‘കീഴാറ്റൂരിനെ അടിച്ച് മേലാറ്റൂരാക്കി’; സന്തോഷ് കീഴാറ്റൂരിനു മറുപടിയുമായി ശ്രീജിത്ത് പണിക്കർ

santhosh-sreejith
SHARE

എം.ബി.രാജേഷിന്റെ വിജയവുമായി ബന്ധപ്പെട്ട സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. എം.ബി. രാജേഷിനെതിരെ പ്രചാരണത്തിനു പോലും ഇറങ്ങാത്ത ആളാണ് താനെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞത് രാഷ്ട്രീയ വിമർശനങ്ങളായിരുന്നുവെന്നും ശ്രീജിത്ത് പണിക്കർ പറയുന്നു.  ഒരു അഭിനേതാവിന്റെ സ്വകാര്യ വിശ്വാസത്തെയാണ് സന്തോഷ് പരസ്യമായി വെല്ലുവിളിച്ചതെന്നും അത് മനസ്സിലാക്കാൻ അൽപം വിവേകം വേണമെന്നും ശ്രീജിത്ത് പറഞ്ഞു.

ഉണ്ണി മുകുന്ദൻ–സന്തോഷ് കീഴാറ്റൂർ വിഷയത്തിൽ സന്തോഷിനെ പരിഹസിച്ച് ശ്രീജിത്ത്് പണിക്കർ എത്തിയിരുന്നു. ‘ഒരാൾ വന്യജീവിയെ ജല്ലിക്കെട്ട് നടത്തി, മറ്റേയാൾ കീഴാറ്റൂരിനെ അടിച്ച് മേലാറ്റൂരാക്കി’ എന്നായിരുന്നു ഉണ്ണി മുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ച് ശ്രീജിത്ത്് പണിക്കറുടെ കമന്റ്. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിലുണ്ടായ കെടുതികളുടെ ഉത്തരവാദികളെ ചൊല്ലി എം.ബി.രാജേഷും ശ്രീജിത്ത് പണിക്കറും തമ്മിൽ ‘സോഷ്യൽമീഡിയ യുദ്ധം’ തന്നെ നടന്നിരുന്നു. ഈ രണ്ട് വിഷയങ്ങളും കൂട്ടിച്ചേർത്തായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ കുറിപ്പ്

‘ശ്രീജിത്ത് പണിക്കറെ, താങ്കൾ ജല്ലിക്കെട്ട് നടത്തിയ സഖാവ് എം.ബി. രാജേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു

താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു. ഇനിയും താങ്കളും താങ്കളുടെ സുഹൃത്തും കൂടി ഒത്തൊരുമയോട് കൂടി ക്രൈം ചെയ്യുക. നിങ്ങളുടെ partnership buisinesss വൻ വിജയമാവട്ടെ..... 

സ്നേഹപൂർവം ഭക്തിപൂർവം നിങ്ങളുടെ കൂട്ടുകാർ മേലാറ്റൂരാക്കിയ ചുവന്ന കേരളത്തിലെ സന്തോഷ്കീഴാറ്റൂർ’

ശ്രീജിത്ത് പണിക്കറുടെ മറുപടി ചുവടെ: 

പ്രിയപ്പെട്ട സന്തോഷ് കീഴാറ്റൂർ, എനിക്കെതിരെയുള്ള താങ്കളുടെ പോസ്റ്റ് വായിച്ചു. എം.ബി. രാജേഷിനെതിരെ ഞാൻ ഇട്ട പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് മെറിറ്റുള്ള വിഷയങ്ങൾ ആണ്. അതിന് ഇന്നേവരെ രാജേഷ് മറുപടി പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന ഒരാൾ പ്രതികരിക്കേണ്ട രീതിയിൽ അല്ല രാജേഷ് അവയോട് പ്രതികരിച്ചതും. 

രാജേഷിന്റെ തിരഞ്ഞെടുപ്പ് ജയവുമായി ആ സംവാദത്തിന് എന്തു ബന്ധം? എന്റെ അടുത്ത സുഹൃത്ത് തൃത്താലയിൽ രാജേഷിനെതിരെ മത്സരിച്ചിട്ടും ഞാൻ അവിടെ പ്രചാരണത്തിന് പോയില്ല. താങ്കൾ എനിക്കെതിരെ ഇട്ട പോസ്റ്റ് കണ്ടാൽ തോന്നും ഞാൻ രാജേഷിനെ തോൽപിക്കാൻ ശ്രമിച്ച ആളാണെന്ന്. ഒരു രാഷ്ട്രീയ നിരീക്ഷകന്റെ ജോലി രാഷ്ട്രീയ വിമർശനമാണ്. അത് പാടില്ലെന്നാണോ ഇടതൻ എന്ന് അവകാശപ്പെടുന്ന താങ്കൾ പറയുന്നത്? അഭിപ്രായ സ്വാതന്ത്ര്യം എന്തേ കമ്യൂണിസ്റ്റുകാരെ വിമർശിക്കുന്നവർക്ക് ഇല്ലേ? രാജേഷ് പാസ് ചെയ്ത ചോദ്യങ്ങൾ അവിടെത്തന്നെയുണ്ട്. താങ്കൾക്ക് വേണമെങ്കിൽ മറുപടി പറയാം. 

ഇനി ഉണ്ണി മുകുന്ദന്റെ കാര്യം. ഉണ്ണി എന്റെ സുഹൃത്താണ്. വിശ്വാസിയാണ്. അദ്ദേഹത്തിന്റെ വിശ്വാസത്തെ താങ്കൾ അപഹസിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. അത് താങ്കൾക്ക് തിരിച്ചടി ആയതുകൊണ്ടാണല്ലോ താങ്കൾ കമന്റ്‌ മുക്കിയത്. താങ്കൾ കറുത്ത കുറിതൊട്ട് മൂകാംബിക ദർശനം നടത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. 'അതെന്താ മൂകാംബിക അമ്മയോട് പ്രാർത്ഥിച്ചാൽ കൊറോണ പോകുമോ?' എന്ന് എനിക്കും ചോദിക്കാം. പക്ഷേ ഞാൻ ചോദിക്കില്ല. ആ തിരിച്ചറിവിന്റെ പേരാണ് വിവേകം. 

ചുരുക്കി പറഞ്ഞാൽ ഒരു പൊതുപ്രവർത്തകനായ രാജേഷിനോട് ഞാൻ പരസ്യമായി ചോദിച്ചത് ഒരു പൊതുവിഷയത്തെ കുറിച്ചാണ്. താങ്കളോ? ഒരു അഭിനേതാവിന്റെ സ്വകാര്യ വിശ്വാസത്തെയാണ് പരസ്യമായി വെല്ലുവിളിച്ചത്. അത് മനസ്സിലാക്കാൻ ഉണ്ടാകേണ്ടതും വിവേകമാണ്.

PS: പോസ്റ്റ് മുക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA