ADVERTISEMENT

കെ.കെ ശൈലജയെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തിനെ സംബന്ധിച്ചു വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെ പാർട്ടി നടപടിയെ ന്യായീകരിച്ച് സംവിധായകൻ എം.എ നിഷാദ്. കെ.കെ ശൈലജയെ ആക്ഷേപിച്ചവരാണ് ഇന്ന് അവർക്കു വേണ്ടി മുതലക്കണ്ണീർ പൊഴിക്കുന്നതെന്ന് പറഞ്ഞ നിഷാദ് വർഷങ്ങൾക്കു മുമ്പും ഒരു മികച്ച മന്ത്രിയെ മാറ്റിയിട്ടുണ്ടെന്നും ഒാർമപ്പെടുത്തുന്നു. 

രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ !!!

സ: പിണറായി വിജയൻ നേതൃത്വം നൽകുന്ന പുതിയ സർക്കാറിലെ,മന്ത്രിമാരെ പ്രഖ്യാപിച്ചു. ആദ്യമായി,മുഖ്യമന്ത്രിക്കും, മന്ത്രിമാർക്കും അഭിനന്ദനങ്ങൾ. ചരിത്ര വിജയം നേടി, ഒരു സർക്കാർ തുടർ ഭരണത്തിലെത്തുന്നതും ഒരു ചരിത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ, പുതിയ സർക്കാറിൽ സത്യപ്രതിജ്ഞ ചെയ്ത്, അധികാരത്തിലെത്തുന്ന നിയുക്ത മന്ത്രിമാരെല്ലാം, പുതുമുഖങ്ങളാണെന്നുളള ചരിത്രപരമായ തീരുമാനം, വരും കാലങ്ങളിൽ തങ്കലിപികളാൽ എഴുതപ്പെടും. ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഇടതു പക്ഷത്തിന് മാത്രമേ കഴിയൂ. അത് കൊണ്ട് തന്നെയാണ്, ഇടതു പക്ഷം വ്യത്യസ്തമാകുന്നതും.

 

ഇടത് പക്ഷം എടുക്കുന്ന തീരുമാനങ്ങൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകുന്ന കാഴ്ച്ച വർത്തമാനകാലത്തെ പ്രത്യേകതയാണ് ...ആരും വിമർശനത്തിന് അതീതരല്ല. പക്ഷെ constructive criticism എന്നൊരു രീതിയുണ്ട്. ക്രിയാത്മക വിമർശനം, അതാണ് ആ രീതി. പക്ഷെ പലപ്പോഴും,അത്തരമൊരു വിമർശനത്തിനപ്പുറം, അസിഹ്ഷണതയോടെ വ്യക്തിപരമായ ആക്ഷേപങ്ങളിലാണ് പലരും ശ്രദ്ധ ചെലുത്തുന്നത്. ആ കൂട്ടരിൽ ചില ഇടതുപക്ഷ അനുഭാവികളും ഉൾപ്പെടുന്നു എന്നുളളത് ആശ്വാസകരമല്ല. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം 99 സീറ്റ് നേടി ഉജ്വല വിജയം കൈവരിച്ചു. ജയിച്ച മുഴുവൻ ആളുകളേയും മന്ത്രിമാരാക്കാൻ കഴിയില്ലല്ലോ. എന്നാൽ ഇവർക്കെല്ലാം അതിനുളള യോഗ്യത ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ശൈലജ ടീച്ചറുടെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾസോഷ്യൽ മീഡിയയിൽ കൊണ്ട് പിടിച്ച് നടക്കുന്നത് കാണുമ്പോൾ, ചിലതൊക്കെ എഴുതണമെന്ന് തോന്നി. ഒന്നാം പിണറായി സർക്കാറിൽ പാർട്ടി

ഷൈലജ ടീച്ചർക്ക് ഒരു ചുമതല നൽകി. കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ ചുമതല. പാർട്ടി MLA ആക്കി, അതിന് ശേഷം മന്ത്രി പദത്തിലേക്കേറിയ ടീച്ചർ ഏറ്റവും പ്രശംസനീയവും ആത്മാർത്ഥയോടേയും ആ ചുമതല നിർവ്വഹിച്ചു. കേരളം നിപ്പയേയും കോവിഡിനേയും പ്രതിരോധിക്കുന്നതിൽ  അന്താരാഷ്ട്രാ തലത്തിൽ തന്നെ വലിയ തോതിൽ അംഗീകാരവും നേടി.‌ ടീച്ചറിന്റെ തന്നെ വാക്കുകൾ കടം എടുത്താൽ, ‘അതൊരു ടീം വർക്കിന്റെ വിജയമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ  നേതൃത്വത്തിലുളള ടീം വർക്കിന്റെ വിജയം’. പാർട്ടി അന്ന് ടീച്ചർക്ക് ആരോഗ്യ വകുപ്പിന്റെ ചുമതല നൽകുമ്പോൾ ടീച്ചറും പുതുമുഖമായിരുന്നു. ശൈലജ ടീച്ചറെ, അന്ന് കോവിഡ് റാണിയെന്നും, നിപ്പ രാജകുമാരിയെന്നും വിളിച്ച് അടച്ചാക്ഷേപിച്ചവരുടെ അനുയായികളാണ് ഇന്ന് ടീച്ചർക്ക് വേണ്ടി മുതല കണ്ണീർ പൊഴിക്കുന്നതിൽ ഏറിയ പങ്കും എന്നതാണ് വിരോധാഭാസം. ശരിയാണ് ടീച്ചറോട് മാനസ്സിക അടുപ്പമുളള പാർട്ടി സഖാക്കൾക്കും, സ്ത്രീകളടക്കമുളള പൊതു സമൂഹത്തിലെ ഒരു വിഭാഗത്തിനും ഈ തീരുമാനം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. പക്ഷെ,പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. ഒരാൾക്ക് മാത്രം ഇളവ് നൽകുന്നത് ശരിയുമല്ല. അത് കൊണ്ട് ടീച്ചർ മാറി നിൽക്കുന്നു. അച്ചടക്കമുളള പാർട്ടി പ്രവർത്തക എന്ന നിലയിൽ,ടീച്ചർ ആ തീരുമാനം അംഗീകരിച്ചു. അതാണ് ശരിയായ നിലപാട്.

 

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നായകൻ എന്ന വ്യക്തമായ സന്ദേശം ജനങ്ങൾക്ക് നൽകി കൊണ്ട് തന്നെയാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് കൊണ്ട്,പിണറായും കൂടി മാറി നിൽക്കട്ടെ, എന്ന നിഷ്പക്ഷ വേഷം അണിഞ്ഞ ചില അഭിനവ ബുദ്ധിജീവികൾ രംഗത്തെത്തിയിട്ടുണ്ട്. തൽക്കാലം നിങ്ങൾ കരഞ്ഞ് തീർക്കുക എന്നല്ലാതെ മറ്റൊന്നും പറയാനില്ല. സി പി എം പോലെ തന്നെ മാതൃകാപരമായ തീരുമാനം തന്നെയാണ് സി പി ഐയ്യും മന്ത്രിമാരുടെ കാര്യത്തിൽ എടുത്തത്. എല്ലാവരും പുതുമുഖങ്ങൾ..അതിൽ ഏറ്റവും അഭിനന്ദനീയമായ തീരുമാനം,ഒരു വനിതയ്ക്ക് അവസരം നൽകി എന്നുളളതാണ്. സ: ജെ ചിഞ്ചുറാണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അത് സിപിഐ എന്ന പാർട്ടി,പുതിയ ചരിത്രം കുറിക്കുകയാണ്.സ: ചിറ്റയം ഗോപകുമാറിനെ മന്ത്രി ആക്കാത്തതിൽ,ഒരുപാട് സഖാക്കൾക്ക് പരിഭവമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയായി പന്തളത്ത് നിന്ന് ജയിച്ചു വന്ന ചിറ്റയം ആ പദവിയിലേക്ക് എന്ത് കൊണ്ടും യോഗ്യനായിരുന്നു. പാർട്ടി അദ്ദേഹത്തെ ഡെപ്യൂട്ടി സ്പീക്കറാക്കാനാണ് തീരുമാനിച്ചത്. ചിറ്റയത്തിനും അഭിനന്ദനങ്ങൾ.

 

പുതിയ മന്ത്രിസഭയിലെ, ന്ത്രിമാരെല്ലാവരും കഴിവുളളവരാണ്. ജനഹിതമനുസരിച്ച് അവർക്ക് ഭരിക്കാൻ കഴിയുമെന്ന ഉത്തമവിശ്വാസവും എനിക്കുണ്ട്. ഒന്നാം മന്ത്രിസഭയിലെ കഴിവ് തെളിയിച്ച സ : തോമസ് ഐസക്കും, സ: ജി സുധാകരനും ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല എന്ന കാര്യവും നാം ഓർക്കണം..

ഇനി ഒരോർമ്മപ്പെടുത്തൽ...

വർഷങ്ങൾക്ക് മുമ്പ് ഒരു വകുപ്പ് ഏറ്റവും മികച്ച രീതിയിൽ ഭരിച്ച മന്ത്രിയേ, മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പാർട്ടി ചുമതല ഏൽപ്പിച്ചിരുന്നൂ...ആ സഖാവിന്റെ പേര് പിണറായി വിജയൻ എന്നാണ്...

ലാൽ സലാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com