ജീവിതത്തിന്റെ കയ്പുനീർ പകർന്ന ചിത്രങ്ങൾ; ബുദ്ധദേബ് ദാസിനെ ഓർക്കുമ്പോൾ...

Buddhadeb-Dasgupta
SHARE

എണ്‍പതുകളുടെ അവസാനത്തിലാവണം. വര്‍ഷം കൃത്യമായി ഓര്‍മയില്ല. കോഴിക്കോട് നളന്ദ ഹോട്ടലിന്റെ താഴത്തെ ഹാളില്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ ബുദ്ധദേബ് ദാസ് ഗുപ്ത എന്നൊരു ബംഗാളി സംവിധായകന്റെ രണ്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. വിലകുറഞ്ഞ മഞ്ഞച്ച കടലാസില്‍ കറുപ്പിലും വെളുപ്പിലും അച്ചടിച്ച ചെറിയൊരു ബ്രോഷര്‍ നേരത്തെകിട്ടിയിരുന്നു. അതില്‍ നിന്നാണ് സംവിധായകന്റെയും സിനിമകളുടെയും പേരു വായിച്ചത്– ദൂരത്വ, നീം അന്നപൂര്‍ണ.

ഋത്വിക് ഘട്ടക്കിന്റെ നാഗരിക് മുതലുള്ള പ്രധാന സിനിമകള്‍ അതിനു മുൻപു തന്നെ 16 എംഎം പ്രൊജക്ടറില്‍ ഇങ്ങനെ പ്രദര്‍ശിപ്പിച്ചിരുന്നു. ബിമല്‍ എന്ന ചെറുപ്പക്കാരന് തന്റെ കാറുമായുള്ള ഗാഢബന്ധം ചിത്രീകരിക്കുന്ന അജാന്ത്രിക് എന്ന ഘട്ടക്ക് സിനിമ കണ്ട് അന്തംവിട്ട കാലം. സത്യജിത് റായിയുടെ ആദ്യകാല സിനിമകളും ഇതിനകം കണ്ടുകഴിഞ്ഞതാണ്. മൃണാള്‍ സെന്നിനെപ്പറ്റി ചില പ്രസിദ്ധീകരണങ്ങളില്‍ വായിച്ചുള്ള അറിവുമുണ്ട്. ഇങ്ങനെ ബംഗാളി സംവിധായകരോടുള്ള ഇഷ്ടം കൂടിവരുന്ന കാലത്താണ് ബുദ്ധദേബ് ദാസ് ഗുപ്ത എന്ന പുതിയൊരു പേരു കേള്‍ക്കുന്നത്. 

അന്നത്തെ തലമുതിര്‍ന്ന നിരൂപകര്‍ക്കും സിനിമാ ആസ്വാദകര്‍ക്കും മുൻപേതന്നെ ഈ പേരു സുപരിചിതമായിരുന്നിരിക്കണം. കാരണം 1978 ലാണല്ലോ ബുദ്ധദേബ് ആദ്യ ഫീച്ചര്‍ ഫിലിമായ ദൂരത്വ പൂര്‍ത്തിയാക്കിയത്. തൊട്ടടുത്ത വര്‍ഷം നീം അന്നപൂര്‍ണയും ചിത്രീകരിച്ചു. നളന്ദ ഹോട്ടല്‍ ഹാളിനകത്ത് പിറകിലായി പ്രധാനികള്‍ക്കിരിക്കാന്‍ കുറച്ചു കസേരകള്‍ മാത്രമാണുള്ളത്. മുന്നില്‍ തറയിലിരുന്നാണ് ദൂരത്വ കണ്ടത്. റായ് സിനിമകളിലും ഘട്ടക്ക് സിനിമകളിലും കേട്ടതു പോലെ സവിശേഷ ബംഗാളി സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ടൈറ്റിലുകള്‍. പ്രൊജക്ടറിന്റെ മൂളലും മോശം സ്പീക്കറില്‍നിന്നുള്ള കിരുകിരുപ്പും മറികടന്ന് സിത്താറിന്റെയും തബലയുടെയും പ്രയോഗം വല്ലാത്ത ലഹരി പകര്‍ന്നു. 

ബുദ്ധദേബിന്റെ അമ്മ നന്നായി പിയാനോ വായിക്കുമായിരുന്നു എന്നറിയുന്നത് വളരെ പിന്നീടാണ്. അദ്ദേഹത്തിന്റെ മകളും പിന്നീട് സംഗീതജ്ഞയായല്ലോ. പ്രധാനപ്പെട്ട രണ്ടു സ്ത്രീപരുഷ കഥാപാത്രങ്ങളുടെ സമീപദൃശ്യങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നവരുടെ യഥാര്‍ഥ പേരും സിനിമയിലെ അവരുടെ പേരും വിശദമാക്കുന്ന വ്യാഖ്യാതാവിന്റെ ശബ്ദത്തോടെയാണ് ദൂരത്വ ആരംഭിക്കുന്നത്. ഇതില്‍ ആദ്യം കാണുന്ന മുഖം മമത ശങ്കര്‍ എന്ന വിഖ്യാത നര്‍ത്തകിയുടേതാണ്. ഇത് മമത ശങ്കര്‍, ഈ ചിത്രത്തിലെ അഞ്ജലി, രണ്ടു വര്‍ഷം മുൻപു വിവാഹിതയായെങ്കിലും ഇപ്പോള്‍ വിവാഹമോചിത എന്ന് കമന്റേറ്ററുടെ പരിചയപ്പെടുത്തല്‍. മമത ശങ്കര്‍ മൃണാള്‍ സെന്നിന്റെ മൃഗയയില്‍ നേരത്തെ അഭിനയിച്ചിരുന്നെങ്കിലും ആ ചിത്രം കാണുന്നതു പിന്നീടാണ്. മിഥുന്‍ ചക്രവര്‍ത്തിയുടെയും ആദ്യ ചിത്രമായിരുന്നല്ലോ മൃഗയ. മമത ശങ്കര്‍, ഉദയ് ശങ്കര്‍ ദമ്പതികള്‍ നൃത്തത്തിലൂടെ പിന്നീട് ലോകപ്രശസ്തരാവുകയും ചെയ്തു.

neem-annapurna

ഏതായാലും കന്നിച്ചിത്രത്തില്‍ നായകന്റെ മുഖമല്ല, നായികയുടെ മുഖമാണ് ബുദ്ധദേബ് ആദ്യം പ്രേക്ഷകരെ പരിചയപ്പെടുത്തിയത്. രണ്ടാതായി മാത്രം പ്രദീപ് മുഖര്‍ജി അവതരിപ്പിക്കുന്ന മന്ദാര്‍ എന്ന കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങള്‍ സ്‌ക്രീനില്‍ തെളിയുന്നു. മൃഗയ പുറത്തിറങ്ങിയ വര്‍ഷം തന്നെ സത്യജിത് റായ് സംവിധാനം ചെയ്ത ജന ആരണ്യയിലൂടെ പ്രദീപ് മുഖര്‍ജിയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. പ്രതിധ്വനി, സീമാബദ്ധ തുടങ്ങി കല്‍ക്കത്ത ത്രയ പരമ്പരയിലെ റായിയുടെ അവസാന ചിത്രമായിരുന്നു ജന ആരണ്യ. മമത ശങ്കറെപ്പോലെ ഏറെ നല്ല സിനികളില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും ബംഗാളി സിനികള്‍ക്കൊപ്പം ഒരുപാടു കാലം പ്രദീപ് മുഖര്‍ജിയുമുണ്ടായിരുന്നു. പില്‍ക്കാലത്ത് ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത ഉത്സബ് എന്ന ചിത്രത്തിലും അദ്ദേഹം ചെറിയ വേഷത്തില്‍ അഭിനയിച്ചു. മാധബി മുഖര്‍ജിക്കൊപ്പം ഈ സിനിമയിലും മുഖ്യവേഷമുണ്ടായിരുന്നു മമത ശങ്കറിന്.  

ദൂരത്വ എന്ന ആദ്യ സിനിമ കണ്ടപ്പോള്‍ത്തന്നെ ഘട്ടക്കില്‍നിന്നും റായിയില്‍നിന്നും വ്യത്യസ്തനാണ് ബുദ്ധദേബ് എന്ന തോന്നലുണ്ടായി. ഇവരുടെയൊക്കെ സ്വാധീനം അദ്ദേഹത്തിന്റെ ദൃശ്യാഖ്യന രീതികളിലുണ്ടാവാം. തീവ്രഇടതുപക്ഷരാഷ്ട്രീയത്തോട് ആഭിമുഖ്യം തോന്നിയ കാലത്തായതുകൊണ്ടാവണം രാഷ്ട്രീയജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്‍ഷം ചിത്രീകരിച്ച ബുദ്ധദേബിനോട് പ്രിയം തോന്നിയത്. ദൂരത്വയെപ്പറ്റിയുള്ള നിരൂപണങ്ങള്‍ വായിക്കുകയും പിന്നീട് ചിത്രം വീണ്ടും കാണുകയും ചെയ്തപ്പോള്‍ ആദ്യം തെളിയാത്ത പലതും തെളിഞ്ഞുകിട്ടിയെന്നത് സത്യം. ദൂരത്വ എന്ന പേരുപോലെ തന്നെ ഈ സിനിമയിലുടനീളം അകലം എങ്ങനെ ദൃശ്യാനുഭവമായി മാറുന്നു എന്നു ജോണ്‍ എച്ച്. ഹുഡ് ‘ഫിലിംസ് ഓഫ് ബുദ്ധദേബ്ദാസ് ഗുപ്ത’ എന്ന പുസ്തകത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്. 

കഥാപാത്രങ്ങള്‍ക്കിടയിലുള്ള അകലം, സങ്കല്‍പവും യാഥാര്‍ഥ്യവും തമ്മിലുള്ള അകലം, വ്യക്തികളും അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളും തമ്മിലുള്ള അകലം, ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയ്ക്കിടയിലെ അകലം എന്നിവയൊക്കെ ക്യാമറാ ആംഗിളുകളിലൂടെ കാണിക്കാനുള്ള ശ്രമം സംവിധായകന്‍ ഇതില്‍ നടത്തിയിട്ടുണ്ടെന്ന് ഹുഡ് നിരീക്ഷിക്കുന്നു.

വിവാഹമോചനം കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മന്ദാര്‍ അഞ്ജലിയെ ആദ്യം കാണുന്ന ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. തെരുവിലൂടെ നടന്നുപോകുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ സ്ത്രീയെ പിന്തുടരുകയാണ് മന്ദാറിന്റെ കണ്ണുകള്‍. അവള്‍ ദൂരെ മറയുമ്പോള്‍ ഏതിരെ നടന്നുവരുന്ന അഞ്ജലിയുടെ രൂപം പ്രത്യക്ഷമാകുന്നു. അഞ്ജലി അയാള്‍ക്കടുത്തേക്കെത്തുന്നു. അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ നടുക്കത്തില്‍ സുഖമല്ലേ എന്ന പരസ്പരമുള്ള ചോദ്യം മാത്രം. വീണ്ടും മന്ദാറിന്റെ കാഴ്ചയിലൂടെ നടന്നകലുന്ന അഞ്ജലി. അവള്‍ വിദൂരതയില്‍ അപ്രത്യക്ഷയാകുന്നു. ഈ ദൃശ്യങ്ങള്‍ക്കെല്ലാം എന്തോ പ്രത്യേകതയുണ്ടല്ലോ എന്ന ആദ്യതോന്നലിനെ ന്യായീകരിക്കുന്ന കാര്യങ്ങളാണ് ജോണ്‍ എച്ച്. ഹുഡ് തന്റെ പുസ്തകത്തില്‍ എഴുതിയത്.

ബുദ്ധദേബിനെപ്പോലെത്തന്നെ അധ്യാപകനും കവിയുമാണ് ആദ്യ സിനിമയിലെ നായകനായ മന്ദാറും. ബുദ്ധദേബിന്റെ വിഷയം സാമ്പത്തികശാസ്ത്രമായിരുന്നെങ്കില്‍ മന്ദാര്‍ പഠിപ്പിക്കുന്നത് രാഷ്ട്രമീമാംസയാണെന്ന വ്യത്യാസം മാത്രം. ആദ്യം ശ്യാം സുന്ദര്‍ കോളജിലും പിന്നീട് കൊല്‍ക്കത്ത സിറ്റി കോളജിലും അധ്യാപകനായി ജോലി നോക്കിയ ശേഷമാണ് തന്റെ വഴി സിനിമയാണെന്ന് ബുദ്ധദേബ് തരിച്ചറിയുന്നത്. അതിനും മുൻപേ അദ്ദേഹം കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. കുറേയധികം കവിതാസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായി ബംഗാളി ഭാഷയിലുണ്ട്. ഇതില്‍ പലതും ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുകയും ചെയ്തു. ദേബിന്റെ ജീവിത്തത്തെയും സിനിമകളെയും പറ്റി ഹുഡ് എഴുതിയ പുസ്തകത്തിന്റെ ഓരോ അധ്യായവും തുടങ്ങുന്നത് ‘ലവ് ആന്‍ഡ് അദര്‍ ഫോംസ് ഓഫ് ഡെത്ത്’ എന്ന കവിതാ സമാഹാരത്തില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ്.

ദൂരത്വയില്‍ വ്യത്യസ്തതയും നവീനതയുമാണ് അനുഭവപ്പെട്ടതെങ്കില്‍ ‘നീം അന്നപൂര്‍ണ’ ശരിക്കും മനസ്സിനെ ഉലയ്ക്കുന്ന അനുഭവമായിരുന്നു. ഈ ചിത്രം പിന്നീട് കാണാന്‍ കഴിഞ്ഞിട്ടുമില്ല. അതില്‍ മുഖ്യവേഷത്തിലെത്തിയ ഭാസ്വതിദാസ് ഗുപ്ത പിന്നീട് അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും വിശപ്പിന്റെ കാഠിന്യത്താല്‍ ഭിക്ഷക്കാരന്റെ അരി മോഷ്ടിച്ച് ചോറു വച്ചു വീട്ടുകാര്‍ക്കു വിളമ്പിയ ശേഷം കുറ്റബോധത്താല്‍ ഒരുരുള പോലും ഇറക്കാനാവാതെ പിടയുന്ന അവരുടെ മുഖം ഒരിക്കലും മറക്കാനാവില്ല. ബിറ്റര്‍ മോര്‍സല്‍ അഥവാ കയ്‌പേറിയ ഒരുരുള എന്നാണ് സംവിധായകന്‍ ഈ ചിത്രത്തിനു നല്‍കിയിരിക്കുന്ന ഇംഗ്ലിഷ് പേര്. തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം കഷ്ടതയനുഭവിച്ച ബംഗാളിലെ സാധാരണക്കാര്‍ക്ക് രാഷ്ട്രീയത്തില്‍പ്പോലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ കാലത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. 

uttara-movie

നാട്ടില്‍ ജോലി നഷ്ടമായ ഗൃഹനാഥന്‍ പുതിയ ജോലി തേടി ഭാര്യയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം നഗരത്തിലെത്തുകയാണ്. അവിടെയും അയാള്‍ക്ക് ജീവിക്കാനുള്ള ജോലി ലഭിക്കുന്നില്ല. അല്‍പവരുമാനത്തിനായി തന്റെ താമസസ്ഥലത്തിന്റെ ഒരു ഭാഗം ഭിക്ഷക്കാരനു വിട്ടുനല്‍കുകയാണയാള്‍. തത്തയുടെ വായില്‍നിന്നു വീഴുന്ന ഇത്തിരി ധാന്യമണി പോലും പെറുക്കിത്തിന്നുന്ന ഇളയ പണ്‍കുട്ടിയുടെ ദൃശ്യം ഹൃദയഭേദകമാണ്. മൂത്ത പെണ്‍കുട്ടി വേശ്യവൃത്തിയിലേക്കും പ്രലോഭിപ്പിക്കപ്പെടുന്നു. ഈ ഘട്ടത്തിലാണ് അമ്മ ഭിക്ഷക്കാരന്റെ ശേഖരത്തില്‍നിന്ന് അരി മോഷ്ടിക്കേണ്ടി വരുന്നതും മല്‍പ്പിടുത്തത്തില്‍ തളര്‍ന്നുവീണ ഭിക്ഷക്കാരന്‍ മരിക്കുന്നതും.

പ്രമേയപരമായി ഘട്ടക്കിനെയും ദൃശ്യവിന്യാസ ശൈലിയില്‍ സത്യജിത് റായിയേയും അനുസ്മരിപ്പിക്കുന്നുണ്ട് ഈ സിനിമ. എന്നാല്‍ ഋത്വിക് ഘട്ടക്കിന്റെ അതിവൈകാരികതയും സത്യജിത് റായിയുടെ സാഹിത്യത്തോടുള്ള അമിതവിധേയത്വവും മൃണാള്‍ സെന്നിന്റെ പ്രകോപനപരമായ രാഷ്ട്രീയ നാടകീയതയും ഒഴിവാക്കാനുള്ള ശ്രമമാണ് ബുദ്ധദേബ് തന്റെ സിനിമകളില്‍ നടത്തിയതെന്നാണ് ജോണ്‍ എച്ച്. ഹുഡിന്റെ നിരീക്ഷണം. ഇത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുവെന്നല്ലാതെ മേല്‍പ്പറഞ്ഞ സംവിധായകരുടേതിനേക്കാള്‍ മഹത്തരമാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.  

ബംഗാളിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ സംവിധാനം ചെയ്ത അന്ധി ഗലി എന്ന ചിത്രത്തോടെയാണ് ഇന്ത്യന്‍ സിനിമയില്‍ ഗുപ്ത ശ്രദ്ധേയനാവുന്നത്. ദീപ്തി നവലിനായിരുന്നു ഇതില്‍ പ്രധാനവേഷം. ഫേര എന്ന ചിത്രത്തിന് തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ എഴുത്തുകാരനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി. സംവിധാനം ചെയ്ത മുഴുവന്‍ ചിത്രങ്ങള്‍ക്കും സ്വയം തിരക്കഥ രചിച്ചയാള്‍ കൂടിയാണ് ബുദ്ധദേബ്. ബാഗ് ബഹാദൂര്‍, ചരാചര്‍, ലാല്‍ ദര്‍ജ, മണ്ടോ മെയര്‍ ഉപാഖ്യാന്‍, കാല്‍പുരുഷ് തുടങ്ങി അഞ്ചു സിനിമകള്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഉത്തര, സ്വപേര്‍ ദിന്‍ എന്നീ ചിത്രങ്ങളിലൂടെ 2000ത്തിലും 2005ലും മികച്ച സംവിധായകനുള്ള ദേശീയ ബഹുമതികളും അദ്ദേഹം കരസ്ഥമാക്കി. 

1988ല്‍ ഫേരയ്ക്കും 1994ല്‍ ചരാചറിനും ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ബെയറും ലഭിച്ചു. വെനീസ്, ലൊക്കാര്‍ണോ, കാര്‍ലോവിവാരി, എഷ്യ പസഫിക് ചലച്ചിത്ര മേളകളിലും ബുദ്ധദേബിന്റെ ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടി.  ബംഗാളിലെ ഗ്രാമീണ ജീവിതത്തിന്റെ യാതനകള്‍ പുലികളിക്കാരനിലൂടെ ചിത്രീകരിക്കുന്ന ബാഗ് ബഹാദൂര്‍ അതിതീവ്രമായ ദൃശ്യാനുഭവമാണ്. കവിയും സാമ്പത്തിക വിദഗ്ധനും കഥപറച്ചിലുകാരനും രാഷ്ട്രീയ നിരീക്ഷനും ഒരാളില്‍ ഒത്തുചേര്‍ന്ന് ചലച്ചിത്രകാരനായി രൂപം പ്രാപിക്കുകയെന്ന അത്ഭുതമാണ് ഈ കലാകാരനില്‍ സംഭവിച്ചത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ അപൂര്‍വ വ്യക്തിത്വമായി അദ്ദേഹം മാറുന്നതും ഇതുകൊണ്ടു തന്നെ. ഉല്‍പലേന്ദു ചക്രവര്‍ത്തി, നബ്യേന്ദു ചാറ്റര്‍ജി, ഗൗതം ഘോഷ്, അപര്‍ണ സെന്‍ തുടങ്ങി ബംഗാള്‍ സിനിമയിലെ രണ്ടാം തലമുറയിലെ പ്രഗത്ഭരുടെ നിരയില്‍നിന്നാണ് നബ്യേന്ദുവിനു ശേഷം ബുദ്ധദേബും വിടവാങ്ങുന്നത്. 

English Summary: Remembering Bengali Film Maker Buddhadeb Dasgupta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA