രേമികൾക്ക് സൗകര്യമായി. 

 

∙ സജീവമായി ഓപ്പൺ ഫോറങ്ങൾ

 

പൊതു ഇടങ്ങളെല്ലാം അടഞ്ഞു പോയ ഒരു വർഷത്തിനു ശേഷം യഥാർഥത്തിൽ അവയുടെ വീണ്ടെടുപ്പു കൂടിയായി ഐഎഫ്എഫ്കെ വേദികൾ. തുറന്നു സംവദിക്കാൻ മടിക്കുന്ന വിഷയങ്ങളും ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങളും നേർക്കു നേർ മറുപടികളും ഫോറങ്ങളിൽ ഉയർന്നു. 

ഐഎഫ്എഫ്കെ: മലയാള സിനിമയുടെ ഭാവുകത്വത്തെ നിർണ്ണയിച്ച 25 വർഷങ്ങൾ, ഒടിടി പ്ലാറ്റ് ഫോമുകളുടെ സാധ്യതകൾ, പ്രാദേശിക ചലച്ചിത്ര മേളകൾ ആവശ്യമോ തുടങ്ങിയ വിഷയങ്ങളിലാണ് ഓപ്പൺ ഫോറം നടത്തിയത്. മലബാറിന്റെ പങ്കാളിത്തം പ്രകടമായ ചർച്ചകളാണു നടന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സിനിമാസ്വാദകരാണ് മേളയിൽ പങ്കെടുത്തത്. 1500 ഡെലിഗേറ്റുകൾ പങ്കെടുത്തു. ഇടവേളകളിൽ തലശ്ശേരിയുടെ രുചി തേടാനും പ്രധാന റസ്റ്ററന്റുകളിൽ പോകാനും ഇവർ സമയം കണ്ടെത്തി. രാത്രി വൈകി സിനിമാ പ്രദർശനം ഇല്ലാതിരുന്നത് സഹായകമായി. 

 

∙ ‘പ്രാദേശിക മേളകൾ വേണം’

 

ഐഎഫ്എഫ്കെ വികേന്ദ്രീകരിച്ചു തുടരണമെന്ന അഭിപ്രായം ഓപ്പൺ ഫോറത്തിൽ ശക്തമായി ഉയർ‍ന്നു വന്നു. തിരുവനന്തപുരത്തു മേള പൂർണമായി നടത്തണമെന്ന അഭിപ്രായങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളുമുയർന്നു. കോഴിക്കോട് തുടങ്ങിയ മേളയെയാണു തിരുവനന്തപുരത്തേക്കു മാറ്റിയത് എന്നു തുടങ്ങിയ വാദങ്ങളുമുയർന്നു. 

തലശ്ശേരി മേളയുടെ ഉദ്ഘാടനത്തിൽ ആശംസകളറിയിച്ചെത്തിയ എഴുത്തുകാരായ എം.ടി.വാസുദേവൻ നായർ‍, ടി.പത്മനാഭൻ, എം.മുകുന്ദൻ എന്നിവർ ലോകസിനിമ നമ്മുടെ  ഗ്രാമങ്ങളിലെത്തണം, പ്രാദേശിക മേള തുടരണം എന്ന നിലപാടാണു സ്വീകരിച്ചത്. കൂടുതൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാനും ചർച്ചകളിലും പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കാനും സാധിച്ചു. തലശ്ശേരിയിലെ മേളയുടെ അവസാന ദിനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ തന്നെ തന്റെ വ്യക്തിപരമായ അഭിപ്രായം ഇത്തരത്തിൽ മേള നടത്തുന്നതാണെന്നു സൂചിപ്പിച്ചു. എന്നാൽ സ്ഥിരം വേദിയൊരുക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. അതിനാൽ ചലച്ചിത്ര മേളയുടെ പല വേദികൾ എന്ന സാധ്യതത മാറി പ്രാദേശികമായി വ്യത്യസ്തമായ മേള എന്ന ആശയത്തിനു മുൻതൂക്കം ലഭിച്ചേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com