ADVERTISEMENT

തമിഴിൽ റിലീസ് ചെയ്ത 'കർണൻ' മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് മലയാളത്തിൽ രജീഷ വിജയന്റെ പുതിയൊരു സിനിമ പുറത്തിറങ്ങുന്നത്. സ്പോർട്സ് പ്രമേയമാക്കി ദേശീയ പുരസ്കാര ജേതാവായ രാഹുൽ റിജി നായർ ഒരുക്കുന്ന ഖോ ഖോയിൽ പരീശീലകയുടെ വേഷത്തിലാണ് രജീഷ. കോവിഡുകാലത്തെ വെല്ലുവിളികൾക്കിടയിൽ രജീഷയുടേതായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ഖാലിദ് റഹ്മാന്റെ 'ലവ്' നു ശേഷം തീർത്തും വ്യത്യസ്തമായ കഥാപരിസരത്തിൽ ദൃശ്യവൽക്കരിക്കപ്പെട്ട ഖോ ഖോ തന്റെ കരിയറിലെ പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണെന്ന് രജീഷ പറയുന്നു. ചിത്രത്തിന്റെ വിശേഷങ്ങളുമായി രജീഷ വിജയൻ മനോരമ ഓൺലൈനിൽ: 

 

ഖോ ഖോ വന്ന വഴി

 

2018 ഗോവ ഫിലിം ബസാറിൽ സെലക്ഷൻ കിട്ടിയ ഒരു മൂവി സ്ക്രിപ്റ്റ് ആണ് ഖോ ഖോയിന്റെത്. ലോക്ഡൗണിന്റെ സമയത്ത് ഇങ്ങനെ ഇരിക്കുമ്പോൾ എന്നെ ആദ്യം സമീപിച്ചത് റഹ്മാൻ ആണ്. ലവ് എന്ന സിനിമയ്ക്കു വേണ്ടി.  എന്നെ വിളിച്ച്, എന്താ പരിപാടി ഒരു സിനിമ .ചെയ്താലോ എന്ന് ചോദിച്ച്... അങ്ങനെയാണ് അത് തുടങ്ങിയത്. അതിന്റെയിടയിൽ രാഹുൽ വിളിച്ചിട്ട് വേറൊരു സ്ക്രിപ്റ്റിനെ പറ്റി പറയുന്നതിനിടയിൽ അറിയാതെ വായിൽ നിന്നു വീണതാണ് ഖോ ഖോ എന്ന സിനിമയെക്കുറിച്ചുള്ള കാര്യങ്ങൾ. ഒരു തുരുത്തിലെ സ്കൂളിലേക്ക് ആദ്യമായി അപ്പോയിന്റ്മെന്റ് കിട്ടി പോകുന്ന അധ്യാപികയും അവിടത്തെ കുട്ടികളും തമ്മിലുള്ള ബന്ധമാണ് സിനിമ പറയുന്നത്. ഒരു ഖോ ഖോ കോച്ചും അവരുടെ വിദ്യാർത്ഥികളും! എനിക്ക് ഈ ആശയം രസകരമായി തോന്നി. അങ്ങനെയാണ് ഞാൻ സ്ക്രിപ്റ്റ് വായിക്കുന്നതും ഇതു ചെയ്യാമെന്നു സമ്മതിക്കുന്നതും. 

 

ഈ ചോദ്യം സ്പോർട്സ് സിനിമയോടു മാത്രം

 

ഞാൻ പൊതുവെ കണ്ടൊരു കാര്യമാണ്... അതായത് ഒരു ത്രില്ലർ സിനിമ ചെയ്ത ആളോട് ആരും ചോദിക്കില്ല, 'ത്രില്ലർ പിന്നെയും ചെയ്യുന്നല്ലോ' അല്ലെങ്കിൽ കോമഡി സിനിമ ചെയ്ത ഓരാളോട് 'പിന്നെയും കോമഡി ചെയ്യുവാണോ', 'ഡ്രാമ വീണ്ടും ചെയ്യുവാണോ' എന്ന് ആരും ചോദിക്കില്ല. സ്പോർട്സിനോട് മാത്രമാണ് ഈ ഒരു ചോദ്യം വരുന്നത്. അതിനു കാരണം, അത്രയും കുറച്ചു സ്പോർട്സ് സിനിമകളെ മൊത്തത്തിൽ ഉണ്ടാകുന്നുള്ളു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമ ഉണ്ടാകുന്ന ഇൻഡസ്ട്രി നമ്മുടെ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയാണ്. അതിൽ തന്നെ നോക്കിയാൽ, ചുരുക്കം സിനിമകളാണ് സ്പോർട്സ് ജോണറിൽ വരുന്നത്. അതിൽ പകുതി മുക്കാലും ബയോപിക്സ് ആണ്. 

ബയോപിക്സ് അല്ലാത്ത സ്പോർട്സ് സിനിമകൾ വരുന്നത് വളരെ കുറച്ചാണ്. ആകെ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രം ചെയ്യുന്ന എന്റെ കരിയറിൽ, ഒരിക്കൽ ചെയ്തതു പോലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നില്ല. ഫൈനൽസ് ചെയ്ത ഞാൻ ഖോ ഖോ ചെയ്യണമെന്നുണ്ടെങ്കിൽ ഒന്നുറപ്പാണ്, ആ സിനിമയുമായി യാതൊരു സാമ്യതകളുമില്ലാത്ത വ്യത്യസ്തമായ ഒരു സിനിമയാണ് അതെന്ന്. പിന്നെ ഫൈനൽസിൽ ഞാനായിരുന്നു കായികതാരം. ഇതിൽ ഞാൻ പരിശീലകയുടെ റോളിലാണ്. ഫൈനൽസ് പോലെയും ഖോ ഖോ പോലെയും വ്യത്യസ്തമായ രണ്ടു സിനിമകൾ എന്റെ കരിയറിൽ വളരെ പെട്ടെന്ന് സംഭവിച്ചത് എന്റെ ഭാഗ്യമാണ്.

 

കഷ്ടപ്പെട്ടത് മമിത 

 

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് അഞ്ജു. രാഹുലിന്റെ തന്നെ ഡാകിനി എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ള മമിത ബൈജുവാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമിതയെക്കുറിച്ച് രാഹുൽ പറഞ്ഞപ്പോൾ ആദ്യം ഞാൻ ചോദിച്ചത്, എത്രയാണ് ഉയരം എന്നായിരുന്നു! ഫോട്ടോഷൂട്ടിനു വന്നപ്പോഴാണ് ഞാൻ മമിതയെ ആദ്യമായി കാണുന്നത്. വളരെ കഴിവുള്ള കുട്ടിയാണ് മമിത. തികഞ്ഞ പ്രൊഫഷണൽ! ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ പ്രേക്ഷകർ മമിതയുടെ പ്രതിഭ കണ്ടിട്ടുണ്ട്. മമിതയുടെ ആക്ടിങ് സ്റ്റൈൽ എന്നു പറയുന്നത് ആക്‌ഷന് തൊട്ടു മുൻപ് വരെ കളിച്ചും ചിരിച്ചും തമാശ പറഞ്ഞിരിക്കും. 

 

ആക്‌ഷൻ‍‍ പറഞ്ഞു കഴിഞ്ഞാൽ ഉടൻ കഥാപാത്രമാകും. സ്വിച്ചിട്ട പോലെയാണ് ആ മാറ്റം. ഈ കഥാപാത്രത്തിനു വേണ്ടി മമിത കുറെ കഷ്ടപ്പെട്ടു. കാരണം, കൂടെ അഭിനയിക്കുന്ന ബാക്കി 14 പേരും പ്രൊഫഷണൽ ഖോ ഖോ കളിക്കാരാണ്. അവരെ ക്യാമറയിൽ പോലും പിടിക്കാൻ ബുദ്ധിമുട്ടാണ്. അത്രയും വേഗത്തിലാണ് അവരുടെ ഓട്ടം. മമിതയ്ക്ക് ഷൂട്ടിനിടയിൽ കുറെ പരുക്കുകൾ പറ്റി. സിനിമയിൽ കാണുമ്പോൾ തോന്നും, അതൊക്കെ റോണക്സ് ഭായിയുടെ മേക്കപ്പ് ആണെന്ന്. പക്ഷേ, സത്യത്തിൽ അതെല്ലാം ഒറിജിനൽ മുറിവുകളാണ്. ഈ സിനിമയ്ക്കു വേണ്ടി അത്രയേറെ മമിത ബുദ്ധിമുട്ടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com