‘ഇഷ്ട’ത്തിൽ ആദ്യം തീരുമാനിച്ചത് ചാക്കോച്ചനെ; അറിയാക്കഥ

HIGHLIGHTS
  • ഹിറ്റെഴുത്തിൽ ഇഷ്ടം സിനിമയുടെ തിരക്കഥാകൃത്തായ കലവൂർ രവികുമാർ
ishtam-movie
കലവൂർ രവികുമാർ
SHARE

‘‘ ആകെയുള്ള  അച്ഛനാണ്. ഉലക്കകൊണ്ട് അടിച്ചുവളർത്തിയതിനാൽ അനുസരണയോടെ എല്ലാം ചെയ്തോളും’’

‘‘അച്ഛൻ ജോലി ചെയ്യുന്നതുകണ്ട് തമാശരൂപേണ അനുജൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. സഹോദരിയുടെ വിവാഹത്തിന്റെ രണ്ടുനാൾ മുൻപ് എല്ലാവരും കൂടെ ഉമ്മറത്തിരിക്കുകയാണ്. അന്നേരം അച്ഛൻ തൊട്ടപ്പുറത്തുനിന്ന് പറമ്പിൽ എന്തോ ജോലി ചെയ്യുകയാണ്. കൂട്ടുകാരോട് അവൻ തമാശയായി പറഞ്ഞപ്പോൾ എനിക്കതിലൊരു കഥ തെളിഞ്ഞു. അച്ഛനോട് എന്തും പറയാൻ ലൈസൻസുള്ള മകനും അച്ഛനും തമ്മിലുള്ളൊരു ബന്ധം. ആ തമാശയിൽ നിന്നാണ് ഇഷ്ടം എന്ന സിനിമ ജനിക്കുന്നത്’’– കലവൂർ രവികുമാർ ഇഷ്ടം എന്ന സിനിമയുടെ പിറവിയിലേക്കു ഇഷ്ടത്തോടെ സഞ്ചരിക്കുകയാണ്.

എന്റെ കുട്ടിക്കാലം മുഴുവൻ കണ്ണൂരിലാണ്. അച്ഛൻ കലവൂർ കുമാരൻ കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനാണ്. കണ്ണൂർ എസ്എൻ കോളജിലാണു ഞാൻ പഠിച്ചതെല്ലാം. കണ്ണൂരിലെ സാംസ്കാരിക പരിപാടികളിലെല്ലാം അച്ഛൻ സജീവമായിരുന്നു. സഹൃദയൻ. എന്നിരുന്നാലും അച്ഛനുമായി അടുപ്പം അനുജനായിരുന്നു. അച്ഛനോട് എന്തും തുറന്നുപറയാനുള്ളൊരു സ്വാതന്ത്ര്യം അവനുണ്ടായിരുന്നു. 

ജേണലിസത്തിനു പഠിക്കുന്ന സമയത്താണ് ഞാൻ ടി.കെ. രാജീവ്കുമാറിനു വേണ്ടി ഒറ്റയാൾപട്ടാളം എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതുന്നത്. അന്നൊന്നും സിനിമ എനിക്കൊരു ക്രേസ് ആയിരുന്നില്ല. 1991ൽ ആദ്യചിത്രമിറങ്ങിയെങ്കിൽ രണ്ടാമത്തെ ചിത്രത്തിനായി 10 വർഷമെടുത്തു. സ്വകാര്യ ചാനലിൽ ജോലി ചെയ്യുമ്പോൾ ടെലിഫിലിമിനായി തിരക്കഥയെഴുതി. ‘പറയാൻ ബാക്കിവച്ചത്’ സംവിധാനം ചെയ്തത് ജൂഡ് അട്ടിപ്പേറ്റിയായിരുന്നു. 

ബോളിവുഡ് നടി ഹെലൻ അഭിനയിച്ച ടെലിഫിലിമായിരുന്നു അത്. ഇതു കാണാനിടയായ പ്രശസ്ത നിർമാതാവ് ഡേവിഡ് കാച്ചപ്പള്ളി എന്നെ വിളിപ്പിച്ചു. അദ്ദേഹത്തോട് ഞാൻ രണ്ടു കഥയാണു പറഞ്ഞത്. രണ്ടും അദ്ദേഹത്തിന് ഇഷ്ടമായി. കൂടുതൽ ഇഷ്ടമായ കഥയുമായി എന്നെയും കൂട്ടി സംവിധായകൻ സിബി മലയിലിന്റെ അടുത്തേക്കു പോയി. അദ്ദേഹമന്ന് മോഹൻലാൽ നായകനായ ദേവദൂതൻ സംവിധാനം ചെയ്യുകയാണ്. ദേവദൂതന്റെ സെറ്റിൽ വച്ചാണ് കഥ പറയുന്നത്. അച്ഛന്റെ പ്രണയം സഫലമാക്കാൻ ഇറങ്ങിത്തിരിച്ച മകന്റെ കഥ– ഇതായിരുന്നു ഇഷ്ടത്തിന്റെ വൺലൈൻ.

‌സത്യം പറഞ്ഞാൽ ഈ കഥ ഞാൻ മോഷ്ടിച്ചതാണ്, മഹാഭാരതത്തിൽ നിന്ന്. മഹാഭാരതത്തിൽ ഭീഷ്മരും അച്ഛനായ ശന്തനുവും തമ്മിലുള്ള ബന്ധമായിരുന്നു എന്റെ പ്രമേയം. സത്യവതിയെ പ്രണയിച്ച ശന്തനുവിന്റെ വിവാഹം നടത്തികൊടുക്കുന്നത് മകനായ ഭീഷ്മരാണ്. ഇതാണ് ഇഷ്ടത്തിന്റെയും കഥ. അതിലേക്ക് എന്റെ അനുജനും അച്ഛനും തമ്മിലുള്ള ബന്ധം കൊണ്ടുവരികയായിരുന്നു. 

കുഞ്ചാക്കോ ബോബനെയായിരുന്നു ആദ്യം നായകനാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ തിരക്കഥ പൂർത്തിയായി വന്നപ്പോൾ ദിലീപ് ചെയ്താൽ നന്നാകുമെന്നു തോന്നി. അങ്ങനെ നായകനായ പവന്റെ വേഷത്തിലേക്ക് ദിലീപ് വന്നു. പവന്റെ അച്ഛനായ കൃഷ്ണൻകുട്ടി മേനോനായി നെടുമുടി വേണുവിനെയും സുഹൃത്ത് നാരായണനായി ഇന്നസന്റിനെയും ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു. ശ്രീദേവി ടീച്ചറായി പുതിയൊരു മുഖത്തെ കൊണ്ടുവരാൻ തീരുമാനിച്ചു. അങ്ങനെയാണ് ജയസുധയിലേക്കെത്തുന്നത്. 

സിനിമയിലെ കോമഡി ഇത്രയധികം വർക്കൗട്ടാകാൻ സഹായിച്ചത് ദിലീപ്– ഇന്നസന്റ്– നെടുമുടി കൂട്ടുകെട്ടു തന്നെയാണ്. തൃശൂരിൽ വച്ചായിരുന്നു ചിത്രീകരണം. ചിത്രീകരണ സമയമൊക്കെ വളരെ രസകരമായിരുന്നു. 

പാട്ടുകളായിരുന്നു സിനിമയുടെ വിജയത്തെ സഹായിച്ച ഒരു പ്രധാനഘടകം. മോഹൻ സിതാര കത്തിനിൽക്കുന്ന സമയമാണ്. കൈതപ്രം ദാമോദൻ നമ്പൂതിരിയും മോഹൻ സിത്താരയും അന്നു തൊടുന്നതെല്ലാം പൊന്നായിരുന്നു. ആ കൂട്ടുകെട്ടിലെ പാട്ടുകളെല്ലാം ഹിറ്റായി. കണ്ടു കണ്ടു കണ്ടില്ല…, കാണുമ്പോൾ പറയാമോ കരളിലെ അനുരാഗം.. തുടങ്ങിയ പാട്ടുകളെല്ലാം അന്നത്തെ ഹിറ്റ് ഗാനങ്ങളായിരുന്നു.

സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവ് ഒരു സംഭവമാക്കിക്കൊണ്ട് ചിത്രം ഹിറ്റായി. സിനിമ കണ്ട് എന്റെ പഴയ കൂട്ടുകാരൊക്കെ വിളിച്ചു. എന്റെ അനുജനും അച്ഛനും തമ്മിലുള്ള ബന്ധം അറിയാവുന്ന പലരും സിനിമ കണ്ട് വിളിച്ചിരുന്നു. സിനിമ കണ്ട ശേഷം അച്ഛൻ പറഞ്ഞത് ‘പ്രണയം കുറച്ചുകൂടി വേണമായിരുന്നു’ എന്നാണ്. നെടുമുടി അവതരിപ്പിച്ച അച്ഛന്റെ പ്രണയമായിരുന്നോ ദിലീപിന്റെ പ്രണയമായിരുന്നോ അച്ഛൻ ഉദ്ദ്യേശിച്ചതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. 

‘‘അച്ഛന്റെ ഇരുപത്തെട്ടാമത്തെ വയസ്സുമുതലാണ് അച്ഛൻ എന്നെ കാണാൻ തുടങ്ങിയത് എന്നാൽ ഞാൻ ജനിച്ചന്നു മുതൽ അച്ഛനെ കാണാൻ തുടങ്ങിയതാണ് ’’ എന്ന് സിനിമയിൽ ദിലീപ് നെടുമുടി വേണുവിനോടു പറയുന്നുണ്ട്. അത്തരം സംസാരമാണ് എന്റെ അനുജനും അച്ഛനും തമ്മിലുണ്ടാകാറുള്ളത്. ജനറേഷൻ ഗ്യാപ് ഇല്ലാതായി വരുന്ന കാലഘട്ടത്തിന്റെ തുടക്കത്തിലാണ് ഇഷ്ടം തിയറ്ററിൽ വരുന്നത്. അതിനു മുൻപ് അച്ഛൻ– മകൻ ബന്ധം അത്രയ്ക്ക് അടുപ്പമുള്ളതായിരുന്നില്ല. എന്നാലിപ്പോൾ അച്ഛനും മകനും സുഹൃത്തുക്കളെപ്പോലെയായി. സിനിമയിലെ പവിയും അച്ഛനും പോലെ. അതുകൊണ്ടുതന്നെ രണ്ടുതലമുറയും ഇഷ്ടം നന്നായി ഇഷ്ടപ്പെട്ടു.

സിനിമ കണ്ട് എഴുത്തുകാരനായ സുഹൃത്ത് എന്നോടു പറഞ്ഞു– ഈ സിനിമ കുറച്ചു നേരത്തേ വന്നിരുന്നെങ്കിൽ ഞാൻ എന്റെ മകനോട് കുറച്ചുകൂടി സൗഹൃദം സൂക്ഷിച്ചേനെ’’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA