ADVERTISEMENT

സംസാരത്തിനു കൊലുസു ചാർത്തുന്ന ചിരിയാണു മംമ്തയുടേത്. കോൾഷീറ്റിൽ കോവിഡിനു 40 ദിവസത്തോളം നൽകിയിട്ടാണ് ദുബായിൽ ചിത്രീകരണത്തിനു മംമ്ത എത്തിയത്. ഡോ.ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ ലാൽജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’വിന്റെ ചിത്രീകരണത്തിന്. കോവിഡ് വ്യാപകമാകുന്നതിന്റെ ആശങ്കയും രോഗം ഭേദമായതിന്റെ ആശ്വാസവും വാക്കുകളിൽ നിറഞ്ഞു.

 

യുഎഇയിൽ സ്ഥിരതാമസമാക്കണമെന്ന തന്റെ ആഗ്രഹം മംമ്ത പങ്കുവച്ചു. രോഗങ്ങളെ ഇച്ഛാശക്തികൊണ്ടും വിരസതയെ ഉത്സാഹം കൊണ്ടും കീഴടക്കി ജീവിതത്തോടും ലോകത്തോടുമുള്ള ഇഷ്ടം തീർന്നിട്ടില്ലെന്ന് ഓരോ നിമിഷവും തോന്നിപ്പിക്കുന്ന സംസാരത്തിലേക്ക്...

 

ഡോ. ഇഖ്ബാൽ കുറ്റിപ്പുറം മ്യാവൂവിന്റെ സെറ്റിൽ സംവിധായകൻ ലാൽ ജോസ്, അഭിനേതാക്കളായ സൗബിൻ ഷാഹിർ, മമ്താ മോഹൻദാസ്, യാസ്മിന, നിർമാതാവ് തോമസ് തിരുവല്ല, ക്യാമാറാമാൻ അജ്മൽ സാബു എന്നിവരോടൊപ്പം
ഡോ. ഇഖ്ബാൽ കുറ്റിപ്പുറം മ്യാവൂവിന്റെ സെറ്റിൽ സംവിധായകൻ ലാൽ ജോസ്, അഭിനേതാക്കളായ സൗബിൻ ഷാഹിർ, മമ്താ മോഹൻദാസ്, യാസ്മിന, നിർമാതാവ് തോമസ് തിരുവല്ല, ക്യാമാറാമാൻ അജ്മൽ സാബു എന്നിവരോടൊപ്പം

എന്തുകൊണ്ട് യുഎഇ?

 

2014നു മുൻപു ചിന്തിച്ചു തുടങ്ങിയതാണ് യുഎഇയിലേക്കു താമസം മാറ്റണമെന്ന്. മാതാപിതാക്കൾക്കും അതിഷ്ടമാണ്. എന്നാൽ, രോഗവും ചികിത്സയുമെല്ലാം പ്രശ്നമായി. ബഹ്റൈനിൽ ജനിച്ച എന്റെ സിനിമാജീവിതം ഇന്ത്യയിൽ. ചികിത്സാർഥം താമസം യുഎസിലെ ലൊസാഞ്ചലസിൽ. എന്നാൽ, ഇതെല്ലാം ഒത്തുപോകുന്ന രീതിയിൽ താമസത്തിനു പറ്റിയ സ്ഥലം യുഎഇയാണ്. രണ്ടു വർഷത്തിനകം ഇവിടേക്കു മാറും. കൂട്ടുകാരും ബന്ധുക്കളുമെല്ലാം ഇവിടെയുണ്ട്. 

 

എല്ലാ ബന്ധങ്ങളും കളഞ്ഞ് അമേരിക്കയിൽ ജീവിക്കാമെന്നു പറയുന്ന ചില കൂട്ടുകാരുണ്ട്. എന്നാൽ, എനിക്കു കഴിയില്ല. മലയാളിയായിരിക്കണമെന്നും മാതാപിതാക്കൾക്കൊപ്പം കഴിയണമെന്നുമാണ് ആഗ്രഹം. ചികിത്സയ്ക്കു മാത്രമാണ് യുഎസിൽ തങ്ങിയതും തങ്ങുന്നതും. അവിടെ ഞാൻ ആരുമല്ല. ചിപ്പി പോലെയുള്ള ഈ ലോകം ഇഷ്ടമാണ്. കൂടുതൽ കാലം ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നു.

lal-jose-bday-myavoo

 

ലാൽജോസുമൊത്തുള്ള സിനിമ വൈകാൻ കാരണം? 

 

അദ്ദേഹത്തോട് ആദ്യം ചോദിച്ചത് ‘എന്താ ഞാനിവിടെ ഉള്ള കാര്യം മറന്നോ’ എന്നാണ്. എന്റെ അഭിമുഖം കണ്ടു പ്രചോദിതനായാണ് ഡയമണ്ട് നെക്‌ലെയ്സിലെ അമ്മു എന്ന കഥാപാത്രം ഒരുക്കിയതെന്നു പറഞ്ഞിരുന്നു. എന്നെയും ഏറ്റവും പ്രചോദിപ്പിച്ച കഥാപാത്രമാണ് അത്. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന ആഗ്രഹം ഇപ്പോൾ സാധിച്ചു. റാസൽഖൈമയിൽ താമസിക്കുന്ന മുസ്‌ലിം കുടുംബത്തിന്റെ 16 വർഷത്തെ കഥയാണിത്. ചിരിക്കാനും ചിന്തിക്കാനുമുണ്ട്. 

 

പിന്നണിഗായിക കൂടിയായ മംമ്ത പാട്ടുജീവിതം മറന്നോ? 

 

അമേരിക്കയിലായ ആറു വർഷത്തിൽ പാട്ടുശേഖരത്തിൽ ഒന്നോ രണ്ടോ മലയാളം, തമിഴ് പാട്ടുകളാണ് ആകെയുള്ളത്. ബാക്കിയെല്ലാം ഇംഗ്ലിഷ് പാട്ടുകളാണ്. സിനിമയിൽനിന്നു വിട്ടുനിന്നതു പോലെ പാട്ടിന്റെ കാര്യത്തിലും അകൽച്ച സംഭവിച്ചു. കഴിഞ്ഞ വർഷം ചെയ്ത തേടൽ എന്ന ആൽബത്തിന്റെ ചിത്രീകരണം ഹൃദയസ്പർശിയാണ്. യുഎഇലേക്ക് മാറിയ ശേഷം സംഗീതത്തെപ്പറ്റി ഗൗരവമായി ചിന്തിക്കും.

 

മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിരുന്നല്ലോ, ഇനി? 

 

എല്ലാ അവാർഡുകളും സന്തോഷമാണ്. പക്ഷേ, താരങ്ങളല്ല അതിനു കാരണക്കാർ. അവാർഡിലേക്ക് എത്തിക്കേണ്ടത് നിർമാതാക്കളും മറ്റ് അണിയറ പ്രവർത്തകരുമാണ്. ഒന്നാമതാകണമെന്നോ രണ്ടാമതെത്തുമെന്നോ ചിന്തിച്ചല്ല അഭിനയിച്ചത്. സിനിമയുടെ പിന്നിലുള്ള പ്രയത്നം ഏറെ ഇഷ്ടമായതിനാലും എല്ലാ വശങ്ങളെയും സ്നേഹിക്കുന്നതുകൊണ്ടുമാണ് അഭിനയിക്കുന്നത്.

 

ദുബായിലൂടെ വളരെ വേഗത്തിൽ കാറോടിക്കുന്നതു ഹരമാക്കിയ മംമ്ത, കഴിഞ്ഞ തവണ വന്നപ്പോൾ അമിതവേഗത്തിനു പൊലീസിന്റെ ആറു പിഴയും വാങ്ങിയാണു പോയത്! ഇത്തവണ ജബൽ ജെയ്സ് എന്ന പർവതമുകളിലേക്കാണ് സുഹൃത്തുക്കളുമായി പോയത്. സാഹസികതയുടെ കൈപിടിച്ചു നിറഞ്ഞുചിരിക്കാൻ...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com