‘ഈ കഥാപാത്രത്തെ ഞാൻ കൂടെ കൂട്ടുകയാണ്’: അന്ന് വേണുച്ചേട്ടൻ പറഞ്ഞത്

anil-nedumudi-venu
SHARE

സിനിമയിൽ  വന്നതിനു ശേഷമുള്ള എന്റെ ഏറ്റവും വലിയ നഷ്ടമാണ് വേണുച്ചേട്ടന്റെ വിയോഗം. മൂന്നു മാസം മുൻപ് എന്റെ വീട്ടിൽ അദ്ദേഹം വന്നിരുന്നു.  അത്ര അടുത്ത ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ‘നോർത്ത് 24 കാതം’ എന്ന സിനിമയ്ക്കു വേണ്ടി ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ മുതലുള്ള ആത്മബന്ധമാണ്. ആ സിനിമയിലെ മാഷിന്റെ കഥാപാത്രം ചെയ്യാൻ ഞാൻ അദ്ദേഹത്തെ അല്ല ആദ്യം കണ്ടിരുന്നത്. എന്റെ മൂന്നാമത്തെ ചോയ്‌സ് ആയിരുന്നു വേണുച്ചേട്ടൻ. ഞാൻ അന്ന് ഒരു പുതിയ സംവിധായകൻ ആയിരുന്നു. ഒരു ആക്ടറിനെ സമീപിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് കഥാപാത്രത്തെ മനസ്സിലായില്ല എന്നാണ്. ഒരു പുതിയ ആളിന്റെ സിനിമയിൽ ഒരു വേഷം ചെയ്താൽ എങ്ങനെയാകും എന്നുള്ള സംശയം ആയിരിക്കാം. ഞാൻ വേണുച്ചേട്ടനോട് കഥ പറഞ്ഞപ്പോൾ തന്നെ ആ കഥാപാത്രത്തിന്റെ പൊരുൾ എന്താണെന്ന് വേണുച്ചേട്ടന് പിടികിട്ടി. ആദ്യത്തെ വർക്ക് ആയതുകൊണ്ട് ഞാൻ വല്ലാത്ത സമ്മർദത്തിൽ ആയിരുന്നു. പക്ഷെ വേണുച്ചേട്ടൻ എന്നെ ഒരുപാട് സമാധാനിപ്പിച്ച് കംഫർട്ടബിൾ ആക്കി.  

ആദ്യത്തെ ഷോട്ട് വേണുച്ചേട്ടനും സ്വാതി റെഡ്ഢിയും കൂടിയുള്ളതായിരുന്നു. അദ്ദേഹം തരുന്ന ഓരോ സജഷനും എനിക്ക് വളരെ സഹായകരമായിരുന്നു.   ഇത്രയും അഭിനയ പരിചയമുള്ള മഹാനായ കലാകാരൻ ഒരു സജഷൻ പറഞ്ഞിട്ട്  ‘ഇങ്ങനെ ചെയ്താൽ നന്നാകുമോ അനിൽ’ എന്നേ ചോദിക്കൂ.  ആ സിനിമയിൽ വേണുച്ചേട്ടന്റെ ഭാര്യ മരിച്ചിട്ട് വീട്ടിലേക്ക് വരുന്ന ഒരു സീനുണ്ട്.  സിനിമ കണ്ടവർക്ക് കിട്ടിയ അതെ ഇമോഷൻ ആയിരുന്നു ഞങ്ങൾക്ക് ആ സീൻ ഷൂട്ട് ചെയ്ത സമയത്തും കിട്ടിയത്. പുലർച്ചെ രണ്ടു മണിക്കാണ് അതിന്റെ അവസാന ഷോട്ട് കഴിഞ്ഞത്. ആ ഷോട്ടിന്റെ ഇമോഷണൽ ഇന്റൻസിറ്റി എത്ര കഴിഞ്ഞിട്ടും വേണുച്ചേട്ടനെ വിട്ടു പോയില്ല. ഡബ്ബ് ചെയ്യാൻ വന്നപ്പോൾ അദ്ദേഹത്തിന് ആ സീൻ ഒന്ന് കാണണം എന്ന് പറഞ്ഞു, അത്  കണ്ടിട്ട് അദ്ദേഹം ഒരു ബ്രേക്ക് എടുത്തു കഴിഞ്ഞാണ് ഡബ്ബ് ചെയ്തത്. അത് കഴിഞ്ഞ് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ‘ഞാൻ ഡബ്ബ് ചെയ്തു കഴിയുമ്പോൾ ഓരോ കഥാപാത്രവും അവിടെ ഉപേക്ഷിച്ചു പോകും പക്ഷെ ഈ കഥാപാത്രത്തെ ഞാൻ കൂടെ കൂട്ടുകയാണ്’.  ഒരു പുതിയ സംവിധായകനായ എന്നെ സംബന്ധിച്ച് അത് ഒരു അവാർഡ് കിട്ടിയപോലെ ആയിരുന്നു.  

അദ്ദേഹം ഒരു ഇന്റർവ്യൂവിൽ ഏറ്റവും നല്ല പത്ത് സിനിമകൾ ഏതാണെന്നു ചോദിച്ചപ്പോൾ അതിലൊന്ന് ‘നോർത്ത് 24 കാതം’ എന്നാണ് പറഞ്ഞത്.  ഞാൻ ഇനി ചെയ്യാൻ പോകുന്ന സിനിമയിലും അദ്ദേഹത്തിന് ഒരു കഥാപാത്രം ഉണ്ടായിരുന്നു.  ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമുണ്ട്.  അദ്ദേഹം ഇടയ്ക്കിടയ്ക്ക് എന്റെ ഒറ്റപ്പാലത്തെ വീട്ടിൽ വരും. കുറെ ദിവസം അടുപ്പിച്ച് ഫോൺ ചെയ്യാതിരുന്നാൽ വിളിച്ചിട്ട് എന്താണ് നിനക്ക് പറ്റിയത് എന്ന് ചോദിക്കും.  ആറാട്ടിന്റെ ഷൂട്ടിങ്ങിനിടെ എന്റെ വീട്ടിൽ വന്നിരുന്നു.  ഭയങ്കര ഓർമശക്തിയാണ് അദ്ദേഹത്തിന്.  നമ്മുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും ഓർത്തു പറയും.  കുറച്ചുകാലമായി അദ്ദേഹത്തെ ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നു.  അതിനോടനുബന്ധിച്ചാണ് ഇപ്പോൾ അസുഖം മൂർച്ഛിച്ചത്.  എങ്കിലും അദ്ദേഹം ഇത്രപെട്ടെന്ന് വിട്ടുപിരിയുമെന്ന് കരുതിയില്ല.  എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വേണുച്ചേട്ടന്റെ രൂപമുണ്ട്.   മനോഹരമായ ഒരുപാട്  ഓർമ്മകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നു പോകുന്നത്.  ഇനി അത് മാത്രമേ ഉള്ളൂ ബാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA