‘ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ’: മലയാളിക്ക് ആരാണ് സലിംകുമാർ

salim-kumar-2
SHARE

‘എനിക്ക് ആരാണ് സലിംകുമാര്‍’, ഈ ചോദ്യം ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. വെറും നാല് ദശകം മാത്രം പിന്നിട്ട എന്റെ ഈ ചെറിയ ജീവിതകാലത്ത് കഥാപാത്രസാന്നിധ്യങ്ങളായി കാല്‍നൂറ്റാണ്ടോളം ഒപ്പം സഞ്ചരിച്ച ഒരാള്‍. അപരിചിതമായ വ്യക്തിജീവിതത്തിനപ്പുറത്ത് സഹജീവിയായി ഒപ്പം കൂടുകയും ആശ്വാസവും ആഹ്ലാദവും ആവേശവും സാന്ത്വനവുമൊക്കെയായി തൊട്ടുതഴുകിയ പല വേഷങ്ങളില്‍ തകര്‍ത്താടിയ ഒരാള്‍. കഥാപാത്രമായി നിറഞ്ഞാടിക്കഴിഞ്ഞ് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോഴും വ്യക്തിയെന്ന നിലയില്‍ ഓരോ നിമിഷവും ഒട്ടിപ്പിടിച്ചൊപ്പം നിര്‍ത്താന്‍ കൊതിപ്പിക്കുന്ന മനുഷ്യന്‍.

സലിംകുമാര്‍

വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകരയെന്ന ഗ്രാമത്തില്‍ നിന്ന് ഇന്ത്യയോളം വളര്‍ന്ന നടനാണ് സലിംകുമാര്‍.  ജീവിത ദുരിതങ്ങളുടെ കെട്ടുഭാണ്ഡവുമായി സിനിമയിലേക്ക് നടന്നുകയറിയ ആള്‍. അതിനപ്പുറത്ത് കെട്ടിയാടിയ വേഷങ്ങളുടെ പിന്‍ബലത്തില്‍ മലയാളി ഒരു പൊട്ടിച്ചിരിയോടെയാണ് സലിംകുമാര്‍ എന്ന പേരിനെ വരവേല്‍ക്കുക. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാളിയെ ഏത് പ്രതിസന്ധിയിലും ദുരിതത്തിലും തിരിച്ചടിയിലും കരകയറാന്‍ പ്രചോദനമാകുന്ന ചിരിയുടെ ഒരു ഓവര്‍ബ്രിഡ്ജായി നിൽക്കുകയാണ് സലിംകുമാര്‍. താഴെക്കൂടി എന്തെല്ലാം തീ വണ്ടികള്‍ കടന്നുപോയാലും ഏതെല്ലാം കണ്ണീർച്ചാലുകൾ ഒഴുകിപ്പോയാലും അതിനെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് ആ ഓവര്‍ബ്രിഡ്ജിലൂടെ ചിരിവണ്ടികള്‍ തിരിഞ്ഞുംമറിഞ്ഞും പാഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ സലിംകുമാര്‍ ഒരു അതിജീവന വണ്ടിയായി മാറുന്നു.

നടന്‍

25 വര്‍ഷം മുമ്പ് നടനായി അരങ്ങേറ്റം കുറിച്ച ‘ഇഷ്ടമാണ് നൂറുവട്ടത്തിന്’ ശേഷം പല നിലയില്‍ ചിരിയുടെ വേഷപ്പകര്‍ച്ചകള്‍ സലിംകുമാറിനുണ്ടായി. കുറച്ചുകാലത്തിനുള്ളില്‍ പ്രേക്ഷക മനസ്സില്‍ ഒരു തേരോട്ടം നടത്തിയ സലിംകുമാര്‍. കോമഡി നടനെന്ന പ്രതിഷ്ഠയെ ഉറക്കം നഷ്ടപ്പെടുത്തിയ അച്ഛനുറങ്ങാത്ത വീടിലെ അച്ഛനായും ആദാമിന്റെ മകന്‍ അബുവായും ഒക്കെ സ്വയം തകര്‍ത്തു അദ്ദേഹം.

ഭയ്യ ഭയ്യ സിനിമയുടെ ലൊക്കേഷനിൽ നിന്നും

നടനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് സൂക്ഷിച്ച വ്യക്തികൂടിയാണ് അദ്ദേഹം. മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് ശേഷം മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചപ്പോള്‍ വിയോജിപ്പുകളോടെയാണ് അത് സ്വീകരിച്ചത്. ഹാസ്യനടന് അവാര്‍ഡ് നല്‍കുന്നതിനെ കുറിച്ച് അദ്ദേഹത്തിന്റ നിലപാടിങ്ങനെ, ‘നവരസങ്ങളാണ് അഭിനയത്തിലുള്ളത്, എല്ലാം ഒത്തിണങ്ങിയവനാണ് നല്ല നടന്‍. അങ്ങനെയൊരു അവാര്‍ഡ് കൊടുക്കുന്നുമുണ്ട്. അതിനിടയിലാണ് മികച്ച ഹാസ്യ നടുള്ള അവാര്‍ഡ് കൊടുക്കുന്നത്. അങ്ങനെയാണെങ്കില്‍ ബാക്കി രസങ്ങൾക്കും അവാര്‍ഡ് കൊടുക്കണം. മികച്ച ശൃംഗാരപ്പന്‍, കരുണപ്പന്‍, രൗദ്രപ്പന്‍ തുടങ്ങിയ പേരുകളിട്ട് നവരസങ്ങൾക്ക് അവാര്‍ഡ് കൊടുക്കണം. ദേശീയ അവാര്‍ഡ് കിട്ടിയതിന്റെ അഹങ്കാരമായി കരുതണ്ട എന്ന് കരുതി മാത്രമാണ് അന്നത്തെ പുരസ്‌കാരം സ്വീകരിച്ചത്. (ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ എന്ന പുസ്തകത്തില്‍ നിന്ന്)

ചട്ടലംഘകന്‍

കലാകാരന്‍ ഒരു കലാപകാരിയാണെന്നാണ് പറയാറുള്ളത്. ആ അർഥത്തില്‍ സലിംകുമാര്‍ ഒരു കലാപകാരിയാണ്. ഉള്ളിലുള്ളതെല്ലാം തുറന്നു പറയുന്നത് സിനിമാതാരങ്ങൾക്ക് പറഞ്ഞിട്ടുള്ള പരിപാടിയേ അല്ല. അത്തരം പറച്ചിലുകളില്‍ ഒഴുകിപ്പോകാവുന്നത് നല്ല നല്ല അവസരങ്ങളായിരിക്കും. സിനിമയിലെ ആറാംതമ്പുരാക്കന്മാര്‍ക്ക് സുഖിക്കുന്ന അഭിപ്രായങ്ങളേ എല്ലാക്കാലത്തും പറയാന്‍ പാടുള്ളൂ എന്നാണ് പൊതുചട്ടം. എന്നാല്‍ സലിംകുമാര്‍ ഈ ചട്ടങ്ങളെക്കാലത്തും ലംഘിക്കും. പൊതുവേ സിനിമാക്കാരുടെ രാഷ്ട്രീയമായി പറയപ്പെട്ട ഇടതുപക്ഷനിലപാട് തള്ളിക്കൊണ്ട് കോണ്‍ഗ്രസ് അനുകൂല നിലപാട് പ്രഖ്യാപിക്കും. അമ്മ സംഘടനയ്ക്കകത്തെ അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിക്കും. രാഷ്ട്രീയ നിലപാടിന്റെ തുടര്‍ച്ചയായി വേണ്ടി വന്നാല്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കും. സിനിമാ അവാര്‍ഡ് തീരുമാനത്തിലെ നിതീകേടിനെതിരെ കോടതിയെ സമീപിക്കും. ഇങ്ങനെ അനീതി കണ്ടാല്‍ അടങ്ങിയിരിക്കുന്ന ആളല്ല. ഈ 25 വര്‍ഷത്തിനുള്ളില്‍ മുഖം നോക്കാതെ നിലപാട് പറയുന്നതില്‍ സലിംകുമാർ ഒരുവിട്ടുവീഴ്ചയും ചെയ്തിട്ടില്ല. അങ്ങനെ ഒരു നിരന്തരകലാപകാരിയായി അടയാളപ്പെടുത്തപ്പെട്ടു സലിംകുമാര്‍.

salimkumar-22

മലയാളിക്കൊപ്പം

മലയാളി ജീവിതം പ്രതിസന്ധിയുടെയും ആഹ്ലാദത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ വഴികളിലൂടെ തട്ടിയും മുട്ടിയും മുന്നേറുമ്പോള്‍ ഒരുനിരന്തര സാന്നിധ്യമായി സലിംകുമാര്‍ കൂടെ സഞ്ചരിക്കുന്നുണ്ട്. നിത്യജീവിതത്തിലെ വിമര്‍ശനാത്മകമായ ആശയസംവേദനത്തിന് പഴഞ്ചൊല്ലുകളെയും കടങ്കഥകളെയും ഒക്കെ കൂട്ടുപിടിച്ച ഒരുകാലമുണ്ടായിരുന്നു മലയാളിക്ക്. അതിലേക്ക് പിന്നീട് കുഞ്ചന്‍ നമ്പ്യാരുടെ പ്രയോഗങ്ങളും ആക്ഷേപങ്ങളും കടന്നുകയറി സജീവസാന്നിധ്യമായി. പിന്നീട് ബഹുജനമാധ്യമമായി സിനിമ കടന്നുവന്നപ്പോള്‍ ശ്രീനിവാസന്റെ പ്രയോഗങ്ങൾ മലയാളിയുടെ ഇഷ്ടവിഭവമായി.

salimkumar-32

പ്രതിസന്ധികളില്‍, ഏകാന്തതകളില്‍, നിഷേധങ്ങളില്‍, തളര്‍ച്ചകളില്‍, കുടുംബത്തില്‍, രാഷ്ട്രീയത്തില്‍, അതിജീവനശ്രമങ്ങളില്‍ ഒക്കെ ഭാഷയുടെ സഹായം തേടുന്ന മലയാളിക്ക് മുന്നില്‍ ഒടുവില്‍ സലിംകുമാറും ഇടംപിടിച്ചു. നിത്യജീവിതത്തില്‍ ഒരിക്കലെങ്കിലും സലിംകുമാറിന്റെ സിനിമാ പ്രയോഗങ്ങള്‍ ഇടംപടിക്കാതിരിക്കില്ല.

രാഷ്ട്രീയജീവിതങ്ങളിലെ ട്വിസ്റ്റുകള്‍

എന്റെ സറ്റയര്‍ ജീവിതത്തിനിടെ ഡെമോക്രെയ്‌സിയും ചിത്രം വിചിത്രവും പോലുള്ള ആക്ഷേപഹാസ്യപരിപാടിയില്‍ സാമൂഹ്യപ്രശ്‌നങ്ങളെയും രാഷ്ട്രീയ സംഭവങ്ങളെയുമൊക്കെ വിമർശനാത്മകമായി സമീപിക്കുമ്പോള്‍ സലിംകുമാറിന്റെ സിനിമാപ്രയോഗങ്ങള്‍ കടന്നവരാത്ത ദിവസങ്ങളില്ല. സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളായി ഓരോ മണിക്കൂറിലും സലിംകുമാര്‍ കടന്നുവരും. രാഷ്ട്രീയത്തില്‍ വമ്പന്‍ സംഭവഗതികളുണ്ടാകുമ്പോള്‍ പോക്കിരിരാജയിലെ നോവലിസ്റ്റ് പറയുമ്പോലെ ട്വിസ്റ്റുകളുടെ രൂപത്തിലവതരിപ്പിക്കും. 

എല്ലാംതകര്‍ന്നടിയുമ്പോള്‍ പുലിവാൽ കല്യാണത്തിലെ കത്തിപ്പോയ പടക്കക്കടയെ കുറിച്ചുള്ള മണവാളന്റെ സംഭാഷണത്തെ ആശ്രയിക്കേണ്ടിവരും. വെല്ലുവിളിക്കാന്‍ പോയി കുഴിയില്‍ ചാടിയ നേതാക്കളെ കാണുമ്പോള്‍ മീശമാധവിനെ വക്കീല്‍ ചാണക്കുഴിയിൽ ചാടിയത് ഓർമ വരും. അങ്ങനെ കാല്‍ നൂറ്റാണ്ടിനിടയില്‍ പറഞ്ഞാല്‍ മതിവരാത്ത എത്രയെത്ര കഥാപാത്രങ്ങളാണ് സലിംകുമാര്‍ അവതരിപ്പിച്ചുവച്ചിട്ടുള്ളത്.

നിസ്സഹായതകളിലെ സലിംകുമാര്‍

മനുഷ്യജീവിതത്തിന്റെ അതിതീവ്രമായ നിസ്സഹായതകളെ ഇത്രയാഴത്തില്‍ അവതരിപ്പിച്ച മറ്റൊരാളില്ല. ജീവിതം നിരര്‍ഥകതയുടെ പടുകുഴിയാണ് എന്ന് ബോധ്യപ്പെടുന്ന നിസ്സഹായമായ നിമിഷങ്ങളില്‍ എപ്പോഴും കടന്നുവരുന്ന ഒരു മുഖമാണെനിക്ക് സലിംകുമാറിന്റേത്. സ്തംഭിച്ചുനിന്നുപോകുന്ന ഘട്ടങ്ങളില്‍ ആശ്വാസമായെത്തുന്ന എത്രയെത്ര സംഭാഷണ ശകലങ്ങള്‍.

ഖുദാ ഗവാ

വ്യക്തിജീവിതത്തിലും ഇത് സാധാരണ കാര്യമാണ്. ഉദാഹരണത്തിന് നമ്മുടേതൊക്കെ പ്രതിമാസ വായ്പാ തിരിച്ചടവ് ജീവിതമാണല്ലോ. ചില മാസങ്ങളില്‍ അത് മുടങ്ങല്‍ ജീവിതവുമാണ്. ഹോംലോണ്‍, കാര്‍ലോണ്‍, ബൈക്ക് ലോണ്‍, പേഴ്‌സണല്‍ ലോണ്‍, കുറി തുടങ്ങി പ്രതിമാസ അടവ് ദിവസങ്ങളുണ്ട്. ഏറ്റവും വലിയ ലോണ്‍ ഹോം ലോണാണ്. ചില മാസങ്ങളില്‍ അത് മുടങ്ങിപ്പോകും. അവസാന നിമിഷം വരെ ട്രൈ ചെയ്യും. മുടങ്ങാതിരിക്കാന്‍ അവസാന നിമിഷം വരെ നടത്തുന്ന ആ ശ്രമത്തിനൊടുവില്‍ ഭാര്യയുടെ ചോദ്യം വരും. എന്തായി. അതിനൊരു മറുപടിയുണ്ട്. ഈ മാസത്തെ ലോണ്‍ ഖുദാ ഗവാ എന്നൊരു മറുപടിയില്‍ എല്ലാമുണ്ടാകും.

ഫയഫോഴ്‌സിനും നന്ദി

ആവേശത്തോടെ ഏറ്റെടുക്കുകയും ഒടുവല്‍ പലരും കുഴപ്പത്തിലാകുകയും പദ്ധതിയാകെ പൊളിഞ്ഞുപോകുകയും ചെയ്യുന്ന കണക്കില്ലാത്ത സംഭവങ്ങള്‍ നിത്യജീവിതത്തില്‍ സാധാരണയാണ്. തൊട്ടടുത്ത ഫ്‌ളാറ്റിലെ വയറിങ് പ്രശ്‌നം തീര്‍ക്കാന്‍ പോയി കുരുക്കിലായ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. സകല പ്ലഗ്ഗുകളും സ്വിച്ചുകളും അഴിച്ചെടുത്ത് പരിഹാരം വാരിവലിച്ചിട്ട പലഹാരം പോലെ കുഴപ്പത്തിലായി. ഒടുവില്‍ ഫ്‌ളാറ്റിലെ ഔദ്യോഗിക വയര്‍മാന്‍ വന്നാണ് എല്ലാം ശരിയാക്കിയത്. പ്രശ്‌നപരിഹാരത്തിന് ശേഷം ആകെ നാണം കെട്ട കൂട്ടുകാരന്‍ ഒന്ന തൊണ്ട നേരെയാക്കിക്കൊണ്ട് പറഞ്ഞത് സലിംകുമാറിന്റെ ആ ഡയലോഗാണ്, ''സഖാക്കളെ  എന്നുതുടങ്ങി ഇത്രയും നേരം ഞങ്ങളോട് സഹകരിച്ച ഫയര്‍ഫോഴ്‌സിനും വയര്‍മാനും നന്ദി എന്നതുവരെയുള്ള പൊട്ടിച്ചിരിപ്പിച്ച സംഭാഷണം. 

എന്തിനോ തിളക്കുന്ന സാമ്പാര്‍

ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് ഏറെ പ്രതീക്ഷയോടെ ഒരു ജോലിയുടെ അഭിമുഖ പരീക്ഷയ്ക്ക് പോയി. പുറത്തുകാത്തിരിക്കുകയായിരുന്നു ഞാനും മറ്റൊരു കൂട്ടുകാരനും. ഉദ്യോഗാർഥികളെ അകത്തേക്ക് കടത്തിവിടുന്ന അറ്റന്‍ഡറുമായി സംസാരിച്ചപ്പോഴാണ് നിയമിക്കേണ്ടയാളെ നേരത്തെ കണ്ടുവച്ചിട്ടുണ്ടെന്നും ഇതൊരു പ്രഹസനമാണെന്നും മനസ്സിലായി. അഭിമുഖം കഴിഞ്ഞ് ആവേശത്തോടെ പുറത്തേക്ക് കടന്നുവന്ന സുഹൃത്തിനെ നോക്കി കൂട്ടുകാരന്‍ പറഞ്ഞു എന്തിനോ വേണ്ടിതിളയ്ക്കുന്ന സാമ്പാര്‍. ജീവിതത്തിന്റെ അസ്തിത്വ ശൂന്യതകളെ ഇത്രയാഴത്തില്‍ ആവിഷ്‌കരിച്ച മറ്റൊരു സംഭാഷണവും മലയാളത്തിലുണ്ടെന്ന് തോന്നുന്നില്ല.

എന്തിന്?

അണ്ണന്‍ തമ്പിയിലെ പൊലീസുകാരന്‍ കൈമലര്‍ത്തി ചോദിക്കുന്ന ആ ചോദ്യം പലപ്പോഴും എനിക്ക് തുണയായിട്ടുണ്ട്. വൈകാരികാവേശത്തോടെ സംഘര്‍ഷാന്തരീക്ഷങ്ങളില്‍ ഇടപെടാന്‍ വെമ്പുന്ന നിമിഷങ്ങളില്‍ ‘എന്തിന്’ എന്ന ചോദ്യം അറിയാതെ കടന്നുവരും.  സംഘര്‍ഷാനന്തരം നാമെത്തിപ്പെടുന്ന പ്രശ്‌നങ്ങളെ കുറിച്ചോര്‍ക്കും. അതുകൊണ്ട് അത്തരംസംഘര്‍ഷങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ചോദ്യമായി സലിംകുമാറിന്റെ എന്തിന് എന്ന ചോദ്യം ഉയിര്‍ത്ത് നില്‍ക്കും.

എന്റെ ഭാഗത്തും തെറ്റുണ്ട് !

ഓഫിസില്‍ നിന്ന് ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക് നടന്നുപോവുകയായിരുന്നു. ഒപ്പം ഒരു സഹപ്രവര്‍ത്തകനുമുണ്ട്. റോഡിലൂടെയുള്ള നടത്തത്തിനിടയില്‍ എതിരേ വന്ന വാഹനം മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ അതിവേഗം കടന്നുപോയി. പേടിച്ചരണ്ട് പോയ നിമിഷം. ആ ഷോക്കില്‍ നിന്നെണീക്കുംമുമ്പ് കൂട്ടുകാരന്‍ പറഞ്ഞു, സലിം കുമാര്‍ പറഞ്ഞ ആ ഡയലോഗ്. ''എന്റെ ഭാഗത്തും തെറ്റുണ്ട്. മോട്ടോര്‍വാഹന നിമയപ്രകാരം വാഹനം റോഡിന്റെ ഇടതുവശത്തൂടെ സഞ്ചരിക്കുമ്പോള്‍ നമ്മള്‍ വലതുവശത്തുകൂടി വേണം നടന്നുപോകാന്‍. '' ആ ഷോക്ക് ചിരിയാകാന്‍ ഒരു സെക്കൻഡേ വേണ്ടി വന്നുള്ളൂ.

ആരാണ് ഞാന്‍?

എന്റെ പ്രയത്‌നങ്ങൾക്ക് മൂല്യമില്ലാതാകുന്ന നിമിഷത്തില്‍, നമ്മളകപ്പെടുന്ന പ്രശ്‌നത്തില്‍ ഒറ്റപ്പെടുന്ന നേരത്ത്, നമ്മള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന നേരത്ത്, പരിഗണിക്കപ്പെടാന്‍ പോലും യോഗ്യമല്ലെന്ന് ചുറ്റുപാടുകള്‍ സാക്ഷ്യപ്പെടുത്തുന്ന നേരത്ത് ഒക്കെ നിസ്സഹായതയുടെ ഉച്ചിയിലിരുന്നു കൊണ്ട് ഹാപ്പി ഹസ്ബന്റ്സിലെ ആ ചോദ്യം എന്നെ അലോസരപ്പെടുത്താറുണ്ട്. ‘ആരാണ് ഞാന്‍ ?’

നിരപരാധിനി

ഭാഷയിലെ വാക്കുകളില്‍ നടത്തിയ ചില അപനിര്‍മാണങ്ങള്‍ എടുത്തുപറയണം. കുറ്റം ചെയ്യാത്ത ആള്‍ എന്നതിന് നിരപരാധിനി എന്ന സ്ത്രീലിംഗപദവും നിരപരാധി എന്ന പുല്ലിംഗപദവുമാണ് മലയാളത്തില്‍ പൊതുവേ സ്വീകരിച്ചുപോരുന്നത്. പുല്ലിംഗങ്ങളുടെ കൂടെ ഇകാരംചേര്‍ത്താണ് പലപ്പോഴും സ്ത്രീലിംഗപദമുണ്ടാക്കാറുള്ളത്. അതും ഒരു പുരുഷാധിപത്യപ്രവണതയായി ഭാഷാ ശാസ്ത്രഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് നിരപരാധിനി എന്ന സ്ത്രീലിംഗപദത്തില്‍ നിന്ന് സ്വതന്ത്രമായി പുതിയൊരു പുല്ലിംഗപദം സലിംകുമാറിന്റെ വായില്‍ നിന്ന് മായാവിയിലൂടെ നമ്മല്‍ കേട്ടത്.

''ഇന്ദുനിരപരാധിനിയാണ് എന്നതുപോലെ തന്നെ ഇവനും നിരപരാധനാണ്''

നിരപരാധി എന്ന പുല്ലിംഗപദത്തില്‍ നിന്നുണ്ടായതാണ് നിരപരാധിനി എന്ന വാക്ക്. ഈ കാഴ്ചപ്പാടിനെ തകര്‍ത്തുകൊണ്ട് നിരപരാധിനി എന്ന സ്ത്രീലിംഗപദത്തില്‍ നിന്ന് പുതിയൊരു പുല്ലിംഗപദമുണ്ടായിരിക്കുന്നു. ഒരർഥത്തില്‍ പുരുഷാധിപത്യഭാഷാനിർമിതിക്ക് മേലടിച്ച ഒരടിയാണത്.

mammootty-salim-kumar

ഒരുപക്ഷേ സംഭാഷണങ്ങളും സാഹചര്യങ്ങളും ഒക്കെ സിനിമയില്‍ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയുമൊക്കെ സര്‍ഗാത്മകതയിലുരുത്തിരിയുന്നതായിരിക്കാം. എന്നാല്‍ സലിംകുമാറിലൂടെ അത് കടന്നുവരുമ്പോള്‍ അതില്‍ തനിമയും ശക്തിയും അധികമായി കാണാന്‍കഴിയുന്നുണ്ട് എന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. അതുകൊണ്ട് കൂടിയാകണം ഇതെല്ലാം സലിംകുമാര്‍ എന്ന നടനിലൂടെ അറിയപ്പെടുന്നതും. അങ്ങനെ വര്‍ത്തമാനകാലത്ത് അദ്ദേഹത്തിന്റേതായ കഥാപാത്രങ്ങള്‍ സിനിമകളിലൂടെ പുതുതായി പ്രത്യക്ഷപ്പെട്ടാലും ഇല്ലെങ്കിലും ചെയ്തുവച്ച കഥാപാത്രങ്ങളുടെ പുനരവതാരങ്ങളായി സലിംകുമാര്‍ മലയാളിക്ക് മുന്നില്‍ എപ്പോഴും എത്തിക്കൊണ്ടിരിക്കും.

എവിടെ തിരിഞ്ഞുനോക്കിയാലും

ചുറ്റുപാടുകളില്‍ എവിടെ തിരിഞ്ഞുനോക്കിയാലും അവിടെയെല്ലാം ഒരു സലിംകുമാര്‍ കഥാപാത്രം കാണാം. ക്ലാസിക് മലയാളി പ്രതിനിധികളെ കാണാം. രാഷ്ട്രീയക്കാരനും മുതലാളിയും തൊഴിലാളിയും ഉഴപ്പനും അളിയനും വക്കീലും പൊലീസുകാരനും ദളിതനും ദുഃഖിതനും അച്ഛനും കൂട്ടുകാരനും കാമുകനും ജാരനും നിസ്സഹായനും ഒക്കെയായി.

നമ്മളൊന്ന് കോടതി വ്യവഹാരങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ ചുറ്റും കാണുന്ന വക്കീലന്മാരായി മീശമാധവനിലെ മുകുന്ദനുണ്ണി കടന്നു വരും. മുതളാളിയെ ഭീഷണിപ്പെടുത്തി അധ്വാനവർഗസിദ്ധാന്തം നാഴികയ്ക്ക് നാല്‍പത് വട്ടം ഉരുവിടുന്ന മടിയന്‍ തൊഴിലാളിയായി കുഞ്ഞിക്കൂനനിലെ ചന്ദ്രനെ കാണാം. 

എല്ലാടിയത്തും പുതിയ പ്രതിസന്ധികളുമായി വെല്‍ക്കം എന്ന ഇംഗ്ലിഷ് വാക്കുകളിലെ അക്ഷരങ്ങളുടെ മുന്നില്‍ സ്തംഭിച്ചു നില്‍ക്കുന്ന കല്യാണരാമനിലെ പ്യാരി നമ്മുടെ നാട്ടുകാരനായിരിക്കും. സകല കുടുംബങ്ങളിലും കലഹമുണ്ടാക്കുകയും ഇറങ്ങിപ്പോകുകയുംവീണ്ടും കയറി വരികയും ചെയ്യുന്ന അളിയന്മാരുടെ മുഖവുമായി തിളക്കത്തിലെ ഓമനക്കുട്ടന്‍ എത്തും.

നാട്ടിലെ മരംമുറിക്കാരുടെയും വളവിൽപ്പനക്കാരന്റെയും മേസ്തിരിമാരുടെയും ഒക്കെ അസിസ്റ്റന്റായി കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഉസ്മാനെ കാണാം. പ്രതിഭാധനമായ ഭൂതകാലത്തിന്റെ ഓർമകളും പേരും കള്ളുകുടിച്ചു നടക്കുന്ന അസാമാന്യകഴിവുള്ള ഗ്രാമഫോണിലെ തബലഭാസ്‌കരനെ കാണാം. ആന്തരികമായ ദാര്‍ശനിക മൂര്‍ച്ചയോടെ തോക്കുചൂണ്ടി പൊട്ടിച്ചിരിക്കുന്ന സിഐഡി മൂസയിലെ ഭ്രാന്തനെ കാണാം.

വമ്പന്‍ ലക്ഷ്യങ്ങളുമായി ലക്ഷക്കണക്കുകൾ പറഞ്ഞുകൊണ്ട് പൊളിഞ്ഞുപാളീസായി നടക്കുന്ന പുലിവാല്‍ കല്യാണത്തിലെ മണവാളന്‍മാരെ കാണാം. ഒരിക്കല്‍ ലഭിച്ച അംഗീകാരത്തിന്റെ ബലത്തില്‍ ജീവിതം മുഴുവന്‍ പഴയ നമ്പറുകളുമായി നടക്കുന്ന ചതിക്കാത്ത ചന്തുവിലെ വിക്രമിനെ കാണാം. ഉണ്ണുകയും ഉറങ്ങുകയും  പിന്നെ മനുഷ്യനെ കുഴപ്പത്തിലാക്കുന്ന അഭിപ്രായം മാത്രം പറയുകയും ചെയ്യുന്ന അപെരുമഴക്കാലത്തിലെ ആമു ഇളയപ്പനെ കാണാം.

ചെറിയ ജീവിതത്തിനിടയിലും കൈ പിടിച്ചുയര്‍ത്തിയവനെ നന്ദിയോടെ ഓര്‍ക്കുന്ന ഉദയനാണ് താരത്തിലെ നിഷ്‌കളങ്കനായ  റഫീഖിനെ കാണാം. പഴയകാല ഗുണ്ടാജീവിതത്തിന്റെ ചെലവില്‍ ജീവിക്കുന്ന തൊമ്മനും മക്കളിലെ രാജാക്കണ്ണിനെകാണാം. കൂട്ടുകാരന്റെ കുഴപ്പങ്ങളുടെ തിരിച്ചടികളേറ്റുവാങ്ങാൻ വിധിക്കപ്പെട്ട പാണ്ടിപ്പടയിലെ ഉാമാംഗദനെ കാണാം. ലോകത്തിലേറ്റവും വലിയവന്‍ ആനപ്പാപ്പാനാണെന്ന് വിശ്വസിച്ചു നടക്കുന്ന രാപ്പകലിലെ ഗോവിന്ദനെ കാണാം. 

എവിടെയും എപ്പോഴും ഏത് കൂട്ടത്തിലും കാണാവുന്ന ചാന്തുപൊട്ടിലെ പരദൂഷണം വറീത്, വാടകക്കാരന്റെ അന്ധതയില്‍ വിശ്വസിച്ച് ജോലിക്കാരിയുമായി കൊഞ്ചിക്കുഴഞ്ഞ് കുഴപ്പത്തിലായ ചെസ്സിലെ കെയര്‍ ടേക്കര്‍ ഉണ്ണികൃഷ്ണന്‍, താനറിയാതെ ഹീറോയായി മാറിയതിന്റെ അന്തിപ്പ് വിട്ടുമാറാത്ത മായാവിയിലെ കണ്ണന്‍ സ്രാങ്ക്, കണക്കിലാത്ത താത്വികപ്രശ്‌നങ്ങളുമായി ജീവിക്കുന്ന ചോക്ലേറ്റിലെ പപ്പന്‍,  കഥപറയുമ്പോളിലെ കവി ദാസ് വടക്കേമുറി, പറക്കുംതളികയിലെ കോശി , വര്‍ണവെറിയുടെ പേരില്‍ തനിക്ക് നിഷേധിക്കപ്പെടുന്ന അവസരങ്ങള്‍ ചോദിച്ചുവാങ്ങാന്‍ വേഷം കെട്ടി നടന്ന ട്വന്റി ട്വന്റിയിലെ കപീഷ് ഇന്ദുചൂഡന്‍ എന്ന പൊലീസ് ഓഫീസര്‍. എല്ലാത്തിനുമുപരിയായി വാസ്തവത്തിലെയും അച്ഛനുറങ്ങാത്ത വീടിലെയും ആദമിന്റെ മകന്‍ അബുവിലെയും ഫയര്‍മാനിലെയും നിസ്സഹായമനുഷ്യരുടെ ദാര്‍ശനിക വ്യഥകള്‍ നമ്മെ കൊളുത്തിവലിക്കും.

Salim-Kumar

സലിംകുമാര്‍ ആവിഷ്‌കരിച്ചതെല്ലാം മനുഷ്യന്റെ  പ്രശ്‌നങ്ങളായിരുന്നു. കഥാകൃത്തും സംവിധായകനുമായി ഇറങ്ങിപ്പുറപ്പെട്ടപ്പോഴും അതില്‍ വ്യത്യാസമുണ്ടായില്ല. മലയാളിക്ക് മുമ്പ് അപരിചിതമായ നിലയില്‍ ആഘാതമുണ്ടാക്കിക്കൊണ്ട് വലിയ ദാര്‍ശനിക പ്രശ്‌നങ്ങള്‍ സലിംകുമാര്‍ തന്റെ ഹാസ്യകഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തി. ചുരുക്കത്തില്‍ പരമ്പരാഗതമായി നാം കരുതുന്ന ഗൗരവ കഥാപാത്രങ്ങളിലൂടെ മാത്രമല്ല, ജീവിതയാഥാര്‍ഥ്യങ്ങളെ ആവിഷ്‌കരിക്കാന്‍ ഹാസ്യകഥാപാത്രങ്ങളിലൂടെയും കഴിയുമെന്ന് തെളിയിച്ചയിടത്താണ് സലിംകുമാര്‍ വ്യത്യസ്തനായ നടനായി നിലകൊള്ളുന്നത്.

ആരാണ് സലിംകുമാര്‍

‘എനിക്ക് ആരാണ് സലിംകുമാര്‍’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ഈ കുറിപ്പ് ആരംഭിച്ചത്. ഒരു സാധാരണ മനുഷ്യനായി ജീവിതം ജീവിച്ചു തീര്‍ക്കുന്നതിനിടെ ആ ചോദ്യത്തിനുത്തരങ്ങളായി മേല്‍പറഞ്ഞ കഥാപാത്രങ്ങള്‍ അവതരിക്കും. അപ്പോൾ നമുക്ക് മനസ്സിലാകും. ഞാന്‍ തന്നെയാണ് സലിംകുമാര്‍ എന്ന്. നാം തന്നെയാണ് ആ കഥാപാത്രങ്ങള്‍ എന്ന്.

salim-kumar-congress

ഇതുവരെ കഥാപാത്രങ്ങളെക്കുറിച്ചാണ് പറഞ്ഞത്. അതുകൊണ്ട് ജീവിതം എങ്ങനെ സാര്‍ഥകമായി ജീവിച്ചുതീര്‍ക്കാം എന്നതിനെ പറ്റി സമഗ്രമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട് സലിംകുമാർ. ‘ഒരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ’ എന്ന പുസ്തകത്തിനു വേണ്ടി സംസാരിക്കുമ്പോൾ അദ്ദേഹം എന്നോട് പങ്കുവച്ച ഒരു തത്വമുണ്ട് അതിങ്ങനെയായിരുന്നു അതുകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് നിര്‍ത്താം.

''ജീവിതത്തെ രണ്ടുകണ്ണിലൂടെ നോക്കിക്കാണാമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കണ്ണിലൂടെ നോക്കിയാല്‍ ആകെ മൊത്തം ഒരു സങ്കടക്കടലായിരിക്കും. രണ്ടാമത്തെ കണ്ണിലൂടെ നോക്കിയാല്‍ ജീവിതം ഒരു ഉള്ളുതുറന്ന പൊട്ടിച്ചിരിയാണ്. എനിക്ക് രണ്ടാമത്തെ കണ്ണിലൂടെ കാണാനാണ് ഇഷ്ടം'.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA