കരുത്തിന്റെ മൂന്നു പെൺമുഖങ്ങൾ..; റിവ്യു

aanum-pennum-review-1
SHARE

കരുത്തിന്റെ മൂന്നു പെൺമുഖങ്ങൾ.. ‘ആണും പെണ്ണും’ കണ്ടിറങ്ങുമ്പോൾ മൂന്നു പെണ്ണുങ്ങൾ ഇങ്ങനെ മനസിൽ തെളിഞ്ഞു നിൽക്കും. ആണാണോ പെണ്ണാണോ ശക്തർ എന്ന വാദം പുതിയതല്ല, പക്ഷേ പ്രതിസന്ധികൾക്കു മുന്നിൽ.. വികാരങ്ങൾക്കു മുന്നിൽ.. പ്രണയത്തിലും തകർച്ചയിലും ലൈംഗികതയിലുമെല്ലാം പെണ്ണിനു തന്നെയാണ് കരുത്തെന്ന് ഒരിക്കൽ കൂടി വരച്ചു കാട്ടുകയാണ് ആണും പെണ്ണുമെന്ന ചിത്രം. പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ആവിഷ്കരിച്ചിരിക്കുകയാണ് ഇവിടെ.

ചിത്രം കണ്ടു കഴിയുമ്പോൾ ഇതിൽ ഏതു സിനിമയാണ് ഏറ്റവും നല്ലതെന്ന ചോദ്യം സ്വയം ചോദിക്കാം. മൂന്നു പേർക്കും മൂന്നുത്തരമാകും എന്നതാണ് പ്രത്യേകത. വ്യക്തികൾക്കനുസരിച്ച്, നിലപാടുകൾക്കനുസരിച്ച്, ചിന്തകൾക്കനുസരിച്ച് അതു മാറി വരും. മൂന്നു മനോഹര ചെറു ചിത്രങ്ങൾ എന്നു നമ്മോടു തന്നെ പറഞ്ഞ് ഒഴിഞ്ഞു മാറുകയുമാകാം. ആഷിഖ് അബുവും വേണുവും ജെ.കെ.യുമാണ് ചിത്രങ്ങളുടെ സംവിധാനം. 

സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിൽ ജെ.കെ സംവിധാനം ചെയ്ത സാവിത്രി നമ്മളെ കമ്യൂണിസ്റ്റു വേട്ടയുടെ ഭീകര കാലത്തിലേയ്ക്ക് ഒരിക്കൽ കൂടി  കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ സീനുകളിൽ കാണുന്ന നിസഹായയായ പെണ്ണിനെയല്ല അതിന്റെ അവസാനം കാണുന്നത്. ജോജുവും സംയുക്തയും ഇന്ദ്രജിത്തും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. അപകടകരമായ ചോദ്യങ്ങളെ ഒരുമ്മയിൽ അലിച്ചു കളയുന്ന പെണ്ണിന്റെ മാന്ത്രിക വിദ്യയുണ്ട് ചിത്രത്തിൽ. ഒടുവിൽ പ്രതിബന്ധങ്ങളെ തകർത്ത് മുന്നോട്ടു പോകുന്ന പെൺകരുത്തും പ്രകടമാകുന്നു സാവിത്രി. 

ലോക സാഹിത്യത്തിന്റെ നടുമുറ്റത്തു പ്രതിഷ്ഠിക്കാവുന്ന സൃഷ്ടിയെന്നാണ് ഉറൂബിന്റെ രാച്ചിയമ്മയെക്കുറിച്ച് എം. കൃഷ്ണൻ നായർ കുറിച്ചത്. സ്ത്രീ മനസിന്റെ ആന്തരികവും ഭാഹ്യവുമായ ചേഷ്ടകളും സൂഷ്മഭാവങ്ങളും ആവാഹിച്ചിട്ടുള്ള കഥാപാത്രമായാണ് രാച്ചിയമ്മയെ വിലയിരുത്തുന്നത്. അതിനെ നേർക്കാഴ്ചയായി പ്രതിഫലിപ്പിക്കാൻ രാച്ചിയമ്മയിലൂടെ പാർവതി തിരുവോത്തിനു സാധിച്ചിട്ടുണ്ടെന്നു തീർത്തു പറയാം. ഛായാഗ്രാഹകന്റെ അനുഭവ പരിചയവും സംവിധായകന്റെ സൃഷ്ടിവൈഭവവും വേണു ചിത്രത്തിലൂടെ പ്രകടമാക്കിയിട്ടുണ്ട്. ആസിഫ് അലിയാണ് സിനിമയിലെ മറ്റൊരു മുഖം. 

‘‘നമ്മൾ തമിഴാണ്.. നമ്മൾ മലയാളമാണ്.. നമ്മൾ എല്ലാമാണ്..’’ രാച്ചിയമ്മയെ പരിചയപ്പെടുമ്പോൾ അതു നമുക്കു ബോധ്യമാകുന്നുണ്ട്. അവൾ എല്ലാമാണ്.. ‘‘നമ്മൾ എല്ലായിടത്തുമുണ്ടല്ലോ.. ഹഹഹ’’ എന്നു ചിരി.. ‘‘നമ്മൾ എല്ലാമറിയും..’’ എന്ന് ആസിഫ് അലിയുടെ കഥാപാത്രത്തോട് രാച്ചിയമ്മ പറയുമ്പോൾ കാഴ്ചക്കാരന്റെ കൺകോണുകളിലേയ്ക്കു നനവു പടരുന്നത് തിരിച്ചറിയാം. മനസിന്റെ കോണിൽ പ്രതിഷ്ഠിച്ച പുരുഷൻ മറ്റൊരു വിവാഹം കഴിച്ച് കുഞ്ഞുണ്ടായിട്ടും അതു തന്റെ കുഞ്ഞാണെന്നു കരുതി സമ്പാദ്യം അവൾക്കു വേണ്ടി കരുതി വയ്ക്കുന്ന.. ഒറ്റയ്ക്കു ജീവിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു ദിവസം തിരിച്ചു വരുന്ന പുരുഷനെ സ്വന്തമാക്കാനായി പിടിച്ചു വയ്ക്കാത്ത കാരുണ്യത്തിന്റെ മുഖം കൂടിയാണ് രാച്ചിയമ്മ നമുക്കു കാണിച്ചു തരുന്നത്. 

aanum-pennum-trailer

ആഷിഖ് അബുവിന്റെ റാണിയാണ് ആണും പെണ്ണും സിനിമയിലെ മൂന്നാമതു ചിത്രം. ഉണ്ണി ആറിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തെ ഒരു നിമിഷം ക്യാംപസ് കാലത്തേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നുണ്ടു നമ്മളെ. കലാലയ കാല പ്രണയത്തിൽ നിന്നു ലൈംഗികതയ്ക്കായുള്ള പുരുഷന്റെ ദാഹവും അതിനായി ഏതറ്റം വരേയും പോകുന്നതിനുള്ള അവന്റെ ആവേശവും ചിത്രത്തിലുണ്ട്. അപ്പോഴും ധൈര്യമായി ‘അതു’ ചോദിക്കാനുള്ള അവന്റെ ഭീതിയും കൃത്യമായി വരച്ചിട്ടുണ്ട് റാണിയിൽ. എല്ലാം അറിഞ്ഞു പെരുമാറുന്ന പെണ്ണാണ് ചിത്രത്തിലെ റാണി. റോഷൻ മാത്യുവും ദർശനയുമാണ് മുഖ്യ കഥാ പാത്രങ്ങൾ. നെടുമുടി വേണുവും കവിയൂർ പൊന്നമ്മയും ചിത്രത്തിൽ രസകരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

പ്രണയാർദ്രമായി ഉടുത്തില്ലെങ്കിലും ഉടുപ്പിക്കുമെന്ന കാമുകന്റെ വാക്കുകളുടെ പൊള്ളത്തരം പൊളിച്ചു കയ്യിൽ കൊടുത്താണ് അവൾ നഗ്നയായി സമൂഹത്തിനു മുന്നിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത്. അത് പെണ്ണിന്റെ മറ്റൊരു മുഖം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA