ADVERTISEMENT

‘ഉദ്ഘാടനങ്ങളുടെ ഉണ്ണി’, ഈ പേര് ആദ്യം വിളിച്ചത് ആരാണെന്ന് ഓർമയില്ല. ഞാൻ സിനിമയിൽ വന്നിട്ട് ഏതാണ്ട് 30 വർഷം കഴിഞ്ഞു. ഇതിനോടകം കടകളും സ്ഥാപനങ്ങളും മറ്റുമായി 5000 ഉദ്ഘാടങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്. 1988–ൽ എന്റെ ആദ്യ സിനിമയായ മാറാട്ടം ഷൂട്ടിങ് കഴിഞ്ഞ് ഞാൻ മടങ്ങി വന്ന ദിവസം എനിക്കൊരു ഫോൺ വന്നു. വടക്കാഞ്ചേരിയിൽ‌ ഒരു സ്റ്റേഷനറി കട ഉദ്ഘാടനം ചെയ്യാമോ എന്നു ചോദിച്ചു അവർ.  ഞാൻ റോങ് നമ്പർ എന്നു പറഞ്ഞു. കോൾ കട്ട് ചെയ്തു. അവർ വീണ്ടും വിളിച്ചു. എനിക്കെല്ലാം അദ്ഭുതമായിരുന്നു. വീട്ടിലിരിക്കുന്ന എന്നെ വിളിച്ച് കട ഉദ്ഘാടനം ചെയ്യിക്കാൻ ഞാനാരാ? പിന്നീട് ഓർത്തു ശരിയാണ് ഞാൻ സിനിമാ താരമായിക്കഴിഞ്ഞു അല്ലേ?!! കടയ്ക്കു മുമ്പിൽ വലിയ ജനക്കൂട്ടമുണ്ടായിരുന്നു. എന്റെ അദ്ഭുതം മാറിയിരുന്നില്ല, അതായിരുന്നു ഉദ്ഘാടനങ്ങളുടെ തുടക്കം.

 

പിന്നെ നാലുവർഷം സിനിമയൊന്നും ചെയതില്ല. പക്ഷേ കോളജുകളിലും സ്കൂളുകളിലും പലരും എന്നെ മുഖ്യാതിഥിയായി വിളിക്കും. എല്ലാ വിഷയവും ഞാൻ അത്യാവശ്യം കൈകാര്യം ചെയ്യും. സ്കൂളിൽ പഠിക്കുമ്പോഴൊന്നും ഞാനൊരിക്കലും ഒരു പ്രാസംഗികയായിരുന്നില്ല. പക്ഷേ കാലം എന്നെ ഒരു പ്രാസംഗികയാക്കി മാറ്റി.

 

അറിയപ്പെടുന്ന സ്വർണക്കടകളോ , തുണിക്കടകളോ ഒന്നും ഞാൻ ഉദ്ഘാടനം ചെയ്തിട്ടില്ല. മാത്രമല്ല വിദേശ രാജ്യങ്ങളിൽ പോലും വളരെ ചെറിയ ഓഫിസുകളും, കൊച്ചു കടകളുമാണ് ഞാൻ ഉദ്ഘാടനം ചെയ്തിട്ടുള്ളത്. എന്നാൽ തുടർച്ചയായി ഓരോ വർഷങ്ങളിലായി അഞ്ചു ചെരിപ്പുകടകൾ, അഞ്ചിടങ്ങളിലായി ഞാൻ തന്നെ റിബൺ മുറിച്ചു തുറന്നിട്ടുണ്ട്. അതിന്റെ ഉടമസ്ഥർക്ക് അവരുടെ എല്ലാ കടകളും ഞാൻ തന്നെ ഉദ്ഘാടനം ചെയ്യണം എന്ന നിർബന്ധമുള്ളവരാണ്. പറഞ്ഞത് ചോതി നക്ഷത്രക്കാർ എന്തു തുടങ്ങിയാലും അത് പൊലിക്കും എന്ന്. അതുകൊണ്ടാണ് എന്നെ തന്നെ അവർ വിളിച്ചതെന്നും. എനിക്കു സന്തോഷമായി. സ്വൽപം അഹങ്കാരവും?

 

പിറ്റേന്ന് ഏതോ ഒരു കാട്ടുമുക്കിൽ ഒരു കുടുസുമുറിയിൽ ഒരു സ്വർണക്കട. ഒരു ഗ്രാമിന്റെ ഒരു ലോക്കറ്റ് അവർ സമ്മാനിച്ചു. വലിയ താമസമില്ലാതെ അവർ ദുബായിൽ ഒരു സ്വർണക്കട തുറന്നു. അക്കാലത്ത് പേരെടുത്തു നിന്ന ഒരു നായികയെ കൊണ്ട് അവർ കട ഉദ്ഘാടനം ചെയ്യിച്ചു. മാസങ്ങൾക്കകം അതു പൂട്ടി. ഇതൊക്കെ പിന്നീടാണ് ഞാൻ അറിഞ്ഞത്.

 

അഹങ്കരിക്കാൻ ദൈവം എന്നെ അനുവദിച്ചില്ല. ചേർത്തലയ്ക്കടുത്ത് ഒരു തുണിക്കടയുടെ ഉടമ എന്നെ വിളിച്ചു. അയാൾ ചോതി നക്ഷത്രക്കാരനാണ്. അയാളുടെ മകളുടെ പേര് ഊർമിള. രാവിലെ 12 മണിക്ക് പൊരിവെയിലിൽ ജനക്കൂട്ടത്തിനു നടുവിൽ  നിർത്തി എന്നെ അയാൾ വാനോളം പുകഴ്ത്തി, ഗണപതിയുടെ സ്വന്തം ഊർമിള ഉണ്ണി എന്നാണ് അയാൾ പറഞ്ഞത്. കൈനിറയെ പണവും സമ്മാനങ്ങളും തന്നാണ് അയാളും കുടുംബവും എന്നെ യാത്രയാക്കിയത്. ദിവസങ്ങൾക്കകം ആ കുടുംബം യാത്ര ചെയ്ത കാർ അപകടത്തിൽപെടുകയും  താമസിയാതെ കട പൂട്ടുകയും ചെയ്തു

 

എനിക്ക് നിങ്ങൾക്കും നിങ്ങളുടെ സ്ഥാപനത്തിനും വേണ്ടി പ്രാർഥിക്കാനെ കഴിയൂ, വിധി നിശ്ചയിക്കുന്നത് ഈശ്വരനാണ്. ഒരു സിനിമയുടെ വിജയം നായികയുടെ ഐശ്വര്യമാണെന്നു വിശ്വസിക്കുന്നവരുണ്ട്. അത് ഒട്ടും ശരിയല്ല.കഥയും കഥാപാത്രങ്ങളും നന്നായാൽ പടം നന്നാവും. നിർമ്മാതാവിന് പണം കിട്ടും. അതു കൊണ്ടാണല്ലോ ഒരേ നായിക അഭിനയിക്കുന്ന ചില സിനിമകൾ വിജയിക്കുകയും, ചിലതു പരാജയപ്പെടുകയും ചെയ്യുന്നത്!

 

കേരളത്തിലങ്ങോളമിങ്ങോളമുള്ള അമ്പലങ്ങളിൽ എത്രയിടത്ത് പൊങ്കാലക്കു വിളക്കുകൊളുത്തിയിട്ടുണ്ട് ഞാൻ എന്നെനിക്കുപോലുമറിയില്ല. നുറുകണക്കിനു ബ്യൂട്ടിപാർലറുകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട് ഞാൻ. എത്രയെണ്ണം വിജയിച്ചു എത്ര പരാജയപ്പെട്ടു എന്നൊന്നും എനിക്കറിയില്ല. അന്ധരായ മാതാപിതാക്കളുടെ ഏകമകൻ തുടങ്ങിയ ബേക്കറി മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചപ്പോൾ അയാൾ തന്ന നൂറിന്റെ നോട്ടുകൾ തിരിച്ചേൽപിച്ച് നന്മ നേർന്നിട്ടുണ്ട് ഞാൻ. ആ കട പൂട്ടിപ്പോയി. നാട്ടുകാർ എന്നെ ശപിച്ചു. എന്നാൽ അയാൾ പിന്നീടു തുടങ്ങിയ ഹോട്ടൽ ഇന്നും ഗംഭീരമായി പ്രവർത്തിക്കുന്നു. അതും തിരികൊളുത്തിയതു ഞാൻ തന്നെ.

 

വിധിച്ചതൊക്കെ അനുഭവിച്ചു തീർക്കണം. അനുഭവങ്ങൾ പകർന്നു തന്ന നിറങ്ങളാണ് ജീവിത ചിത്രത്തിലൊക്കെ നിറഞ്ഞു നിൽക്കുന്നത് ഇതുവരെ. ചിങ്ങം ഒന്നിനു നിറമുള്ള പൂക്കൾ മാത്രമേ വിരിഞ്ഞിട്ടുള്ളൂ. ഇപ്പോ നോക്കുന്നിടത്തൊക്കെ കൊറോണ പൂക്കൾ. ചിങ്ങം ഒന്നിന് ആനയുമില്ല, ചിങ്കാരി മേളവുമില്ല, പക്ഷേ ഓർമ്മകളിൽ എല്ലാം മനോഹരമായി പൂത്തു നിൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com