തമ്പ്, വിളക്ക‍ണഞ്ഞ തിരുവരങ്ങ്

nedumudi-home1
‘തമ്പി’ൽ നെടുമുടി വേണുവിന്റെ മൃതദേഹത്തിനു സമീപം അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം വച്ചു പൂക്കള‍ർപ്പിച്ചപ്പോൾ.
SHARE

തിരുവരങ്ങിലെ വിളക്ക‍ണഞ്ഞ പോലെയായിരുന്നു ‘‍ത‍മ്പ്’ ഇന്നലെ. ഹാളിൽ ചുവ‍രിലെ സ്വന്തം ചിത്രങ്ങൾക്കു നടുവിൽ മൊബൈൽ മോർച്ചറി‍ക്കുള്ളിൽ നെടുമുടി വേണു അന്ത്യനിദ്രയിൽ.

വീട്ടിലെ ഓരോ ചിത്രവും നെടുമുടിയുടെ ജീവിതത്തിന്റെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തി. ‘വെറു‍തെ ഒരു പിണക്ക’ത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് സ്റ്റില്ലിനോ‍ടായിരുന്നു വേണു‍വിന് എന്നും ഇഷ്ടം. പാരിസിൽ ചിത്രീകരണത്തി‍നിടെയെടുത്ത ചിത്രം. കണ്ണടയുമായി താടിയിൽ കൈചേർത്തു നിൽക്കുന്ന സ്റ്റിൽ. ‘അച്ഛന് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോ’ എന്നു പറഞ്ഞ് ഇതെടുത്തു മൃതദേഹത്തിനരികിൽവച്ചു പൂക്കളർപ്പിക്കുമ്പോൾ ഇളയമകൻ കണ്ണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വേ‍ണുവിന്റെ ഭാര്യ സുശീല തളർന്നിരുന്നു. സങ്കടമ‍ടക്കി അമ്മയ്ക്കരികിൽ മൂത്ത മകൻ ഉണ്ണി.

nedumudi-venu-family-latest

ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ‍ക്കൊപ്പമുള്ള ചിത്രങ്ങളാണു ത‍മ്പിൽ കൂടുതൽ. വേണു‍വിലെ നടനെ കണ്ടെത്തിയ കാവാലം, സിനിമയിലേക്കു കൈപിടിച്ച അരവിന്ദൻ, അഭിനയത്തിന്റെ ‘ആരവ’മു‍യർത്തിയ ഭരതൻ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. കഥകളി‍ഭ്രമം നിറയുന്ന ചിത്രങ്ങളും വിവിധ വേഷപ്പകർച്ചകളുമെല്ലാമുണ്ട്.

nedumudi-venu-home

വൈകിട്ട് 3.25നാണ് മൃതദേഹം വട്ടിയൂർക്കാവ് കൊടുങ്ങാ‍നൂർ കുന്നൻ‍പാറയിലെ വീട്ടിലെത്തിച്ചത്. ജനപ്രതിനിധികളും നാട്ടുകാരും കലാ‍രംഗത്തുള്ളവരും കനത്ത മഴ അവഗണിച്ചു വീട്ടി‍ലേക്കൊഴുകി. തിക്കിത്തിരക്കിനിടെ ഒരു ഏങ്ങലടിയും നിലവിളിയും. ‘‘ഇപ്പോഴാണ് അറിഞ്ഞത്... എന്റെ പിള്ള, കൈനിറയെ കാശു തരുമായിരുന്നു. ഇനി ആരുമില്ല...’’ ഒരു വയോധിക പൊട്ടിക്കരഞ്ഞു. ജനക്കൂട്ടം അവർക്കു വഴിയൊഴിഞ്ഞുകൊടുത്തു. അൽപനേരം മൃതദേഹത്തിനരികിലിരുന്നു കണ്ണീരൊഴുക്കി, പിന്നെ തിരിഞ്ഞുനോക്കാതെ അവർ പടിയിറങ്ങി.

nedumudi-lal-raju

സന്ധ്യ‍ മയങ്ങി. പതിയെ ആളൊഴിഞ്ഞു. കഥ‍കളിപ്പദങ്ങളില്ലാതെ, നാടൻപാട്ടുക‍ളില്ലാതെ, മൃദംഗ താ‍ളമില്ലാതെ, നെടുമുടിയുടെ ജീവനിശ്വാസമില്ലാതെ ‘ത‍മ്പ്’...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA