ADVERTISEMENT

വേണുച്ചേട്ടൻ ഞാൻ സംവിധാനം ചെയ്‌ത സിനിമകളിൽ ആദ്യമായിട്ടും അവസാനമായിട്ടും അഭിനയിക്കുന്നത് ആറാട്ടിലാണ്. ഞാൻ തിരക്കഥ എഴുതിയ സിനിമ കവർ സ്റ്റോറിയിൽ മുമ്പ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്നത് ആറാട്ടിലാണ്. ആറാട്ടിലെ ആ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആ റോള്‍ വേണുച്ചേട്ടന്‍ ചെയ്താല്‍ നന്നാകും എന്നൊരഭിപ്രായം വന്നു. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. വളരെ ദൈർഘ്യമുള്ള ഒരു റോളല്ല എന്നദ്ദേഹത്തോട് പറഞ്ഞിരുന്നു. പ്രാധാന്യം ഉണ്ട് എന്നാൽ അത്ര ദൈർഘ്യമുള്ള ഒരു റോളല്ല എന്നു ഞാൻ പറഞ്ഞപ്പോൾ 'ഉണ്ണീടെ പടമല്ലേ... ഇവിടെ കോവിഡ് ആയിട്ട് ഞാൻ വീടിനകത്ത് തന്നെ ഇരിക്കുകയാണ്. പിന്നെ, ലാലുവിനെ കണ്ടിട്ടും കുറെ നാളായി. ലാലിന്റെ ഒപ്പം സമയം ചെലവഴിക്കുക എന്നത് ഇഷ്ടമുള്ള കാര്യവുമാണ്. ഞാൻ എന്തായാലും വരും', എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം ആറാട്ടിന്റെ സെറ്റിലെത്തിയത്. 

 

Nedumudi Venu with Kalamandalam Gopi and Mohanlal in movie ' Aarattu'.
Nedumudi Venu with Kalamandalam Gopi and Mohanlal in movie ' Aarattu'.

ദേവാസുരം പോലെ മലയാളികൾ വളരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഒരു സിനിമ ചെയ്‌ത വരിക്കാശ്ശേരിയിൽ ആയിരുന്നു ആറാട്ടിന്റെ ഷൂട്ടിങ്. ആ ഒരു ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല. അദ്ദേഹവും ലാൽ സാറും പണ്ട് ചെയ്‌ത സിനിമകളുടെ അനുഭവങ്ങള്‍... അന്നത്തെ ഷൂട്ടിങ്... അവരുടെ സൗഹൃദം അതിന്റെ പല പല സംഭവങ്ങള്‍ ഇവര്‍ തമ്മില്‍ പങ്കുവയ്ക്കുന്നത് ഞാൻ അവിടെ നിന്നു കേട്ടു. മലയാള സിനിമയുടെ ഏറ്റവും നല്ല രണ്ടു നടൻമാർ, അവരുടെ ഭൂതകാലത്തിലേക്ക് സഞ്ചരിക്കുമ്പോൾ ഒപ്പം ഉണ്ടാകുവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ് അതെനിക്ക് ഉണ്ടായി. അദ്ദേഹം വളരെയധികം സന്തോഷവാനായിരുന്നു. കൂടാതെ ഞങ്ങൾ ഒരു ഗാന ചിത്രീകരണം നടത്തിയപ്പോൾ അതിൽ കലാമണ്ഡലം ഗോപിയാശാൻ ഉണ്ടായിരുന്നു. ഇവരു മൂന്നുപേരുടേയും ഇടയിലുള്ള ഒരു സൗഹൃദവും രസതന്ത്രവും ഒക്കെ നമുക്ക് തന്നെ വലിയ ആഹ്ലാദം തരുന്നതായിരുന്നു.  അതുകഴിഞ്ഞിട്ട് അദ്ദേഹം എന്നോടു പറഞ്ഞു ഇങ്ങനെ ഒരു പാട്ട് മലയാള സിനിമയില്‍ വന്നിട്ട് എത്ര നാളായി എന്ന്. ഒരു സെമിക്ലാസ്സിക്കൽ ടൈപ്പ് പാട്ടായിരുന്നു അത്. 

 

ഇടയ്ക്ക് ചില സമസ്യാപൂരണങ്ങൾ ഉണ്ട്. അദ്ദേഹം രണ്ടു വരി എഴുതും. എന്നിട്ട് എന്നോട് ചോദിക്കും, ബാക്കി എഴുതാമോ എന്ന്. ബാക്കി ചിലപ്പോൾ ലാൽ സാർ ആകും എഴുതുക. തമാശ ആയിരുന്നു അവരുടെ വര്‍ത്തമാനങ്ങള്‍ മുഴുവൻ. അങ്ങനെ ഷൂട്ടിംഗ് കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി പിന്നീട് കഴിഞ്ഞ മാസം വന്നു ഡബ്ബ് ചെയ്‌തു. അതിനു ശേഷം സ്റ്റുഡിയോയിൽ ഇരുന്ന് എന്റെ കൂടെ അത്താഴം കഴിച്ചു. അതിനു ശേഷം അദ്ദേഹം പോയി. അന്നാണ് അവസാനം കണ്ടത്. പിന്നെ ഇടയ്ക്ക് ഒരു ദിവസം ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. അപ്പോഴും അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. 

nedumudi-venu-songs

 

ഹൃദയത്തില്‍ സൂക്ഷിക്കുന്ന സൗഹൃദം

 

nedumudi-venu-roles

വേണുച്ചേട്ടനുമായി വളരെ നല്ല ഒരു സൗഹൃദം ഉണ്ടായിരുന്നു. കവർ സ്റ്റോറിയിൽ അഭിനയിച്ച അന്നു മുതൽ നല്ല ഒരു സൗഹൃദം വേണുച്ചേട്ടനുമായി എനിക്കുണ്ട്. അതിനു ശേഷം അയ്യപ്പപണിക്കർ സാറിന്റെ തൊണ്ണൂറാം പിറന്നാളിന് സാറിന്റെ കവിതകളെക്കുറിച്ച് ഞാൻ ഒരു കുറിപ്പ് എഴുതിയിരുന്നു. അത് വായിച്ചിട്ട് വേണുച്ചേട്ടൻ എനിക്ക് മെസേജ് അയച്ചിരുന്നു. ഉണ്ണിക്ക് ഇത്രയും ഒരു സാഹിത്യപരിചയം ഉണ്ടെന്നത് എനിക്ക് ഒരു പുതിയ അറിവാണ് എന്നു പറഞ്ഞു. അന്ന് ഞങ്ങൾ പണിക്കർ സാറിനെക്കുറിച്ച് ഫോണിലൂടെ ഒരുപാട് സംസാരിച്ചു. നമ്മുടെ കലാസംസ്‍കാരം... ദൃശ്യകല... നാടകം ഇവയൊക്കെയായി വേണുച്ചേട്ടന് വലിയൊരു ജൈവിക ബന്ധം ഉണ്ടായിരുന്നു. ആ രീതിയിലുള്ള സംസാരം വരുമ്പോൾ വേണുച്ചേട്ടനെ ആണ് നമ്മൾ ആദ്യം ഓർക്കുക. മോഹൻലാലുമായുള്ള സിനിമകൾ നോക്കിയാൽ അവർ തമ്മിലുള്ള അഗാധമായ ഒരു സൗഹൃദവും കൊടുക്കൽ വാങ്ങലുകളും കാണാം. അതിന്റെ ഒരു സമൃദ്ധി അതിനകത്തുണ്ട്. അതുതന്നെയാണ് അതിനെ ചൈതന്യവത്താക്കുന്നത്. അത്രയും ആഴം അവകാശപ്പെടാൻ ഇല്ലെങ്കിലും രണ്ടു സിനിമകളേ അദ്ദേഹവുമായി പ്രവർത്തിച്ചിട്ടുള്ളൂ എങ്കിലും അതിനേക്കാളുപരിയായിയുള്ള സൗഹൃദവും ഒരു കമ്മ്യൂണിക്കേഷനും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. 

 

ഓര്‍മയിലെ കഥാപാത്രങ്ങള്‍

 

വേണുച്ചേട്ടന്റെ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. കാരണം അദ്ദേഹം നമ്മുടെ അഭിനയകലയില്‍ ഭയങ്കര ഒറിജിനൽ ആയ ഒരു ശൈലി കൊണ്ടുവന്ന ആളാണ്. എന്റെ പ്രീഡിഗ്രി കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ചാമരം റിലീസ് ആകുന്നത്. അതിൽ ക്യാംപസിൽ പഠിക്കാൻ വരുന്ന അച്ഛനായിട്ടായിരുന്നു അദ്ദേഹം. തകര, വിടപറയും മുൻപേ ഇതൊക്കെയാണ് അന്ന് ഞങ്ങളെപ്പോലെ ഉള്ളവരുടെ ഇഷ്ടസിനിമകള്‍. പ്രേമഗീതങ്ങൾ എന്നൊരു സിനിമ ഉണ്ടായിരുന്നു. ഒരുപാട് പെൺകുട്ടികളെ പ്രണയിക്കുന്ന ക്യാംപസിലെ ഒരു കാമുകന്റെ വേഷം. പ്രേമത്തിലേക്കുള്ള കുറുക്കു വഴികൾ ആളുകൾക്ക് പറഞ്ഞു കൊടുക്കുന്ന കക്ഷി. അതൊക്കെ എന്തു സരസമായിട്ടാണ് അദ്ദേഹം ചെയ്‌തത്‌. അതൊക്കെ അന്നത്തെ ഞങ്ങളുടെ ജനറേഷനെ വല്ലാതെ സ്വാധീനിച്ച കഥാപാത്രങ്ങൾ ആണ്. കൂടാതെ, കള്ളൻ പവിത്രൻ പോലെയുള്ള കഥാപാത്രങ്ങൾ. ഹ്യൂമറിന്റെ ടച്ചുള്ള നിരവധി കഥാപാത്രങ്ങള്‍ പ്രിയദർശന്റെ സിനിമകളിലൂടെ അദ്ദേഹം ചെയ്‌തിട്ടുണ്ട്‌. ഓടരുതമ്മാവാ ആളറിയാം, പൂച്ചയ്‌ക്കൊരു മൂക്കൂത്തി തുടങ്ങി തേന്മാവിൻ കൊമ്പത്ത്.... മോഹൻലാലുമായുള്ള ഭയങ്കര കോമ്പിനേഷൻ അതിനകത്തുണ്ട്. ഹിസ്‌ഹൈനസ് അബ്ദുള്ള പോലെയുള്ള സിനിമകളിലെ പെർഫോമൻസ് എത്ര ഗംഭീരമായിരുന്നു. ചെറിയ ഒരു കഥാപാത്രം ആണെങ്കിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കഥാപാത്രം. എന്ത് രസകരമായ കഥാപാത്രമാണ്. അത് വേണുച്ചേട്ടന് മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. 

 

കമലാഹാസൻ ഇദ്ദേഹത്തിന്റെ വലിയൊരു ആരാധകൻ ആയിരുന്നു. കമൽ സാറിനോട് ഞാൻ നേരിട്ട് സംസാരിച്ചപ്പോൾ അദ്ദേഹം മലയാളത്തിൽ എടുത്തു പറഞ്ഞ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാൾ വേണുച്ചേട്ടനായിരുന്നു. ഇന്ത്യന്‍ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വേഷം കമല്‍ സര്‍ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചതാണ്. വേണുച്ചേട്ടന്റെ ശരീരഭാഷയില്‍  ഒരു ഈസി കാസ്റ്റിംഗ് അല്ലാത്ത ഒന്നാണ് അത്. കമലഹാസനും ശങ്കറും ചേർന്ന് അങ്ങനെ ഒരു തീരുമാനം എടുത്തപ്പോൾ വേണുച്ചേട്ടന്‍ അത് ഗംഭീരമാക്കി അവതരിപ്പിച്ചു. അവര്‍ തമ്മിലുള്ള എന്‍കൗണ്ടര്‍ രംഗം... എനിക്കു തോന്നുന്നു, നമ്മുടെ വാണിജ്യ സിനിമാചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ നിമിഷങ്ങളില്‍ ഒന്നാണ്. അങ്ങനെ പറയാനാണെങ്കിൽ എത്രയെത്ര കഥാപാത്രങ്ങൾ. ഈ ഒരു വിയോഗം വളരെ വിഷമമുള്ളതായിപ്പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com