‘നവരസ അപ്രായോഗികം; സൗജന്യ വാക്‌സിനേഷൻ ഉടൻ; സഹായ നടപടികൾ തുടരും’

suriya-5
നവരസ സിനിമയുടെ സെറ്റില്‍ സൂര്യ
SHARE

തമിഴ്‌നാട്ടിലെ നവരസയുടെ ചുവടുവെച്ച് മലയാളത്തിൽ സിനിമ പിടിക്കുന്നത് അപ്രായോഗികമാണെന്ന് ഫെഫ്‌ക നേതൃത്വം. 'നവരസ മാതൃകയിൽ സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയായി വിശദീകരണം നൽകിയ ഫെഫ്ക്കയുടെ നേതൃത്വവുമായി ബന്ധപ്പെട്ടയാളുകളാണ് ഇക്കാര്യം അറിയിച്ചത്. 

നവരസ മോഡൽ കേരളത്തിൽ അപ്രായോഗികമാണോ? 

നവരസ മോഡലിലൊരു സിനിമയെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കേരളത്തിൽ ആന്തോളജി സിനിമകൾക്ക് മാർക്കറ്റ് തീരെ കുറവാണ്. അങ്ങനെയൊരു ചിത്രമെടുക്കാൻ നിർമ്മാതാക്കൾ തയ്യാറാവാത്തതിന് പിന്നിൽ പ്രയോഗികകാരണങ്ങളുമുണ്ട്. തമിഴിൽ ഇങ്ങനെയൊരു സിനിമയെടുക്കാൻ മണിരത്നത്തെപ്പോലൊരു സംവിധായകൻ മുൻപോട്ടുവന്നു. 

എന്നാൽ മലയാളത്തിന്റെ കാര്യത്തിൽ, ട്രേഡ് യൂണിയന് ഇങ്ങനെയൊരു സിനിമ നിർമ്മിക്കാൻ സാധിക്കുകയില്ല. കൂടാതെ, നവരസ മാതൃകയിൽ സിനിമാപ്രവർത്തകർക്ക് കിട്ടാൻ പോകുന്ന സഹായധനത്തിലും കൂടുതൽ തുക ഞങ്ങൾ കേരളത്തിലെ സാധാരണ സിനിമാപ്രവർത്തകർക്കായി ഇതിനകം ചിലവഴിച്ചുകഴിഞ്ഞതാണ്.  കോവിഡുമായി ബന്ധപ്പെട്ട ഞങ്ങളുടെ സേവനപ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടുപോകുന്നുണ്ട്. അവയിൽ  യാതൊരു തടസ്സവുമില്ല. 

എന്തൊക്കെയാണ് ഫെഫ്‌ക നടത്തിയ സഹായപ്രവർത്തനങ്ങൾ? 

കോവിഡ് മഹാമാരി കേരളത്തിൽ ആഞ്ഞടിച്ച ആദ്യഘട്ടത്തിൽ നാലായിരത്തോളം വരുന്ന സിനിമാ തൊഴിലാളികൾക്ക് ഞങ്ങൾ മാസം തോറും 5000 രൂപയുടെ ധനസഹായം എത്തിച്ചുകൊടുത്തിരുന്നു.  ആവശ്യമരുന്നുകൾ വേണ്ടവർക്ക് അവ വിതരണം ചെയ്യുന്നുമുണ്ട്. സാമ്പത്തികപിന്തുണ ആവശ്യമുള്ള തൊഴിലാളികൾക്ക് എല്ലാ മാസവും ഫെഫ്‌കയുടെ ഭക്ഷ്യക്കിറ്റ് നൽകിവരുന്നു. കോവിഡ് ആദ്യഘട്ടത്തിൽ പൊതുസമൂഹത്തിൽ നിന്നുള്ളവർക്ക് 'അന്നം'  എന്ന പേരിൽ ഞങ്ങൾ ഉച്ചഭക്ഷണം എത്തിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം എത്തുന്നതുവരെ ഏകദേശം 2000 മുതൽ 3000 ആളുകൾക്ക് ഉച്ചഭക്ഷണം നൽകി. 

എന്താണ് കോവിഡ് രണ്ടാം തരംഗത്തിൽ ഫെഫ്‌കയുടെ പ്രവർത്തനം?   

സിനിമാ മേഖലയിൽ ഉള്ളവർക്ക് വേണ്ടി വാക്‌സിനേഷൻ ഡ്രൈവ് നടത്തുകയെന്നതാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. അതിനു വേണ്ട ധനസമാഹരണം നടന്നുവരികയാണ്. ഓണത്തിന് ഞങ്ങളുടെ വക ഭക്ഷ്യകിറ്റുണ്ടാവും. രണ്ടാം തരംഗം ശക്തമായതോടെ ഫെഫ്‌കയുടെ പ്രവർത്തനം കോവിഡ് രോഗരക്ഷയ്ക്ക്  ശ്രദ്ധ കൊടുത്തു. ഞങ്ങളുടെ സംഘടനയിൽ കോവിഡ് ബാധിച്ചവരുടെ കണക്കെടുത്ത് എല്ലാ രോഗബാധിതർക്കും 2500 രൂപയുടെ ധനസഹായം എത്തിച്ചു. കോവിഡ് ബാധിതർക്ക് ജീവൻ രക്ഷാമരുന്നുകൾ അടങ്ങിയ കിറ്റ് വിതരണം ചെയ്‌തു. ഭക്ഷണം ആവശ്യം വന്നവർക്ക് അതുമെത്തിച്ചു നൽകി. 

