ADVERTISEMENT

ഇലക്‌ഷൻ പ്രചാരണത്തിൽ നടൻ കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധുവും മക്കളും സജീവമായിരുന്നു. എന്നാൽ മൂത്തമകളായ അഹാനയെ മാത്രം പ്രചാരണത്തിനോ വോട്ടെടുപ്പ് സമയത്തോ കൃഷ്ണകുമാറിനൊപ്പം കണ്ടില്ല. ഇതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും ചർച്ചകളുമുണ്ടായി. വിമർശനങ്ങളെ ഭയന്നാണ് അഹാന മാറിനിന്നതെന്നായിരുന്നു ഒരുകൂട്ടം ആളുകൾ അഭിപ്രായപ്പെട്ടത്. ഷൂട്ടിങ് തിരക്കുകളില്ലെന്നിരിക്കേ എന്തുകൊണ്ട് അഹാന പ്രചാരണത്തിന് ഇറങ്ങാത്തതെന്നായി സോഷ്യൽ മീഡിയയിലെ ചോദ്യം. ആ സംശയങ്ങൾക്കൊക്കെ കൃഷ്ണകുമാർ തന്നെ മറുപടിയുമായി രംഗത്തെത്തി. 

 

മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രയിലായിരുന്നു അഹാന.  മൂന്നാറിലും മറ്റു വിനോദസ്ഥലങ്ങളിലുമായി ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ അവധിക്കാലയാത്രയിലായിരുന്നു അഹാന. മകളുടെ യാത്രാ ചിത്രങ്ങൾ കൃഷ്ണകുമാറും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

ഇലക്‌ഷൻ തിരക്കുകൾ കഴിഞ്ഞ് മക്കൾക്കൊപ്പം ഇരുന്ന് സംസാരിച്ചപ്പോഴുണ്ടായ രസകരമായ അനുഭവവും കൃഷ്ണകുമാർ വെളിപ്പെടുത്തി. വെയിലുകൊണ്ട് തന്റെ കളർ ആകെ മാറിയെന്നും, വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നാണ് മക്കൾ പറയുന്നതെന്നും കൃഷ്ണകുമാർ കുറിച്ചു.

 

‘സ്ഥാനാർഥി പട്ടിക വന്ന മാർച്ച്‌ 14 മുതൽ ഇലക്ഷൻ  നടന്ന ഏപ്രിൽ 6 വരെ കടന്നു പോയത് അറിഞ്ഞില്ല.. അത്ര വേഗത്തിൽ ആണ് ദിവസങ്ങൾ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയിൽ നിന്നും ഓപ്പൺ ജീപ്പിൽ കേറിയത് മുതൽ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതൽ രാത്രി 10 വരെ. അതിനു ശേഷം സോഷ്യൽ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്നങ്ങളും.. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങൾ നൽകിയ സ്വീകരണവും, സ്‌നേഹവും  എനിക്ക് തന്ന ഊർജം അത്രക്കായിരുന്നു.  കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി.. ഇലക്ഷൻ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോൾ അവർ പറഞ്ഞു അച്ഛന്റെ കളർ ആകെ മാറി.‘വാനില അച്ഛൻ ഇപ്പോൾ ചോക്ലേറ്റ് അച്ഛൻ ആയെന്നു..’

 

ഇലക്‌ഷനിൽ ജയിച്ചാലും തോറ്റാലും നാടിനു വേണ്ടി നന്മകൾ ചെയ്യാൻ സാധിക്കുമെന്നും അതിനായി കേന്ദ്ര സർക്കാർ കൂടെയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. നരേന്ദ്രമോദിക്കൊപ്പം ഒരു വേദി പങ്കിടുക വലിയ സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

 

‘ജീവിതത്തിലെ അതിസുന്ദരവും അപൂർവവും അതുല്യവുമായ നിമിഷങ്ങൾ.. ദൈവത്തിനു  നന്ദി..വളരെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു ലോകനേതാക്കളിൽ ഏറ്റവും ഉന്നതനായ വ്യക്തിയും, ഭരതത്തിന്റെ പ്രധാനമന്ത്രിയുമായ ശ്രീ നരേന്ദ്രമോദിക്കൊപ്പം ഒരു വേദി പങ്കിടുക, അദ്ദേഹത്തോടൊപ്പം ചേർന്ന് നാടിന്റെ നന്മക്കായി പ്രവർത്തിക്കുക എന്നൊക്കെ.  അതൊക്കെ ഇത്ര പെട്ടെന്ന് ഇത്രയും ഭംഗിയായി നടന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. വളരെ സ്നേഹത്തോടെയും വാൽസല്യത്തോടെയുമുള്ള പ്രധാനമന്ത്രിയുടെ പെരുമാറ്റം എന്നിലെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.’

 

‘എനിക്ക് പലതും ചെയ്യാൻ കഴിയും എന്ന ഒരു തോന്നൽ.. ജയിച്ചാലും തോറ്റാലും നാടിനു നന്മകൾ ചെയ്യാൻ സാധിക്കും. കേന്ദ്ര സർക്കാർ കൂടെയുണ്ട്. കടലിന്റെ മക്കളുടെ പ്രശ്നപരിഹാരത്തിന്റെ ഒരു ചെറിയ തുടക്കം മാത്രമാണിത്. വലിയതുറ മിനി ഹാർബറുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തു 24 മണിക്കൂറിനകം രണ്ടു കേന്ദ്രമന്ത്രിമാർ വലിയതുറ സന്ദർശിക്കുകയും പുറകെ കർണാടക ഫിഷറീസ് മന്ത്രി വന്നു പ്രശ്നങ്ങൾ വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം തന്നെ മൽസ്യതൊഴിലാളികളുടെ പാർപ്പിടം, കുട്ടികളുടെ വിദ്യാഭ്യാസം, മാലിന്യം,വല, വള്ളം, മണ്ണെണ്ണ ഡീസൽ സബ്‌സിഡി.... മുതലായ പ്രശ്നങ്ങളും ചർച്ചക്കെടുത്തു. വരും ദിവസങ്ങളിൽ നല്ല തീരുമാനങ്ങൾ ഉണ്ടാകും. തീരദേശ നിവാസികളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവും, സന്തോഷം ഉണ്ടാവും.. ഞാൻ നിങ്ങൾക്കൊപ്പമുണ്ടാവും.. ദൈവാനുഗ്രഹവും.’–കൃഷ്ണകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com