ADVERTISEMENT

ഷൊർണൂരിൽ ഏതോ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഏതോ ഒരു സിനിമ എന്നുവച്ചാൽ, ആ സിനിമയുടെ പേര് എനിക്കറിയില്ല എന്നർത്ഥം.

പേരു പോലും ഓർത്തുവയ്ക്കാൻ പറ്റാത്ത സിനിമകളിൽ താൻ എന്തിനാണ് അഭിനയിക്കുന്നത് എന്ന ഒരു ചോദ്യം സ്വാഭാവികമായും നിങ്ങളിൽ നിന്ന് ഉയർന്നേക്കാം. സുഹൃത്തുക്കളേ, ഓരോ സിനിമയിലും അഭിനയിക്കാൻ പോകുന്നതിനു മുൻപ് ദൈവമേ ഇതൊരു ‘പഥേർ പാഞ്ചലി’ ആക്കണേ എന്ന പ്രാർഥനയോടെയാണ് വീട്ടിൽ നിന്നിറങ്ങാറ്. പക്ഷേ, അഭിനയിച്ചു കഴിയുമ്പോൾ ആണ് അതൊരു ‘വധേർ മൂഞ്ചാലി’ ആണെന്ന് അറിയുക അങ്ങനെയൊരു വധേർ മൂഞ്ചാലിയുടെ ലൊക്കേഷനിൽ ലഞ്ച് ബ്രേക് സമയത്ത് നടി ഉഷ എന്റെ അരികിലേക്കു വന്നിട്ടു വളരെ രഹസ്യമായി ഒരു കാര്യം പറഞ്ഞു.

 

salimkumar-211

‘‘എടാ, ബാബു ജനാർദനൻ ഒരു അവാർഡ് പടം ചെയ്യുന്നു. നീയാണ് അതിലെ ഹീറോ. പുള്ളിക്കാരൻ നിന്നെ കാണാൻ ഇന്നിവിടെ വരും. പുള്ളി വരുമ്പോൾ നീ ഈ കാര്യം അറിഞ്ഞതായി നടിക്കേണ്ട. ബാബുച്ചേട്ടൻ തന്നെ അതു നിന്നോടു പറയുന്നതാണല്ലോ അതിന്റെ ഒരു ശരി.’’ ബാബു ജനാർദനൻ ഇവിടെ വരുമ്പോൾ അറിഞ്ഞ ഭാവം നടക്കില്ല എന്നു ഞാൻ ഉഷയ്ക്ക് ഉറപ്പു കൊടുത്തു. ഉഷ പറഞ്ഞതുപോലെ കുറെ കഴിഞ്ഞപ്പോൾ ബാബു ജനാർദനൻ ഞങ്ങളുടെ ലൊക്കേഷനിലെത്തി. അര മുക്കാൽ മണിക്കൂർ നേരത്തെ സംസാരത്തിനിടയിൽ ഉഷ പറഞ്ഞ കാര്യങ്ങൾ ബാബുച്ചേട്ടൻ എന്നോട് ആവർത്തിച്ചു. ഞാൻ ആ വാർത്ത ആദ്യമായി കേൾക്കുന്നവനെപ്പോലെ അഭിനയിച്ചു. ആ സമയത്തെ അഭിനയത്തിന് എനിക്ക് ഒരു അവാർഡ് കിട്ടേണ്ടതായിരുന്നു എന്ന് എന്റെ അഭിനയം കണ്ടു വിലയിരുത്തിയ ജൂറി കമ്മിറ്റി ചെയർമാത്തി ഉഷ എന്നോടു പിന്നീടു പറഞ്ഞു.

 

ബാബു ജനാർദനനോട് എന്തു മറുപടി പറയണം എന്നതിനെക്കുറിച്ചോർത്ത് ഞാൻ ഒരു വല്ലാത്ത അവസ്ഥയിലായി.‘‘എന്തായാലും സലിം ഒന്നാലോചിക്ക്. രണ്ടു ദിവസം കഴിഞ്ഞു ലാൽ ജോസ് വിളിക്കും. അപ്പോൾ ഒരു മറുപടി പറഞ്ഞാൽ മതി എന്നു പറഞ്ഞു ബാബുച്ചേട്ടൻ പോയി. ലാലു വിളിക്കുമ്പോൾ എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞു മാറാമെന്നു ഞാൻ മനസ്സിലുറപ്പിച്ചു. പിന്നീട് ഒറ്റപ്പാലത്തു വച്ച് കമൽ സാറിന്റെ രാപകൽ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ലാലുവിന്റെ ഫോൺ കോൾ വന്നു. ‘‘എടാ, ബാബു ഷൊർണൂർ ഗെസ്റ്റ് ഹൗസിൽ ഉണ്ട്. നീ ആ കഥ കേൾക്കൂ. ബാക്കിയൊക്കെ നമുക്കു പിന്നീടു തീരുമാനിക്കാം. അവിടെയും എന്റെ മറുപടിക്ക് അവസരം നഷ്ടപ്പെട്ടു. ഷൊർണൂർ ഗെസ്റ്റ് ഹൗസിൽ വച്ച് അച്ഛനുറങ്ങാത്ത വീടിന്റെ കഥ മുഴുവൻ കേട്ടതിനു ശേഷം ഞാൻ ലാൽ ജോസിന്റെയും ബാബു ജനാർദനന്റെയും മുന്നിലേക്ക് ഒരു നിർദേശം വച്ചു. ‘‘നിങ്ങൾക്ക് ഈ വേഷം വല്ല നല്ല നടന്മാരെക്കൊണ്ടു ചെയ്യിച്ചു കൂടേ?’’

 

എന്റെ നിർദേശം അവർ നിഷ്കരുണം തള്ളിക്കളഞ്ഞു. എന്നു മാത്രമല്ല ഞാൻ ഈ വേഷം ചെയ്യുന്നില്ലെങ്കിൽ അവർ ഈ സിനിമ ചെയ്യുന്നില്ല എന്ന് ഒരു പ്രഖ്യാപനവും നടത്തി. അങ്ങനെ മലയാളത്തിൽ എത്രയോ പോപ്പുലറായ സിനിമകൾ ചെയ്തിട്ടുള്ള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ, ഞാൻ കീഴടങ്ങി. അവിടെ ഒരു ‘അച്ഛനുറങ്ങാത്ത വീട്’ പിറക്കുകയായിരുന്നു. അച്ഛനുറങ്ങാത്ത വീടിനു തൊട്ടു മുൻപേ ലാൽ ജോസ് ചെയ്ത ചിത്രമായിരുന്നു ‘ചാന്തുപൊട്ട്’. ചേർത്തല അടുത്തുള്ള അന്ധകാരനഴി കടപ്പുറത്തായിരുന്നു അതിന്റെ ഷൂട്ടിങ്. ഷൂട്ടിങ്ങിനിടെ ആദ്യ ദിവസം മേക്കപ്പ് എല്ലാം കഴിഞ്ഞു കടപ്പുറത്ത് ഇരിക്കുകയായിരുന്ന എന്നെ ലാൽ ജോസ് ആപാദചൂഡം ഒന്നു നോക്കി. എന്നിട്ടു മേക്കപ്മാൻ പട്ടണം ഷായോടു പറഞ്ഞു ‘‘ഇവനു ചെറുപ്പക്കാരന്റെ  മേക്കപ് വേണ്ട, ഒരു വയസ്സൻ ഗെറ്റപ്പ് കൊടുക്ക്.’’

 

എന്നെ വയസ്സനാക്കുന്നതിന്റെ പൊരുളറിയാതെ ഞാൻ വാ പൊളിച്ചു നിൽക്കുമ്പോഴാണു ലാലു എന്നോട് ആ രഹസ്യം പറഞ്ഞത്. ‘‘ഇതു നമ്മുടെ മറ്റേ പടത്തിന്റെ റിഹേഴ്സൽ ആയി കരുതിയാൽ മതി, നിന്റെ വയസ്സൻ ഗെറ്റപ്പിൽ ഉള്ള അഭിനയം നമുക്കൊന്നു കാണാലോ’’. അതിലൂടെ ചാന്തുപൊട്ടിലെ ആ കഥാപാത്രം അച്ഛനുറങ്ങാത്ത വീടിന്റെ  ഒരു മോക്ഡ്രിൽ ആയി മാറുകയായിരുന്നു. ചാന്തുപൊട്ടിലെ പരദൂഷണം വറീത് വെട്ടിയ വഴികളിലൂടെയാണ് ഞാനെന്ന സാമുവൽ അച്ഛനുറങ്ങാത്ത വീട്ടിലേക്ക് എത്തിച്ചേരുന്നത്.

salimkumar-family

 

അച്ഛനുറങ്ങാത്ത വീടിന്റെ ഷൂട്ടിങ് തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപു ലാലുവിന്റെ മറ്റൊരു ഫോൺ കോൾ എനിക്കു വന്നു. ‘‘നീ എത്രയും പെട്ടെന്ന് ഏതെങ്കിലുമൊരു പെന്തക്കോസ്ത് പള്ളിയിൽ പോയി രണ്ടു പ്രാർഥനയെങ്കിലും അറ്റൻഡ് ചെയ്യണം. നമ്മുടെ സിനിമയിൽ അത്തരത്തിൽ ഒരു പ്രാർഥന സീനുണ്ട്. പള്ളി എവിടെയാണ് എന്നുവച്ചാൽ കണ്ടുപിടിച്ചിട്ട് ആ സംവൃതാ സുനിലിനെയും വിളിച്ചോ. അവളും നിന്നോടൊപ്പം ആ പ്രാർഥനാ സീനിൽ ഉണ്ട്.’’ ഞാൻ തിരിച്ച് എന്തെങ്കിലും പറയുന്നതിനു മുൻപു മറുതലയ്ക്കൽ ഫോൺ കട്ടായി. എന്റെ ഭാഗ്യത്തിനു പള്ളി അന്വേഷിച്ച് എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പറവൂർ പെരുമ്പടന്ന എന്ന സ്ഥലത്തു പെന്തക്കോസ്ത് മിഷന്റെ ഒരു പള്ളി ഉണ്ടായിരുന്നു. അവിടെ ചെന്നു പാസ്റ്ററെ കണ്ടു സമ്മതം വാങ്ങി. പിറ്റേന്നു സംവൃതയും ഒത്ത് ഞാൻ പ്രാർഥനയ്ക്കായി പള്ളിയിലെത്തി.

 

സത്യത്തിൽ ആ പ്രാർഥന എന്നെ സംബന്ധിച്ചിടത്തോളം ഒരു വല്ലാത്ത അനുഭവമായിരുന്നു. അന്യർക്കു വേണ്ടി പ്രാർഥിക്കുന്ന ഒരുപറ്റം ആളുകൾ. ‘‘ഈശ്വരാ എന്നെ മാത്രം രക്ഷിക്കണേ’’ എന്ന പ്രാർഥന കേട്ടും പ്രാർഥിച്ചും മാത്രം പരിചയമുള്ള എനിക്ക് അവരുടെ പ്രാർഥന ഒരു പുത്തൻ വെളിച്ചമായിരുന്നു. പ്രാർഥനയുടെ ഇടയിൽ ഞാൻ സംവൃതയെ ഒന്നു നോക്കി. ആ സമയത്തു സംവൃതയുടെ മട്ടും ഭാവവും കണ്ടാൽ അവൾ അന്നു തന്നെ ഏതെങ്കിലും പെന്തക്കോസ്ത് സഭയിൽപെട്ട ഒരാളെ കല്യാണം കഴിച്ച് അവിടെത്തന്നെ താമസിച്ചു കളയും എന്ന് എനിക്കു തോന്നി. ഒരേയൊരു പ്രാർഥനയിലൂടെ അവൾ സ്പിരിച്വാലിറ്റിയുടെ അങ്ങേക്കൊമ്പത്ത് അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ അങ്ങേക്കൊമ്പത്തു നിന്ന സംവൃതയെ പിടിച്ചിറക്കി, പാസ്റ്ററോടു നന്ദിയും പറഞ്ഞു ഞങ്ങൾ പെരുമ്പടന്ന പെന്തക്കോസ്ത് മിഷൻ പള്ളിയുടെ പടിയിറങ്ങി.

 

പീരുമേടും പരിസരപ്രദേശങ്ങളും ആയിരുന്നു സിനിമയുടെ ലൊക്കേഷൻ. നിർമാതാവായ റെജി നല്ലൊരു കലാസ്വാദകനും സാമൂഹിക പ്രവർത്തകനും സർവോപരി നല്ലൊരു മനുഷ്യനും ആയിരുന്നു. എങ്കിലും സാമ്പത്തിക ഭദ്രത അൽപം കുറവായിരുന്നു എന്നതിനാൽ സിനിമയുടെ ഷൂട്ട് ഏതു സമയത്തും നിന്നു പോയേക്കാം എന്ന ഭീഷണിയുടെ വാൾ ഞങ്ങൾക്കു മുകളിൽ ഒരു പെൻഡുലം പോലെ നിത്യേന ആടിക്കൊണ്ടിരുന്നു. അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലിന്റെ വേഷം ചെയ്തിരുന്നതു ഞാനായിരുന്നു എങ്കിലും അതിന്റെ ശരിക്കും അച്ഛൻ സംവിധായകനായ ലാൽ ജോസ് തന്നെയായിരുന്നു. ഷൂട്ടിങ് സംഘാംഗങ്ങളായ തന്റെ മക്കളെ പട്ടിണിക്കിടാതിരിക്കാനും പീരുമേട്ടിലെ നല്ല നല്ല ഹോട്ടലുകളിൽ താമസിപ്പിക്കാനും അദ്ദേഹം നടത്തിയ പെടാപ്പാടുകൾ എഴുതി ഫലിപ്പിക്കാൻ ഞാനെന്ന എഴുത്തുകാരന്റെ പദസമ്പത്തു തികയാതെ വരും. ഷൂട്ടിങ്‌കാല നിത്യവൃത്തിക്കായി കണ്ണിൽ കണ്ടവരോടെല്ലാം കടം വാങ്ങിച്ചു. കണ്ണിൽ കാണാത്തവരോടു ഫോണിലൂടെയും കടം ചോദിച്ചു. കടം വാങ്ങാനായി ബാക്കിയുണ്ടായിരുന്നതു പീരുമേട്ടിലെ പീർ മുഹമ്മദും പറവൂർ

ഉള്ള ഒരു സലിംകുമാറും മാത്രമായിരുന്നു. പീർ മുഹമ്മദ് ഇഹലോക വാസം വെടിഞ്ഞു പീരുമേട്ടിൽ ഖബർ സ്ഥാനീയനായതു കൊണ്ടാവണം ലാൽ ജോസ് എന്റെ മുന്നിലേക്ക് എത്തപ്പെട്ടത്.

 

‘‘എടാ കാര്യങ്ങൾ കുറച്ചു കുഴപ്പത്തിലേക്കാണു പോകുന്നത്. കുറച്ചു പൈസ തന്റെ വീട്ടിലേക്ക് എത്തിച്ചില്ലെങ്കിൽ ഷൂട്ടിങ്ങിനു വരില്ലന്നാണ് ഹരിശ്രീ അശോകൻ പറയുന്നത്. അദ്ദേഹം വന്നില്ലെങ്കിൽ ഷൂട്ടിങ് നിന്നുപോകും. അതുകൊണ്ട് അത്യാവശ്യമായി ഒരു ലക്ഷം രൂപയെങ്കിലും നീ എങ്ങനെയെങ്കിലും ഒപ്പിക്കണം.’’ കച്ചവട സിനിമയിൽ യാതൊരു മൂല്യവുമില്ലാത്ത എന്നെ നായകനാക്കി സിനിമ പിടിക്കാൻ പോയതു കൊണ്ടാണല്ലോ ഇങ്ങേർക്ക് ഈ ഗതി വന്നതെന്നോർത്ത് എന്റെ മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി. പക്ഷേ, എന്റെ കയ്യിലാണെങ്കിൽ അഞ്ചിന്റെ പൈസയില്ല. പീരുമേട്ടിൽ ഇരുന്നുകൊണ്ട് ഒരു ലക്ഷം രൂപ സംഘടിപ്പിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിഷമകരമായ കാര്യമായിരുന്നു.

 

ഞാൻ വീട്ടിലേക്കു ഫോൺ ചെയ്ത് എന്റെ ഭാര്യയോട് പീരുമേട്ടിലെ അവസ്ഥയെക്കുറിച്ചും ലാൽ ജോസിന്റെ പെടാപ്പാടിനെക്കുറിച്ചും പറഞ്ഞു. എന്റെ വിഷമങ്ങൾ കേട്ട് എന്നെ സമാധാനിപ്പിക്കാൻ എന്നോണം അവൾ പറഞ്ഞു.

 

‘‘വിഷമിക്കേണ്ട. നമുക്കു പരിഹാരമുണ്ടാക്കാം.’’

 

ഞാൻ ചോദിച്ചു: ‘‘എങ്ങനെ?’’ 

 

‘‘പാലക്കാടു പറമ്പ് ബാങ്കിൽ കൊണ്ടുപോയി വച്ചാൽ ഒരു ലക്ഷം രൂപ കാർഷിക ലോൺ ആയി കിട്ടും. അതു നമുക്ക് എടുക്കാം.’’

 

സുനിതയുടെ മറുപടി ഞാൻ ലാൽ ജോസിനെ അറിയിച്ചു. അപ്പോഴും ലാലുവിന്റെ സംശയം മാറിയില്ല.

 

‘‘ഈ ലോൺ ഒക്കെ ശരിയായി വരുമ്പോൾ ഒരുപാടു സമയമെടുക്കില്ലേ.’’

ഞാൻ പറഞ്ഞു: ‘‘ഇല്ല, സുനിത ചതിക്കില്ല ആശാനേ, സുനിതയെ നമുക്കു വിശ്വസിക്കാം.’’

 

ഞാൻ ഇത്രയ്ക്ക് ഉറപ്പിച്ചു പറയാൻ കാരണം ബാങ്കിൽ നിന്നു ലോൺ എടുക്കാൻ ഇത്രയ്ക്ക് എക്സ്പെർട് ആയ ഒരാൾ സുനിത കഴിഞ്ഞിട്ടേ ഉള്ളൂ എന്ന് അവളുടെ ഭർത്താവായ എനിക്ക് ആരെക്കാളും നന്നായി അറിയാമായിരുന്നു. എന്റെ കുടുംബാംഗങ്ങൾക്കോ മറ്റു ബന്ധുക്കൾക്കോ ലോൺ സംബന്ധമായ ഏതാവശ്യത്തിനും അവർ ആദ്യം തന്നെ സമീപിച്ചിരുന്നതു സുനിതയെയാണ്. തന്നെ സമീപിച്ച ബന്ധുക്കളെ അവളൊരിക്കലും നിരാശപ്പെടുത്തിയിരുന്നുമില്ല. അവൾ ഏതെങ്കിലും പൊതു പരിപാടിക്കു പോകാൻ എന്നെ നിർബന്ധിച്ചിട്ടുണ്ടെങ്കിൽ അതു തീർച്ചയായും ഒരു ബാങ്ക് മാനേജരുടെയോ ബാങ്ക് ജീവനക്കാരുടെയോ പ്രോഗ്രാമായിരിക്കും. മാത്രമല്ല ഇപ്പോൾ ഈ എന്നെത്തന്നെ അവൾ ഏതെല്ലാം ബാങ്കിൽ ആണ് പണയം വച്ചിരിക്കുന്നതെന്ന് അവൾക്കു മാത്രമേ അറിയാവൂ. ഞങ്ങളുടെ വീട്ടിൽ സുനിതയ്ക്ക് ‘ലോണിതാ’ എന്നൊരു അപരനാമം കൂടിയുണ്ട്.

 

എന്റെ മറുപടി ലാൽ ജോസിനെ സംബന്ധിച്ചിടത്തോളം പീരുമേട്ടിലെ കുളിർകാറ്റ് പോലെ ആയിരുന്നു. ഞാൻ പറഞ്ഞ പോലെ സുനിത ചതിച്ചില്ല. രണ്ടു ദിവസത്തിനകം ബാങ്ക് ലോൺ റെഡി. ഞാനാ പണം ലാൽ ജോസിനെ ഏൽപിച്ചു. ദോഷം പറയരുതല്ലോ. പൈസ വന്നപ്പോൾ അതിൽ അൻപതിനായിരം രൂപ എനിക്കു തിരിച്ചു തന്നു. ബാക്കി അൻപതിനായിരം രൂപ അച്ഛനുറങ്ങാത്ത വീടിന്റെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള എന്റെ സംഭാവനയായി ഞാനും കണക്കാക്കി.

 

ഷൂട്ടിങ് സമയത്ത് രണ്ടു ചുമതലകളാണ് ലാൽ ജോസ് എന്നെ ഏൽപിച്ചത്. ഒന്ന്, നായകനായി അഭിനയിക്കുക. രണ്ട്, മുരളിച്ചേട്ടനെ പരിപാലിക്കുക. കാരണം അദ്ദേഹത്തിന്റെ മദ്യപാനാസക്തി അൽപം കൂടി നിന്നിരുന്ന സമയമായിരുന്നു അത്. പകൽസമയത്തു മുരളിച്ചേട്ടനെക്കൊണ്ടു മദ്യപിപ്പിക്കരുത് എന്നതായിരുന്നു എന്റെ പ്രധാന ദൗത്യം. ദൗത്യ നിർവഹണം അൽപം ശ്രമകരം ആണെങ്കിലും ഞാൻ അത് ഏറ്റെടുത്തു. ആദ്യത്തെ രണ്ടു ദിവസം ഞാൻ അതിൽ ലോക തോൽവി ആയിരുന്നു.

 

പക്ഷേ, മുരളിയെന്ന മനുഷ്യന്റെ പരുക്കൻ ഭാവം വെറും പുറംതോടു മാത്രമാണെന്നും സ്നേഹം കൊണ്ട് ഒന്നു തൊട്ടാൽ പൊട്ടിപ്പോകുന്ന നീർക്കുമിളകളുടെ കനമേ അതിനുണ്ടായിരുന്നുള്ളൂ എന്നും അതിനുള്ളിൽ നന്മകൾ മാത്രം നിറച്ചുവച്ച നിഷ്കളങ്കനായ ഒരു കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു എന്നും തിരിച്ചറിയാൻ എനിക്ക് അധികം ദിവസങ്ങൾ വേണ്ടി വന്നില്ല. ആ തിരിച്ചറിയൽ ഞാനൊരു അധികാരമായി ഉപയോഗിച്ചു. പിന്നീടൊരിക്കലും ഷൂട്ടിങ് സമയത്ത് അവിടെ വച്ച് അദ്ദേഹം മദ്യപിച്ചിട്ടില്ല.

 

കാൾ‌മാർക്സിന്റെ ‘മൂലധനം’ അരച്ചുകലക്കി കുടിക്കുകയും തൊട്ടടുത്ത ഗണപതി ക്ഷേത്രത്തിൽ പോയി തേങ്ങ അടിക്കുകയും അവിടെ നിന്നു കിട്ടുന്ന പ്രസാദം നെറ്റിയിൽ ചാർത്തി നടക്കുകയും ചെയ്തിരുന്ന ഭക്തനായ ഒരു കമ്യൂണിസ്റ്റുകാരൻ. അതായിരുന്നു മുരളി. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം അദ്ദേഹത്തിന്റെ ഫോൺ കോൾ എനിക്കു വന്നു. ‘‘എടാ നാളത്തെയും കൊണ്ട് എന്റെ ഷൂട്ടിങ് തീരും. നീ സുനിതയോടു പറഞ്ഞു കുറച്ചു കരിമീൻ കറി വച്ചുകൊണ്ടു വരാൻ പറയണം.’’ ഞാൻ അപ്പോൾ തന്നെ സുനിതയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.

 

സുനിത പിറ്റേന്ന് ഉച്ചയായപ്പോഴേക്കും ചന്തു, ആരോമൽ, കരിമീൻ കറി, കാരച്ചെമ്മീൻ ഈർക്കിൽ കുത്തി വറുത്തത്, ഇളനാരൻ ചെമ്മീൻ കറിവച്ചത് ഇത്യാദികളുമായി ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ എത്തിച്ചേർന്നു. ഉച്ചയൂണിനു സമയമായപ്പോഴേക്കും മുരളിച്ചേട്ടനും ഞങ്ങളുടെ മുറിയിലെത്തി, ഡൈനിങ് ടേബിളിൽ എനിക്ക് അഭിമുഖമായി ഇരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ അന്ന് എടുക്കുന്ന സീനിന്റെ ഒരു കോപ്പി ഉണ്ടായിരുന്നു. അത് എനിക്കു നേരെ നീട്ടിയിട്ടു പറഞ്ഞു, ‘‘ഇന്നത്തെ സീനിൽ എനിക്കു ഡയലോഗ് ഇല്ല. കോടതി മുറിയിൽ ചുമ്മാ ഇരിപ്പേ ഉള്ളൂ. അതിന്റെ പേരിൽ ഞാൻ രണ്ടെണ്ണം അടിക്കാൻ പോവുകയാണ്. നീ ഇങ്ങോട്ട് ഒന്നും പറയണ്ട.’’ ഞാൻ മറുത്തെന്തെങ്കിലും പറയുന്നതിനു മുന്നേ തന്നെ കുപ്പി പൊട്ടി ഗ്ലാസിൽ വീണു കഴിഞ്ഞിരുന്നു. കുടിക്കുന്നതിനിടയിൽ ഇടംകണ്ണിട്ട് എന്നെ നോക്കിക്കൊണ്ടു പറഞ്ഞു.

 

‘‘നിനക്കും ഇന്നു ഡയലോഗ് ഇല്ല. ചുമ്മാ ഇരിപ്പു തന്നെ. വേണമെങ്കിൽ രണ്ടെണ്ണം എടുത്ത് അടിച്ചോ.’’

 

മുരളിച്ചേട്ടന്റെ വാക്കുകൾ എന്നെ മഴ കാത്തുനിന്ന പോപ്പിക്കുടയുടെ ഓണറുടെ അവസ്ഥയിലാക്കി. അങ്ങനെ ഞാനും ആ സോമരസപാനത്തിൽ അദ്ദേഹത്തോടൊപ്പം പങ്കു ചേർന്നു. ഞാൻ എന്റെ ചെമ്മീൻകെട്ടിൽ വളർത്തി വലുതാക്കിയ കരിമീനും കാരച്ചെമ്മീനും ഇളനാരനും ഞങ്ങളുടെ സോമരസപാനത്തിനു സാക്ഷികളെന്നോണം ആ ഡൈനിങ് ടേബിളിൽ നിരന്നിരിപ്പുണ്ടായിരുന്നു. കുറേ കഴിഞ്ഞപ്പോൾ അവരും അവിടെ നിന്ന് എങ്ങനെയോ അപ്രത്യക്ഷരായി.

 

അന്നു രാത്രി ഷൂട്ടിങ് കഴിഞ്ഞു മുരളിച്ചേട്ടൻ എന്റെ അടുത്തേക്കു വന്ന് എന്നെ ചേർത്തു നിർത്തിക്കൊണ്ടു പറഞ്ഞു ‘‘എന്റെ ഒരു ചിത്രവും ഈ വർഷത്തെ അവാർഡിനു വേണ്ടി മത്സരിക്കുന്നുണ്ട്. പക്ഷേ, ഈ ചിത്രത്തിലെ അഭിനയത്തിനു നിനക്ക് അവാർഡ് കിട്ടാൻ ഞാൻ പ്രാർഥിക്കും.’’അതു കേട്ടപ്പോൾ എനിക്ക് എന്റെ കണ്ണുനീർ തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. അപ്പോഴേക്കും മുരളിച്ചേട്ടനു കൊടുക്കാനുള്ള ബാക്കി പണവുമായി ലാൽ ജോസ് അവിടെയെത്തി. അദ്ദേഹത്തിന് ആ പണം നൽകി. അതു സന്തോഷത്തോടെ വാങ്ങിയിട്ട് അപ്പോൾ തന്നെ ലാലുവിന്റെ കൈകളിലേക്കു തിരികെ ഏൽപിച്ചിട്ടു പറഞ്ഞു:

 

‘‘ഈ പണം നീ ഈ ചിത്രത്തിന്റെ പരസ്യത്തിനു വേണ്ടി ഉപയോഗിക്കുക.’’

 

ഇതു കേട്ടു നിർനിമേഷനായി നിൽക്കുന്ന ലാൽ ജോസിന്റെ ചിത്രം. ഒരു ചെറുപുഞ്ചിരിയോടെ തന്റെ കാറിലേക്കു കയറിപ്പോകുന്ന മുരളിച്ചേട്ടന്റെ ചിത്രം. കാലപ്പഴക്കത്തിനു പോലും മായ്ക്കാൻ കഴിയാത്ത ഒന്നായി എന്റെ മനസ്സിന്റെ മണിച്ചെപ്പിനകത്തു ഞാനിന്നും സൂക്ഷിക്കുന്നുണ്ട്. കരളലിവുള്ളവനേ കലാകാരനാവാൻ പറ്റൂ. അതുകൊണ്ടാണോ എന്നറിയില്ല കലാകാരന്മാരിൽ ഭൂരിഭാഗവും കരൾ രോഗബാധിതരായിട്ടാണു മരണപ്പെട്ടിരുന്നത്. ആയുസ്സിന്റെ നീളത്തെക്കാൾ സത്യസന്ധമായ കർമമാണു ജീവിതത്തിന്റെ ധന്യതയെങ്കിൽ മുരളിച്ചേട്ടൻ ആയിരിക്കും മറ്റാരെക്കാളും ധന്യൻ.

 

മുരളിച്ചേട്ടന്റെ പ്രാർഥനകൾക്കു ഫലമുണ്ടായി. ഞാൻ ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനായും അച്ഛനുറങ്ങാത്ത വീട് രണ്ടാമത്തെ മികച്ച ചലച്ചിത്രവുമായി തിരഞ്ഞെടുക്കപ്പെട്ടു. ഷൂട്ടിങ് തിരക്കിനിടയിൽ ഏതോ ലൊക്കേഷനിൽ നിന്നാണ് ഞാൻ അവാർഡ് വാങ്ങാൻ തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തിച്ചേർന്നത്. തുറന്നു നോക്കിയപ്പോൾ ഡ്രസ്സ് എല്ലാം മുഷിഞ്ഞിരിക്കുന്നു. ഉടനെ തന്നെ എന്റെ സുഹൃത്തും നിർമാതാവുമായ ഖാദർ ഹസ്സന്റെ റെഡിമേഡ് ഷോപ്പിൽ നിന്ന് ഒരു പാന്റും ഷർട്ടും വാങ്ങി. ആ പുത്തൻ ഡ്രസ്സും ഇട്ടുകൊണ്ടാണ് ഞാൻ സെനറ്റ് ഹാളിൽ എത്തിയത്. അവിടെ അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ഇരിക്കുന്ന ലാൽ ജോസിനെ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു ചാരിതാർഥ്യവും സന്തോഷവും തോന്നി. തൊട്ടടുത്തായി അവാർഡ് വാങ്ങാനായി വന്നിരിക്കുന്ന നിർമാതാവ് റെജിയെ കണ്ടപ്പോൾ കുറച്ച് അദ്ഭുതം തോന്നി. കാരണം അച്ഛനുറങ്ങാത്ത വീടിന്റെ പൂജയുടെ അന്നു കണ്ടതിനുശേഷം പിന്നീടു ഞാൻ റെജിയെ കാണുന്നതു സെനറ്റ് ഹാളിൽ വച്ചാണ്.

 

രണ്ടു പേർക്കും ഓരോ സലാം വീതം കൊടുത്തിട്ടു ഞാനെന്റെ ഇരിപ്പിടത്തിലേക്കു നടന്നു. സീറ്റിൽ അമർന്നിരുന്ന ആ സമയത്ത് എന്തോ ഒന്ന് എന്നിൽ നിന്നു വേർപെട്ടു പോകുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ സസൂക്ഷ്മം എന്നെത്തന്നെ പരിശോധിച്ചപ്പോൾ എനിക്കാ സത്യം മനസ്സിലായി. ഇരിപ്പിന്റെ ശക്തിയിൽ എന്റെ പാന്റിന്റെ ബട്ടൺ പൊട്ടിപ്പോയിരിക്കുന്നു. ആ കുടുക്കു പൊട്ടിയ കുപ്പായം ഒന്നു ചേർത്തു വയ്ക്കാൻ ഞാൻ പഠിച്ച പണി പതിനെട്ടും എടുത്തു. പക്ഷേ, ഒന്നും ഫലവത്തായില്ല. എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഒരു അര പ്രാന്തിന്റെ അവസ്ഥയിലായി. അപ്പോഴേക്കും അവിടെ അവാർഡ് സമർപ്പണച്ചടങ്ങ് ആരംഭിച്ചു കഴിഞ്ഞിരുന്നു.

 

ഇലക്‌ഷൻ സമയം ആയതു കൊണ്ടു മുഖ്യമന്ത്രി അവാർഡ് കൊടുക്കുന്നതു പ്രോട്ടോകോൾ ലംഘനമായതിനാൽ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മലയാള സിനിമയുടെ മുത്തശ്ശിയായ ആറന്മുള പൊന്നമ്മയാണ് അവാർഡുകൾ നൽകിയത്. അവാർഡ് വാങ്ങാതെ തിരിച്ചു പോയാലോ എന്നുപോലും ഞാൻ ആലോചിച്ചു. ലാൽ ജോസെല്ലാം അവാർഡ് വാങ്ങാൻ കയറുമ്പോൾ ചുറ്റുപാടുകളിൽ നിന്നു കയ്യടി ഉയരുമ്പോൾ അതൊന്നും അറിയാതെ ഞാൻ എന്റെ കസേരയിൽ മരവിച്ചിരിക്കുകയായിരുന്നു.

 

ഒരു ഇടിവെട്ടു പോലെയാണ് അവതാരകയുടെ അനൗൺസ്മെന്റ് എന്നിൽ വന്നു പതിച്ചത്. ‘‘മികച്ച രണ്ടാമത്തെ നടൻ സലിംകുമാർ, ചിത്രം അച്ഛനുറങ്ങാത്ത വീട്.’’ഞാൻ മെല്ലെ എഴുന്നേറ്റ് ഒരുകൈ പാന്റിന്റെ പോക്കറ്റിലിട്ടു താഴെ വീഴാതിരിക്കാൻ താങ്ങി നിർത്തി സ്റ്റേജിലേക്കു മെല്ലെ നടന്നടുത്തു. ഇപ്പോൾ എന്റെ നടത്തം കണ്ടാൽ ബട്ടൺ പൊട്ടിയവൻ എന്ന് ആരും തിരിച്ചറിയില്ല. പക്ഷേ, രണ്ടു കയ്യും നീട്ടി അവാർഡ് വാങ്ങുമ്പോൾ, എന്റെ ബട്ടൺ പൊട്ടിയ കുപ്പായമെങ്ങാൻ താഴെ പോയാൽ... നാളത്തെ മനോരമ, മാതൃഭൂമി, മംഗളം, ദേശാഭിമാനി, കൗമുദി, വീക്ഷണം, ചന്ദ്രിക. എന്റീശ്വരാ... വേദിയിലേക്ക് അടുക്കുന്തോറും ഭയം കൂടിക്കൂടി വന്നു. സ്റ്റേജിൽ നിറഞ്ഞുനിൽക്കുന്ന മന്ത്രിമാർ, സിനിമാ രംഗത്തെ പ്രശസ്തർ, സെനറ്റ് ഹാളിൽ തിങ്ങിനിറഞ്ഞ ജനങ്ങൾ, അവരുടെ കാതടിപ്പിക്കുന്ന കരഘോഷം.

 

എന്റെ കണ്ണുകളിലേക്ക് ഇരുട്ടു കയറുന്നതു പോലെ, ആറന്മുള പൊന്നമ്മയൊക്കെ ആറായി കാണുന്നതു പോലെ. എങ്ങനെയൊക്കെയോ ഞാൻ അവാർഡ് വാങ്ങി തിരിച്ചു സീറ്റിൽ വന്നിരുന്നു. അവാർഡ് വിതരണം കഴിഞ്ഞപ്പോൾ അക്കാദമി ചെയർമാനും സംവിധായകനുമായ ടി.കെ. രാജീവ് കുമാർ മൈക്ക് കയ്യിലെടുത്തു സംസാരിച്ചു തുടങ്ങി. ‘‘സുഹൃത്തുക്കളെ. അവാർഡ് ജേതാക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ. സമയക്കുറവു മൂലം അവാർഡ് ജേതാക്കളിൽ കുറച്ചു പേർക്കു മാത്രം രണ്ടു വാക്ക് സംസാരിക്കാൻ അവസരം നൽകുകയാണ്. ആദ്യമായി രണ്ടു വാക്കു പറയാൻ മികച്ച നടനുള്ള രണ്ടാമത്തെ അവാർഡ് വാങ്ങിയ സലിംകുമാറിനെ ക്ഷണിച്ചു കൊള്ളുന്നു. അതു കേട്ടപ്പോൾ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന അവസ്ഥയിലായി ഞാൻ. അന്നു ഞാൻ രാജീവ്കുമാറിനെ മനസ്സിൽ പറഞ്ഞ തെറി നേരിട്ടാണു പറഞ്ഞിരുന്നതെങ്കിൽ രാജീവേട്ടന്റെ ആജന്മ ശത്രുക്കളുടെ കൂട്ടത്തിൽ ഒരാളായി ഞാനും മാറിയേനെ.ചേല ഉരിഞ്ഞുപോയ പാഞ്ചാലിക്കു ചേല നൽകി മാനം കാത്ത ശ്രീകൃഷ്ണ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഞാൻ വീണ്ടും സ്റ്റേജിൽ കയറി പ്രസംഗിച്ചു. അതൊരു പ്രസംഗമായിരുന്നു.

 

പല ഇന്റർവ്യൂകളിലും എന്നോടു ചോദിക്കാറുണ്ട് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലിനെയാണോ അതോ ആദാമിന്റെ മകൻ അബുവിനെ ആണോ കൂടുതൽ ഇഷ്ടം എന്ന്. അന്നൊക്കെ ഓരോ തമാശകൾ പറഞ്ഞ് ആ ചോദ്യത്തിൽ നിന്നൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു എന്റെ പതിവ്. ഒടുവിൽ ഞാൻ എന്നോടു തന്നെ ആ ചോദ്യം ചോദിച്ചു നോക്കി. അബു എനിക്കു സംസ്ഥാന അവാർഡും ദേശീയ അവാർഡും രാജ്യാന്തര അവാർഡും വരെ വാങ്ങിത്തന്ന ആളാണ്. എന്നിരുന്നാലും ഇരുവരോടും ഉള്ള എന്റെ സ്നേഹം മനസ്സിൽ തുലാസിൽ വച്ചു നോക്കിയപ്പോൾ ഒരു പണമിട സ്നേഹക്കൂടുതൽ പീരുമേടുകാരൻ സാമുവലിനോടായിരുന്നു.

 

ആ ഒറ്റക്കാരണം കൊണ്ട് അബുവിന് എന്നോടുള്ള സ്നേഹം കൂടുവാനേ സാധ്യതയുള്ളൂ. കാരണം സാമുവലിനു ഞാൻ സ്നേഹിച്ചു കൊതി തീരാതെ പോയ എന്റെ അച്ഛന്റെ രൂപമായിരുന്നു. അച്ഛനുറങ്ങാത്ത വീടിന്റെ സ്റ്റില്ലുകൾ കണ്ട എന്റെ സഹോദരി എന്നോടു പറഞ്ഞു. ‘‘മീശ എടുത്തു മാറ്റിയാൽ നമ്മുടെ അച്ഛൻ തന്നെ.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com