അസുരനിലെ വില്ലൻ; നടൻ നിതിഷ് വീര കോവിഡ് മൂലം അന്തരിച്ചു

Nitish-veera
വെട്രിമാരനൊപ്പം അസുരൻ സെറ്റിൽ നിതിഷ്
SHARE

പ്രശസ്ത തമിഴ് നടൻ നിതിഷ് വീര (45) അന്തരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രജനികാന്ത് ചിത്രം കാല, ധനുഷിന്റെ അസുരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിതിഷ്. 

സെൽവരാഘവൻ ചിത്രം പുതുപേട്ടയിലൂടെയാണ് നിതിഷ് തമിഴകത്ത് തന്റെ വരവറിയിച്ചത്. മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിതിഷ് അവതരിപ്പിച്ചത്. പിന്നീട് വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് തന്റെ സാന്നിധ്യം അറിയിച്ചു.

വെട്രിമാരൻ ചിത്രം അസുരനിലെ പാണ്ഡിയൻ എന്ന വില്ലൻ വേഷവും ഏറെ ശ്രദ്ധനേടിയിരുന്നു. വിജയ് സേതുപതി നായകനാക ലാഭം ആണ് നിതിഷ് അവസാനമായി അഭിനയിച്ച ചിത്രം.

കോവി‍‍ഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടർന്നുപിടിക്കുന്ന ഇന്ത്യയിൽ മരിക്കുന്നവരിൽ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. രാഷ്ട്രീയക്കാരും സമ്പന്നരും ബോളിവുഡ് താരങ്ങളുമടക്കം പലർക്കും വ്യാപകമായി രോഗം ബാധിക്കുകയാണ്. പലരുടെയും ജീവൻ കോവിഡിനോടു പോരാടി നഷ്ടമായി.

∙ പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ടു (74) മെയ് ആറിന് കോവിഡ് ബാധിച്ച് അന്തരിച്ചു. ഭാര്യ: കുമുദ. മക്കൾ: പ്രഭു, പഞ്ചു, പിന്റു.

∙ ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഊവ്വൊരു പൂക്കളുമേ' എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമാങ്കന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു(െമയ് ആറ്). ജന്മനാ അന്ധനായ ഇദ്ദേഹം കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയിരുന്നു.

∙ ഛിഛോരെ താരം ഹിന്ദി – മറാത്തി അഭിനേത്രി അഭിലാഷ പാട്ടീൽ കോവിഡ് അനുബന്ധ പ്രശ്നങ്ങളെത്തുടർന്ന് മരണത്തിനു കീഴടങ്ങി. (മെയ് 5)

∙ പ്രശസ്‌ത കന്നഡ സംവിധായകൻ രേണുക ശർമ (81) അന്തരിച്ചു. കോവിഡ്, ന്യൂമോണിയ രോഗങ്ങൾ കലശലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. (മെയ് 5)

∙ ബോളിവുഡ് എഡിറ്റർ അജയ് ശർമയും കോവിഡ് അനുബന്ധ പ്രശ്നങ്ങളെത്തുടർന്ന് അന്തരിച്ചു. രണ്ടാഴ്‌ചയായി അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു. ഭാര്യയും നാല് വയസ്സുള്ള മകനുമുണ്ട്. (മെയ് അഞ്ച്)

∙ ടിവി താരം ബിക്രംംജീത് കൻവാർപാൽ (52) മേയ് 1ന് കോവിഡ് അനുബന്ധ പ്രശ്നങ്ങൾമൂലം മരിച്ചു.

∙ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. (ഏപ്രിൽ 30)

∙ ദൂരദർശൻ അവതാരക കാനുപ്രിയ കോവിഡ് മൂലം അന്തരിച്ചു.

∙ 90കളിലെ പ്രശസ്ത ഗാനരചയിതാവ് ശ്രാവൺ റാത്തോഡ് ഏപ്രിൽ 20ന് കോവിഡ് അനുബന്ധ പ്രശ്നങ്ങൾ മൂലം അന്തരിച്ചു. ഇദ്ദേഹം കുംഭമേളയിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

∙ മഹാഭാരതം സീരിയലിൽ ഇന്ദ്രനായി വേഷമിട്ട സതീഷ് കൗള്‍ കോവിഡ് അനുബന്ധ പ്രശ്നങ്ങൾ മൂലം ഏപ്രിൽ 10ന് അന്തരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA