ADVERTISEMENT

കോവിഡ് മഹാമാരിയുണ്ടാക്കിയ 2020-ലെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക വേദിയായ ഫ്രെഞ്ച് റിവേറയിലേക്ക് തിരിച്ചെത്തിയ കാന്‍ ചലച്ചിത്രോത്സവം മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിന് ഇത്തവണ സാക്ഷിയായി. ചലച്ചിത്രോത്സവത്തിന്‍റെ 74 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു വനിതയ്ക്ക് പാംഡി ഓര്‍ ലഭിക്കുന്നത് ഇത് രണ്ടാം തവണ മാത്രം. ഫ്രെഞ്ച് സംവിധായിക ജൂലിയ ദുക്കോര്‍ണോ സംവിധാനം ചെയ്ത ഹൊറര്‍ ചലച്ചിത്രം ‘ടിറ്റാനാ’ണ് (Titane) ലോകത്തിലെ ഒന്നാം നമ്പര്‍ ചലച്ചിത്രോത്സവത്തിലെ മുഖ്യ അവാര്‍ഡ് നേടിയത്. 24 ചിത്രങ്ങള്‍ മത്സരിക്കാന്‍ എത്തിയതില്‍ വനിതകള്‍ സംവിധാനം ചെയ്ത നാല് ചിത്രങ്ങള്‍ ആണ് ഉണ്ടായിരുന്നത്. 2021ലെ മികച്ച സംവിധാനത്തിനുള്ള ഓസ്കര്‍ പുരസ്കാരവും ഒരു വനിതയ്ക്ക് തന്നെയായിരുന്നു. ‘നൊമാഡ് ലാന്‍ഡ്’ സംവിധാനം ചെയ്ത ചൈനീസ് വംശജയായ ക്ലോയ് ഷാവോയ്ക്ക്. 

 

titane

ഒരു സീരിയല്‍ കില്ലറുടെ കഥ പറയുന്ന ‘ബോഡി ഹൊറര്‍’ (മനുഷ്യ ശരീരത്തിനു സംഭവിക്കുന്ന അപചയം സൃഷ്ടിക്കുന്ന ഭീതി) ചിത്രമായ ‘ടിറ്റാന്‍’ അമിതമായ ലൈംഗികതയുടെ പേരിലും വയലന്‍സിന്‍റെ പേരിലും വിമാര്‍ശനങ്ങളേറ്റുവാങ്ങിയ ചലച്ചിത്രമാണ്. ചിത്രത്തിലെ അലെക്സിയ എന്ന നായിക ഒരു നഗ്ന നര്‍ത്തകിയാണ്. കാറുകളോട് പ്രത്യേക അഭിനിവേശം ഉള്ള നായിക ഒരു കാറില്‍ നിന്നും ഗര്‍ഭം ധരിക്കുന്നതാണ് കഥ. 

 

തന്റെ പിശാചുക്കള്‍ക്ക് അവാര്‍ഡ് വേദിയിലേക്ക് പ്രവേശനം നല്‍കിയ ജൂറിയോട് നന്ദി പറഞ്ഞ ജൂലിയ ലിംഗപദവി തന്നെ വിലയിരുത്താനുള്ള ഉപാധിയാകുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞു. തന്നെ ഒരു വനിതാ സംവിധായിക എന്നു ആളുകള്‍ അഭിസംബോധന ചെയ്യുന്നത് അപറയുകയുണ്ടായി. “ഞാന്‍ ഞാനായതുകൊണ്ടാണ് സിനിമ എടുക്കുന്നത്, സ്ത്രീ ആയതുകൊണ്ടല്ല" ജൂലിയ പറയുന്നു. അതേസമയം ഇനിയും നിരവധി സംവിധായികമാര്‍ അവാര്‍ഡ് വേദിയിലേക്ക് കടന്നുവരും എന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

julie
ജൂലിയ ദുക്കോര്‍ണോ

"ഒരു കഥാപാത്രത്തിന്‍റെ യാത്രയില്‍ പ്രത്യേകിച്ചു സംഭാവനയൊന്നും നൽകാനില്ലെങ്കില്‍ ലൈംഗിക രംഗങ്ങള്‍ എഴുതിച്ചേര്‍ക്കരുത്. രണ്ടു മനുഷ്യര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണിക്കാന്‍ വേണ്ടി മാത്രം ആ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. ഒട്ടുമിക്ക സിനിമകളിലും ലൈംഗിക ദൃശ്യങ്ങള്‍ അനാവശ്യമാണ്, ആ സിനിമകളെല്ലാം സംവിധാനം ചെയ്തിരിക്കുന്നത് പുരുഷന്മാരുമാണ്."തന്റെ സിനിമയിലെ ലൈംഗിക അതിപ്രസരം എന്ന് വിമര്‍ശനത്തോട് ജൂലിയ തന്റെ നിലപാട് വ്യക്തമാക്കുന്നു. 

 

37 വയസ്സുകാരിയായ ജൂലിയ ദുക്കോര്‍ണോ സംവിധാനം ചെയ്ത ‘റോ’ (Raw) എന്ന ആദ്യ ചിത്രവും ഗ്രാഫിക്കല്‍ സീനുകളുടെ ഭയാനകത കാരണം വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. 2016ലെ ടൊറൊന്‍റോ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം സ്ക്രീന്‍ ചെയ്യുന്നതിനിടെ പ്രേക്ഷകരില്‍ ചിലര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും മെഡിക്കല്‍ സഹായം നല്‍കേണ്ടി വരികയും ചെയ്തിരുന്നു. 2011ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘ജൂനിയര്‍’ എന്ന ഹ്രസ്വചിത്രം കാന്‍ മേളയില്‍ പെറ്റിറ്റ് റെയില്‍ഡി ഓര്‍ അവാര്‍ഡ് നേടിയിരുന്നു. 

 

US-ENTERTAINMENT-FILM-OSCARS-AWARD-CELEBRITY
ക്ലോയ് ഷാവോ

1993ല്‍ ജെയിന്‍ കാമ്പിയോണ്‍ സംവിധാനം ചെയ്ത ‘ദ് പിയാനോ’ ആണ് ഇതിന് മുന്‍പ് പാംഡിഓര്‍ നേടിയ വനിതാ സംവിധായികയുടെ ചിത്രം. കാന്‍ ചലച്ചിത്രോത്സവത്തിലെ ലിംഗ വിവേചനത്തിനെതിരെ ആഗ്നസ് വര്‍ധ അടക്കമുള്ള ചലച്ചിത്രകാരികള്‍ നേരത്തെ പ്രതിഷേധ സ്വരം ഉയര്‍ത്തിയിരുന്നു. ഇതുവരെ മത്സരിക്കാന്‍ എത്തിയ ചിത്രങ്ങളില്‍ 82 ചലച്ചിത്രങ്ങള്‍ മാത്രമാണു വനിതകളുടേത്. 1645 ചിത്രങ്ങള്‍ സംവിധാനം ചെയ്തത് പുരുഷന്‍മാരാണ്. 

 

2021ലെ മികച്ച സംവിധാനത്തിനുള്ള ഓസ്കര്‍ പുരസകാരം ചൈനീസ് വംശജയായ സംവിധായിക ക്ലോയ് ഷാവോയ്ക്കായിരുന്നു. ഷാവോ സംവിധാനം ചെയ്ത ‘നൊമാഡ് ലാന്‍ഡ്’ മികച്ച ചിത്രത്തിനും മികച്ച നടിക്കുമുള്ള പുരസ്കാരങ്ങളും നേടി. അമേരിക്കക്കാരിയല്ലാത്ത ഒരു സംവിധായിക, ആദ്യത്തെ ഏഷ്യന്‍ സംവിധായിക എന്നിങ്ങനെയുള്ള റെകോര്‍ഡുകളും ക്ലോയ് ഷാവോ ഇതോടെ തന്‍റെ പേരിലാക്കി.  

 

നെവാദയിലെ ജിപ്സം പ്ലാന്റില്‍ തൊഴിലാളിയായ ഫേണിന് തൊഴില്‍ നഷ്ടപ്പെടുന്നു. ഒരു വാന്‍ സ്വന്തമാക്കി അതില്‍ തൊഴില്‍ നേടി ഫേണ്‍ അമേരിക്കയിലൊട്ടാകെ നടത്തുന്ന യാത്രയാണ് സിനിമ പറയുന്നത്. ആ വാന്‍ തന്നെയാണ് ഫേണിന്‍റെ വാസസ്ഥലവും. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയ ചിത്രമാണ് ‘നൊമാഡ് ലാന്‍ഡ്’. 

 

93 വര്‍ഷത്തെ ഓസ്കര്‍ പുരസ്കാര ചരിത്രത്തില്‍ ഇത് രണ്ടാത്തെ തവണയാണ് ഒരു വനിത മികച്ച സംവിധാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കുന്നത്. 2010ല്‍ ‘ഹര്‍ട്ട് ലോക്കറി’ലൂടെ കാതറിന്‍ ബിഗിലോ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു.  

 

ഓസ്കര്‍ ആണുങ്ങളുടെ ഇടമാണ് എന്ന സങ്കല്‍പ്പമാണ് ഷാവോയുടെ നേട്ടത്തോടെ തകര്‍ന്നത്. ഓസ്കര്‍ പട്ടികയിലെ സുപ്രധാനങ്ങളായ മൂന്ന് അവാര്‍ഡുകളാണ് ‘നൊമാഡ് ലാന്‍ഡ്’ കരസ്ഥമാക്കിയത്. 1929 മുതലുള്ള ഓസ്കറിന്റെ ചരിത്രമെടുത്താല്‍ 14 ശതമാനം നോമിനേഷന്‍ മാത്രമാണ് സ്ത്രീകള്‍ക്ക് കിട്ടിയിട്ടുള്ളത്. മികച്ച സംവിധാനത്തിന് ലഭിച്ച ഇതുവരെയുള്ള 449 നോമിനേഷനില്‍ വെറും അഞ്ചെണ്ണം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിച്ച നോമിനേഷന്‍. ഛായാഗ്രഹണത്തിനുള്ള നോമിനേഷന്‍ ഒരു തവണ മാത്രമാണ് ഒരു ക്യാമറ വുമണിനു ലഭിച്ചതു എന്നത് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

 

‘സോങ്സ് മൈ ബ്രദര്‍ ടോട്ട് മി’, ‘ദി റൈഡര്‍’ എന്നിവയാണ് ബീജിങില്‍ ജനിച്ച ക്ലോയ് ഷാവോ സംവിധാനം ചെയ്ത മറ്റ് സിനിമകള്‍. ചിലപ്പോള്‍ ആധുനിക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചലച്ചിത്രം നൊമാഡ് ലാന്‍ഡ് ആയിരിയ്ക്കും. മാര്‍വല്‍ സീരീസിലെ ‘ഏറ്റേറ്റേര്‍ണല്‍സ്’ എന്ന ചിത്രമാണ് ക്ലോയ് ഷാവോയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. 

 

മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയില്‍ ഹോളിവുഡിന് മേല്‍ ചൈനീസ് സിനിമകള്‍ ആധിപത്യം നേടുന്ന കാലത്താണ് ഒരു ചൈനീസ് വംശജ ഓസ്കറിലെ സുപ്രധാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയത് എന്നത് കൗതുകകരമായ കാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com