ADVERTISEMENT

ചേരാത്ത വേഷങ്ങളൊന്നും നെടുമുടി വേണു ചെയ്തിട്ടില്ല. ചെയ്തതൊന്നും ചേരാത്തതായി ആർക്കും തോന്നിയിട്ടുമില്ല. ‘ഗ്രേറ്റ് ആക്ടർ’ എന്ന് ആദ്യം വിളിച്ചത് ഒരു സുവിശേഷകനാണ്. ആ വഴിത്തിരിവ് ഇങ്ങനെയായിരുന്നു: അന്നദ്ദേഹം കോളജ് വിദ്യാർഥിയായ കെ. വേണുഗോപാലാണ്. വേണുവും സുഹൃത്തുക്കളും കോട്ടയത്തുപോയി ആലപ്പുഴയ്ക്കു മടങ്ങുന്നു. ബസിൽ കയറിയപ്പോഴാണ് ഒരു നമ്പർ തോന്നിയത്. കണ്ടക്ടർ അടുത്തെത്തിയപ്പോൾ, വേണുവിന്റെ മറുപടി ആംഗ്യഭാഷയിൽ സ്പഷ്ടമല്ലാതെ എന്തൊക്കെയോ ശബ്ദങ്ങളായിരുന്നു. കണ്ടക്ടറെ പറ്റിക്കാൻ കൂട്ടുകാരും കൂടെക്കൂടിയപ്പോൾ ‘പാവത്തിനെ’ പൈസയൊന്നും വാങ്ങാതെ ആലപ്പുഴയിൽ കൊണ്ടിറക്കി. 

 

കുറേ മാസങ്ങൾക്കുശേഷം വേണു ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിൽക്കുന്നു. ഒരു സുവിശേഷകൻ അടുത്തുവന്ന് സംശയത്തോടെ ചോദിച്ചു– ‘നിങ്ങളല്ലേ അന്നു കോട്ടയത്തുനിന്നു ബസിൽ കയറിയയാൾ ?’ കള്ളി പൊളിഞ്ഞെന്നുറപ്പിച്ച കള്ളത്തരത്തോടെ വേണു പറഞ്ഞു– ‘അതെ’. മുഖം കറുത്തൊരു വാക്കോ ഉപദേശമോ പ്രതീക്ഷിച്ച വേണുവിന്റെ കൈപിടിച്ചുകുലുക്കി അദ്ദേഹം പറഞ്ഞു– ‘യു ആർ എ ഗ്രേറ്റ് ആക്ടർ!’ പിന്നീടു കാലം ഏറ്റുപറഞ്ഞ വാക്കുകൾ. 

faasil-nedumudi-venu

 

ഒരു വേണുവിലെ ആയിരം ശ്രുതിപോലെ, മലയാളിഭാവങ്ങളുടെയെല്ലാം മുഖമായി മാറാൻ നെടുമുടിക്കല്ലാതെ മറ്റൊരു നടനും ഇത്രത്തോളം അവസരമുണ്ടായിട്ടില്ല. വെറുതെയൊന്നു കണ്ണടച്ച് നെടുമുടിക്കണ്ണിനെ ഓർത്തുനോക്കൂ. ദയ, കാരുണ്യം, ദുഃഖം, ഹാസ്യം, കുറുമ്പ്, കുസൃതി, ക്രൂരത, പക, പൊങ്ങച്ചം, പരിഹാസം, നിസ്സഹായത, സ്നേഹം, ആനന്ദം... പലപല ഭാവങ്ങൾ. 

malappuram-nedumudi-cinema

 

‘നോർത്ത് 24 കാതം’ എന്ന സിനിമയിൽ നീണ്ട ദൂരം നടന്നുതളർന്ന് വീട്ടിലെത്തുന്ന മാഷിനെ ഓർമയില്ലേ ? വീട്ടിലെത്തുമ്പോഴാണറിയുന്നത് ഭാര്യയുടെ മരണം. ഉമ്മറത്തെ തളത്തിൽ മൃതദേഹം കിടത്തിയിരിക്കുകയാണ്. നടപ്പിന്റെ വേഗം കൂടിക്കൂടിവരുന്നു. ഉമ്മറപ്പടി കയറുമ്പോൾ, ഇത്ര ദൂരം നടന്നതിന്റെ മാത്രമല്ല, ഭാര്യയുടെ വിയോഗത്തിന്റെയും തളർച്ചയോടെ ഒരു നിമിഷം പിന്നോട്ടായുന്നുണ്ട്, ആ മാഷ്. ആ നിമിഷാർധം മതി, വേണുവെന്ന നടനെ അളന്നുകുറിക്കാൻ. 

 

‘സർഗ’ത്തിലെ ‘ആന്ദോളനം...’ എന്ന ഗാനം തുടങ്ങുന്നത് ഭാഗവതരുടെ മുറുക്കാൻചവയ്ക്കലോടെയാണ്. വായിൽ വെറ്റിലയിട്ടു ചവയ്ക്കുന്നതിനിടെ ഒന്നു കാർക്കിച്ചശേഷമാണു ഭാഗവതർ കുട്ടികൾക്കു ഗമഗങ്ങൾ പാടിക്കൊടുക്കുന്നത്. ആ കാർക്കിക്കലിനു പിറകെ വരുന്നതു യേശുദാസിന്റെ ശബ്ദമാണെങ്കിലും, അതു നടന്റേതല്ലെന്നു നമുക്കു തോന്നാത്തത്ര സ്വാഭാവികം. 

 

‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ലെ ചാട്ടുള്ളി അരവിന്ദൻ എന്ന അലക്കുകാരനെ വേണുവിനും വലിയ പ്രിയമായിരുന്നു. എന്തും തനിക്കറിയാമെന്നു വീമ്പിളക്കുന്ന അരവിന്ദന്റെ പൊങ്ങച്ചം, വിഡ്ഢിത്തം, ഭീരുത്വം... ഇങ്ങനെ എന്തെല്ലാമാണ് ആ കൂളിങ് ഗ്ലാസ് വച്ച കണ്ണിൽ നമുക്കു കാണാൻ കഴിഞ്ഞത്! 

 

നെടുമുടി വേണുവിനെ സ്നേഹിക്കാനേ നമ്മളൊക്കെ പഠിച്ചിട്ടുള്ളൂ എങ്കിലും തന്നിലെ നടനെ ‘വെറുക്കാൻ’ വേണു തന്ന വേഷങ്ങളും കുറച്ചല്ല. ‘ചമ്പക്കുളം തച്ചനി’ലെ ആശാരി, ‘ധന’ത്തിലെ രാജപ്പൻ പൊലീസ്, ‘കേളി’യിലെ റൊമാൻസ് കുമാരൻ, ‘ഈ തണുത്ത വെളുപ്പാൻ കാലത്തി’ലെ വാരിയർ, ‘കമലദളത്തി’ലെ സെക്രട്ടറി, ‘പ്രജാപതി’യിലെ കാരണവർ, ‘ഒരു മറവത്തൂർ കനവി’ലെ ഗൗണ്ടർ... ഇഷ്ടം തോന്നുന്ന വെറുപ്പു മുതൽ പക തോന്നുന്ന വെറുപ്പുവരെ നീളുന്ന വേഷപ്പൂരങ്ങൾ. 

 

‘തമ്പി’ലെ ആദ്യവേഷം മുതൽ ഉന്മാദം വേണുവിന്റെ കഥാപാത്രങ്ങളുടെ കൂടെയുണ്ട്. ‘താളവട്ട’ത്തിലെ ഉണ്ണിയെന്ന ഭ്രാന്തസ്വഭാവക്കാരനെ വെറുക്കണോ ഇഷ്ടപ്പെടണോ ? ‘തകര’യിലും ‘വിയറ്റ്നാം കോളനി’യിലും ‘ഇൻ ഗോസ്റ്റ് ഹൗസ് ഇന്നി’ലുമൊക്കെ ഉന്മാദത്വത്തിന്റെ വിവിധ മുഖങ്ങൾ അദ്ദേഹം അനശ്വരമാക്കി. 

 

വേണുമുഖത്തെ സ്ഥായീഭാവം ശാന്തമെന്നോ കരുണയെന്നോ തോന്നാം. പക്ഷേ, ചെറുപ്പത്തിലെ വേണുവിനെ ഓർത്തുനോക്കൂ. ആ കള്ളമുഖം വേണുവിനു കൊടുത്തതും അതു വിജയിപ്പിച്ചു വേണു മലയാളത്തിനു സമ്മാനിച്ചതുമായ കഥാപാത്രങ്ങളേറെ. ‘കള്ളൻ പവിത്രൻ’, ‘ഒരു കഥ ഒരു നുണക്കഥ’, ‘അമ്പട ഞാനേ’, ‘ഓടരുതമ്മാവാ ആളറിയാം’, ‘പഞ്ചവടിപ്പാലം’ തുടങ്ങി പിൽക്കാലത്ത് ‘‘മുകുന്ദേട്ടാ, സുമിത്ര വിളിക്കുന്നു’, ‘ചിത്രം’, ‘മിഥുനം’, ‘ബെസ്റ്റ് ആക്ടർ’ വരെ നീളുന്നു അത്തരം കഥാപാത്രങ്ങൾ. 

 

മൃദംഗത്തിലും ഘടത്തിലുമൊക്കെ വല്ലഭനായ വേണു ‘ചിത്രം’ പോലുള്ള സിനിമകളിൽ അതിസുന്ദരമായി മൃദംഗം വായിച്ചഭിനയിച്ചു. ‘സർഗ’ത്തിലെ ഭാഗവതർ, ‘ഭരത’ത്തിലെ കല്ലൂർ രാമനാഥൻ, ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ തമ്പുരാൻ, ‘നോട്ട’ത്തിലെ രാമചാക്യാർ, ‘ദേവാസുര’ത്തിലെ കഥകളി ആശാൻ... എന്നിങ്ങനെ അത്തരം വേഷങ്ങൾ പലതു മനസ്സിൽ മിന്നിമറയുന്നു. 

 

സിനിമയെ തനിമയെന്നു വിളിക്കാമെങ്കിൽ അതിന്റെ വിദ്യാരംഭം നെടുമുടി വേണുവിൽനിന്നു തുടങ്ങേണ്ടിവരും. അതുകൊണ്ടാണു കാലവും സിനിമയും മാറിയിട്ടും, നെടുമുടി വേണുവിനു പണിയില്ലാതെ വീട്ടിലിരിക്കേണ്ടി വരാതിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com