ADVERTISEMENT

മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ടൊവീനോയുടെ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. വീക്കെൻഡ് ബ്ലോക്ക്‌ ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച ബിഗ് ബജറ്റ് ചിത്രം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നു.

 

‘കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവദിക്കാനും  ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.ഒരു സൂപ്പർ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങൾ ആക്‌ഷനും ചടുലതയുമാണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നിയ കഥയായിരിക്കും മിന്നൽ മുരളിയുടേത്. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത്  ഞങ്ങൾ മുഴുവൻ ടീമിന്റെയും സ്വപ്ന സിനിമയാണ്. നെറ്റ്ഫ്ലിക്സ് പോലെയുള്ള  ഒരു ലോകോത്തര പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.’–ബേസിൽ ജോസഫ് പറയുന്നു.

 

‘നിർമാതാവ് എന്ന നിലയിൽ ഈ സിനിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്. മിന്നൽ മുരളിയുടെ വിജയത്തിനായി ഞങ്ങൾ മികച്ച അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കൊണ്ടുവന്നു. ഈ സൂപ്പർ ഹീറോ സിനിമ അതിന്റെ കരുത്തിൽ ഭാഷകളെ മറികടക്കും. ഇത് മനുഷ്യരുടെ വികാര വിചാരങ്ങളുടെ, സാഹചര്യങ്ങളുടെ കഥയാണ്. മിന്നൽ മുരളി എനിക്ക് അനുഭൂതിയും അഭിമാനവും ആണ്. നെറ്റ്ഫ്ലിക്സുമായ് ചേർന്ന് പ്രവർത്തിക്കുവാൻ  അവസരം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. മിന്നൽ മുരളി ഒരു തുടക്കം മാത്രമാണ്.’–സോഫിയ പോൾ പറഞ്ഞു

 

‘തുടക്കം മുതലേ മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ നെറ്റ്ഫ്ലിക്സിലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് പ്രതീക്ഷ.’–ടൊവീനോ പറയുന്നു.

 

‘ഗോദ’യ്ക്കു ശേഷം ടൊവീനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മിന്നല്‍ മുരളി' വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

 

ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

 

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്‌സ് സൂപ്പർവൈസര്‍ ആൻഡ്രൂ ഡിക്രൂസ്. മനു ജഗദ് ആണ് കലാസംവിധാനം. പിആർഒ:എ.എസ്. ദിനേശ്, ശബരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com