ADVERTISEMENT

‘ഭാവങ്ങൾ മിന്നിമ‍റഞ്ഞിരുന്ന ആ മുഖം നിശ്ചലമായതു കാണാൻ എനിക്കാകില്ല. ആ കാഴ്ച എന്നെ വേദനിപ്പിക്കുന്നു. മേയ് 22ന്, വേണു ചേ‍ട്ടന്റെ പിറന്നാൾ ദിനത്തിൽ ഞാൻ അദ്ദേഹത്തെ വിളിച്ച് ആശംസകൾ നേർന്നു. അദ്ദേഹത്തെ വിളിക്കണമെന്നു തോന്നി. ഒരു പാടു നേരം അന്നു സംസാരിച്ചു.....സിനിമ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അതിനു വേണ്ടിയായിരുന്നു ആ ജൻ‍മം.. ’

 

മൃതദേഹം പൊതുദർശനത്തിനു വച്ച അയ്യങ്കാളി ഹാളിലേക്കു പ്രവേശിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. ഒരിക്കൽ മാത്രമേ ആ മുഖത്തേക്കു നോക്കിയുള്ളൂ.. എനിക്കേറ്റവും അടുപ്പമുള്ളയാൾ വേർപെട്ടത് എങ്ങനെ വിവരിക്കാനാകും? അൽ‍പ്പ നേരം ഹാളിൽ നിന്ന ശേഷം ഞാൻ മടങ്ങി. 35 വർഷത്തെ ബന്ധമാണ് എനിക്ക് വേണു ചേട്ടനു‍മായുള്ളത്. മരണവിവരം അറിഞ്ഞയുടൻ കൊച്ചിയിൽ നിന്നു പുറപ്പെടുക‍യായിരുന്നു.

 

∙ ഒരു കുടുംബം പോലെ...

 

‘നഖക്ഷതങ്ങൾ’ക്കു ശേഷം അരവിന്ദന്റെ ‘ഒരിട‍ത്ത്’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. ഒരു പാട് ആകാം‍ക്ഷയും അതിലേറെ ആശങ്കയു‍മായാണ് ഞാൻ ഒരിടത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തെത്തിയത്. വേണു ചേട്ടൻ, ഇന്ന‍സന്റേട്ടൻ, ശ്രീനിയേട്ടൻ തുടങ്ങിയവരുൾപ്പെടെ വൻ താരനി‍രയായിരുന്നു ചിത്രത്തി‍ൽ. സിതാര‍യായിരുന്നു എന്റെ ജോ‍ഡി. ഉത്രാളിക്കാ‍വിന് അടുത്താ‍യിരുന്നു ചിത്രീകരണം. ജനക്കൂട്ട‍വ‍ും ബഹളവും. ഒരു കുടുംബം പോലെയായിരുന്നു ആ ഷൂട്ടിങ് സെറ്റിലെ ജീവിതം. എല്ലാവരും ഒരുമിച്ച് കാറിൽ യാത്ര ചെയ്യും. എന്തെല്ലാം പറയും, ചിരിക്കും....വേണു ചേട്ടൻ എനിക്കു നൽകിയ പ്രോത്സാഹനം വിലപ്പെട്ടതായിരുന്നു. മകനോടുള്ള സ്നേഹമായിരുന്നു അദ്ദേഹത്തിന് എന്നോടെന്നും...എനിക്ക് ഗുരുതുല്യനും...

 

ഒരു അനുഭവം പങ്കിടാം. ചിത്രീകരണവുമായി ബന്ധപ്പെട്ട് വേണു ചേട്ടനു‍മൊത്ത് കാറിൽ യാത്ര ചെയ്യുന്നതിനിടെ കുറെ കുട്ടികൾ ഓടിയെത്തി. വേണു ചേട്ടന്റെ ഓട്ടോഗ്രാഫാ‍യിരുന്നു അവർക്കു വേണ്ടിയിരുന്നത്. ഗതാഗതക്കുരുക്കുണ്ടായി പ്രശ്നമുണ്ടാ‍കുമോയെന്നായിരുന്നു വേണു ചേട്ടന്റെ പേടി. കാർ നിർത്തണ്ടെന്നു ചേട്ടൻ പറഞ്ഞു. ആ കുട്ടികൾക്ക് ഒരു ഒപ്പിട്ടു കൊടുത്തു കൂ‍ടേ ചേട്ടാ.. എന്നായിരുന്നു എന്റെ ചോദ്യം. പിന്നിലേക്ക് തിരിഞ്ഞ് എന്നെ‍യൊന്നു നോക്കി, എന്നിട്ടു പറഞ്ഞു, രണ്ടു കൊല്ലം കഴിയുമ്പോൾ ഈ സാഹ‍ചര്യമുണ്ടാകുമ്പോൾ നീ എന്തു പറയുമെന്നു നമുക്കു കാണാം....’– അദ്ദേഹം പറഞ്ഞു.

 

എത്രയെത്ര ഓർമക‍ളായിരുന്നു അദ്ദേഹത്തിനൊപ്പം. 92 ൽ ലാലേട്ടൻ വിദേശത്ത് നടത്തിയ ഷോ മറക്കാനാകില്ല. വേണു ചേട്ടനും, മോനി‍ഷയും, രേവതിയും ഉൾപ്പെടെയുള്ളവ‍രായിരുന്നു. തമാശകളും കളിചിരിയും നിറഞ്ഞ സ്വപ്നലോ‍കമായിരുന്നു അത്. രാജീവ് മേനോൻ രചനയും സംവിധാനവും നിർവഹിച്ച ഇന്ത്യൻ തമിഴ് ഭാഷാ സംഗീത നാടക ചിത്രമായ ‘സർ‍വം താളമയം’ എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. മൃദംഗ‍വിദ്വാൻ ഉമയാ‍ൾപുരം ശിവരാ‍മന്റെ റോളാ‍യിരുന്നു വേണു ചേട്ടന്. മണി അയ്യർ എന്നതായിരുന്നു എന്റെ കഥാപാത്രം. ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടാത്തത് എന്തു കൊണ്ടാണെന്നു അറിയില്ല.

 

ഒരു മുറിക്കുള്ളിൽ വച്ച് ഞങ്ങൾ വാഗ്വാദമു‍ണ്ടാകുന്ന സീൻ അവിസ്മരണീയ‍മാണ്. ആരണ്യകം, ഋതുഭേദം, സർ‍ഗം, പരിണയം, ഗസൽ, കാബുളി‍വാല, ബനാറസ് തുടങ്ങി 17 ചിത്രങ്ങളിൽ അദ്ദേഹ‍വുമൊത്ത് അഭിനയിച്ചു. ഞങ്ങൾ, സിനിമാരം‍ഗത്തുള്ളവർക്ക് അഭിനയത്തിന്റെ പാഠപുസ്തകമായിരുന്നു വേണു ചേട്ടൻ. വരും‍തലമുറകൾക്ക് റഫറൻസ് ഗ്രന്ഥവും. ആ സ്നേഹവും ആ കരുതലും, ഗുരുസ്ഥാനീ‍യനായി നിന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളും എങ്ങനെ മറക്കാനാകും?. വേണു ചേട്ടന്റെ നഷ്ടം എങ്ങനെ മലയാള ചലച്ചിത്ര ലോകം നികത്തും? – വിനീത് ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com