പുരസ്‌കാരപ്പെരുമഴയിൽ ആലപ്പാട്ടെ 'ബ്ലാക്ക് സാൻഡ്'. സെൻസർ ചെയ്ത് മൂന്നു മാസങ്ങൾക്കുള്ളിൽ ലഭിച്ചത് പന്ത്രണ്ട് ദേശീയ-രാജ്യാന്തര അംഗീകാരങ്ങൾ. ലണ്ടൻ, സിംഗപ്പൂർ, പാരിസ്, ചെക്ക് റിപ്ലബ്ലിക്ക് എന്നിവയിൽ നിന്നടക്കം പന്ത്രണ്ട് അംഗീകാരങ്ങൾ. ഇന്ത്യയിലെ മുഖ്യധാരാ ഫിലിംഫെസ്റ്റിവലുകളായ ക്രീംസൺ ഹോറൈസൺ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ടാഗോർ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലെ മികച്ച ഡോക്യുമെന്ററി. ഓസ്കാറിലെ തന്നെ മികച്ച ഡോക്യുമെന്ററിക്കുള്ള മത്സര പട്ടികയിൽ സ്ഥാനം. ഈ അംഗീകാരങ്ങളൊക്കെ വാരിക്കൂട്ടിയത് സെൻസർ ചെയ്തിട്ട് കഷ്ടിച്ച് മൂന്ന് മാസങ്ങൾ പോലും തികയാത്ത ഒരു ലഘുചിത്രം. ഹോളിവുഡ് സംവിധായകൻ കൂടിയായ ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത 'ബ്ലാക്ക് സാൻഡ്' ആണ് കുറഞ്ഞ സമയത്തിനുള്ളിൽ സ്വപ്നതുല്യമായ ഈ നേട്ടങ്ങൾ കൈവരിച്ചത്.
ഓസ്‌കർ മത്സരപട്ടികയിലെ നേട്ടത്തിനൊപ്പം ലണ്ടൻ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാർഡ്സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച 'നേച്ചർ ഡോക്യുമെന്ററി' പുരസ്‌കാരവും ഈ ചിത്രത്തിന് ലഭിച്ചതോടെ ചിത്രം രാജ്യാന്തര ശ്രദ്ധയാകർഷിച്ചു . തുടർന്ന്, എൽ എയ്ജ് ഡി ഓർ ഇന്റർനാഷണൽ ആർത്ത്ഹൗസ് ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാൻ ഫിലിം ഫെസ്റ്റിവൽ, കൽക്കട്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിംഗപ്പൂരിലെ വേൾഡ് ഫിലിം കാർണിവൽ, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെക്ക് റിപ്ലബ്ലിക്കിലെ പ്രേഗ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഗോണ ഫിലിം ഫെസ്റ്റിവൽ, നവാഡ ഫിലിം ഫെസ്റ്റിവൽ, പാരിസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി കൊറോണക്കാലത്ത് സജീവമായ പ്രമുഖ സിനിമാ മേളകളിൽ നിന്നെല്ലാം ഈ ചിത്രം പുരസ്കാരങ്ങൾ വാരിക്കൂട്ടി.
കരിമണൽ ഖനനത്തെ തുടർന്ന് ആലപ്പാട് എന്ന പ്രദേശം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളാണ് ബ്ളാക്ക് സാൻഡ് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം. ഈ മേഖലയിലെ ജനജീവിതത്തിന്റെ ഇപ്പോഴത്തെ ദുരിതപൂർണ്ണമായ അവസ്ഥയുടെ യഥാർത്ഥ ചിത്രം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു എന്നതാണ് ഈ അംഗീകാരങ്ങൾ തെളിയിക്കുന്നതെന്ന് സംവിധായകൻ സോഹൻ റോയ് പറഞ്ഞു . " ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ച ഒരു സമഗ്ര ചിത്രം ഇതിലൂടെ കാഴ്ചക്കാർക്ക് ലഭിക്കും. ഖനനത്തിന്റെ ചരിത്രം, അത് സംബന്ധിച്ച പ്രക്ഷോഭത്തിന്റെ നാൾവഴികൾ, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകൾ, ശാസ്ത്രീയമായ അപഗ്രഥനം എന്നിവ മുതൽ ഈ പ്രശ്നം ശാശ്വതമായി പരിഹരിയ്ക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ വരെ ഈ ചിത്രത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് . നിരവധി വീഡിയോകൾ ഈ വിഷയം സംബന്ധിച്ച് നമ്മുടെ മുന്നിൽ ഉണ്ടെങ്കിലും അവയൊന്നും പറയാത്ത നിരവധി കാര്യങ്ങൾ നിക്ഷ്പക്ഷമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിവാദത്തിന്റെ പിന്നാമ്പുറങ്ങൾ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിയ്ക്കുക എന്ന കർത്തവ്യം ഭംഗിയായി നിർവഹിക്കാൻ സാധിച്ചതിനുള്ള അംഗീകാരമായി കൂടി ഈ നേട്ടങ്ങളെ ഞങ്ങൾ വിലയിരുത്തുന്നു " അദ്ദേഹം പറഞ്ഞു.
അഭിനി സോഹൻ റോയ് ആണ് ഈ ഡോക്യുമെന്റ്റി നിർമ്മിച്ചിരിക്കുന്നത്. ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ അടിയോടിൽ നിർവഹിച്ചു. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജുറാം ആണ്. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും ടിനു ക്യാമറയും നിർവഹിച്ചിരിക്കുന്നു. അരുൺ സുഗതൻ, ലക്ഷ്മി അതുൽ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസേഴ്സ്. മഹേഷ്, ബിജിൻ, അരുൺ എന്നിവർ എഡിറ്റിങ്, കളറിംഗ്, ഗ്രാഫിക്സ് എന്നിവ നിർവഹിച്ചു. ഏരീസ് എപ്പിക്കയാണ് അനിമേഷനുകൾ വിഭാഗം കൈകാര്യം ചെയ്തത്. ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിർവഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്.