ADVERTISEMENT

സിനിമ പ്രാന്തൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ നിർമിക്കുന്ന ആദ്യ ചിത്രം ‘പല്ലൊട്ടി 90 's കിഡ്സ്’ ചിത്രീകരണം ആരംഭിച്ചു. ജേക്കബ് ജോർജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്ന ചിത്രത്തിൽ ജിതിൻ രാജ് കഥ - സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ-സംഭാക്ഷണം ഒരുക്കിയിരിക്കുന്നത് ദീപക് വാസൻ ആണ്. തണ്ണീർ മത്തൻ ദിനങ്ങൾ ചിത്രത്തിലെ 'ജാതിക്ക തോട്ടം' ഗാനം രചിച്ച സുഹൈൽ കോയയാണ് 'പല്ലൊട്ടി'യിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ പ്രകാശ് അലക്‌സാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ വിനേഷ് ബംഗ്ലാൻ ആണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. 

 

90 's കിഡ്സിന്റെ നൊസ്റ്റാൾജിയയെ പിടിച്ചു കുലുക്കുന്ന മധുരം നിറഞ്ഞൊരു മനോഹരമായ കുട്ടിക്കഥയാണ് 'പല്ലൊട്ടി 90 's കിഡ്സ്'. മികച്ച പ്രതികരണവും പ്രേക്ഷക ശ്രദ്ധയും നേടിയ 'പല്ലൊട്ടി' എന്ന ഹ്രസ്വചിത്രത്തിനെ അടിസ്ഥാനമാക്കിയാണ് 'പല്ലൊട്ടി 90 's കിഡ്സ്' എന്ന ചിത്രം ഒരുങ്ങുന്നത്. കണ്ണൻ, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹവും, സൗഹൃദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥാ പശ്ചാത്തലവുമാണ് ചിത്രം പറയുന്നത്. തികച്ചും കുട്ടികളുടെ ചിത്രമായ 'പല്ലൊട്ടി 90 's കിഡ്സിൽ' മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളും എത്തുന്നുണ്ട്. എന്നാൽ താരങ്ങളുടെ പേരുകൾ അണിയറ പ്രവർത്തകർ പുറത്ത് വിടാതെ സസ്പെൻസ് നിലനിർത്തിയാണ് ''പല്ലൊട്ടി'' പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്. 

 

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  കൂടാതെ സൈജു കുറുപ്പ്, സുധീഷ് കോപ്പ, ദിനേശ് പ്രഭാകർ തുടങ്ങിയ വൻ താരനിരകൾക്കൊപ്പം വിനീത് തട്ടിൽ, പ്രശസ്ത പിന്നണി ഗായിക ശ്രേയ രാഘവ്, അബു വളയകുളം, മരിയ പ്രിൻസ് ആന്റണി, അജീഷ, ഉമാ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

 

തമിഴ് ചിത്രമായ 'കാക്കമുട്ടൈ' പോലൊരു മുഴു നീളൻ  കുട്ടി ചിത്രമായ 'പല്ലൊട്ടി', ഒരു നാട്ടിൻപുറത്തെ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിനും സൗഹൃദത്തിനും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും വരച്ചു കാട്ടലാണ്. ഒപ്പം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ കീഴടക്കുന്ന 'നൊസ്റ്റാൾജിയ' കൂടിയാണ് പല്ലൊട്ടി.  പല്ലൊട്ടി എന്ന ഹ്രസ്വ ചിത്രത്തേക്കാൾ മനോഹരമായി എത്തുന്ന സിനിമ തീർച്ചയായും പ്രേക്ഷക ഹൃദയം കീഴടക്കുമെന്ന് ഉറപ്പാണ്. 

 

'പല്ലൊട്ടി' എന്ന ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സിനിമയുടെയും അണിയറയിൽ പ്രവർത്തിക്കുന്നത്.  ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഷാരോൺ ശ്രീനിവാസ് ആണ്. ചിത്രസംയോജനം രോഹിത് വി എസ് വാരിയത്ത്. പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്. ചീഫ് കൺട്രോളർ ബാദുഷ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വിജിത്ത്. ശബ്ദ രൂപകൽപ്പന ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ. ശബ്ദ മിശ്രണം വിഷ്ണു സുജാതൻ. ചമയം നരസിംഹ സ്വാമി. വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. നിശ്ചല ഛായാഗ്രഹണം നിദാദ് കെ എൻ. കാസ്റ്റിംഗ് ഡയറക്ടർ അബ്‌ദു വളയകുളം. ക്രീയേറ്റീവ് പരസ്യ കല കിഷോർ ബാബു വയനാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com