എങ്ങനെയാണ് കോവിഡ് കാലത്തെ സേവനപ്രവർത്തനം നടത്തുന്നത്? 

കോവിഡ് ബാധിച്ച അംഗങ്ങളുടെ പട്ടിക എല്ലാ യൂണിയനുകളിൽ നിന്നും ഞങ്ങൾക്ക് ലഭിക്കും. അവ ലഭിച്ചാലുടൻ അവർക്ക് പണമെത്തിക്കുന്നതാണ് ഞങ്ങളുടെ രീതി. ഇത് കൂടാതെ, ഫെഫ്‌ക അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും ഞങ്ങൾ സഹായം എത്തിക്കുന്നുണ്ട്. അവർ പാഠപുസ്തകങ്ങൾ വാങ്ങാൻ ചെലവിടുന്ന തുക (1000 രൂപ) ഞങ്ങൾ മടക്കിനൽകാറുണ്ട്.         .     

നവരസ മോഡൽ സിനിമ ചെയ്‌താൽ സേവനപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കഴിയില്ലേ?  

എങ്ങനെയാണ് നവരസ മോഡലിൽ പടമെടുത്ത് ലാഭമുണ്ടാക്കാൻ സാധിക്കുക? ഇങ്ങനെയൊരു സിനിമയിൽ സഹകരിക്കാൻ മലയാളത്തിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവർക്ക് സാധിച്ചെന്നുവരില്ല. സിനിമാഷൂട്ടിങ് പുനരാരംഭിച്ചാൽ ഇവർക്ക് നിലവിലുള്ള പ്രോജക്ടുകളുമായി മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളത്.  ആന്തോളജി സിനിമ എന്നത് മലയാളത്തിൽ മാർക്കറ്റ് ഇല്ലാത്ത സംഗതിയാണ്. മലയാളത്തിലെ എല്ലാ താരങ്ങളെയും ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണ്. സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പിനോട് നീതിപുലർത്താൻ കഴിയണം. ഒരു സംവിധായകൻ മുന്നോട്ട് വന്നാൽ തന്നെയും ടിവി/ഒടിടി ചാനൽ കരാർ ആവാൻ രണ്ട്-മൂന്ന് മാസമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും താരങ്ങൾക്ക് ഡേറ്റ് ഇല്ലാതെയാവും. 

സിനിമ നിർമിക്കാൻ ആരെക്കിലും തയ്യാറായോ?

വലിയ താരങ്ങളെ ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യാൻ താരസംഘടനയായ അമ്മ ഒരുങ്ങുകയാണ്. ഇങ്ങനെയൊരു സിനിമ വേണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അമ്മയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സിനിമ ചെയ്‌താൽ കുറഞ്ഞത് മൂന്ന്-മൂന്നരക്കോടിയുടെ ലാഭമെങ്കിലും പങ്കുവെയ്ക്കാൻ നിർമ്മാതാവ് തയ്യാറാവണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് അപ്രാപ്യമാണ്.   

ഈ വിഷയം ഫെഫ്‌ക ചർച്ച ചെയ്തോ?  

ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ ഒരാൾ എന്നെ വിളിച്ചു മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡ്യൂസർ പടമെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചു. പ്രൊഡ്യൂസറുടെ ഫോൺ വരാതിരുന്നത്കൊണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചു. 'ഞാൻ ഇതറിഞ്ഞിട്ടില്ല. സിനിമയുടെ മാർക്കറ്റിങ്, വിതരണ കാര്യങ്ങളിൽ സഹകരിക്കാൻ തയ്യാറാണ്. ഇങ്ങനെയൊരു സിനിമ പ്രയോഗികവുമല്ല,' എന്നാണ് അദ്ദേഹമെന്നോട് പറഞ്ഞത്. ഇങ്ങനെയൊരു സാധ്യത അമ്മയുടെ എക്സിക്യൂട്ടീവ് അംഗവുമായി ചർച്ച ചെയ്തപ്പോൾ ആ നിർദേശം തള്ളിക്കളയുകയാണ് ചെയ്‌തത്‌.  

ഫെഫ്‌ക സഹായപദ്ധതികൾ ഇനിയും തുടരുമോ? 

തീർച്ചയായും തുടരും.  ഫെഫ്‌കയ്ക്ക്  സിനിമയെടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ സഹായപ്രവർത്തനങ്ങൽ ഞങ്ങൾ തുടരുക തന്നെ ചെയ്യും. കോവിഡ് കാലത്ത് സിനിമാത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ നടത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA