ADVERTISEMENT

വേർപിരിയലിന്റെ ഒൻപതാം വർഷത്തിൽ , ഈ ഓർമ അങ്ങേക്ക് വേണ്ടി... മുത്തച്ഛന്റെ ഒന്നാം പക്കം  എന്നു ഞാൻ ഈ എഴുത്തിനെ പേരിട്ടുവിളിക്കുന്നു. ‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാൻ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല. എടുക്കുന്നതിനെ കൊടുക്കില്ലെന്നു ശപഥം ചെയ്തിരിക്കണം  ആ കടൽ. അതുകൊണ്ടാണ് പാച്ചുവിനെ മൂന്നാം പക്കവും അവന്റെ മുത്തച്ഛനു മടക്കിക്കൊടുക്കാതിരുന്നത്. 

 

മകൻ മരിച്ച ശേഷം തമ്പി എന്ന മുത്തച്ഛന്റെ ഏക പ്രതീക്ഷയായിരുന്നു കൊച്ചുമകൻ പാച്ചു. ഒാരോ വേനലവധിക്കാലവും കലണ്ടറിൽ പൂത്തത് അവന്റെ വരവിനു വഴിയൊരുക്കാനായിരുന്നു.. ഒരു  കടലോരഗ്രാമത്തിൽ, 1980കളിലെ ഒരു വേനലവധിക്കാലത്ത് ഈ കഥ നടക്കുന്നു. അല്ല, ആ കഥ നടക്കുകയല്ല, തീരുകയാണ്. കളിനേരങ്ങൾക്കിടയിൽ  കടലെടുത്ത കൊച്ചുമകനെ മൂന്നു ദിവസം ആ മുത്തച്ഛൻ കാത്തിരുന്നു. മൂന്നാം ദിവസം അവനെ കടൽ മടക്കിത്തരുമെന്നുതന്നെ അയാൾ വിശ്വസിച്ചു. 

തീരുന്ന ഒരു പ്രതീക്ഷയെ മൂന്നാം ദിവസത്തേക്കുകൂടി വ്യസനത്തോടെ നീട്ടുകയാണ്, പത്മരാജന്റെ കഥനമാന്ത്രികത! ഒരേയൊരാൾക്കായി  ജീവിക്കുന്ന ആ മുത്തച്ഛനുവേണ്ടി വേണമെങ്കിൽ പാച്ചുവിനെ മടക്കിക്കൊടുക്കാമായിരുന്നു , കടലിന്. പക്ഷേ, കടൽ നിർദയം അതു ചെയ്തില്ല. 

 

പാച്ചു വന്നില്ല. മൂന്നാം പക്കത്തിലെ കടൽനിരാസത്തോട് ആ മുത്തച്ഛൻ പ്രതികാരം ചെയ്തത് കഠിനസ്നേഹത്തിനു മാത്രം ചിന്തിക്കാവുന്ന വിധത്തിലായിരുന്നു: 

പാച്ചുവിന്റെ മൂന്നാം പക്കത്തെ മുത്തച്ഛൻ തന്റെ ഒന്നാം പക്കമാക്കി!

കടലിലേക്കു നടന്നു ചെല്ലുകയാണയാൾ. 

പ്രാർഥന പോലെയോ സമർപ്പണം പോലെയോ..ആർക്കറിയാം? 

എന്തൊരു ആത്മബലി ! 

ആ സിനിമയുടെ ഒടുക്കം കണ്ടുകഴിയുമ്പോൾ എപ്പോഴും ഞാൻ ഒാർക്കാറുണ്ട് : അലകളുടെ നീലപരവതാനിയിലൂടെയുള്ള  ഏകാന്തനടത്തത്തിൽ കടലിനെ അഭിമുഖം കണ്ടാൽ ആ മുത്തച്ഛൻ എന്താവും ചോദിക്കുക: 

പാച്ചുവിനെ മടക്കിത്തരാനോ. എന്നെക്കൂടി എടുക്കാനോ? 

അതോ, മൂന്നാം പക്കത്തിന്റെ ഉദാരത പറഞ്ഞ് ഇനി പെരുമ കൊള്ളരുതെന്നോ? 

എന്തായാലും, അയാളെ കണ്ടപ്പോൾ ഒരു നിമിഷം കടൽ തിരയടക്കിയിരിക്കണം, തീർച്ച.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com