ADVERTISEMENT

എന്റെ സിനിമ, എന്റെ ഭാര്യയ്ക്കുള്ള ദൈവത്തിന്റെ സമ്മാനമാണ്. പറയുന്നതു നടൻ സലിംകുമാർ. ഇന്നലെ അദ്ദേഹത്തിന്റെ 25–ാം വിവാഹ വാർഷികമായിരുന്നു. ഇന്ന് അദ്ദേഹം സിനിമയിൽ എത്തിയതിന്റെ 25–ാം വാർഷികമാണ്. തന്റെ ജീവിതവും 25 വർഷത്തെ സിനിമാക്കാലവും സ്വന്തം നാടായ ചിറ്റാറ്റുകരയും കൊച്ചി നഗരവുമായി തനിക്കുള്ള ബന്ധവും സലിംകുമാർ ഓർത്തെടുക്കുന്നു.

 

സലിംകുമാർ എന്ന പേരു വന്നത്

 

പേരു കേട്ടാൽ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛൻ ഇട്ട പേരാണു സലിം. സ്കൂളിൽ ചെന്നപ്പോൾ അധ്യാപിക നിർബന്ധിച്ചാണു കുമാർ എന്നു കൂടി ചേർത്തു സലിംകുമാർ ആക്കിയത്. പലരും സലിം ഇക്ക എന്നു  വിളിക്കാറുണ്ട്. 

salimkumar-family
സലിം കുമാർ കുടുംബസമേതം (ഫയൽ ചിത്രം)

 

കൊച്ചിയിലേക്കുള്ള ചുവടുമാറ്റം

 

ചിറ്റാറ്റുകരയാണു സ്വദേശം. മാല്യങ്കര എസ്എൻഎം കോളജിൽ പ്രീഡിഗ്രി പഠിച്ചു. സിനിമാനടൻ ആകണം എന്ന മോഹം സഫലമാക്കാൻ വേണ്ടി ഡിഗ്രിക്കു മഹാരാജാസ് കോളജിൽ ചേർന്നു. കലോത്സവങ്ങൾ, എറണാകുളത്തെ സുഹൃത്തുക്കൾ എന്നിവ സിനിമയിൽ എത്താനുള്ള വഴിയായി കണ്ടിരുന്നു. തന്റെ തീരുമാനം ശരിയാണെന്നു കാലം തെളിയിച്ചു. സ്കൂൾ കാലഘട്ടത്തിൽ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജിൽ പഠിക്കുമ്പോഴാണു മത്സരങ്ങളിൽ പങ്കെടുത്തത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ 3 തവണ തുടർച്ചയായി ഒന്നാം സ്ഥാനം കിട്ടി. പഠനകാലത്തു ടെലിവിഷൻ പരിപാടികളിലും കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ ട്രൂപ്പുകളിലൂടെ വേദികളിലും സജീവമാകാൻ കഴിഞ്ഞു. 

 

സിനിമയിൽ എത്തിയ വഴി 

 

1996 സെപ്റ്റംബർ 14ന് ആയിരുന്നു വിവാഹം. പ്രണയവിവാഹം ആയിരുന്നു. ഭാര്യ സുനിത. പിറ്റേന്നു രാവിലെ ബന്ധുവീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ കയറി ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോയി. ഇഷ്ടമാണ് നൂറുവട്ടം ആണ് ആദ്യ ചിത്രം. അതിലേക്കു തന്നെ നിർദേശിച്ചത‌ു നാദിർഷയാണ്. 2000ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം എന്ന സൂപ്പർഹിറ്റ് ജീവിതം മാറ്റി. ഹാസ്യതാരമായാണു തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങൾ കിട്ടി. 3 തമിഴ് സിനിമകളും ഒരു ഒറിയ സിനിമയും ഉൾപ്പെടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ചു. കംപാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു.

 

കോൺഗ്രസുകാരൻ

 

ജന്മം കൊണ്ടു തന്നെ ഒരു കോൺഗ്രസുകാരനാണ്. സ്വന്തം നാടായ ചിറ്റാറ്റുകരയിലും മാല്യങ്കര കോളജിൽ പഠിക്കുന്ന കാലത്തും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്നു. കാശൊന്നും കിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പു ഘട്ടങ്ങളിൽ അനൗൺസ്മെന്റ് ഹരമായിരുന്നു. മഹാരാജാസിൽ എത്തിയതോടെ പതിയെ രാഷ്ട്രീയത്തിൽ നിന്നു പിൻവാങ്ങി. അക്കാലത്തു വിദ്യാർഥി മാത്രമായിരുന്നില്ല. കുടുംബനാഥന്റെ ചുമതല കൂടി ഉണ്ടായിരുന്നു. കല ജീവിതമാർഗമായിരുന്നു. 

 

തിരിഞ്ഞു നോക്കുമ്പോൾ

 

വിവാഹം കഴിക്കുമ്പോൾ താനൊരു മിമിക്രി കലാകാരൻ മാത്രമായിരുന്നു. വേറെ പണിയും മറ്റു വരുമാനവുമില്ല. എന്നിട്ടും തന്നെ മതി എന്നു പറഞ്ഞു ‘റിസ്ക്’ എടുത്തതിനു തന്റെ ഭാര്യ സുനിതയ്ക്കു ദൈവം നൽകിയ സമ്മാനമാണു തന്റെ സിനിമാജീവിതവും നേട്ടങ്ങളും. 

 

25ന്റെ ആഘോഷങ്ങൾ

 

ഈ കോവിഡ് കാലത്ത് എന്ത് ആഘോഷം. ലാഫിങ് വില്ല എന്ന സ്വന്തം വീട്ടിൽ സുനിതയ്ക്കും മക്കളായ ചന്തുവിനും ആരോമലിനുമൊപ്പം ആയിരിക്കുന്നതു വലിയ സന്തോഷം. അടുത്ത ദിവസം തന്നെ വീണ്ടും സിനിമയുടെ തിരക്കുകളിലേക്കു മാറും. ഒരു സിനിമ ഉടൻ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com