ADVERTISEMENT

അമ്മ സുജാതയ്‌ക്കൊപ്പമുള്ള നടി രഞ്ജിനി ഹരിദാസിന്റെ തുറന്നുപറച്ചിലുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നു. രഞ്ജിനിക്ക് വിവാഹത്തെക്കുറിച്ചുള്ള കാഴ്ച്ചപാടുകളെ കുറിച്ചും അച്ഛന്‍ മരിച്ചിട്ടും അമ്മ രണ്ടാമത് വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങളുമാണ് ഇരുവരും ഒരുമിച്ച് പങ്കുവയ്ക്കുന്നത്.

 

‘ഒരു പെൺകുട്ടിയുടെ വിവാഹപ്രായം പതിനെട്ട് വയസ്സാണ്. ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാൻ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെൺകുട്ടികൾ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണ്.’–സുജാത പറയുന്നു.

 

‘28 വയസ്സ് ആയപ്പോഴാണ് എനിക്കൊരു ആത്മവിശ്വാസം വന്നത്. എന്നെ കുറിച്ച്, സാമ്പത്തികം, കുടുംബത്തെ കരകയറ്റുന്നതിനെ കുറിച്ചൊക്കെ ബോധ്യം വന്നത് അപ്പോഴാണ്. കുട്ടികളെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ 28 വയസ്സ് ആയപ്പോഴെക്കും എന്റെ ശരീരം ബയോളജിക്കലി അത് തിരിച്ചറിയാന്‍ തുടങ്ങി. കുട്ടികളെ കാണുമ്പോള്‍ പ്രത്യേകമായൊരു അടുപ്പം തോന്നി. മാതൃത്വം ഒരു വികാരമാണല്ലോ. അതെനിക്ക് ഫിസിക്കലി തോന്നി തുടങ്ങിയത് മുപ്പത് വയസ്സൊക്കെ ആയപ്പോഴാണ്. ആ സമയത്ത് വേണമെങ്കില്‍ വിവാഹം കഴിക്കാം. അല്ലെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാം.’–രഞ്ജിനി ഹരിദാസ് പറയുന്നു.

 

‘പക്ഷേ കഴിഞ്ഞ കുറച്ച് കാലമായി ആ ചിന്ത എനിക്ക് മാറ്റേണ്ടി വന്നു. എന്തുകൊണ്ടാണ് കുട്ടികളെ പതിനെട്ട് വയസ്സിലും 21 ലും കെട്ടിക്കുന്നതെന്ന് അറിയാമോ. അവരുടെ ജീവിതം ഒരു ഘട്ടത്തില്‍ വളരുന്നതേയുള്ളു. ആ ഒരു യൂണിയനിലൂടെ അവര്‍ ഒരുമിച്ച് വളര്‍ന്ന് വരും. ഇത് ഞാന്‍ മനസ്സിലാക്കാന്‍ കുറച്ച് സമയമെടുത്തു. അതുകൊണ്ടാണ് പ്രായമുള്ളവര്‍ മക്കളെ നേരത്തെ കെട്ടിച്ച് വിട്ടിരുന്നത്. എന്നാലും ആശയപരമായി എനിക്ക് അതിനോട് യോജിക്കാനാവില്ല. ഇങ്ങനെയുള്ള ബന്ധം വിജയിക്കുന്നത് കൂടുതലുണ്ടാവും.’–രഞ്ജിനി പറയുന്നു.

 

‘വ്യക്തിപരമായി നമ്മള്‍ ആരാണെന്ന് അറിഞ്ഞിട്ട് വേണം വിവാഹത്തിന് തയാറെടുക്കാൻ. ചിലര്‍ക്ക് പക്വത വൈകിയാവും. എനിക്ക് നാല്‍പത് വയസ് ആവാറായി. ഇതുവരെ പക്വതയില്ലെന്നും രഞ്ജിനി പറയുന്നു. വിവാഹത്തിന് പ്രായമൊന്നും പറയാന്‍ പറ്റില്ല. അത് ഓരോരുത്തരുടെയും അനുഭവം പോലെയാണ്. 20 വയസ്സിലാണ് അമ്മ വിവാഹം കഴിക്കുന്നത്. പക്ഷേ അമ്മയുെട മുപ്പതാമത്തെ വയസ്സില്‍ വളരെ ചെറിയ പ്രായത്തില്‍ അച്ഛൻ മരിച്ചു. രണ്ടാമത് വിവാഹത്തെ കുറിച്ച് അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല. അതെന്തുകൊണ്ടെന്ന് അമ്മ തന്നെ പറയും.’–രഞ്ജിനി വ്യക്തമാക്കി.

 

‘എനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് ഞാന്‍ പ്രധാന്യം കൊടുത്തത്. എനിക്ക് മുന്നിലേക്ക് വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ എന്റെ അമ്മയുടെയും അച്ഛന്റെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു. എന്റെ ജീവിതരീതി അങ്ങനെ ആയത് കൊണ്ടാവും തോന്നാത്തത്.’– സുജാത പറഞ്ഞു. 

‘അമ്മയുടെ വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു.’ രഞ്ജിനി വ്യക്തമാക്കി.

 

‘പക്ഷേ ഈ വിവാഹാലോചനകളൊക്കെ ഞാനറിയാതെ അച്ഛനും അമ്മയും നടത്തിയ ആലോചനകളായിരുന്നു. അങ്ങനെ ഒരാളെ എന്റെ ജീവിതതത്തിലേക്ക് കൊണ്ട് വരാന്‍ എനിക്ക് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അന്നും ഇന്നും അങ്ങനൊരു ചിന്ത പോലും എന്റെ മനസില്‍ വന്നിട്ടില്ല. ഇത് ആഗ്രഹിക്കുന്നവരോട് എനിക്ക് എതിര്‍പ്പില്ല.’–സുജാത പറഞ്ഞു. 

 

‘എന്നാല്‍ പന്ത്രണ്ടാം ക്ലാസിലൊക്കെ എത്തി കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നപ്പോള്‍ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാന്‍ ഞാൻ അമ്മയോട് പറഞ്ഞിരുന്നു. കാരണം ലൈംഗികമായും മറ്റും അറിവുവന്നത് എനിക്ക് അപ്പോഴായിരുന്നു. പക്ഷേ അമ്മ ഈ ജീവിതത്തില്‍ സന്തോഷവതിയായിരുന്നു.’–രഞ്ജിനി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com