അരങ്ങിലിനിയില്ല, പകർന്നാട്ടത്തിന്റെ പെരുമാൾ

nedumudi-venu-mohanlal
SHARE

കുട്ടനാട്ടിലെ തെളിജലം പോലെയായിരുന്നു നെടുമുടി വേണു എന്ന നടൻ; പകരുന്ന പാത്രത്തിന്റെ വടിവിലേക്കു നൊടിയിടയിൽ മാറുന്ന, തന്നിലേക്കു വീഴുന്ന ഒരു കിരണത്തെ വെളിച്ചത്തിന്റെ ഉത്സവമായി പ്രതിഫലിപ്പിക്കുന്ന അതുല്യനായ അഭിനേതാവ്. തന്നെ തേടിവന്ന, തീർത്തും വിഭിന്നപ്രകൃതികളായ കഥാപാത്രങ്ങളിലേക്ക് അത്ര അനായാസമാണ് അയാൾ ഒഴുകിനിറഞ്ഞത്. ഉജ്വലമായൊരു ചൊൽക്കാഴ്ച പോലെ പതിഞ്ഞും തെളിഞ്ഞും ജ്വലിച്ചും വേണു ഓരോ കഥാപാത്രത്തെയും വ്യത്യസ്തമായ അനുഭവങ്ങളാക്കി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ആ വിസ്മയത്തിന്റെ ആഹ്ലാദത്തിലാണ് ശിവാജി ഗണേശൻ അയാളെ കൊടുമുടി വേണു എന്നു വിളിച്ചത്.

കലാകാരനാകാൻ ജനിച്ചയാളായിരുന്നു വേണു. അധ്യാപക ദമ്പതിമാരായ പി.കെ.കേശവപിള്ളയുടെയും പി. കുഞ്ഞിക്കുട്ടിയമ്മയുടെയും അ‍ഞ്ചാമത്തെ മകൻ. ശശിയെന്നായിരുന്നു നാട്ടിലെ വിളിപ്പേര്. മക്കളെ കലാകാരന്മാരാക്കണമെന്നായിരുന്നു കേശവപിള്ള സാറിന്റെ സ്വപ്നം. കവിതയും സംഗീതനാടകങ്ങളും എഴുതിയ, അവ അവതരിപ്പിച്ചിരുന്ന അദ്ദേഹം മക്കളെ പാട്ടും വാദ്യങ്ങളും പഠിപ്പിക്കാൻ ആശാന്മാരെ വീട്ടിൽ താമസിപ്പിച്ചു. വേണു വളർന്നപ്പോഴേക്കു കേശവപിള്ള സാർ ജോലിയിൽനിന്നു പിരിഞ്ഞിരുന്നു. വീട്ടിലെ വരുമാനം കുറഞ്ഞതോടെ വേണുവിന്റെ കലാപഠനവും നിന്നു. പക്ഷേ രക്തത്തിലെ കല അതിന്റെ വഴി കണ്ടെത്തിക്കൊണ്ടേയിരുന്നു. സ്കൂൾ കലോൽസവത്തിൽ മൃദംഗത്തിനും ഘടത്തിനും സമൂഹഗാനത്തിനുമൊക്കെ സമ്മാനങ്ങളും തേടിയെത്തി. 

കാവാലത്തിന്റെ അരങ്ങ്

എസ്ഡി കോളജാണ് വേണുവിനു പുതിയ അരങ്ങുകൾ കാട്ടിക്കൊടുത്തത്. എസ്ഡിയിൽ ബിഎ മലയാളത്തിനു പഠിക്കുമ്പോഴാണ് വേണു ഇക്കണോമിക്സിലെ ഫാസിലുമായി കൂട്ടായത്. നാടകതാൽപര്യമായിരുന്നു അവരെ കൂട്ടിക്കെട്ടിയ ചരട്. നാടകവും ചെറിയ തോതിൽ മിമിക്രിയുമായി അവർ ക്യാംപസിലും പുറത്തും പേരെടുക്കുകയും ചെയ്തു. ഡിഗ്രി കഴിഞ്ഞ് വേണു പാരലൽ കോളജ് അധ്യാപനവും ഫാസിൽ എംഎ പഠനവുമായി നടക്കുന്ന കാലത്ത് വേണു സംവിധാനം ചെയ്ത് ഫാസിൽ അഭിനയിച്ച ‘വിചാരണ’ എന്ന നാടകവുമായി അവരൊരു നാടകമൽസരത്തിനു പോയി. കാവാലം നാരായണപ്പണിക്കരായിരുന്നു ഒരു ജഡ്ജ്. അവരെ ഇഷ്ടപ്പെട്ട കാവാലം വച്ചുനീട്ടിയത് തന്റെ നാടകക്കളരിയിലേക്കുള്ള ക്ഷണം. രണ്ടുപേരും അവിടെച്ചെന്നെങ്കിലും കാവാലത്തിന്റെ തനതു നാടകശൈലിയോടു താൽപര്യം തോന്നിയത് വേണുവിനാണ്. ‘അന്നേ അൽപം കമേഴ്സ്യൽ ശൈലി ഇഷ്ടപ്പെട്ടിരുന്ന ഫാസിൽ വൈകാതെ അവിടം വിട്ടു.’ എന്നാണ് വേണു പിന്നീട് അതിനെപ്പറ്റി പറഞ്ഞത്. കാവാലം കളരിയിലാണ് വേണുവിന്റെ പാട്ടും അഭിനയവും തെളിഞ്ഞത്. ദൈവത്താർ അടക്കമുള്ള നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. അതു കണ്ടിട്ട് ഭരത് ഗോപി അണിയറയിലെത്തി അഭിനന്ദിച്ചത് പുതിയ സൗഹൃദത്തിന്റെ തുടക്കമായി.  

nedumudi-2
അമ്പിളി അമ്മാവൻ എന്ന ചിത്രത്തിൽ നിന്നും

നാടകവേദിയുമായി കാവാലം തിരുവനന്തപുരത്തേക്കു ചുവടുമാറ്റിയപ്പോൾ വേണുവും ഒപ്പം കൂടി. അവനവൻ കടമ്പ അടക്കമുള്ള നാടകങ്ങൾ ചെയ്യുന്നത് അവിടെവച്ചാണ്. അക്കാലത്തുതന്നെ കലാകൗമുദിയിൽ പത്രപ്രവർത്തനവും. ഒപ്പം അരവിന്ദൻ, ഭരതൻ, പത്മരാജൻ, ജഗന്നാഥൻ, ജോൺ ഏബ്രഹാം അടക്കമുള്ള പ്രതിഭകളുമായി അടുപ്പവുമായി. 1978 ൽ അരവിന്ദൻ തമ്പിലെ പ്രധാന വേഷത്തിലേക്കു ക്ഷണിക്കുമ്പോൾ വേണുവിനു സിനിമ ആഗ്രഹമോ സ്വപ്നമോ ആയിരുന്നില്ല. (എസ്ഡിയിൽ പഠിക്കുന്ന കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു വേണു). 

വെള്ളിത്തിരക്കാലം

തമ്പിനു ശേഷം വേണുവിനെ കാത്തിരുന്നത് പിൽക്കാലത്ത് മലയാള സിനിമയെത്തന്നെ സ്വാധീനിച്ച തകര അടക്കമുള്ള ചിത്രങ്ങളായിരുന്നു. ഭരതന്റെ ആരവം, ചാമരം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ തുടങ്ങി എണ്ണം പറഞ്ഞ സിനിമകൾ. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി വേണു നിറഞ്ഞാടി. ഗൗരവമുള്ള വേഷങ്ങളും തമാശവേഷങ്ങളും അസാമാന്യ കയ്യടക്കത്തോടെ അവതരിപ്പിച്ചു. ഭരതന്റെയും പത്മരാജന്റെയും കെ.ജി. ജോർജിന്റെയും സത്യൻ അന്തിക്കാടിന്റെയും സിബി മലയിലിന്റെയുമൊക്കെ സിനിമകളിൽ വേണു ഒഴിവാക്കാനാവാത്ത സാന്നിധ്യമായി. ഒരേ പാറ്റേണിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോഴും അവയ്ക്കു വ്യത്യസ്തമായ അവതരണശൈലി നൽകാൻ വേണു ശ്രദ്ധിച്ചിരുന്നു. 

lal-nedumudi
പൂച്ചക്കൊരു മൂക്കുത്തിയിലെ രംഗം

വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, പാളങ്ങള്‍,  അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഓടരുതമ്മാവാ ആളറിയാം, കേളി, കമലദളം, വൈശാലി, ഓർക്കാപ്പുറത്ത്, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാൻകാലത്ത്, സൈറ, മാർഗം തുടങ്ങിയ സിനിമകൾ ശ്രദ്ധിച്ചാലറിയാം, തീർത്തും വിഭിന്നങ്ങളായ എത്രയെത്ര ജീവിതങ്ങളെയാണ് അദ്ദേഹം തിരശീലയിലവതരിപ്പിച്ചത്.

സൂക്ഷ്മാഭിനയമായിരുന്നു വേണുവിലെ അഭിനേതാവിന്റെ കരുത്ത്. കഥാപാത്രത്തിലേക്കിറങ്ങി പൂർണമായും അയാളാകാനുള്ള ആ സിദ്ധി ‘തകര’യിലെ ചെല്ലപ്പനാശാരി മുതൽതന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നെടുമുടിയിൽ തോട്ടിലൂടെ വള്ളത്തിൽ പോകുമ്പോൾ ഇരുകരയിലുമുള്ള ജീവിതങ്ങൾ ശ്രദ്ധിക്കുമായിരുന്നെന്നും അങ്ങനെ നിരീക്ഷിച്ചെടുത്ത സ്വഭാവരീതികളും പെരുമാറ്റ പ്രത്യേകതകളും അഭിനയത്തിൽ സഹായിച്ചിട്ടുണ്ടെന്നും വേണു പറഞ്ഞിട്ടുണ്ട്. താരപ്രഭയുള്ള കച്ചവടസിനിമകളുടെ അവിഭാജ്യ ഘടകമായിരിക്കുമ്പോഴും സിനിമയുടെ സമാന്തരപാതയോട് ആദരവും അടുപ്പവും പുലർത്തിയിരുന്നു വേണു. കാവാലം കളരിയിൽനിന്നാർജിച്ച, അഭിനയകലയെപ്പറ്റിയുള്ള സൂക്ഷ്മബോധവും അരവിന്ദനും പത്മരാജനും അടക്കമുള്ളവരുമായുള്ള സഹവാസത്തിലൂടെ ലഭിച്ച ലാവണ്യബോധവും നെടുമുടി വേണു എന്ന അഭിനേതാവിനെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.

അഭിനയത്തോടായിരുന്നു വേണുവിനു പ്രണയം, സിനിമയോടായിരുന്നില്ല. സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കാലത്തുതന്നെ നാടകങ്ങളിലും പരമ്പരകളിലും അദ്ദേഹം വേഷമിട്ടു. ദൂരദർശന്റെ കേരളത്തിലെ ആരംഭകാലത്തുള്ള മികച്ച പല പരമ്പരകളിലും വേണു ഭാഗമായിരുന്നു. സക്കറിയ എഴുതി വേണു സംവിധാനം ചെയ്ത കൈരളീവിലാസം ലോഡ്ജ് ഇന്നും ആ തലമുറയിലുള്ളവരുടെ ഗൃഹാതുരതയാണ്. 

കലാകാരനാകാനുള്ള ജന്മം

നെടുമുടി വേണുവിനുള്ള പല വിശേഷണങ്ങളിൽ ഒന്നു മാത്രമാണ് അഭിനേതാവ് എന്നത്. സംവിധായകൻ, മൃദംഗവാദകൻ, ഘടവാദകൻ, ആഴമുള്ള വായനക്കാരൻ, പാട്ടുകാരൻ എന്നിങ്ങനെ പലതാണ് വേണു. ലെനിൻ രാജേന്ദ്രന്റെ ചിത്രം വേനലിൽ വേണു അയ്യപ്പപ്പണിക്കരുടെ ഒരു കവിത ചൊല്ലിയഭിനയിച്ചിട്ടുണ്ട്. ആ കവിത പിന്നണിയിൽ യേശുദാസിനെക്കൊണ്ടു പാടിക്കണമെന്ന് നിർമാതാക്കൾക്ക് ആഗ്രഹം. ലെനിൻ രാജേന്ദ്രനു മറുത്തുപറയാനുമായില്ല. വേണുവിന്റെ കവിത കേട്ട യേശുദാസിന്, അതു നന്നായിട്ടുണ്ടല്ലോ എന്നായിരുന്നു അഭിപ്രായം. പക്ഷേ നിർമാതാക്കൾക്കു നിർബന്ധം. ഒടുവിൽ യേശുദാസ് സമ്മതിച്ചു. അങ്ങനെ നിർമാതാക്കൾ സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസന്റെയടുത്തെത്തി. വേണു ചൊല്ലിയതിനു പകരം ആരെക്കൊണ്ടു വേണമെങ്കിലും പാടിച്ചോളൂ, പക്ഷേ സംഗീതസംവിധാനത്തിന് എന്നെക്കിട്ടില്ല’ എന്നായിരുന്നു എംബിഎസിന്റെ എടുത്തടിച്ചപോലുള്ള മറുപടി. അതോടെ സിനിമയിൽ വേണുവിന്റെ കവിത തന്നെ പ്രേക്ഷകർ കേട്ടു.

thilakan-nedumudi
പെരുന്തച്ചനിൽ തിലകനൊപ്പം

അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു എന്നതല്ല, ഒരു കലാകാരൻ എന്ന നിലയിൽ തന്റെ കലയോടു പുലർത്തിയ സമർപ്പണവും പ്രതിഭയുമാണ് നെടുമുടി വേണുവിനെ മലയാളത്തിലെ മഹാനടന്മാരിലൊരാളാക്കുന്നത്. സമതലങ്ങളിൽനിന്ന് കൊടുമുടിയിലേക്കൊഴുകിയ പുഴയെന്ന് നെടുമുടി വേണുവിനെ വിളിക്കാം.

ഉയരത്തിലേക്കു കയറുമ്പോഴും സമതലത്തിന്റെ മൺമണങ്ങളെ, ഗുരുത്വത്തെ ചേർത്തുപിടിച്ച ഒരാൾ. ഒടുവിൽ മാഞ്ഞുപോകുമ്പോഴും അഭിനയത്തിന്റെ കൊടുമുടിയിൽ അയാളുടെ കാലടിപ്പാടു പതിഞ്ഞുകിടപ്പുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA