ചേർത്തലയിലെ ആദ്യ സീൻ; ഷേണായീസിലെ ആദ്യ ഷോ: മമ്മൂട്ടി എഴുതുന്നു

mammootty-new
SHARE

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് 50 വർഷം പിന്നിടുന്നു. ആദ്യ സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ലെ ആദ്യ സീനിനെക്കുറിച്ച് 1990ൽ മമ്മൂട്ടി മലയാള മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ കുറിപ്പ്...

തിരക്കുള്ള സിനിമാനടനാകുക. ആർഭാടത്തിനും ആരാധനയ്ക്കും നടുവിൽ രാജകുമാരനെപ്പോലെ ജീവിക്കുക. ബസിൽവച്ചു പല കിനാക്കളും മനസ്സിൽ നാമ്പിട്ടു. ആ ലഹരിയിൽ കോട്ടയത്ത് എത്തിയതുപോലും അറിഞ്ഞില്ല. ഞാൻ നേരെ ‘സിനിമാമാസിക’യുടെ ഓഫിസിൽ ചെന്നു. അവിടെവച്ച്  മണി മാന്തുരുത്തിയെ പരിചയപ്പെട്ടു. അദ്ദേഹത്തോടു വിവരങ്ങൾ അന്വേഷിച്ചു. ‘‘ഇന്നു സിനിമാ മാസിക അവാർഡ് നൈറ്റുണ്ട്. അതിനു ശേഷമേ സേതുമാധവനെ കാണാൻ കഴിയൂ. രാത്രി അദ്ദേഹം ടിബിയിൽ വരും ’’– മണി പറഞ്ഞു.

പകൽ മുഴുവൻ ഞാൻ ടൗണിലൂടെ ചുറ്റിനടന്നു. രാത്രി ടിബിയിലെത്തി. ഒൻപതര കഴിഞ്ഞാണു സംവിധായകൻ കെ.എസ്. സേതുമാധവൻ സാർ വന്നത്. ആദ്യം ഞാൻ സത്യനെക്കാണുന്നത് അവിടെ വച്ചാണ്. കൂടെ അടൂർ ഭാസിയുമുണ്ട്. അദ്ദേഹം ചില തമാശകൾ പൊട്ടിക്കുന്നു. മുറിയിൽ നിലയ്ക്കാത്ത ചിരിയുടെ അലകൾ നിറയുന്നു. ഞാനതു നോക്കി മുറിയുടെ വാതിൽക്കൽ സ്വയം മറന്നങ്ങനെ നിന്നു.

എന്നെപ്പോലെ ഒട്ടേറെ ഭാഗ്യാന്വേഷികൾ അന്നവിടെ എത്തിയിരുന്നു. അതിൽ ഞാൻ പരിചയപ്പെട്ട ഒരാളെ ഇന്നും ഓർമിക്കുന്നു. തലശ്ശേരിക്കാരൻ മുഹമ്മദലി. അയാളുടെ ഫോട്ടോ അവിടെവച്ച് എന്നെ കാണിച്ചു. ‘വാഴ്‌വേമായ’ ത്തിലെ സത്യനെപ്പോലെ താടി വളർത്തിയ ആ പടം കണ്ടപ്പോൾ മുഹമ്മദലിയോട് എനിക്ക് അസൂയ തോന്നി. പ്രേംനസീറിനെക്കാൾ സുന്ദരനായിരുന്നു അയാൾ. എനിക്കു നിരാശയായി. ഇത്രയും സുന്ദരന്മാരുള്ളപ്പോൾ എനിക്കെങ്ങനെ അവസരം കിട്ടും? മെലിഞ്ഞു പെൻസിൽപോലെയിരിക്കുകയാണു ഞാനന്ന്.

‘‘ എവിടെ വച്ചാണു സാർ ഷൂട്ടിങ് ? ’’

ഞാനിടയ്ക്കു കയറി ചോദിച്ചു.

‘‘ ചേർത്തലയിൽ....’’

സാർ അവിടെ വന്നാൽ ചാൻസ് കിട്ടുമോ ?

‘‘ അത് ....’’ ഒരു നിമിഷം അദ്ദേഹം എന്തോ ആലോചിച്ചു. ‘‘ എന്തായാലും നിങ്ങൾ അവിടെ വരൂ ’’ ഇരുട്ടിൽ സേതുമാധവൻസാർ എന്റെ മുഖം പോലും കണ്ടില്ല. എങ്കിലും പ്രതീക്ഷയോടെയാണ് ആ രാത്രി ഞാൻ നാട്ടിലേക്കു മടങ്ങിയത്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലൊരു നുണ പറഞ്ഞിട്ടു ഞാൻ ചേർത്തലയ്ക്കു പുറപ്പെട്ടു.  കളവങ്കോടം ക്ഷേത്രത്തിനടുത്താണു ലൊക്കേഷൻ. ഒരു കയർ ഫാക്ടറിയിലെ സമരരംഗമാണു ചിത്രീകരിക്കുന്നത്. സത്യൻ, ബഹദൂർ, പറവൂർ ഭരതൻ, ഗീരീഷ്കുമാർ, പുന്നപ്ര അപ്പച്ചൻ, സാം എന്നീ താരങ്ങൾ സെറ്റിലുണ്ട്.  എനിക്കു പുന്നപ്ര അപ്പച്ചനോടും സാമിനോടുമൊക്കെ അന്ന് ആരാധന തോന്നി.  ഇടവേളയിൽ ഞാൻ സേതുമാധവൻ സാറിനെ സമീപിച്ചു.

‘‘ സാർ... ഞാൻ കഴിഞ്ഞ ദിവസം കോട്ടയത്തു വന്നിരുന്നു ’’

എന്നെ അദ്ദേഹം അടിമുടി നോക്കി. ‘‘കൊള്ളാം, പക്ഷേ, ശരീരം പോരാ. നിരാശപ്പെടാനില്ല. പ്രായം ഇത്രയല്ലേ ആയുള്ളൂ. എന്തായാലും കുറച്ചുനേരം വെയ്റ്റ് ചെയ്യൂ’’.

എന്റെ ശരീരം പുഷ്ടിപ്പെടാൻ അന്നു സേതുമാധവൻസാർ ഒരു ഉപായം പറഞ്ഞു തന്നു.  രാത്രി കുറച്ചു പാലെടുത്ത് അതിൽ ചോറിട്ട് മോരൊഴിച്ച് വയ്ക്കണം.  പിറ്റേന്ന് രാവിലെ പാലും ചോറും ആകെയൊരു കട്ടത്തൈരായി മാറിയിട്ടുണ്ടാകും.  അതു കഴിച്ചാൽ ശരീരം പുഷ്ടിപ്പെടും. പക്ഷേ, ഞാനീ വിദ്യ ഇതുവരെ പരീക്ഷിച്ചിട്ടില്ല. കാരണം അന്നും ഇന്നും തൈരു കഴിക്കാൻ എന്നെക്കൊണ്ടാകില്ല.  സേതുമാധവൻ സാറുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ എനിക്കു സന്തോഷമായി.  ഞാൻ അംഗീകാരം കിട്ടിയതുപോലെ കുറച്ചു ഗൗരവത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഷൂട്ടിങ് കാണാൻ വന്ന ആളുകളെ നിയന്ത്രിച്ചു ‘‘ഹോ ഒന്നു മാറി നിൽക്ക്.ബഹളം വച്ചാൽ ഒന്നും നടക്കില്ല’’.

ഉച്ചയ്ക്കു സെറ്റിൽനിന്നു ഭക്ഷണം കിട്ടും. പക്ഷേ, ഞാൻ അവിടെനിന്നു കഴിച്ചില്ല. സെറ്റിലെ ഭക്ഷണം കഴിച്ചാൽ അഭിനയിക്കാനുള്ള അവസരം കിട്ടാതെപോകുമോയെന്നായിരുന്നു എന്റെ പേടി. പുറത്തൊരിടത്തു പോയി ഞാൻ ചായ കുടിച്ചു. അന്നു സന്ധ്യവരെ അവിടെ നിന്നെങ്കിലും അവസരം ലഭിച്ചില്ല. പിറ്റേന്നു പുലർച്ചെ വീണ്ടും ലൊക്കേഷനിലെത്തി. രണ്ടാം ദിവസം ഉച്ചയ്ക്കു സംവിധായകൻ എന്നെ വിളിച്ചു. രണ്ട് ചെറിയ ഷോട്ടുകളിൽ അഭിനയിക്കണം. വർഗശത്രുവിനെ എതിർത്തുകൊന്ന ശേഷം തൂക്കുമരം ഏറ്റുവാങ്ങുന്ന കരുത്തനായ ചെല്ലപ്പന്റെ റോളായിരുന്നു സത്യന്.  ‌

ചെല്ലപ്പനെ സഹായിച്ചതിന്റെപേരിൽ മുതലാളിയുടെ ഗുണ്ടകൾ ഫാക്ടറിക്കവാടത്തിലുള്ള ബഹദൂറിന്റെ മാടക്കട തല്ലിത്തകർക്കുന്നു. ആ വാർത്തയറിഞ്ഞു പരിഭ്രമത്തോടെ ബഹദൂർ ഓടിക്കിതച്ചു വരുന്നു. പിന്നാലെ മറ്റു രണ്ടുപേരുമുണ്ട്. ഒന്നു കൊച്ചിയിലെ ഒരു തിയറ്ററിൽ ടിക്കറ്റ് വാങ്ങാൻ നിൽക്കുന്ന വർഗീസ്,  മറ്റൊന്ന് ഞാൻ. ഷോട്ട് റെഡിയാകാൻ അൽപം സമയമെടുക്കും.  ഞാൻ മെല്ലെ ഫാക്ടറിക്ക് അകത്തു ചെന്നു. അവിടെ ഒഴിഞ്ഞ മൂലയിൽ ചാക്കിന്റെ പുറത്തുകിടന്ന് സത്യൻ കൂർക്കം വലിച്ചുറങ്ങുന്നു. ഒരു നിമിഷം ഞാനൊന്നു നോക്കിനിന്നു. ക്രോസ് ബെൽറ്റും കാക്കിക്കുപ്പായവും ഊരിയെറിഞ്ഞു ചലച്ചിത്ര നടനായ പ്രതിഭാധനൻ. ചലച്ചിത്രത്തിൽ പുതിയ സൗന്ദര്യസങ്കൽപം സൃഷ്ടിച്ച അദ്ദേഹത്തിന്റെ കാലിൽ ‍ഞാൻ തൊട്ടുവണങ്ങി. ആരും അതു കണ്ടില്ല. സത്യൻസാർ പോലും അതറിഞ്ഞില്ല. 

മേക്കപ്മാൻ കെ.വി.ഭാസ്കരന്റെ സഹായി എന്റെ മുഖത്തു സ്പ്രേ അടിച്ചു. യൂഡികോളോൺ ആണതെന്ന് എനിക്കു പിന്നീടാണു മനസ്സിലായത്.  ഞാൻ മുണ്ട് അലക്ഷ്യമായിക്കുത്തി. ഷർട്ടിന്റെ കൈ മുകളിലേക്കു തെറുത്തുവച്ചു. മുടി ചിതറിയിട്ട് അഭിനയിക്കാൻ തയാറായി. ഈ റോളിൽ ഷൈൻ ചെയ്തിട്ടുവേണം കൂടുതൽ അവസരങ്ങൾ നേടാൻ, വലിയ സ്റ്റാറാകാൻ. അതിനുള്ള ഒരുക്കം. ആദ്യ റിഹേഴ്സൽ.

കണ്ണ് ഇറുക്കെപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണു ഞാനോടി വന്നത്. കാരണം റിഫ്ലക്ടറിന്റെ ചൂടും പ്രകാശവും മൂലം എനിക്കു കണ്ണ് തുറക്കാനാകുന്നില്ല. ‘‘ അയ്യേ നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്. ശരിക്കും ഓടി വരൂ..’’– സംവിധായകൻ നിർദേശിച്ചു. രണ്ടു റിഹേഴ്സലായി. എന്റെ പ്രകടനം ശരിയാകുന്നില്ല.

‘‘ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ടു മാറി നിൽക്കൂ. മറ്റാരെയെങ്കിലും നോക്കാം’’– സേതുമാധവൻ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ തളർന്നുപോയി.   

പൊട്ടിക്കരഞ്ഞുപോകുമെന്ന നിലയിലാണ് എന്റെ നിൽപ്. അതിനിടെ സഹസംവിധായകൻ എനിക്കു പകരം മറ്റാരെയോ അന്വേഷിക്കുന്നു.‘‘സാർ ഒരു പ്രാവശ്യം കൂടി ഞാൻ ശ്രമിക്കാം ’’– എന്റെ സങ്കടം കലർന്ന ശബ്ദവും മുഖഭാവവും കണ്ടതുകൊണ്ടാകണം സേതുസാർ ഒരു റിഹേഴ്സൽ കൂടി നടത്തി. വളരെ പ്രയാസപ്പെട്ട് ഞാൻ കണ്ണു തുറന്നു പിടിച്ചു. വായടച്ചു. അങ്ങനെ ഒരു വിധത്തിൽ ആ ഷോട്ടെടുത്തു. സെറ്റിൽപ്പോലും ആരോടും മിണ്ടാതെ അവിടെനിന്നു മുങ്ങി. ഒരു ജേതാവിന്റെ മട്ടിലായിരുന്നു ഞാൻ നാട്ടിൽ ബസിറങ്ങിയത്. ആദ്യം കണ്ടതു മമ്മതിനെയാണ്. അവനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു. പിന്നെയൊരു നിർദേശവും ‘‘ നീ ഇത് ആരോടും പറയേണ്ട. രഹസ്യമായി ഇരുന്നാൽ മതി’’.  പക്ഷേ, ഞാൻ തന്നെ പരിചയക്കാരോടൊക്കെ ഈ വിവരം പറഞ്ഞു. അനുജന്മാരായ ഇബ്രാഹിംകുട്ടിക്കും സക്കറിയയ്ക്കും ഇതറിഞ്ഞപ്പോൾ അതിശയം.

‘‘ഇച്ചാക്കാ സിനിമയലഭിനയിച്ചെന്നോ ?’ ബാപ്പയോടും ഉമ്മയോടും മാത്രം പറഞ്ഞില്ല. അവരുടെ പ്രതികരണം എതിരാണെങ്കിലോ ? എന്തായാലും ഓരോരുത്തരും പറഞ്ഞുപറഞ്ഞ് ഈ വാർത്ത നാട്ടിൽ  പാട്ടായി. പാണപ്പറമ്പിൽ ഇസ്മയിൽ മേത്തരുടെ മകൻ സിനിമയിൽ അഭിനയിക്കുന്നു. അവർക്കിനി എന്തു വേണം? കോടിക്കണക്കിനു രൂപയല്ലേ വരുമാനം ? കാറും കൊട്ടാരം പോലുള്ള വീടും എന്നു വേണ്ട ആഗ്രഹിക്കുന്നതെന്തും നേടാമല്ലോ? നാട്ടിലങ്ങനെ പല കഥകളും പരന്നു. 

രണ്ടു മാസം കഴിഞ്ഞ് കോളജ് തുറന്നു. സിനിമ റിലീസാകുന്നത് ആ സമയത്താണ്. കോളജിലെ ചില സുഹൃത്തുക്കളൊക്കെ വിവരം അറിഞ്ഞിരുന്നു. ഇതിനിടെ സത്യൻ മരിച്ചു; 1971 ജൂൺ 15ന് പുലർച്ചെ മദിരാശി കെ.ജെ.ഹോസ്പിറ്റലിലിൽ വച്ച്. ഏറ്റവും പ്രിയങ്കരനായ ഒരാൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയതിന്റെ വിഷമമായിരുന്നു എനിക്കന്ന്. കറുത്ത ബാഡ്ജ് ധരിച്ചാണ് അന്നു കോളജിൽ പോയത്. അനുഗൃഹീതനായ ആ കലാകാരനെ അദ്ദേഹം പോലും അറിയാതെ ഗുരുവായി മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. അടുത്തദിവസത്തെ പത്രങ്ങൾ നിറയെ സത്യന്റെ വിയോഗവാർത്തയും ചിത്രങ്ങളുമായിരുന്നു. ആ വാർത്തകളിലൂടെ ഒഴുകിനടന്ന എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

devalokam-mammootty

ഷേണായീസിൽ ‘ആനന്ദ് ’എന്ന ചിത്രം പ്രദർശനത്തിനെത്തി. അമിതാഭ് ബച്ചന്റെ ചിത്രമാണത്. അതിനു ശേഷമാണ് ‘അനുഭവങ്ങൾ പാളിച്ചകൾ’. ഉഗ്രൻ സിനിമയാണ് അതെന്നു കോളജിൽ പെൺകുട്ടികളുടെ ഇടയിൽ ഞാൻ തന്നെ പബ്ലിസിറ്റി കൊടുത്തു. ഞാനതിൽ അഭിനയിച്ച കാര്യം പറഞ്ഞുമില്ല. പക്ഷേ, പെൺകുട്ടികളൊക്കെ അന്നു രാജേഷ് ഖന്നയുടെ ആരാധകരാണ്. എന്റെ വിശദീകരണം ഏറ്റില്ല. അവരാരും സിനിമയ്ക്കു വന്നില്ല. അങ്ങനെ കാത്തിരുന്ന സുദിനം വന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ’ റിലീസായി. ആദ്യ മോണിങ് ഷോയ്ക്കു തന്നെ ‍ഞങ്ങൾ കയറി. എനിക്കാകെ ടെൻഷനായി. ഞാനഭിനയിച്ച ഭാഗം ഇല്ലാതെ വരുമോ?  അങ്ങനെ സംഭവിച്ചാലോ ? ആകെ നാണക്കേടാകും. കൂട്ടുകാരോട് ഈ വിവരം പറഞ്ഞത് അബദ്ധമായെന്ന് എനിക്കപ്പോൾ തോന്നി. 

അടക്കാനാകാത്ത ഉത്കണ്ഠയോടെ അങ്ങനെയിരിക്കുമ്പോഴാണു സ്ക്രീനിൽ എന്റെ മുഖം. ദൂരെനിന്ന് ഓടിവരികയാണ് ഞാൻ. കാലൊക്കെ നീണ്ട് കൊക്കുപോലെയുള്ള ആ രൂപം കണ്ടപ്പോൾ വല്ലാത്ത നിരാശ തോന്നി. തിയറ്ററിലാകെ കൂട്ടുകാരുടെ ആർപ്പുവിളി ‘‘ എടാ മമ്മൂട്ടി ’ എന്നവർ വിളിച്ചു കൂവുന്നു. കണ്ണടച്ചു തുറക്കുന്നതിനു മുൻപ് ആ സീൻ മാഞ്ഞുപോയില്ല. ഒരു മിനിറ്റ് സ്ക്രീനിൽ കാണാം. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവരും എന്നെ പൊതിഞ്ഞു. എങ്ങനെ ഇതു സാധിച്ചുവെന്നാണ് അവർക്കറിയേണ്ടത്. അങ്ങനെ ഞാൻ മഹാരാജാസിലെ സൂപ്പർസ്റ്റാറായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA