ADVERTISEMENT

ബീമാ പള്ളിയുടെ ചരിത്രം പറയുന്ന സിനിമയല്ല മാലിക് എന്ന് ഇന്ദ്രൻസ്. ‘കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാൽ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണത്. സംഭവങ്ങളിൽ നിന്ന് പ്രചോദനം സംവിധായകൻ ഉൾക്കൊണ്ടിട്ടുണ്ടാകാം. ബീമാ പള്ളിയുടെ ചരിത്രമല്ലിത്. വെടിവപ്പ് കാലത്തുണ്ടായ സംഭവങ്ങൾ പുറത്ത് പറയാൻ കൊള്ളാത്തതാണ്. മോശമാണ്.’–ഇന്ദ്രൻസ് പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. 

 

ക്രൂരനായ സർക്കിൾ ഇൻസ്പെകർ ജോർജ് സക്കറിയ എന്ന കഥാപാത്രമായാണ് മാലിക്കിൽ ഇന്ദ്രൻസ് എത്തിയത്. ‘മേലുദ്യോഗസ്ഥർക്ക് വേണ്ടത് മനസറിഞ്ഞ് ചെയ്ത് കൊടുക്കുന്ന വിനീതവിധേയരാണ് ' ജോർജ് സക്കറിയ'മാർ. അത്തരം പൊലീസുകാരെ കുറിച്ച് ഞാനൊരുപാട് കേട്ടിട്ടുണ്ട്. വായിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ആ കഥാപാത്രമായി മാറാൻ ഒട്ടും ബുദ്ധിമുട്ട് ഉണ്ടായില്ല. സെറ്റിലെത്തിയാൽ പിന്നെ എല്ലാം സംവിധായകനാണ്. അദ്ദേഹം പറയുന്നത് അതുപോലെ അനുസരിക്കുക മാത്രമായിരുന്നു എന്റെ ജോലി. അത് ചെയ്യാൻ നല്ല ധൈര്യവുമുണ്ടായിരുന്നു. മിടുക്കനായ സംവിധായകനാണ് മഹേഷ് നാരായണൻ. പറഞ്ഞത് അതുപോലെ ഞാൻ ചെയ്തുവെന്നേയുള്ളൂ.  സിനിമ കണ്ട് കുറച്ച് കൂട്ടുകാരൊക്കെ വിളിച്ചു. സിനിമയും എന്റെ പൊലീസ് വേഷവുമൊക്കെ നന്നായെന്ന് പറഞ്ഞു.’–ഇന്ദ്രൻസ് പറഞ്ഞു.

 

‘ഞാനൊരു തിരുവനന്തപുരത്തുകാരനായതിനാൽ മാലികിലെ സംഭാഷണങ്ങൾ ഒട്ടും ബുദ്ധിമുട്ടായി തോന്നിയില്ല. പക്ഷേ ഇതര ജില്ലക്കാരായ അഭിനേതാക്കൾക്ക് ആ ശൈലി  അനായാസം കൈകാര്യം ചെയ്യാൻ സാധിച്ചത് സംവിധായകന്റെ പിന്തുണയോടെയാണ്. വളരെ പാടുപെട്ടായിരുന്നു ചിത്രീകരണം. ഓരോ സീനും ശ്രദ്ധിച്ച് റീടേക്കുകൾ എടുത്താണ് പൂർത്തിയാക്കിയത്. തിയറ്ററിൽ സിനിമ കാണാൻ പറ്റാത്തതിൽ നല്ല വിഷമമുണ്ട്. ഒരു പക്ഷേ എല്ലാവർക്കും ഉള്ളിൽ ആ സങ്കടം തോന്നിയിട്ടുവുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു വലിയ സംഘം മുഴുവൻ ഇത്രയധികം കഷ്ടപ്പെട്ടിട്ടും ഇത് ഒടിടി റിലീസ് ആയതിൽ വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പിന്നെ ഈ കാലമിങ്ങനെയല്ലേ. അതുകൊണ്ട് നമ്മൾ സഹകരിക്കേണ്ടതുണ്ട്. പലരും ഒടിടിക്കായി സിനിമ എടുക്കാൻ തുടങ്ങി. ഈ മോശം കാലത്ത് പിടിച്ച് നിൽക്കാൻ അങ്ങനെ മാറേണ്ടിയും വരും.’–ഇന്ദ്രൻസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com