ADVERTISEMENT

കമൽഹാസൻ ഒരിക്കൽ വേണുവിനോടു പറഞ്ഞു: ‘മലയാള സിനിമയിൽ നിങ്ങൾ എല്ലാ വേഷങ്ങളും ചെയ്തുകഴിഞ്ഞു. ഇനി എന്തു ചെയ്താലും മലയാളിയെ അദ്ഭുതപ്പെടുത്താനാവില്ല. തമിഴിലേക്കു വരൂ. ഒരുപാടു വേഷങ്ങൾ ചെയ്യാനുണ്ട്. ധാരാളം പണവും ലഭിക്കും. വേണമെങ്കിൽ ഞാൻ നിങ്ങളുടെ പിഎ ആകാം.’ തമിഴിലും നെടുമുടി അഭിനയത്തിന്റെ വെന്നിക്കൊടി പാറിച്ചു. നടികർതിലകം ശിവാജി ഗണേശൻ അദ്ദേഹത്തെ ‘കൊടുമുടി വേണു’ എന്നാണു വിളിച്ചിരുന്നത്. 

 

സിനിമ വിജയിച്ചാലും പൊളിഞ്ഞാലും അതിൽ വേണു അവതരിപ്പിച്ച വേഷം നമ്മൾ മറക്കില്ല. ആ അനായാസ അഭിനയശൈലിയുടെ രഹസ്യം അദ്ദേഹം ഒരിക്കൽ വെളിപ്പെടുത്തിയതിങ്ങനെ. റോഡുകൾ പോലുമില്ലാത്ത കുട്ടനാടൻ ഗ്രാമമായിരുന്നു കുട്ടിക്കാലത്തെ നെടുമുടി. നടന്നും വള്ളത്തിലും മാത്രമാണു യാത്ര. അതിനിടെ ചുറ്റുവട്ടത്തുള്ള എല്ലാ വീട്ടുകാരെയും കാണും, സംസാരിക്കും. അങ്ങനെ ഒരുപാടു കഥാപാത്രങ്ങൾ മനസ്സിൽ കയറിക്കൂടി. അവരുടെ നടപ്പും ഇരിപ്പും സംഭാഷണശൈലിയുമെല്ലാം മനസ്സിൽ റിക്കോർഡ് ചെയ്ത പോലെ പതിഞ്ഞു. പിൽക്കാലത്ത് അതിനെ സിനിമയിലെ കഥാപാത്രവുമായി കൂട്ടിക്കലർത്തിയപ്പോൾ സംഗതി പൊലിച്ചു. 

 

ചിത്രീകരണവും ഡബ്ബിങ്ങും കഴിഞ്ഞാലും ചില കഥാപാത്രങ്ങൾ മനസ്സിൽനിന്ന് ഇറങ്ങിപ്പോവില്ല. അതു വലിയ അപകടമാണെന്നും അങ്ങനെ വന്നാൽ അടുത്ത സിനിമയിലും അയാൾ കയറി ഷൈൻ ചെയ്യുമെന്നും വേണു തമാശയായി പറയുമായിരുന്നു. അതുല്യ നടനായി വളർന്നെങ്കിലും അഭിനയം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ അദ്ദേഹത്തിനു വിദ്യാർഥിയുടെ മനസ്സായിരുന്നു. 

 

ആദ്യകാലത്തു കാവാലത്തിന്റെ നാടക സങ്കൽപം വേണുവിനു മനസ്സിലായിരുന്നില്ല. വലിയ സാഹിത്യകാരന്മാരും ചിത്രകാരന്മാരും പ്രശംസിച്ചതോടെയാണു ചെയ്യുന്നതു ചെറിയ കാര്യമല്ലെന്നു ബോധ്യപ്പെട്ടത്. എല്ലാം പറഞ്ഞുകൊടുത്തു പഠിപ്പിക്കുന്ന രീതി കാവാലത്തിനില്ലായിരുന്നു. അദ്ദേഹത്തിന്റെ കൂടെ നടക്കുമ്പോൾ ലഭിക്കുന്ന കാര്യങ്ങളുണ്ട്. അതു മനസ്സിലാക്കിയെടുക്കുന്നതു ശിഷ്യരുടെ കഴിവാണ്. കാവാലത്തിന്റെ പതിനായിരത്തിൽ ഒരംശം അറിവു പോലും തനിക്കില്ലെന്നും അദ്ദേഹത്തിന്റെ ശിഷ്യനെന്നു പറയാനുള്ള യോഗ്യതയുണ്ടോയെന്നു സംശയമുണ്ടെന്നും നെടുമുടി വേണു പറയുമായിരുന്നു. 

 

അരവിന്ദന്റെ ‘തമ്പി’ൽ അഭിനയിക്കുമ്പോൾ ആദ്യ സിനിമയെന്ന ആവേശമൊന്നുമില്ലായിരുന്നു. എല്ലാവരും താമസിച്ചിരുന്നത് ഒരു വീട്ടിലാണ്. സിനിമയിൽ കറുത്ത ജുബ്ബയും പാന്റ്സുമായിരുന്നു വേണുവിന്റെ വേഷം. രണ്ടും വേണുവിന്റെ സ്വന്തം. അക്കാലത്തു വേണുവിനു നീണ്ട മുടിയും താടിയുമുണ്ട്. ആ രൂപത്തിലുള്ള കഥാപാത്രത്തെയായിരുന്നു അരവിന്ദന് ആവശ്യം. കറുത്ത ജുബ്ബയുമിട്ട് എല്ലാ ദിവസവും രാവിലെ വേണു ഇറങ്ങും.‘‘അവിടെ കിടക്ക്, ഒരു ഷോട്ടെടുക്കാം’’എന്ന് അരവിന്ദൻ പറയും. തുടർന്ന് ക്യാമറാമാൻ ഷാജി എൻ. കരുണിന്റെ തോളത്തൊന്നു തോണ്ടും. അപ്പോൾ ഷാജി ക്യാമറ പ്രവർത്തിപ്പിക്കും. അടുത്ത തോണ്ടലിന് ഓഫ് ചെയ്യും. സ്‌റ്റാർട്ട്, ക്യാമറ, ആക്‌ഷൻ ഒന്നുമില്ല. 

പൂരം’ എന്ന ചിത്രം സംവിധാനം ചെയ്ത വേണു, ‘കാറ്റത്തെ കിളിക്കൂട്’, ‘അമ്പട ഞാനേ’, ‘ഒരു കഥ നുണക്കഥ’, ‘സവിധം’, ‘അങ്ങനെ ഒരു അവധിക്കാലത്ത്’ തുടങ്ങി 9 സിനിമകൾക്കു കഥയെഴുതി; ‘കാവേരി’, ‘തനിയെ’, ‘രസം’ എന്നീ ചിത്രങ്ങൾക്കു തിരക്കഥയും. ഒരു സിനിമ കൂടി സംവിധാനം ചെയ്യണമെന്ന ആഗ്രഹം ബാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com