ADVERTISEMENT

ഇന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടിയത് ശ്രീരേഖ ആയിരുന്നു. പക്ഷേ ശ്രീരേഖയുടെ പേര് പ്രേക്ഷകർക്ക്‌ അത്ര സുപരിചിതം ആയിരുന്നില്ല. മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ വെയിലിലെ അഭിനയത്തിനാണ് ശ്രീലേഖക്ക്‌ അവാർഡ് ലഭിച്ചത്. ഒരു സൈക്കോളജിസ്റ്റ് കൂടിയായ ശ്രീരേഖയും ഏറെ ഞെട്ടലോടെയാണ് ഈ അവാർഡ് വിവരം കേട്ടത്. ആലപ്പുഴ സ്വദേശിയാണ് ശ്രീരേഖ. ഭർത്താവ് സന്ദീപ്. അവാർഡിനെ കുറിച്ചും സിനിമയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ശ്രീരേഖ തന്നെ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

അവാർഡ് വാർത്ത അറിഞ്ഞപ്പോൾ...

സത്യത്തിൽ ഇവിടെ കനത്ത മഴയായിരുന്നു. കറന്റ് ഇല്ലാത്തതിനാൽ ടിവിയോ നെറ്റോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് അമ്മ വിളിച്ചു നിനക്ക് അവാർഡ് കിട്ടിയത് എന്ന് തോന്നുന്നു എന്ന് പറഞ്ഞു. പക്ഷേ ശ്രീരേഖ എന്നാണ് എഴുതിയിട്ടുള്ളത്. സിനിമയുടെ പേര് വെയിൽ കാണിക്കുന്നു. പിന്നീട് അവിടെയും കറന്റ് പോയി. വിവരം അറിയാനോ ഒന്നും സ്ഥിരീകരിക്കാനോ ആവാതെ ഞാൻ പൊട്ടിക്കരഞ്ഞു. സത്യത്തിൽ ആ പൊട്ടി കരച്ചിൽ ആയിരുന്നു ആദ്യപ്രതികരണം എന്നു പറയാം. പിന്നീട് വെയിലിന്റെ സംവിധായകൻ ശരത് മേനോൻ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചപ്പോഴാണ് ഈ വിവരം സത്യമാണെന്ന് ബോധ്യപ്പെട്ടത്.

പ്രതീക്ഷിക്കാതെ കിട്ടിയ അവാർഡ്...

അവാർഡിന് പരിഗണിക്കപ്പെടുന്നുവെന്ന് ഒരുതരത്തിലും അറിഞ്ഞിരുന്നില്ല. കുറേ കാലം മുൻപ് ചെയ്ത ഒരു സിനിമയായിരുന്നു വെയിൽ. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ഉടൻ തന്നെ കൊറോണയും മറ്റുമായി. അതിനിടയിൽ എന്റെ വിവാഹവും കഴിഞ്ഞു. ചിത്രം തിയേറ്ററുകളിൽ എന്ന് എന്ന് റിലീസ് ചെയ്യുമെന്നായിരുന്നു കാത്തിരുന്നത്. അത് നീണ്ടു പോയപ്പോൾ വിഷമം തോന്നി. ഇപ്പോൾ ഇങ്ങനെ ഒരു അവാർഡിന് പരിഗണിക്കപ്പെടുന്ന കാര്യം പോലും ഞാനറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.

വെയിലിലേക്ക് എത്തുന്നത്

ഞാൻ കുറെ ടിക് ടോക് വിഡിയോകൾ ചെയ്തിരുന്നു. അങ്ങനെ അതിൽ അമ്മ വേഷങ്ങൾ ചെയ്യാൻ എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടാണ് വെയിലിന്റെ അണിയറപ്രവർത്തകർ എന്നെ ഓഡിഷന് വിളിക്കുന്നത്. ഇതിനുമുമ്പ് ചില പ്രശസ്ത സിനിമകളുടെ ഭാഗമായിരുന്നു എങ്കിലും എന്നെ ഓർക്കാൻ തക്ക രീതിയിലുള്ള ഒരു കഥാപാത്രവും ചെയ്തിരുന്നില്ല.

വെയിലിലെ കഥാപാത്രം...

രണ്ടു മുതിർന്ന ആൺമക്കളുടെ അമ്മയായാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. രണ്ടു മുതിർന്ന ആൺകുട്ടികൾ ഉള്ള വീട്ടിൽ നടക്കുന്ന കുറെ കാര്യങ്ങൾ പറയുന്ന സിനിമ കൂടിയാണ് വെയിൽ. മുഴുനീള കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.

കഥാപാത്രം ഉയർത്തിയ വെല്ലുവിളികൾ...

ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു. പ്രായത്തിൽ ഏറെ മുതിർന്ന കഥാപാത്രമായിരുന്നു ഇത് എന്നത് ആദ്യത്തെ വെല്ലുവിളി. ഓഡിഷന് പോയപ്പോൾ തന്നെ എനിക്ക് ഇത്രയും പ്രായം കുറവാണല്ലോ എന്നവർക്ക് ഒരു ആകുലത ഉണ്ടായിരുന്നു. എന്നോട് വണ്ണം കുറയ്ക്കാൻ ആണ് അവർ ആവശ്യപ്പെട്ടത്. പക്ഷേ വണ്ണം കുറച്ചാൽ എനിക്ക് പ്രായം പിന്നെയും കുറഞ്ഞ പോലെ തോന്നും. അതുകൊണ്ട് ഇത്തിരി വണ്ണം കൂട്ടി വന്നോട്ടെ എന്ന് ഞാൻ അവരോട് ചോദിച്ചു. അവർ അതിനു സമ്മതിക്കുകയും ചെയ്തു. ഇപ്പോൾ വെയിലിന് ശേഷം ഞാൻ 18 കിലോ കുറച്ചു എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ഞാൻ അതിനു വേണ്ടി എത്ര വണ്ണം കൂട്ടി എന്ന്. ചോറും ഐസ്ക്രീമും നിരന്തരം കഴിക്കൽ ആയിരുന്നു ആദ്യത്തെ പരിപാടി. സിനിമയിലെ എന്റെ പ്രായം ഏച്ചു കെട്ടിയതുപോലെ തോന്നരുത് എന്ന് എനിക്ക് നിർബന്ധമായിരുന്നു. പിന്നെ തുടക്കം മുതൽ തന്നെ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി ഷെയ്ൻ നിഗത്തെ പോലൊരു നടനോടൊപ്പം അഭിനയിക്കുക എന്നതും വലിയൊരു വെല്ലുവിളിയായിരുന്നു.

ഷെയ്ൻ നിഗത്തോടൊപ്പമുള്ള അഭിനയം...

പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ ഷെയ്ൻ അസാധ്യ റേഞ്ച് ഉള്ള ഒരു നടനാണ്. ഷെയ്ൻ നിഗത്തെ പോലൊരു നടനോടൊപ്പം ഒരു മുഴുനീള കഥാപാത്രമായി പിടിച്ചു നിൽക്കുക എന്നത് വലിയൊരു ചലഞ്ച് ആയിരുന്നു. പലപ്പോഴും മത്സരബുദ്ധിയോടെ അദ്ദേഹത്തോടൊപ്പം പിടിച്ചുനിൽക്കാൻ ശ്രമം നടത്തി കൊണ്ടേയിരുന്നു. പിന്നെ വല്ലാത്ത ഒരു കെമിസ്ട്രി ഞങ്ങൾക്കിടയിൽ ഉണ്ടായി. സെറ്റിൽ അമ്മേ, മോനെ എന്നായിരുന്നു ഞങ്ങൾ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. അങ്ങനെ ഒരു വല്ലാത്ത ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.

വൈകുന്ന തീയറ്റർ റിലീസ്

വെയിൽ തിയേറ്ററുകളിലെത്തി എല്ലാവരും കാണുന്ന നിമിഷത്തിനു വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്. ഇടയ്ക്ക് കൊറോണയാണ് വില്ലനായത് ഇപ്പോൾ വീണ്ടും തിയേറ്ററുകൾ തുറക്കാൻ പോവുകയാണല്ലോ... ഉടൻ തന്നെ ചിത്രം തീയറ്ററുകളിൽ റിലീസ് ആകും എന്നാണ് അറിയുന്നത്.

സൈക്കോളജിസ്റ്റ് vs നടി

ഈ രണ്ടു കരിയറും ബാലൻസ് ചെയ്യുന്നത് തന്നെ ആർട്ട് ആയിട്ടാണ് ഞാൻ കാണുന്നത്. ഞാൻ പോക്സോ കേസുകൾ ഒക്കെ ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണ്. അത് സിനിമയിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമായ ഒരു ലോകവും ആണ്. ആളുകൾക്ക് എന്നെ വേണമെന്ന് തിരിച്ചറിഞ്ഞ് നിരവധി സന്ദർഭങ്ങൾ എന്റെ ജോലിക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതിനിടയിൽ ഇൻസ്റ്റാഗ്രാമിൽ ടിക്ടോക്കിൽ ഒക്കെയായി കുറെ വിഡിയോകൾ പങ്കുവയ്ക്കുന്ന ഒരു ' അസുഖം 'എനിക്കുണ്ട്. അതിനിടയിൽ ഇങ്ങനെയുള്ള വാർത്തകൾ എനിക്ക് വലിയ സന്തോഷം നൽകുന്നുണ്ട്.

ഭാവി പ്രോജക്ടുകൾ

കുറച്ച് ചർച്ചകൾ നടന്നിട്ടുണ്ട് ജോലിയും കുടുംബവും ഒക്കെ ആയി തിരക്കിലായതിനാൽ തന്നെ പുതിയ പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടില്ല. ഇപ്പോൾ വെയിലിന്റെ തീയറ്റർ റിലീസിന് വേണ്ടി കാത്തിരിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com