മഞ്ജു പിള്ള ഈ ഹോമിന്റെ ഐശ്വര്യം !; അഭിമുഖം

manju-pillai
SHARE

വീടിന്റെ മുക്കിലും മൂലയിലും വരെ കണ്ണും കയ്യുമെത്തുന്ന ഗൃഹനായികയാണ് #ഹോമിലെ കുട്ടിയമ്മ. എങ്കിലും മലയാള സിനിമ കണ്ടു പരിചയിച്ച 'സർവംസഹയായ' മാതൃസങ്കൽപത്തിന്റെ ചിട്ടവട്ടങ്ങളുമായി അവർ കലഹിക്കുന്നുണ്ട്. ഭർത്താവിനോടും മക്കളോടും അധികാരസ്വരത്തിൽ സംസാരിക്കുന്ന, അവരെ ശാസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന കുട്ടിയമ്മയെ പ്രേക്ഷകർക്ക് പെട്ടെന്നു കണക്ട് ചെയ്യാൻ കഴിഞ്ഞതിനും കാരണം ആ കഥാപാത്രത്തിന്റെ റിയലിസ്റ്റിക് അവതരണം കൊണ്ടുകൂടിയാണ്. മഞ്ജു പിള്ള എന്ന അഭിനേതാവിന്റെ കയ്യിൽ കുട്ടിയമ്മയ്ക്ക് തിളക്കമേറി. ഇന്ദ്രൻസിന്റെ നായികയായി ഇതിനു മുൻപും പല തവണ സിനിമയിലും ടെലിവിഷനിലും എത്തിയിട്ടുണ്ടെങ്കിലും #ഹോം എന്ന സിനിമയിൽ ഇവർ ഒരുമിച്ചപ്പോൾ ഒരു മാജിക് സംഭവിക്കുകയായിരുന്നു. പ്രേക്ഷകരുടെ ഇഷ്ടം നേടിയ ആ കഥാപാത്രത്തിന്റെ വിശേഷങ്ങളുമായി മഞ്ജു പിള്ള മനോരമ ഓൺലൈനിൽ. 

ആദ്യ ചിത്രത്തിൽ ഒളിച്ചോട്ടവും വിവാഹവും

നീ വരുവോളം എന്ന സിനിമയിലാണ് ഞാനും ഇന്ദ്രേട്ടനും (ഇന്ദ്രൻസ്) ആദ്യമായി ജോഡിയായി അഭിനയിക്കുന്നത്. അന്ന് ഞാൻ കോമഡിയിലേക്ക് വന്ന സമയമായിരുന്നു. സിനിമയുടെ തുടക്കത്തിൽ അമ്പിളി ചേട്ടനാണ് (ജഗതി ശ്രീകുമാർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍) ‍എന്റെ പെയർ ആയി കാണിക്കുന്നത്. ഒടുവിൽ എന്റെ കഥാപാത്രം ഇന്ദ്രേട്ടനുമായി ഒളിച്ചോടി വിവാഹം ചെയ്യുകയാണ്. അതൊരു ഹ്യൂമർ രീതിയിലാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

manju-indrans

ഇക്കാര്യം സിബി സർ (സിബി മലയിൽ) ആദ്യം പറഞ്ഞപ്പോൾ, 'ഞാനും ഇന്ദ്രേട്ടനും ചേരുമോ' എന്ന സംശയം എനിക്കു തോന്നി. കാരണം, അന്ന് എനിക്ക് കുറച്ചു കൂടി തടിയുണ്ട്. അന്ന് സിബി സർ പറഞ്ഞു, അതാണ് അതിന്റെ കോമഡി എന്ന്. ആരും അങ്ങനെയൊരു ജോഡി പ്രതീക്ഷിക്കില്ലല്ലോ! പിന്നീടും ഞങ്ങൾ പെയർ ആയി അഭിനയിച്ചിട്ടുണ്ട്. നിത്യഹരിതനായകൻ എന്ന സിനിമയിലും ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായാണ് അഭിനയിച്ചിട്ടുള്ളത്. 

