ആ ഫ്രെയിമുകളുടെ സ്രഷ്ടാവ് ദുരിത കാലത്തിനൊപ്പം കടന്നു പോകുമ്പോൾ...

anand-thenmavin
SHARE

നാടോടിക്കഥകൾ വായിക്കുമ്പോൾ അനുഭവപ്പെടുന്നത് പോലെയൊരു ഫാന്റസി തോന്നലിലാണ് ശ്രീഹള്ളി എന്ന ഗ്രാമവും അതിലൂടെ പ്രത്യേക രീതിയിൽ പാവാടയും ദാവണിയും ചുറ്റി കാർത്തുമ്പി എന്ന പെൺകുട്ടിയും നടന്നത്. അവളെ പ്രണയിച്ചുകൊണ്ട് ശ്രീകൃഷ്ണൻ എന്ന മധ്യവയസ്കനും മാണിക്യൻ എന്ന അവളുടെ കാമുകനും ഒന്നിച്ചൊരെ ആത്മാവ് പോലെ നടന്നിട്ടു ഒടുവിൽ വഴി പിരിഞ്ഞു പോയത്. പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ-നെടുമുടിവേണു-ശോഭന എന്നീ അതുല്യ പ്രതിഭകൾ അഭിനയിച്ച തേന്മാവിൻ കൊമ്പത്ത് എത്ര തവണ കണ്ടു കാണും! ഇന്ന് വീണ്ടും കണ്ടു, അതിനു കാരണം ഒരാളാണ്, കെ വി ആനന്ദ് എന്ന ഛായാഗ്രാഹകൻ. പ്രായമെത്താതെ കാഴ്ചകളുടെ ലോകത്ത് നിന്ന് വിടവാങ്ങിയ മനുഷ്യൻ. മലയാളത്തിൽ തന്നെ മിന്നാരം എന്ന സിനിമയും അദ്ദേഹത്തിന്റേത് തന്നെ, തമിഴിലേയ്ക്ക് പോയാൽ കാതൽദേശം, മുതൽവൻ, ഹിന്ദിയിൽ ജോഷ്, അങ്ങനെ പതിനാലോളം ചിത്രങ്ങൾക്ക് വേണ്ടി ഓരോ ഫ്രയിമും കണ്ടെത്തി. അഞ്ചു സിനിമകളുടെ സംവിധായകനായി. പക്ഷെ തേന്മാവിൻ കൊമ്പത്താണ് ആനന്ദ് എന്ന ഛായാഗ്രാഹകനെ കാലത്തിൽ അടയാളപ്പെടുത്തിയത്, ദേശീയ പുരസ്കാരത്തിന്റെ പേരിൽ.

കർണാടകയ്ക്കും കേരളത്തിനും അതിർത്തി പങ്കിടുന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നാട്ടുപ്രമാണിയായ ഗാന്ധാരിയുടെ ശത്രുവായ ശ്രീകൃഷ്ണനും അയാളുടെ സഹോദരിയും. അയാളുടെ കാളവണ്ടിയുടെ അമരക്കാരനും കാര്യസ്ഥനും കൂടെ നടക്കുന്നവനും അയാൾക്ക് വേണ്ടി തല്ലുണ്ടാക്കുന്നവനും ഒക്കെയായ മാണിക്യൻ. അവരുടെ ഒരു കാളവണ്ടി യാത്രയിലാണ് നൃത്തക്കാരിയായ കാർത്തുമ്പിയും അവളുടെ അമ്മാവനും അതിൽ വന്നു കയറുന്നത്. മഞ്ഞ പാവാടയിൽ ഓറഞ്ചു പുള്ളികളും നീളമുള്ള ജാക്കറ്റും ചുങ്കിടി ദാവണിയും നീളമുള്ള മെടഞ്ഞിട്ട മുടിയും  വലത്തേ ചുണ്ടിന്റെ മുകളിലെ കാക്കാപ്പുള്ളിയും എല്ലാം ചേർന്ന് മനോഹാരിയാക്കപ്പെട്ട ഒരുവൾ. ഒരു ത്രികോണ പ്രണയ കഥയാണ് തേന്മാവിൻ കൊമ്പത്ത്. പ്രിയദർശന്റെ സംവിധാന മികവോ പ്രതിഭകളുടെ അഭിനയ നിമിഷങ്ങളോ ഒക്കെയും പോലെ ഓർമ്മിക്കപ്പെട്ടതാണ് സിനിമയിലെ പല സീനുകളും.

ഫോട്ടോഗ്രാഫിയിൽ നിന്നും മൂവീ ക്യാമറയുടെ അനന്ത സാധ്യതകളിലേക്ക് വരുമ്പോൾ കെ വി ആനന്ദിന്റെ  പ്രായം 28 വയസ്സാണ്. പക്ഷെ അനുഭവങ്ങളുടെ ആവർത്തനമല്ല മികച്ച നിരീക്ഷണത്തിന്റെയും കാഴ്ചകളുടെയും കണ്ടെത്തലാണ് ഒരു ഛായാഗ്രാഹകന്റെ പ്ലസ് പോയ്ന്റ്റ്. വൈദ്യുതിയില്ലാത്ത വീടുകളിൽ തൂങ്ങിക്കിടക്കുന്ന റാന്തൽ വെളിച്ചത്തിനു അത്രയും ഭംഗിയുണ്ടാക്കിയത് തീർച്ചയായും അത് ആനന്ദിന്റെ കണ്ണിന്റെ അപ്പുറമായതു കൊണ്ട് കൂടിയാണ്. അതുപോലെ സിനിമയിലെ പാട്ടുകളുടെ ഭംഗി, പ്രത്യേകിച്ച്, "കറുത്ത പെണ്ണെ " എന്ന് തുടങ്ങുന്ന പാട്ടിൽ ആ സിനിമയിലെ എല്ലാ മനോഹരമായ വിഷ്വലുകളുടെയും ഏറ്റവും ഉദാത്തമായ ഘടന കാണാം. പാടത്തിനക്കരയുടെ വീട്ടിലേയ്ക്ക് കാർത്തുമ്പി പരിഭവിച്ചു നടന്നു പോകുമ്പോൾ അവൾക്കൊപ്പം നമ്മളും കാണുന്നുണ്ട് പച്ചപ്പാടം, പക്ഷെ അവിടെ നമ്മളും അവളും തേടുന്നത് ആ വീടല്ല, എവിടെ നിന്നെങ്കിലും ഓടിയെത്തുന്ന മാണിക്യനെത്തന്നെയാണ്. പെട്ടെന്നൊരു കരിങ്കൽ മറയ്ക്കപ്പുറം നിന്ന് മാണിക്യൻ കിതച്ചു കൊണ്ടെത്തുമ്പോൾ അത് വൈകാരികമായി ഹൃദയം തൊടുന്നൊരു കാഴ്ചയായിരുന്നു. മറ്റൊരു പ്രണയ കാഴ്ചയ്ക്കും നല്കാനാകാത്തൊരു ഭംഗി ആ പച്ചപ്പാടത്തെ തൊട്ടു നിൽക്കുന്ന പ്രണയികൾക്കുണ്ടായി. തുടർന്നുള്ള പാട്ടിൽ അവർ സഞ്ചരിക്കുന്ന വഴികളിലെ കാടിന്റെ ഫ്രയിമുകൾ, എന്ത് രസമായിരുന്നു അത്!

