ADVERTISEMENT

മാലിക്കിൽ ആദ്യാവസാനം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും ട്രോളുകളിലും സിനിമാചർച്ചകളിലും സജീവമാണ് മീനാക്ഷി രവീന്ദ്രൻ അവതരിപ്പിച്ച റംലത്ത് എന്ന കഥാപാത്രം. സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച സുലൈമാൻ അലി മാലിക്കിന്റെ മകള്‍ ആയാണ് മീനാക്ഷി പ്രത്യക്ഷപ്പെടുന്നത്. മാലിക് റംലത്തിനെ കയ്യിലെഴുതി കാണിച്ചത് എന്താണ് എന്നതിനെക്കുറിച്ചാണ് ചർച്ചകളിൽ ഭൂരിഭാഗവും. മാലിക്കിന്റെ പിൻഗാമി റംലത്ത് ആയിരിക്കും എന്ന രീതിയിലുള്ള വായനകളുമുണ്ട്. അതേക്കുറിച്ച് മീനാക്ഷി മനോരമ ന്യൂസ്.കോമിനോട്:

 

‘എന്നോടും ഒരുപാട് പേർ ചോദിച്ചിരുന്നു എന്തായിരുന്നു കയ്യില്‍ എഴുതിയത് എന്ന്. ആ കഥാപാത്രത്തിന്റെ ഒരു ഹാബിറ്റ് കാണിക്കുന്നതാണ് അത്. അദ്ദേഹത്തെ കാണാൻ വരുന്നവരുടെ പരാതികൾ കയ്യിൽ എഴുതി വയ്ക്കും. ഉപ്പ കയ്യിൽ എഴുതിവെയ്ക്കുന്ന പരാതികളൊക്കെ ഡയറിയിൽ എഴുതിവെച്ചിരുന്നത് ഞാനാണ്. ഉപ്പ ഹജ്ജിനു പോകുന്നതിനു മുൻപേ പരാതികൾ പറയാൻ വരുന്ന ഒന്നുരണ്ട് പേരുണ്ട്. അത്രയും ആളുകൾ അവിടെ വന്നിരിക്കുന്നത് ഉപ്പയെ പ്രതീക്ഷിച്ചാണ്. ഉപ്പയെക്കൊണ്ട് എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ്’.–മീനാക്ഷി പറയുന്നു.

meenakshi-raveendran

 

ഓഡിഷനീലൂടെയാണ് മീനാക്ഷിക്ക് മാലിക്കിലേക്ക് അവസരം ലഭിച്ചത്. ‘കുറച്ചുനേരം നീണ്ടുനിന്നിരുന്ന ഓഡിഷനായിരുന്നു അത്. മഹേഷ് സാർ ഒരു പെർഫെക്‌ഷനിസ്റ്റ് ആണ്. ചെയ്തത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നൊക്കെ സംശയിച്ചു. പക്ഷേ നന്നായി ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം പറ‍ഞ്ഞത്. അതു കേട്ടപ്പോളാണ് സമാധാനം ആയത്. 12 മണിക്ക് തുടങ്ങിയ ഓഡിഷൻ വൈകിട്ട് അഞ്ച് മണിക്കാണ് തീർന്നത്.’

 

ഫഹദിന്റെയും നിമിഷയുടെയും മകളാണ് എന്ന് ഓഡിഷൻ സമയത്ത് അറിഞ്ഞിരുന്നില്ല എന്നും മീനാക്ഷി പറയുന്നു. ‘അതറിഞ്ഞപ്പോൾ എക്സൈറ്റഡ് ആയി. ഓഡിഷന് കുറച്ചുകൂടി നന്നായിട്ട് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി. ചെറിയ കഥാപാത്രമാണെങ്കിൽ പോലും അത് വിട്ടുകളയരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു’, മീനാക്ഷി കൂട്ടിച്ചേർത്തു. 

 

നിമിഷ സജയനോടൊപ്പമുള്ള അഭിനയത്തെക്കുറിച്ചും മീനാക്ഷി മനസ് തുറന്നു: 'നിമിഷ എന്നെ അടിക്കുന്ന സീൻ ഉണ്ട്. വളരെ റിയലസ്റ്റിക് ആയി അഭിനയിക്കുന്ന നടി ആയതുകൊണ്ട് ശരിക്കും അടിക്കുമോ എന്നൊക്കെ ചിന്തിച്ചു. ശരിക്കും തല്ലില്ലല്ലോ അല്ലേ എന്നൊക്കെ ചോദിച്ചു'.

 

‘ആദ്യ പന്ത്രണ്ട് മിനിറ്റ് ഷോട്ടിനു വേണ്ടി വലിയ രീതിയിൽ റിഹേഴ്സൽ ഉണ്ടായിരുന്നു. സംവിധായകന്റെയും ഛായാഗ്രാഹകന്റെയും ടീമിന്റെ വിജയമാണ് അത്. അതിനെക്കുറിച്ച് കൂടുതൽ പറയാൻ എനിക്കറിയില്ല.’–മീനാക്ഷി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com