ADVERTISEMENT

ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ഇത്തരത്തിൽ ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും മേജർ രവിപറയുന്നു.  ചിരിക്കാൻ പോലും കഴിയാത്ത ഈ സമയത്ത് ഇത്തരം ട്രോളുകൾ കാണുമ്പോൾ ചിരിക്കാൻ കഴിയുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഒരാൾ ഇൻബോക്സിൽ ചോദിച്ചപ്പോൾ ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്.  ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു.  ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, എന്ന് മറുപടിയായി പറഞ്ഞു. അത് എന്റെ പേരിൽ ആരോ ഉണ്ടാക്കിയ വ്യാജസ്ക്രീൻ ഷോട്ട് ആയിരുന്നു.’  

 

‘ഞാൻ അങ്ങനെ ആരെയും മോശം പറയുന്ന ആളല്ല.  കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോള്. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്.  എന്റെ ക്വാട്ട പോലും  ഞാൻ വാങ്ങാറില്ല.  അതുകൊണ്ടു തന്നെ ഈ ട്രോള് കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.  ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം  കിട്ടുന്നത് നല്ലതല്ലേ.  ആരോ ഒരു ട്രോള്‍ ഉണ്ടാക്കി അതിന്റെ ഉത്തരവും അയാൾ തന്നെ ഉണ്ടാക്കി.  വ്യക്തിപരമായി ഇതൊന്നും എന്നെ ബാധിക്കുന്നില്ല.  ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത്, മേജർ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാൻ കുറെ ചിരിച്ചു.’

 

‘കേരളത്തിൽ ഏറ്റവുമധികം അനുസരണയോടെ ആളുകൾ നിൽക്കുന്നത്  ബെവറേജസിന്റെ മുന്നിലാണ്.  അവർ ഒരിക്കലും ലൈൻ തെറ്റിക്കാറില്ല.  മദ്യത്തിന്റെ കാര്യത്തിലുള്ള ഒത്തൊരുമ ഭയങ്കരമാണ്.  ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാൻ കാണിച്ചെങ്കിൽ കേരളം പോലെ നമ്പർ വൺ സംസ്ഥാനം വേറെ ഉണ്ടാകില്ല. ഇത്തരക്കാരോട് എനിക്ക് വിദ്വേഷം ഒന്നുമില്ല.  മദ്യത്തിന് വേണ്ടി കാണിക്കുന്ന ഈ ഒത്തൊരുമ കോവിഡിനോട് പൊരുതാൻ കൂടി കാണിക്കണം എന്നാണു എനിക്ക് ഇവരോട് പറയാനുള്ളത്.’– മേജർ രവി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com