വളരെ റിയലിസ്റ്റിക്കായി വായിക്കപ്പെടുന്ന, നിരന്തരം കേൾക്കുന്ന ഒരു കഥയാണ് തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രം. പക്ഷെ തീർത്തും റിയാലിസ്റിക്ക് അല്ലാത്ത ഒരു ഗ്രാമത്തിൽ നാടോടികളെപ്പോലെ നടക്കുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയിൽ നടക്കുന്ന ഒരു ഫാന്റസി കഥ പോലെ അത് മാറിയിട്ടുണ്ടെങ്കിൽ അതിന്റെ കൂടുതൽ ക്രെഡിറ്റും കെ വി ആനന്ദ് എന്ന ഛായാഗ്രാഹകന് അവകാശപ്പെട്ടതാണ്. ആ വിഷ്വൽ വ്യത്യസ്തത തന്നെയാണ് സമാന കഥകളിൽ നിന്നും തേന്മാവിൻ കൊമ്പത്തിനെ ഏതു കാലത്തും പ്രിയപ്പെട്ടതാക്കി മാറ്റി നിർത്തുന്ന ഒരു ഘടകവും, അതുകൊണ്ട് തന്നെ പ്രിയദർശന്റെ പേരിനൊപ്പവും ഛായാഗ്രഹണം എന്ന സാങ്കേതിക വാക്കിനൊപ്പവും കെ വി ആനന്ദ് എന്ന പേര് വളരെയധികം ചേർന്നിരിക്കുന്നുണ്ട്. മലയാളത്തിൽ അധികമൊന്നും നിന്നില്ല അദ്ദേഹം. സ്വതന്ത്ര ഛായാഗ്രാഹകനായി തുടങ്ങിയത് തേന്മാവിൻ കൊമ്പത്തിൽ നിന്നായിരുന്നെങ്കിൽ പിന്നെ കാതൽ ദേശത്തിൽ തുടങ്ങി എണ്ണമറ്റ തമിഴ് സിനിമകൾ. ഛായാഗ്രാഹകൻ എന്ന വാക്കിൽ നിന്നും സംവിധായകൻ എന്ന പേരിലേക്കുള്ള കൂടു മാറ്റം.

ദുരന്തങ്ങൾ പെരുമഴ പോലെ പെയ്തുകൊണ്ടേയിരിക്കുകയാണ്. എത്ര പ്രിയപ്പെട്ടവരാണ് പാതി വഴിയിൽ വീണു പോയത്. അതിലൊന്നായി കെ വി ആനന്ദ് എന്ന അതുല്യ സിനിമാട്ടോഗ്രാഫറും. തേന്മാവിൻ കൊമ്പത്തും മിന്നാരവും മാത്രം മതി മലയാളിക്ക് അദ്ദേഹത്തെ ഒരിക്കലും മറക്കാതെയിരിക്കാൻ. ഈ രണ്ടു ചിത്രങ്ങളും ഒന്നിലധികം തവണ കണ്ടിട്ടുള്ളവരാണ് നമ്മൾ. പലപ്പോഴും സംവിധായകന്റെ പേരും മോഹൻലാൽ എന്നതുപോലെയുള്ള സൂപ്പർ താര പേരുകളും മാത്രമാണ് സാധാരണ സിനിമ ആസ്വാദകൻ ശ്രദ്ധിക്കുന്നതെങ്കിൽ സ്വാഭാവികമായും ഇത്ര മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കിയ ആളുടെ പേരും ഓർത്തു വയ്ക്കാൻ കാരണം തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയ്ക്ക് ആനന്ദ് നേടിയ ദേശീയ പുരസ്‌കാരം കൂടിയാണ്. അതുകൊണ്ട് മലയാളികൾക്ക് അദ്ദേഹത്തിലുള്ള അവകാശം അത്രയ്ക്കും ഉറപ്പേറിയതുമാണ്.

"മാനം തെളിഞ്ഞേ നിന്നാൽ

മനസ്സും നിറഞ്ഞേ വന്നാൽ

വേണം, കല്യാണം"

ഒരു നാടൻ-നാടോടി പാട്ടിന്റെ ഭംഗിയിൽ ആടയാഭരണങ്ങളണിഞ്ഞു നൃത്തം വയ്ക്കുന്ന മാണിക്യനും കാർത്തുമ്പിയുടെയും പ്രണയത്തിന്റെ ചിരികൾക്കിടയിൽ ഒരു വേദന കുടുങ്ങി. നിറങ്ങളുടെയും വെളിച്ചത്തിന്റെയും തീവ്ര ഭംഗിയുള്ള ആ ഫ്രയിമുകളിൽ കയ്യൊപ്പ് വച്ച ആൾ ദുരിത കാലത്തിനൊപ്പം കടന്നു പോയല്ലോ എന്നോർക്കുമ്പോൾ അകം നിറഞ്ഞൊരു ശൂന്യതയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA