ഉണ്ണിമായ, നിങ്ങളാണ് ജോജിയിലെ താരം; കുറിപ്പ്

bincy-unnimaya
SHARE

ജോജിക്കും ജോമോനും ജെയ്സണുമൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ കഥാപാത്രമാണ് ജോജിയിലെ ബിൻസി. ലേഡി മാക്ബെത്ത് എന്ന വിശേഷണം ലഭിക്കുന്ന ഈ കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുന്നത് നടി ഉണ്ണിമായയാണ്. സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൂടിയാണ് ഉണ്ണിമായ. നടിയുടെ ഭർത്താവ് ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നതും. ഇപ്പോഴിതാ ഉണ്ണിമായയുടെ പ്രകടനത്തെ പ്രശംസിച്ച് ചലച്ചിത്രപ്രവർത്തകൻ അരുൺ സദാനന്ദൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.   ജോജിയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത് ഫഹദോ ബാബുരാജോ ഷമ്മി തിലകനോ അല്ല, അത് ഉണ്ണിമായ ആയിരിന്നുവെന്ന് അദ്ദേഹം പറയുന്നു.

അരുൺ സദാനന്ദന്റെ വാക്കുകൾ:

ഞാനും ഇവിടെ ഒക്കെയുണ്ട് എന്ന് - ബിൻസി

പഴയ ഒരു 'നിങ്ങൾക്കും ആകാം കോടീശ്വരൻ' എപ്പിസോഡിൽ ജയറാമാണ് അതിഥി. മാക്ബെത്തിനെ ആധാരമാക്കി കുറസോവ ചെയ്ത സിനിമ ഏതാണെന്നാണ് ചോദ്യം, ജയറാമിന് ഉത്തരം അറിയില്ല. ജയറാം 'ഫോൺ എ ഫ്രണ്ട്' ഓപ്ഷൻ ചെയ്യുന്നു, നമ്മളൊക്കെ പിഎസ്സിയ്ക്ക് പഠിക്കുന്ന സി.കെ. സദാനന്ദനെ വിളിക്കുമെങ്കിൽ ജയറാം വിളിക്കുന്നത് സാക്ഷാൽ കമലഹാസനെയാണ്. (അടിക്കുവാണെങ്കിൽ ഇമ്മാതിരി സൈസ് സാധനം അടിക്കണം എന്ന് വാഴയ്ക്ക് എടുത്ത കുഴിയിൽ നിന്നും കിട്ടിയ കാലിക്കുപ്പി നോക്കി നാല് കാലിൽ നിന്ന വാസുവണ്ണൻ പറഞ്ഞ ഡയലോഗ് ആണെനിക്ക് ആ നിമിഷം ഓർമ വന്നത്).

കമലഹാസൻ അങ്ങേതലയ്ക്കൽ ചിരിക്കുന്നു, ബാസുള്ള ശബ്ദത്തിൽ ജയറാമിനെയും സുരേഷ് ഗോപിയെയും പുകഴ്ത്തുന്നു, പതിവുപോലെ നല്ല കഥ കിട്ടിയാൽ മലയാളത്തിൽ വരുമെന്ന് പറയുന്നു, പിന്നെ ഉത്തരത്തിലേയ്ക്ക് കടക്കുന്നു. ‘Throne of Blood’.

അവിടെ പക്ഷേ കമലഹാസൻ സർ നിർത്തുന്നില്ല! ഷേക്സ്പിയറുടെ ലേഡി മാക്ബത്തിനെ കുറസോവ Throne of Blood–ൽ ഗർഭിണി ആക്കുന്നുണ്ടെന്ന ഒരു വൈറ്റൽ ഇൻഫോർമേഷൻ കൂടി നമുക്ക് നൽകുന്നു. ഒരു പ്രതിഭാശാലി മറ്റൊരു പ്രതിഭാശാലിയെ രണ്ടാമത് വായിക്കുമ്പോൾ ഏതറ്റം വരെയൊക്കെ പോകാമെന്ന് പഠിപ്പിച്ച് തരുന്നു. (കമലഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത് അദ്ദേഹത്തിന്റെ ഇഷ്ടം, ഒരുപക്ഷേ അദ്ദേഹം ഫിലിം സ്‌കൂൾ തുടങ്ങിയിരുന്നുവെങ്കിൽ കള്ള ഒപ്പിട്ട് അപ്പന്റെ റബ്ബർ തോട്ടം വിറ്റ് ഞാനവിടെ പഠിയ്ക്കാൻ പോയേനെ!)

ഇനി ജോജി കണ്ടവർ വായിക്കുക.

നമ്മൾ കണ്ട ജോജി ഇന്റർവെൽ വരെക്കൊണ്ടു തീർത്ത് ബാക്കി ഭാഗം ബിൻസിയുടെ കഥയാക്കി ഒന്ന് മാറ്റിയിരുന്നെങ്കിൽ പടം ഏത് റേഞ്ചിൽ ചെന്ന് നിൽക്കുമായിരുന്നു എന്നൊന്ന് ആലോചിച്ച് നോക്കൂ. ഇപ്പോഴുള്ള ജോജിയുടെ (എനിക്ക് തോന്നിയ, പലർക്കും തോന്നിയ) ആഴമില്ലായ്മ പ്രശനം പരിഹരിക്കപ്പെട്ടേനെ. Based on Macbeth എന്നതിന് പകരം Loosely based on Macbeth എന്നെഴുതി കാണിച്ചാൽ മതിയായിരുന്നു. അധികാരം നേടുന്നതിലും പ്രയാസമാണ് അധികാരം നിലനിർത്താൻ എന്നുള്ള കാലിക രാഷ്ട്രീയവും ഒക്കെ കൊണ്ടു വന്ന് കത്തി കയറാമായിരുന്നു.

അങ്ങനെ എഴുതിയ സ്ക്രിപ്റ്റിൽ ഉണ്ണിമായ തന്നെ അഭിനയിച്ചാലും മതിയായിരുന്നു. തനിക്ക് കിട്ടിയ സീനുകൾ എത്ര ഗംഭീരമായിയാണ് ആ നടി ചെയ്തു വച്ചിരിക്കുന്നത്. 'മീൻ കറി ഒക്കെ ചോദിച്ചപ്പോ' എന്നുള്ള ആ സീനിൽ എന്തൊരു അഭിനയമാണ്. ഒരു സൈഡിലെ കവിൾ കോട്ടുന്നതാണ് സർക്കാസം എന്ന മുദ്ര എന്ന നിലവിലെ ധാരണയെയാണ് ബിൻസി ഒരു ചിരി ചിരിച്ച് പൊളിച്ചടുക്കുന്നത്. വലിയ കയ്യടി ശ്രീമതി ഉണ്ണിമായ പ്രസാദ്. ജോജിയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത് ഫഹദോ ബാബുരാജോ ഷമ്മി തിലകനോ ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല, അത് നിങ്ങളായിരുന്നു. തോട്ടിൻ കരയിൽ മീൻ വെട്ടി നിൽക്കുമ്പോൾ നിങ്ങൾ ജോജിയെ എരി കേറ്റുന്ന ആ ഒരൊറ്റ സീനിൽ തന്നെ നിങ്ങൾ ഒരു ഡബിൾ സെഞ്ചുറി അടിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA