നാടകക്കടമ്പ

Nedumudi Venu
നരേന്ദ്ര പ്രസാദ്, രാജൻ പി.ദേവ്, മുരളി എന്നിവർക്കൊപ്പം.
SHARE

നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർ യഥാർഥ ശിഷ്യന്മാരെ കെണിവച്ചു പിടിക്കുന്നയാളായിരുന്നു. ആ കെണിയിൽ ഉത്സാഹത്തോടെ തലവച്ചുകൊടുത്തതായിരുന്നു തന്റെ കലയുടെ പുണ്യമെന്നു നെടുമുടി വേണു എന്നും ഓർത്തിരുന്നു. കാവാലം അന്തരിച്ചപ്പോൾ തിരുവനന്തപുരത്തെ ‘സോപാനം’ എന്ന  നാടകക്കളരിത്തട്ടിൽ ഗുരുവിന്റെ മൃതദേഹവും വച്ചുകൊണ്ടു നെടുമുടി വേണുവും സംഘവും രാവിലെ മുതൽ ഉച്ചവരെ കാവാലം ഗാനങ്ങൾ പാടുകയായിരുന്നു (ജീവിച്ചിരുന്നപ്പോൾ കാവാലം വച്ച നിർദേശം).

കോളജിൽ നാടകമത്സരത്തിൽ ഒന്നാംസ്‌ഥാനം കിട്ടിയ നാടകം അഭിനയിച്ചിറങ്ങുമ്പോഴാണു വേണുവിനെയും ഫാസിലിനെയും കാവാലം പിടികൂടുന്നത്. വിധികർത്താവായിരുന്നു അദ്ദേഹം. നെടുമുടി അങ്ങനെ കാവാലത്തിന്റെ നാടകസംഘമായ തിരുവരരങ്ങിന്റെ നടുസ്‌ഥലത്തേക്കു പ്രവേശിച്ചു. അവിടെനിന്നു വെള്ളിത്തിരയിലേക്കു നീങ്ങുംമുൻപ് തനതുനാടകത്തിന്റെ താളവും സൗന്ദര്യവും ആവാഹിച്ചെടുത്തു. 

വരാഹമിഹിരൻ എന്ന പുരാണകഥാപാത്രത്തെ ‘വളർത്തി’ കാലൻ കണിയാനാക്കി 1973ൽ കാവാലം ‘ദൈവത്താർ’ അരങ്ങിലെത്തിച്ചു. കാലൻ കണിയാൻ എന്ന മുഴുനീള സൂത്രധാരവേഷം കെട്ടിയതു വേണുവാണ്. താളവും തുള്ളലും മേളിച്ച വിതാനത്തിൽ കാലൻ കണിയാൻ കഥ കളിച്ചുകാണിച്ചു. ആരെ ദൈവമാക്കണം എന്നാണു ചർച്ച. മനുഷ്യനെ പിടിച്ചു ദൈവമാക്കി. എന്നാൽ ദൈവമാക്കപ്പെട്ട മനുഷ്യൻ വെള്ളം കുടിക്കാനില്ലാതെ വലഞ്ഞുനടക്കുമ്പോൾ കല്ലായി മാറിയ ദൈവം ഞെളിഞ്ഞിരുന്നു. അതായിരുന്നു കഥ.

kavalam-nedumudi
കാവാലം നാരായണപ്പണിക്കർക്കൊപ്പം.

‘‘സിനിമയിൽ എന്റെ പ്രായത്തിൽ കവിഞ്ഞ നരയിട്ട ഒരു കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചതു പത്മരാജന്റെ ‘ഒരിടത്തൊരു ഫയൽവാനി’ലാണ്. ഷൂട്ടിങ്ങിനിടെ പത്മരാജൻ പറഞ്ഞു– ഞാൻ വേണുവിനെ തീരുമാനിക്കാൻ കാരണമുണ്ട്. തിരുവനന്തപുരത്തു ‘ദൈവത്താർ’ കളിച്ചപ്പോൾ സദസ്സിൽ ഞാനുണ്ടായിരുന്നു. കാലൻ കണിയാനും പ്രായമുള്ള ആളാണല്ലോ’’– വേണു പിന്നീടൊരിക്കൽ പറഞ്ഞു. 

ആ രംഗബോധത്തെ തേച്ചുമിനുക്കിയെടുത്തത് പിന്നീടുവന്ന ‘അവനവൻ കടമ്പ’ എന്ന കാവാലം നാടകമാണ്. കടമ്പയിലേക്കു കടന്നുവന്ന പ്രതിഭകളേറെ– ജഗന്നാഥൻ, കൈതപ്രം, കൃഷ്‌ണൻകുട്ടിനായർ, കലാധരൻ.. അരവിന്ദനായിരുന്നു സംവിധായകൻ. കുട്ടനാടൻ ശീലുകളും താളങ്ങളുമാണ് കാവാലത്തിന് അരങ്ങിലേക്കു മൊഴിമാറ്റം ചെയ്യേണ്ടിയിരുന്നത്. വേണുവിന്റെ കയ്യിൽ അവ ധാരാളമുണ്ടായിരുന്നല്ലോ. 

സിനിമയിലെത്തിയശേഷവും നെടുമുടി  അരങ്ങിലേക്കു ഗൃഹാതുരതയോടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. കാവാലത്തിന് എഴുപതു തികഞ്ഞപ്പോൾ ‘അവനവൻ കടമ്പ’ വീണ്ടും കളിച്ചു, തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ. ആദ്യവേദിയിൽ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച നെടുമുടിയും (പാട്ടുപരിഷ) ജഗന്നാഥനും (ആട്ടപ്പണ്ടാരം) തന്നെ അന്നും അരങ്ങിൽ വന്നു. ഗുരുവിന് എൺപതു തികഞ്ഞപ്പോഴും ഇതാവർത്തിച്ചു, കനകക്കുന്നിൽ. 

പാട്ടുപരിഷയുടെ വായ്‌ത്താരിയായ ‘തൂവി-ത്തിന്തൂവി-ത്തിത്തൈ’ കുട്ടനാടിന്റെ ‘എഴുത്തച്ഛൻ’ തകഴി ശിവശങ്കരപ്പിള്ള കൊട്ടിക്കാണിച്ചുകൊടുത്തിട്ടുണ്ട് റിഹേഴ്‌സലിന്. ‘ദൈവത്താർ’ കോട്ടയത്തു കളിക്കുന്നതിനു മുൻപേ പറ നിറയ്‌ക്കാനൊരുങ്ങുമ്പോൾ ‘ഞാൻ നിറച്ചുതരാമെന്നു പറഞ്ഞു’ കാരണവർ അണിയറക്കാരനായ കഥയും നെടുമുടി എന്നും പറഞ്ഞുകൊണ്ടിരുന്നു. സിനിമയിൽ ഉറയ്ക്കും മുൻപു തന്നെ കാവാലത്തിന്റെ മറ്റൊരു ക്ലാസിക് നാടകവും വേണു ഉജ്വലമാക്കി– സംസ്കൃതനാടകമായ ‘ഭഗവദജ്ജുക’ത്തിന്റെ നാടൻമൊഴി. താളക്കൂത്തും രസികത്തവും നിറച്ച് ഗുരുവും ശിഷ്യനുമായി പൊലിച്ചത് നെടുമുടിയും നടൻ ഗോപിയുമായിരുന്നു. 

നെടുമുടി  സംവിധാനം ചെയ്ത ‘പൂരം’ ഒരു തനതു നാടകസംഘത്തിന്റെ ജീവിതകഥയുമായിരുന്നു. സംഗീതവും താളവും മേളിച്ച മനസ്സും ശരീരവുമായിരുന്നു നെടുമുടി വേണുവിന്റേത്. അരങ്ങിലെത്തുന്ന നാട്ടുകഥാപാത്രം കയ്യിലുള്ള സംഗീതോപകരണത്തിന്റെ താളത്തിലാണു കാവാലം നാടകങ്ങളെ മൊത്തത്തിൽ മിനുക്കിക്കൊണ്ടുപോകുക. അതു വേണുവിന്റെ ആത്മാവിലുണ്ടായിരുന്നു. 

റിപ്പോർട്ടറായി ജോലി ചെയ്യുന്ന കാലത്ത് അദ്ദേഹം പ്രശസ്ത ഗാനരചയിതാവിനോട് അഭിമുഖത്തിൽ ചോദിച്ചു– ‘ഈ പാട്ടിന് ഒരു അപശ്രുതി ഇല്ലേ’ എന്ന്. സംഗീതസംവിധായകന് അപശ്രുതിയാണു വേണ്ടതെങ്കിൽ ഞാനെന്തുചെയ്യാനാണ് എന്നായിരുന്നു  മറുപടി. നെടുമുടി വേണു അത് അതുപോലെയെഴുതി. ഗാനലോകത്തെ കുലപതിയായിരുന്നു സംഗീതസംവിധായകൻ. അദ്ദേഹം ആവശ്യപ്പെട്ടിട്ടും ഗാനരചയിതാവ് അഭിപ്രായം തിരുത്താൻ പോയില്ല. അത് അവർ തമ്മിലുള്ള നീണ്ട വിരോധത്തിനു കാരണമാകുകയും ചെയ്തു. യഥാർഥ ‘വില്ലൻ’ നെടുമുടിയുടെ ശുദ്ധസംഗീതബോധമായിരുന്നല്ലോ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA