ലോഹിയുരുക്കിയ പൊന്ന്: ഇടറിയ നായകന്റെ ഇടം

mammootty-lohi
SHARE

∙വികാരങ്ങളുടെ വേലിയേറ്റങ്ങൾ സ്ക്രീനിൽ സൃഷ്ടിച്ച ലോഹിതദാസ് കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും ഇതു മമ്മൂട്ടിക്കു വേണ്ടി മാത്രമെഴുതിയാണെന്ന്.....ഇടറുകയും പതറുകയും ചെയ്ത ആ നായകൻമാരിലൂടെ ഒരു യാത്ര....

അഭിനയത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നുണ്ട് ലോഹിതദാസ് സൃഷ്ടിച്ച മമ്മൂട്ടി കഥാപാത്രങ്ങൾ. ഗൗരവക്കാരും മനോവിഭ്രാന്തിയുള്ളവരും വാത്സല്യം വഴിയുന്ന ഗൃഹനാഥന്മാരും കഠിനാധ്വാനികളും മാത്രമല്ല സരസനായൊരു പെൺകോന്തനുമുണ്ട് ഇക്കൂട്ടത്തിൽ. തനിയാവർത്തനം എന്ന ആദ്യ ചിത്രത്തിൽ തുടങ്ങുന്നു ലോഹിതദാസിന്റെ മൂശയിലേക്കുള്ള മമ്മൂട്ടിയുടെ ഉരുകിച്ചേരൽ. സൂക്ഷ്മാഭിനയത്തിൽ മമ്മൂട്ടിക്ക് അസാമാന്യ പാടവമുണ്ടെന്ന് കണ്ടെത്തിയ എഴുത്തുകാരനും സംവിധായകനുമാണ് ലോഹിതദാസ്. മറ്റു സംവിധായകർക്കായി എഴുതിയ തിരക്കഥകളിലും സ്വന്തമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടിയിലുമെല്ലാം മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയചാതുരി അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

lohi-3

നൃത്തത്തിനും പാട്ടിനുമുള്ള അമിത പ്രാധാന്യം ഒരു പക്ഷേ മുഖ്യധാരാ ഇന്ത്യൻ സിനിമയുടെ മാത്രം സവിശേഷതയാണ്. ആഗോള സിനിമയിൽ ഇന്ത്യൻ സിനിമയെ പ്രതിനിധാനം ചെയ്യുന്നവരിൽ ഒരാളായ അടൂർ ഗോപാലകൃഷ്ണൻ പാട്ടുകളോ നൃത്തമോ സിനിമകളിൽ ഉപയോഗിച്ചിട്ടില്ല. നിശബ്ദ സിനിമകളിലൂടെ അഭിനയശേഷിയുടെ മാത്രം പിൻബലത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ചാർലി ചാപ്ലിനും നാടകത്തിലൂടെ സിനിമയിലെത്തിയ പോൾ മുനിയും മുതലുള്ള പ്രതിഭാശാലികളൊന്നും പ്രഭുദേവയെപ്പോലെ വളഞ്ഞും പുളഞ്ഞും നൃത്തം ചെയ്തവരല്ല.  

കുറസോവയുടെ പ്രിയങ്കരനായ നടൻ ടോഷിറോ മിഫ്യൂണയെയും ഹോളിവുഡിലെ പ്രമുഖരായ മർലൻ ബ്രാൻഡോ, ആന്റണി ക്യൂൻ, ലോറൻസ് ഒലിവർ, പോൾ ന്യൂമാൻ, ടോം ഹാങ്ക്‌സ്, മോർഗൻ ഫ്രീമാൻ, ഡികാപ്രിയോ, ഡെൻസൽ വാഷിങ്ടൺ തുടങ്ങി സത്യജിത് റായിയുടെ പതിനാലു സിനിമകളിൽ അഭിനയിച്ച സൗമിത്ര ചാറ്റർജി വരെയുള്ള നടന്മാരാരും ഡപ്പാൻകുത്തുകാരല്ല. എങ്കിലും ചിലർ മമ്മൂട്ടിയെ വിലയിരുത്തുമ്പോൾ അദ്ദേഹം ഫ്‌ളക്‌സിബിളല്ലെന്നു പറയും. ഡിസ്‌കോ ഡാൻസിനെ മുൻനിർത്തിയാണ് പലപ്പോഴും ഈ പരാമർശം. ഇക്കാര്യത്തിൽ കൃത്യമായ മറുപടി ഒരിക്കൽ പറഞ്ഞതും ലോഹിതദാസാണ്. ഫ്‌ളക്‌സിബിലിറ്റി എന്നതു നടന്റെ മെയ്‌വഴക്കമല്ല. ജിംനാസ്റ്റിക് ചാംപ്യന്മാരല്ല നല്ല നടന്മാർ. ഒരു നോട്ടം കൊണ്ടോ മുഖപേശിയുടെ ചെറു ചലനം കൊണ്ടോ വികാരം പ്രസരിപ്പിക്കാനുള്ള സൂക്ഷ്മമായ കഴിവാണ് അഭിനേതാവിന്റെ ഫ്‌ളക്‌സിബിലിറ്റി. ഇതായിരുന്നു ലോഹിതദാസിന്റെ അഭിപ്രായം. നൃത്തം പ്രമേയമായി വരുന്ന സിനിമകളിൽ അതിനനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തേണ്ടിവരും. എന്നാൽ ചലച്ചിത്രത്തിലെ അഭിനയശേഷി അളക്കാനുള്ള മാനദണ്ഡമല്ല ഒരിക്കലും നടനത്തിനുള്ള മെയ്‌വഴക്കം.

amaram

ലോഹിതദാസ് ചിത്രങ്ങളിൽ മോഹൻലാലും സൂക്ഷ്മാഭിനയത്തിന്റെ ആഴങ്ങളിലേക്കിറങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ആദ്യ ദേശീയ പുരസ്‌കാരം ഭരതത്തിനായതു യാദൃശ്ചികമല്ല. കന്മദം വരെയുള്ള എല്ലാ സിനിമകളിലും അഭിനയത്തിലെ മമ്മൂട്ടിത്തം അനായാസമായി മോഹൻലാൽ തന്റേതായ രീതിയിൽ സാധിച്ചെടുത്തത് ലോഹിതദാസിന്റെ പാത്രസൃഷ്ടിയുടെ സവിശേഷത കൊണ്ടാണ്. കുട്ടേട്ടൻ എന്ന ജോഷി ചിത്രത്തിൽ മോഹൻലാലത്തം മമ്മൂട്ടിയും എടുത്തു പെരുമാറി. തികച്ചും മമ്മൂട്ടിയൻ  അഭിനയശൈലിയിൽ തന്നെ. അതികായരായ രണ്ട് അഭിനേതാക്കൾക്കും വളർന്നു പരുവപ്പെടാൻ വഴിയൊരുക്കി കഥാപാത്രങ്ങളിലൂടെ എം.ടി. വാസുദേവൻ നായരെപ്പോലെ ലോഹിതദാസും.  

തനിയാവർത്തനത്തിലെ ബാലൻ മാഷിൽ തുടങ്ങുകയാണ് മമ്മൂട്ടിയുടെ അതിസൂക്ഷ്മതലത്തിലുള്ള വികാരപ്രകടനത്തിന്റെ മഹാവിസ്മയം. അടിപിടിയും കള്ളക്കടത്തുമൊക്കെയായി നടന്ന തട്ടുപൊളിപ്പൻ കഥാപാത്രങ്ങളിൽ നിന്നും ഇത്തിരി നർമവും ഒത്തിരി കരച്ചിലുമായി പെട്ടിയും തൂക്കി അളന്നുമുറിച്ചു നടന്ന കുടുംബനാഥനിൽ നിന്നുമുള്ള ചുവടുമാറ്റമായിരുന്നു ഇത്. അഭിനേതാവിലെ യഥാർഥ ശേഷി പുറത്തെടുക്കാൻ ഒരു കലാകാരനു സാധിക്കുന്നത് സാധ്യതയുള്ള കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ മാത്രമാണ്. നിത്യജീവിതത്തിൽ മലയാളി കണ്ടുമുട്ടിയവരെയാണ് ലോഹിതദാസ് തന്റെ തിരക്കഥകളിൽ സൃഷ്ടിച്ചത്. ഏതെങ്കിലും ഘട്ടത്തിൽ പ്രേക്ഷകർ അനുഭവിച്ച ആഹ്ലാദങ്ങളും വേദനകളും സംഘർഷങ്ങളും  അതിതീവ്രമായി മമ്മൂട്ടി അഭിനയത്തിലൂടെ ആവിഷ്‌കരിക്കുകയും ചെയ്തു.

തനിയാവർത്തനത്തിനു ശേഷം തൊട്ടടുത്ത വർഷം ഐ. വി. ശശിയുടെ മുക്തിയിലെ ജില്ലാ കലക്ടറായും തുടർന്ന് സിബി മലയിലിന്റെ മുദ്രയിലെ രാമഭദ്രനായും ജോഷിയുടെ മഹായാനത്തിലെ ചന്ദ്രനായും ലോഹിതദാസിന്റെ കഥാപാത്രങ്ങൾക്കു മമ്മൂട്ടി ജീവൻ പകർന്നു. ജോഷിയുടെ തന്നെ തികച്ചും വ്യത്യസ്തതയാർന്ന ചിത്രമായ കുട്ടേട്ടനിലെ വിഷ്ണു മമ്മൂട്ടിയിലെ നടന്റെ മറ്റൊരു മുഖം കാട്ടിത്തന്നു. ഈ സിനിമകൾക്കു ശേഷമാണ് ഒരിക്കലും മമ്മൂട്ടിയിൽ നിന്നു മലയാളികൾ പ്രതീക്ഷിക്കാത്തൊരു കഥാപാത്രത്തിനു ലോഹിതദാസ് ജന്മം നൽകുന്നത്. ഐ.വി. ശശിയുടെ മൃഗയയിലെ വാറുണ്ണി.

 കണ്ണൂരിൽ മുദ്ര എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെയാണ് ലോഹിതദാസ് മമ്മൂട്ടിയോട് ഒന്നുരണ്ടു വരിയിൽ  മൃഗയയുടെ കഥ പറയുന്നത്. പുലിയെ പിടിക്കാനെത്തുന്ന നായാട്ടുകാരൻ പുലിയേക്കാൾ വലിയ ശല്യമാകുന്നതാണ് കഥാതന്തുവെന്നു പറഞ്ഞപ്പോൾ പുലിയുമായിട്ടുള്ള ഇടപാടു വേണോ എന്ന് അത്ര താൽപര്യമില്ലാതെയാണ് മമ്മൂട്ടി പ്രതികരിച്ചത്. ഏതായാലും കഥ വികസിപ്പിക്കൂ എന്നിട്ടു നോക്കാം എന്ന് പ്രതീക്ഷയും നൽകി. അങ്ങനെയാണ് മൃഗസമാനനായ വാറുണ്ണിയെന്ന കഥാപാത്രത്തിൽ ഉറങ്ങിക്കിടന്ന മനുഷ്യത്വത്തെ തട്ടിയുണർത്തുന്ന കഥ രൂപപ്പെട്ടത്. 

mrugaya

സംവിധായകനായ ഐ.വി. ശശിയെ ഇതു പറഞ്ഞു ബോധ്യപ്പെടുത്താൻ വല്ലാതെ ബുദ്ധിമുട്ടിയെന്ന് ലോഹിതദാസ് പിന്നീടു പറഞ്ഞിട്ടുണ്ട്. എന്നാൽ ചില രംഗങ്ങൾ വിശദമായി പറഞ്ഞപ്പോൾ അദ്ദേഹത്തിനും ആവേശമായി. മമ്മൂട്ടിയുടെ സുന്ദര മുഖം വികൃതമാക്കിയാൽ പ്രേക്ഷകർ സ്വീകരിക്കില്ലെന്ന് ആദ്യം നിർമാതാവ് വാശിപിടിച്ചെങ്കിലും അവസാനം വഴങ്ങുകയായിരുന്നു. മൃഗയയിലെ കഥാപാത്രത്തെ പ്രേക്ഷകർ മാത്രമല്ല സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിധികർത്താക്കളും അംഗീകരിച്ചു. അങ്ങനെ അദ്ദേഹത്തിന് മികച്ച അഭിനേതാവിനുള്ള സംസ്ഥാന ബഹുമതി ലഭിച്ചു.

തുടർന്നാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കനൽക്കാറ്റിലെ നത്തു നാരായണന്റെ പിറവി. വ്യത്യസ്തമായ മറ്റൊരു കഥാപാത്രം. ടയർ കടക്കാരനായി അഭിനയിക്കുന്ന ശങ്കരാടി പറയുന്നതു പോലെ ‘ആള് ഇത്തിരി ചെറ്റയാണെങ്കിലും നത്തു നല്ലവനാണ് ’. ക്വട്ടേഷനെടുക്കുന്ന നത്ത് നാരായണനിലൂടെ ഹാസ്യവും നന്നായി വഴങ്ങുമെന്നു തെളിയിച്ചു മമ്മൂട്ടി.

കനൽക്കാറ്റ് ഇറങ്ങിയ വർഷം തന്നെയാണ് ഭരതന്റെ സംവിധാനത്തിൽ അമരം പുറത്തിറങ്ങുന്നത്. അരയന്മാരുടെ വേഷം മലയാളത്തിൽ സത്യൻ ഉൾപ്പെടെയുള്ള നടന്മാർ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും വിദ്യാഭ്യാസം നേടാൻ കഴിയാതെ പോയ  അച്ചൂട്ടിയെന്ന കഥാപാത്രം വെറെ ലവലായിരുന്നു. മകളിൽ പ്രതീക്ഷയർപ്പിച്ച്, മകൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നിഷ്‌കളങ്കനായ പിതാവിനെയല്ലാതെ മമ്മൂട്ടിയെന്ന നടനെ ആ ചിത്രത്തിൽ പ്രേക്ഷകർ കണ്ടതേയില്ല. സിനിമ കണ്ടിരുന്നവരെല്ലാം അച്ചൂട്ടിയോടൊപ്പം ആത്മനിർവൃതി കൊണ്ടു. അച്ചൂട്ടിയുടെ സങ്കടം ഹൃദയത്തിലേറ്റുവാങ്ങി കരഞ്ഞു. അച്ചൂട്ടിയെപ്പോലെ സ്‌നേഹത്തിനായി കൊതിച്ചു. മുരളിയോടൊപ്പമുള്ള അഭിനയമുഹൂർത്തങ്ങളിൽ പ്രക്ഷുബ്ധമായ കടൽ പോലെയും ചിലപ്പോൾ കാറ്റൊടുങ്ങും വേളകളിലെ ശാന്തമായ ജലപ്പരപ്പു പോലെയും മമ്മൂട്ടി നിലകൊണ്ടു. അഭിനയത്തിന്റെ കടലാഴങ്ങൾ ഒരു നടൻ മലയാളികളായ പ്രേക്ഷകർക്കു കാട്ടിക്കൊടുത്തുവെന്നു പറയാം.

വാത്സല്യത്തിലെ മേലേടത്തു രാഘവൻ നായരിലെത്തുമ്പോൾ കർഷകനും സ്‌നേഹനിധിയുമായ കുടുംബനാഥൻ മാത്രമായി മാറി മമ്മൂട്ടി. അമരത്തിൽ വികാരത്തിന്റെ കടലിരമ്പിയെങ്കിൽ വാത്സല്യത്തിൽ സങ്കടത്തിന്റെ കടൽ ഉള്ളിൽ തിരയടിച്ചു. സ്‌നേഹത്തിന്റെ വേലിയേറ്റങ്ങളും മുറിവേറ്റവന്റെ വേദനയും അയാളുടെ ഉള്ളിൽ നിന്നു തന്നെ പുറപ്പെടുന്നതായി പ്രേക്ഷകർക്ക് അനുഭവപ്പെട്ടു.  വള്ളുവനാടൻ കുടുംബത്തിലെ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമുള്ള സാധാരണക്കാരനായ വല്യേട്ടന്റെ ചലനങ്ങളും ഭാവവും നോട്ടവും കടുകിട തെറ്റിയില്ല. നിലമുഴുന്നതിനിടെ കല്ല്യാണ ബ്രോക്കറോടു സംസാരിക്കുന്ന രംഗത്തും പാടത്തു നിന്നു നേരെ കയറിവന്ന് ഉണ്ണാനിരുന്നപ്പോൾ അനിയന്റെ ഭാര്യയുടെ പെരുമാറ്റത്താൽ അപമാനിതനാവുന്ന വേളയിലുമെല്ലാം മമ്മൂട്ടി സിനിമാതാരമേ അല്ലാതായി. കേരളത്തിലെ മുഴുവൻ ഗ്രാമീണർക്കും സുപരിചിതനായ ഗൃഹനാഥൻ മാത്രമായിരുന്നു വാത്സല്യത്തിൽ ഈ നടൻ.

പാഥേയത്തിൽ വീണ്ടും ഭരതന്റെ സംവിധാനത്തിൽ കീഴിൽ എഴുത്തുകാരനായ ചന്ദ്രദാസായി വേഷപ്പകർച്ച. വാറുണ്ണിയും നത്തു നാരായണനും നിരക്ഷരനായ അരയനും നാട്ടിൻപുറത്തെ കർഷകനുമൊക്കെയായി പകർന്നാടിയ ഒരാൾ പ്രതിഭാശാലിയായ സാഹിത്യകാരന്റെ വേഷമണിഞ്ഞപ്പോൾ അതിലാർക്കും അത്ഭുതം തോന്നിയില്ല. 1984 ൽ തന്നെ എം.ടി. വാസുദേവൻ നായരുടെ അക്ഷരങ്ങളിൽ ജയദേവൻ എന്ന സാഹിത്യകാരനായി ജീവിച്ചിരുന്നല്ലോ മമ്മൂട്ടി.

mammootty-04

ലോഹിതദാസ് ആദ്യമായി സംവിധാനത്തിലേക്കു കടന്നപ്പോൾ മമ്മൂട്ടിയെപ്പറ്റിയല്ലാതെ മറ്റാരെക്കുറിച്ചും ആലോചിച്ചില്ല. തെന്മലയിൽ ഇലവങ്കോട് ദേശത്തിന്റെ ഷൂട്ടിങ് നടക്കുമപോൾ അഭിമുഖത്തിനായി മുന്നിലിരുന്ന മമ്മൂട്ടി ഏറെ സമയം വാചാലനായത് ചിത്രീകരിക്കാനിരിക്കുന്ന ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ എന്ന കഥാപാത്രത്തെപ്പറ്റിയാണ്. വാച്ച് റിപ്പയറായ വിദ്യാധരനെപ്പറ്റിയുള്ള ലോഹിതദാസിന്റെ വിവരണം അദ്ദേഹത്തെ അത്രയധികം ആവേശംകൊള്ളിച്ചിരുന്നു. സൂക്ഷ്മാഭിനയത്തിലുള്ള തന്റെ കഴിവു മുഴുവൻ മമ്മൂട്ടിയെന്ന അഭിനേതാവ് പുറത്തെടുക്കുന്നുണ്ട് ഭൂതക്കണ്ണാടിയിൽ. മനോവിഭ്രാന്തികളിലേക്കു പോകുമ്പോഴുള്ള ആ മുഖഭാവം മമ്മൂട്ടിക്കു മാത്രം സാധ്യമാകുന്നതാണ്.

മമ്മൂട്ടിയെന്ന അഭിനേതാവിന്റെ സാന്നിധ്യമില്ലായിരുന്നെങ്കിൽ ഒരിക്കലും സംഭവിക്കുമായിരുന്നില്ല മലയാളത്തിലെ പല മികച്ച സിനിമകളും. സംവിധായകൻ ജോഷി പറഞ്ഞതുപോലെ അഭിനയം പ്രാണവായുപോലെയാണ് മമ്മൂട്ടിക്ക്. സ്വാഭാവിക അഭിനയം മാത്രമല്ല, വടക്കൻ വീരഗാഥ, പഴശ്ശിരാജ പോലുള്ള ചിത്രങ്ങളിലെ സ്റ്റൈലൈസ്ഡ് ആക്ടിങും മറ്റാരേക്കാളും വഴങ്ങും മമ്മൂട്ടിക്ക്. ലോകത്തിലെ തന്നെ മികച്ച അഭിനേതാക്കളുടെ നിരയിൽ സ്ഥാനമുണ്ട് മലയാളികളുടെ പ്രിയങ്കരനായ ഈ കലാകാരന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA