ADVERTISEMENT

രണ്ടു വർഷം മുൻപ് ഒരു മഴക്കാലത്താണ് സംവിധായകൻ എ.എൽ. വിജയ് മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദിനെ വിളിക്കുന്നത് : ‘‘അടുത്ത പടം പെരിയ പടം. നായികയുടെ ഫോട്ടോ വാട്സാപ്പിൽ അയയ്ക്കുന്നു. അവരെ ജയലളിതാമ്മയാക്കണം. ഫൈനൽ മേക്കപ്പിന്റെ ഛായാചിത്രമായാൽ ഹിമാചലിൽ കുളുവിൽ പോയി നടിയെ കാണിച്ച് ബോധ്യപ്പെടുത്തണം.’’

 

വാട്സാപ്പെടുത്തു നോക്കുമ്പോൾ കങ്കണ റനൗട്ടിന്റെ കുറച്ചു ചിത്രങ്ങൾ. ഒപ്പം വെളുത്ത സാരിയുടുത്ത ജയലളിതയുടെ കുറെ ഫോട്ടോകളുമുണ്ട്.  അന്നു മുഴുവൻ റഷീദ് പലതും ആലോചിച്ചിരുന്നു. വിജയിയെ തിരിച്ചുവിളിച്ചില്ല. പിറ്റേന്നു വിളിച്ചു : ‘‘വിജയ് സാർ... എന്താണ് ജയലളിതാമ്മയുടെ പ്രത്യേകത? നല്ല വട്ട മുഖം. അൽപം തടിച്ച കവിളുകൾ. അവരുടെ ഫീച്ചേഴ്സ് ഹൈലൈറ്റ് ചെയ്യുന്ന പ്രോസ്തെറ്റിക് മേക്കപ്പാണ് നമുക്കു വേണ്ടത്. നമുക്ക് അമേരിക്കയിലെ ജാസൻ കോളിൻസ്  മേക്കപ്പ് സ്റ്റുഡിയോയുടെ സഹായം തേടാം. ക്യാപ്റ്റൻ മാർവൽ,ബ്ലേഡ് റണ്ണർ തുടങ്ങിയ വമ്പൻ ഹോളിവുഡ് സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചവരാണ്’’

kangana-thalaivi-3

 

എ.എൽ. വിജയും പട്ടണം റഷീദും തമ്മിലുള്ള ബന്ധം വിജയിന്റെ ‘മദിരാശിപ്പട്ടണം’ മുതൽ തുടങ്ങുന്നതാണ്. പിന്നീട് വിജയ് ചെയ്ത ചെറുതും വലുതുമായ ചിത്രങ്ങളിലെല്ലാം പട്ടണമാണ് മേക്കപ്പ്.

thalaivi-kangana-1

രണ്ടാഴ്ചയ്ക്കുള്ളിൽ വിജയ് അമേരിക്കയിലെത്തി ബാൻസ് സംഘത്തെ കണ്ടു. ജയലളിതയുടെ മുഖത്തിലേക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്തെറ്റിക് മേക്കപ്പിന് ഓർഡർ കൊടുത്തു. സിനിമയുടെ ചിത്രീകരണം തുടങ്ങും മുൻപ് വിജയ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. 2019 നവംബറിൽ. തലൈവി എന്ന സിനിമയുടെ ആദ്യ പോസ്റ്റർ.  പ്രേക്ഷകർ അത് ഏറ്റെടുത്തത് ട്രോളിലൂടെയായിരുന്നു. തലങ്ങും വിലങ്ങും പരിഹാസം. 10 കിലോ മേക്കപ്പിട്ടാൽ കങ്കണ ജയലളിതയാകില്ലെന്നായിരുന്നു ഒരു വിമർശനം. ഇതിലും ഭേദം കമൽഹാസനായിരുന്നുവെന്ന് മറ്റു ചിലർ. കങ്കണയിൽ നിന്നു പുറപ്പെടുകയും ജയലളിതയിൽ എത്താതിരിക്കുകയും ചെയ്ത മേക്കപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ പട്ടണം റഷീദും സംവിധായകനും വീണ്ടും ഒന്നിച്ചിരുന്നു.

arvind-samy-pattanam

 

‘‘ പ്രോസ്തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവൻ സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയുടെ പശ്ചാത്തലത്തിൽ അത് വ്യത്യസ്തമാണ്. നടീനടൻമാരെ ഗാഢമായി സ്നേഹിക്കുന്നവരാണ് നമ്മുടെ പ്രേക്ഷകർ. അവർ കഥാപാത്രത്തെ സ്വീകരിക്കുന്നതിനൊപ്പം അതിനുള്ളിലെ നടനെയും നടിയേയും സ്നേഹിക്കുന്നവരാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കണ്ണിമ ചലനങ്ങൾ പോലും അവർക്ക് ഹൃദിസ്ഥമാണ്. അപ്പോൾ കഥാപാത്രത്തിന്റെ പൂർണതയ്ക്കാണെങ്കിലും പ്രോസ്തെറ്റിക് മേക്കപ്പിലൂടെ അതു മറച്ചാൽ അമിതമായ മേക്കപ്പെന്നു വിമർശനം വരും. അതായിരുന്നു ഇവിടെയും സംഭവിച്ചത്. ജാസൻ കോളിൻസ് ലോകോത്തര സംഘമാണ്. അവരുടെ രീതികളും ശരിയാണ്. പക്ഷേ ’’– പട്ടണം റഷീദ് വിലയിരുത്തി.

 

pattanam-swamy

കങ്കണയുടെ കവിളിലേക്കെത്തി വീണ്ടും കാര്യങ്ങൾ. കവിളിനു പുറമെയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളിൽ ക്ലിപ്പ് ചെയ്ത് വീർപ്പിക്കുന്ന രീതിയാണ് പിന്നീട് വിജയിച്ചത്. ഡോ. അംബേദ്കർ എന്ന ചിത്രത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിക്രം ഗെയ്ക്‌വാദ് മമ്മൂട്ടിയുടെ കവിൾ കുറച്ചുകൂടി വലുതാകാൻ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയിരുന്നു. ആ പരീക്ഷണം വിജയകരമായി. അങ്ങനെ കങ്കണ ജയലളിതയിലേക്ക് അനായാസം രൂപപരിണാമം നടത്തി.

mgr-2

 

‘‘കഠിനാധ്വാനിയാണ് കങ്കണ. മൂന്നു മണിക്കൂർ നീളുന്നതായിരുന്നു നിത്യവും ‘തലൈവി ’യുടെ മേക്കപ്പ്. സുരക്ഷാഭീഷണിയുള്ളതിനാൽ 6 കരിമ്പൂച്ചകളാണ് കങ്കണയ്ക്കൊപ്പമുള്ളത്. ജയലളിതയുടെ പല ജീവിതകാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നതിനാൽ പല രൂപങ്ങളായിരുന്നു. മുഖ്യമന്ത്രിയായശേഷം 20 കിലോ വരെ തൂക്കം കൂടുന്നുണ്ട് ജയലളിതയ്ക്ക്. കങ്കണയെ തടി തോന്നിക്കുന്ന സ്യൂട്ട് ധരിപ്പിച്ച ശേഷം അതിൽ കോസ്റ്റ്യൂം ചെയ്യുകയായിരുന്നു ദേശീയ അവാർഡ് ജേതാവായ കോസ്റ്റ്യൂമർ നീത ലുല്ല’’ – പട്ടണം ചൂണ്ടിക്കാട്ടി.

 

‘‘കോവിഡ് കാലത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. സെറ്റിലുള്ള പലരെയും കങ്കണ കയ്യയച്ചു സഹായിച്ചു. ലക്ഷക്കണക്കിനു രൂപ സഹപ്രവർത്തകർക്കു സഹായമായി അവർ കൊടുത്തു’’– പട്ടണം റഷീദ് പറയുന്നു. 

 

ചിത്രത്തിൽ 40 ലേറെ പ്രധാന കഥാപാത്രങ്ങളുടെയും നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളുടെയും മേക്കപ്പ് ചെയ്തത് പട്ടണം റഷീദിന്റെ സംഘമാണ്. ജയലളിത കഴിഞ്ഞാൽ ഏറെ വെല്ലുവിളി നേരിട്ടത് എംജിആർ ആയി അഭിനയിച്ച അരവിന്ദ് സ്വാമിയുടെയും കരുണാനിധിയുടെ വേഷമിട്ട നാസറിന്റെയും റോളുകളായിരുന്നു.

 

‘‘എംജിആറും പല കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. സിനിമയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഗെറ്റപ്പ്.  എവിടെയും സുന്ദരനായി മാത്രമേ നമുക്കദ്ദേഹത്തെ കാണാൻ കഴിയൂ. പ്രായം കൂടുന്തോറും തലയുടെ മുന്നിൽ കഷണ്ടി വന്നു. പ്രഭുദേവയുടെ സഹോദരൻ രാജു സുന്ദരമാണ് എംജിആറിന്റെ ഡാൻസ് സ്റ്റെപ്പുകൾ അരവിന്ദ് സ്വാമിയെ പഠിപ്പിച്ചത്. എംജിആർ മരിക്കുമ്പോൾ തടി കൂടി ഇരട്ടത്താടിയുമുണ്ടായിരുന്നു. പലതരം വിഗുകളാണ് ഇതിനായി ചെയ്തത്.  എന്നാൽ നാസർ സാറിനെ കരുണാനിധിയാക്കുന്നതെങ്ങനെ എന്നെനിക്കൊരു പേടിയുണ്ടായിരുന്നു. നാസറിന്റെ മൂക്ക് പ്രശ്നമാണല്ലോ. എന്നാൽ അദ്ദേഹവും അനായാസം കലൈഞ്ജറായി ’’.

 

‘തലൈവി’ പട്ടണം റഷീദിന്റെ ഏറ്റവും വലിയ പ്രോജക്ടാണ്.  കങ്കണയുടെയും വിജയ്‌യുടെയും ഏറ്റവും വലിയ ചിത്രവുമാണ്. 90 കോടി ചെലവിട്ട സിനിമ 120 കോടി റിലീസിനു മുൻപ് ബിസിനസ് ചെയ്തതായാണ് അണിയറ വാർത്തകൾ. എന്നാൽ ബ്രഹ്മാണ്ഡ സിനിമയോ ബോളിവുഡ് നായികയോ ഒന്നുമല്ല റഷീദിനെ ആഹ്ലാദിപ്പിക്കുന്നത്. അത് സിനിമയുടെ പ്രിവ്യൂ കണ്ടശേഷം അരവിന്ദ് സ്വാമി അയച്ച മെസേജാണ് : ‘‘ഞാൻ എന്റെ മുഖം മാത്രമല്ലേ നിങ്ങൾക്കു തന്നുള്ളൂ. നിങ്ങൾ തിരിച്ചു നൽകിയത് സാക്ഷാൽ പുരട്ചി തലൈവറെയാണ്. താങ്ക്യു....’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com