ജനപ്രിയമായതിനു പിന്നിൽ

തിരക്കഥയുടെ ശക്തിയും കഥയുടെ സത്യസന്ധതയുമാണ് #ഹോമിലെ ഞങ്ങളുടെ ജോഡിയെ ജനപ്രിയമാക്കിയത്. ഈ കഥ എല്ലാ വീടുകളിലും നടക്കുന്ന സംഭവമാണ്. എല്ലാ വീടുകളിലും കാണും കുട്ടിയമ്മയും ഒലിവറും. ഇത് ഞങ്ങളുടെ പപ്പയാണ്... മമ്മയാണ് എന്നാണ് സിനിമ കണ്ടവർ വിളിച്ചു പറഞ്ഞതും. കഥയിലുള്ള സത്യസന്ധതയും നന്മയും, സംവിധായകന്റെ മികവ്, ഇതെല്ലാമാണ് കുട്ടിയമ്മയേയും ഒലിവർ ട്വിസ്റ്റിനെയും ജനങ്ങളിലേക്ക് അടുപ്പിച്ചത്. ഇതുവരെ ആരും ശ്രദ്ധിക്കാതെ പോയ ജോഡിയായിരുന്നു ഞങ്ങൾ. എം.പി സുകുമാരൻ നായർ സംവിധാനം ചെയ്ത രാമാനം എന്ന സിനിമയിലും ഞങ്ങൾ ഒരുമിച്ചിരുന്നു. 

അതിനകത്ത് ഏറുമുള്ളാൻ എന്ന കഥാപാത്രമാണ് ഇന്ദ്രേട്ടൻ ചെയ്തത്. വാങ്ക് വിളിക്കുന്ന ഒരു കഥാപാത്രം. തൊണ്ടയിൽ അർബുദം ബാധിച്ചാണ് ഏറുമുള്ളാൻ മരിക്കുന്നത്. സിനിമയിലെ എന്റെ കഥാപാത്രത്തിന് ഏറുമുള്ളാനോട് ഒരിഷ്ടം തോന്നുന്നുണ്ട്. അതിലും അമ്പിളി ചേട്ടനുണ്ടായിരുന്നു. അതിനും മുൻപെ ശ്രീകുമാരൻ തമ്പി സാറിന്റെ സീരിയൽ മുതൽ ഞങ്ങളുടെ കോമ്പിനേഷനുണ്ട്. പക്ഷേ, #ഹോമിലെത്തിയപ്പോഴാണ് ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത്. 

അന്നും ഇന്നും മാറ്റമില്ലാതെ 'ഇന്ദ്രൻസ്'

ഇന്ദ്രേട്ടന് ഒരു മാറ്റവും വന്നിട്ടില്ല. അന്നത്തെ ഇന്ദ്രേട്ടൻ തന്നെയാണ് ഇന്നും ഉള്ളത്. ഇപ്പോഴും എന്നെയൊക്കെ കാണുമ്പോൾ ചിലപ്പോൾ എഴുന്നേറ്റു നിൽക്കുന്നതു കാണാം! അങ്ങനെയാണ് അദ്ദേഹം. ക്യാരവനോ ഏസി മുറിയോ അദ്ദേഹത്തിന് താൽപര്യമില്ല. അദ്ദേഹം കിട്ടുന്നതിൽ സ്വസ്ഥമായിട്ടിരിക്കും. അദ്ദേഹത്തിനുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും പലപ്പോഴും ഗൗനിക്കാറില്ല. ഞങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തിന് രാത്രിയിൽ കണ്ണിൽ മരുന്നൊഴിക്കണം. രാത്രിയേറെ വൈകി ഷൂട്ട് ഉണ്ടെങ്കിലും അദ്ദേഹം കണ്ണിൽ മരുന്നൊഴിച്ച് വന്നു നിൽക്കും. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരുടെ കെമിസ്ട്രി, അവർ തമ്മിലുള്ള സ്നേഹം... ബന്ധം... ഇതൊക്കെയാണ് ഈ സിനിമ വിജയിച്ചതിന് പിന്നിലെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. 

കുട്ടിയമ്മയിൽ മഞ്ജു പിള്ളയില്ല

റോജിൻ ആദ്യം സ്ക്രിപ്റ്റ് വായിക്കാൻ തന്നു. ബാക്കി പറഞ്ഞത്, ചേച്ചി... അഭിനയിക്കണ്ട, ജീവിച്ചാൽ മതിയെന്നായിരുന്നു. സംശയങ്ങൾ ഞാൻ ചോദിച്ചുകൊണ്ടിരുന്നപ്പോൾ റോജിൻ പറഞ്ഞു, ചേച്ചി അങ്ങു വാ... നമുക്കങ്ങ് ചെയ്യാം! റോജിൻ എനിക്ക് മുഴുവൻ സ്വാതന്ത്ര്യവും തന്നിരുന്നു. എനിക്കൊരു നിർബന്ധം ഉണ്ടായിരുന്നു, ഈ കഥാപാത്രത്തിൽ മഞ്ജു പിള്ള ഉണ്ടാകരുതെന്ന്! ഏറെ ശ്രദ്ധിച്ചാണ് ആ കഥാപാത്രം ചെയ്തത്. ആ കഥാപാത്രത്തോട് നീതി പുലർത്താൻ പറ്റിയെന്നു തന്നെയാണെന്റെ വിശ്വാസം. റോജിനും അതിൽ സംതൃപ്തിയുണ്ട്. 

manju-pillai-3

രൂപമാറ്റത്തിന് പിന്നിൽ റോണക്സ്

രൂപത്തിൽ മാറ്റം വരുത്തിയതിന് പിന്നിൽ പ്രധാനമായും രണ്ടു കാരണങ്ങളുണ്ട്. ഒന്ന്– എന്റെ കഥാപാത്രത്തിന് പ്രായം തോന്നിപ്പിക്കണം. രണ്ട്– മഞ്ജു പിള്ള എന്ന വ്യക്തിയെ അവിടെ കാണുകയേ ചെയ്യരുത്. പ്രധാനമായും ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് പല്ലു വച്ചതും ശരീരഭാഷയ്ക്ക് വ്യത്യസ്തത കൊടുത്തതുമെല്ലാം. അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ റോജിനും മേക്കപ് ആർടിസ്റ്റ് റോണക്സ് സേവ്യറിനുമാണ്. ഒരു ഔട്ട്‍ലൈൻ റോജിൻ കൊടുത്തിരുന്നു. 

ഇന്ദ്രേട്ടന്റെ ലുക്കും ഇവർ രണ്ടുപേർ ചേർന്നു തന്നെയാണ് പ്ലാൻ ചെയ്തത്. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് കോസ്റ്റ്യൂം ടെസ്റ്റിനു ചെന്നപ്പോഴാണ് പല്ലിന്റെ അളവ് എടുത്തു പോയത്. ഷൂട്ടിന്റെ തലേദിവസവമോ അതോ അന്നു രാവിലെയോ ആണ് പല്ലു കിട്ടുന്നത്. കൊണ്ടു വന്നപ്പോൾ അതെനിക്ക് പാകമായിരുന്നില്ല. വച്ചപ്പോൾ വാ മുറിഞ്ഞു ചോര വന്നു. പിന്നെ, അതു വീണ്ടും കൊണ്ടു പോയി ശരിയാക്കിക്കൊണ്ടു വരികയായിരുന്നു. അതിനു വേണ്ടി എന്റെ ഷൂട്ട് മാറ്റി വച്ചു. അതില്ലാതെ എന്റെ ഷൂട്ട് നടക്കുമായിരുന്നില്ലല്ലോ!

rojin-manju

ആ പല്ല് ശരീരത്തിന്റെ ഭാഗം പോലെ

ഷൂട്ട് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആ പല്ല് എന്റെ ശരീരത്തിന്റെ ഭാഗം പോലെയായി. അത് ഊരിവയ്ക്കാൻ മറന്നു പോകും. സിനിമ കണ്ട് ഋഷിരാജ് സിങ് വിളിച്ചിരുന്നു. അദ്ദേഹം ചോദിച്ചത്, നിങ്ങൾ ആ പല്ല് സിനിമയിൽ ഉടനീളം ഉപയോഗിച്ചില്ലേ? എനിക്കത് കാണാൻ കഴിഞ്ഞില്ല, എന്നായിരുന്നു. ഞാൻ പറഞ്ഞു, സാറെ... കുറെ സീൻ കഴിഞ്ഞപ്പോൾ എന്നെ അങ്ങനെ കണ്ട് ശീലമായതാകും എന്ന്. സെറ്റിൽ ഞാനും അങ്ങനെയായിരുന്നു. പല്ലിന്റെ കാര്യം മറക്കും. ഭക്ഷണം കഴിക്കാൻ അൽപം ബുദ്ധിമുട്ടായിരുന്നു. കഴിക്കുന്ന സീൻ വന്നപ്പോൾ ബുദ്ധിമുട്ടി. 

ആ നോട്ടം വല്ലാതെ ഫീൽ ചെയ്തു

സിനിമയിലെ എല്ലാ രംഗങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ഹൃദയസ്പർശിയായ രണ്ട് സീക്വൻസ് പറയുകയാണെങ്കിൽ അതിലൊന്ന് ഞാൻ വഴക്കു പറഞ്ഞു കുറച്ചു നേരത്തിനു ശേഷം ഞാൻ ഫ്രിഡ്ജിനടുത്ത് നിൽക്കുമ്പോൾ ചാൾസ് എന്നെ നോക്കി ചിരിക്കുന്ന ഒരു രംഗമുണ്ട്. അത് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിന്നെ, 'ആ ഇരിക്കുന്നത് നിന്റെ തന്തയാണെന്ന് ഓർക്കണം' എന്ന് മക്കളോട് പറയുന്ന സീൻ! ഇതു രണ്ടും പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട രംഗങ്ങളാണ്. മറ്റൊരു രംഗമുണ്ട്. രാത്രിയിൽ വീട്ടിലേക്ക് ഞങ്ങൾ തിരിച്ചു വരുമ്പോൾ 'ജോസഫിനോട് അവന് വല്യ ഇഷ്ടമാ ല്ലേ' എന്ന് ഞാൻ ഇന്ദ്രേട്ടനോട് പറയുന്നു. അതിനു മറുപടിയായി ഇന്ദ്രേട്ടൻ പറയുന്നത്, 'ജോസഫിന് കിട്ടാനുള്ളത് ജോസഫിന് കിട്ടേണ്ടേ?' എന്നാണ്. ആ ഇരുട്ടത്ത് ഞാൻ ഇന്ദ്രേട്ടനെ നോക്കുന്നൊരു നോട്ടമുണ്ട്. സിനിമയിൽ കണ്ടപ്പോൾ ആ നോട്ടം വല്ലാതെ ഫീൽ ചെയ്തു. അതാണ് സിനിമയിൽ എന്നെ ഫീൽ ചെയ്യിപ്പിച്ച നിമിഷം. 

naslen-manju

ഒരിഷ്ടക്കൂടുതൽ ചാൾസിനോട്

എപ്പോൾ കണ്ടാലും 'ഹായ് മമ്മി' എന്നാണ് ശ്രീനാഥ് ഭാസി എപ്പോഴും വിളിക്കുക. ഡാർലിങ് മമ്മി എന്നു വിളിച്ചാകും കെട്ടിപ്പിടിക്കുക. ഇപ്പോഴും ഫോൺ വിളിക്കുമ്പോൾ 'അമ്മാ...' എന്നാണ് അഭിസംബോധന ചെയ്യുക. അങ്ങനെയൊരു കെമിസ്ട്രിയായിരുന്നു ഞാനും ശ്രീയും തമ്മിൽ. അധികം ബഹളങ്ങളോ സ്നേഹപ്രകടനങ്ങളോ ഇല്ലാത്ത ഒരു അമ്മ–മകൻ ബന്ധം! എപ്പോഴും മക്കളിൽ മൂത്തയാൾക്ക് എപ്പോഴും ഒരു പക്വതയുണ്ടായിരിക്കുമല്ലോ! നസ്ലിൻ അങ്ങനെയല്ല. അവൻ ഇളയത് ആയതുകൊണ്ടും കൊഞ്ചിച്ചതുകൊണ്ടും റിയൽ ലൈഫിലും ആകെ ഒച്ചപ്പാടും ബഹളവും കെട്ടിപ്പിടിക്കലും ഒക്കെയാണ്. ആ കഥാപാത്രം പോലെ തന്നെയാണ് അവൻ. രണ്ടാമത്തെ മകനോടാണോ സ്നേഹക്കൂടുതലെന്ന് എനിക്കും ചിലപ്പോൾ സംശയം തോന്നാറുണ്ട്. 

ഇത് ഒളിക്യാമറ വച്ച് ഷൂട്ട് ചെയ്തതോ?

എന്റെ മകൾ സിനിമയിലെ നസ്ലിന്റെ കഥാപാത്രത്തെപ്പോലെയാണ്. എന്നെ സ്ക്രീനിൽ കണ്ടപ്പോൾ അമ്മൂമ്മയെ ഓർമ വന്നു എന്നാണ് അവൾ ആദ്യം പറഞ്ഞത്. സത്യത്തിൽ ആ പല്ലൊക്കെ വച്ചപ്പോൾ എനിക്കെന്റെ അമ്മയുടെ ഛായ ആയിരുന്നു. ഞങ്ങളുടെ തന്നെ വീട്ടിൽ വന്ന് ഒളിക്യാമറ വച്ചെടുത്തതുപോലുണ്ടല്ലോ എന്നായിരുന്നു മോളുടെ അടുത്ത കമന്റ്. സിനിമയിലെ പല കാര്യങ്ങളും ഞങ്ങളുടെ വീട്ടിലും സംഭവിച്ചിട്ടുണ്ട്. എല്ലാ വീട്ടിലും അതുപോലൊക്കെ സംഭവിച്ചു കാണും. പിന്നെ, ലളിതാമ്മ ഡബിങ്ങിന് പോയപ്പോൾ എന്റെ ഭാഗം കണ്ട് വിളിച്ചു പറഞ്ഞു, എടീ... നന്നായിരിക്കുന്നൂ. നിനക്ക് നന്നായി ആ കഥാപാത്രം ചേരുന്നു. നന്നായിട്ടുണ്ട് എന്നു പറഞ്ഞു. സിനിമ കണ്ടിട്ട് ലളിതാമ്മ എന്നെ വിളിച്ചിരുന്നു. 

ഉർവശി ചെയ്യേണ്ടിയിരുന്ന കഥാപാത്രം

എന്നെ കോമഡി ചെയ്യാൻ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് മിനി ചേച്ചി (കൽപന)യായിരുന്നു. ഇപ്പോഴെന്നല്ല, എനിക്കെപ്പോഴും മിസ് ചെയ്യുന്ന വ്യക്തിയാണ് മിനി ചേച്ചി. പറയാൻ എനിക്ക് വാക്കുകളില്ല. എനിക്കെന്റെ സ്വന്തം ചേച്ചി തന്നെയായിരുന്നു മിനി ചേച്ചി. എപ്പോഴും എന്നോടും പറയും, എനിക്ക് നീയും പൊടിമോളും (ഉർവശി) ഒരുപോലാ എന്ന്! ഈ വേഷം ശരിക്കും ഉർവശി ചേച്ചി ചെയ്യേണ്ടിയിരുന്നതാണല്ലോ. 

കൽപന ചേച്ചി ഉണ്ടായിരുന്നെങ്കിൽ പറഞ്ഞേനെ, ഉർവശി അല്ലെങ്കിലെന്താ, എന്റെ വേറൊരു അനിയത്തി അതു ചെയ്തെന്ന്! പൊടി ചേച്ചി ചെന്നൈയിലാണല്ലോ. കോവിഡിന്റെ സാഹചര്യത്തിൽ അവിടെ നിന്ന് ഇങ്ങോട്ട് വരാനുള്ള ബുദ്ധിമുട്ട് മൂലമാണ് ഈ കഥാപാത്രം ചെയ്യാൻ സാധിക്കാതെ പോയതും സംവിധായകൻ മാറ്റി ചിന്തിച്ചതും. സിനിമ കഴിഞ്ഞപ്പോൾ റോജിൻ പറഞ്ഞു, അവർക്കിപ്പോൾ ഈ സിനിമയിലെ ഒരു കഥാപാത്രത്തേയും മറ്റു അഭിനേതാക്കളെ വച്ച് ആലോചിക്കാനേ കഴിയുന്നില്ല എന്ന്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA