ഈ മഴയിലും ശ്രീകാന്ത് മുരളി ഓടുകയാണ്

srikant-priyan
‘ശിലാലിഖിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രിയദർശനും ശ്രീകാന്ത് മുരളിയും
SHARE

ചിലരെ ചിലയിടത്തു കാണുമ്പോൾ വല്ലാത്ത സ്നേഹം തോന്നും. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയെ പട്ടാമ്പിയിൽ പ്രിയദർശന്റെ ലൊക്കേഷനിൽ കണ്ടപ്പോൾ തോന്നിയതും അതാണ്. എം.ടി.വാസുദേവൻ നായരുടെ നെറ്റ്ഫ്ളിക്സ് പരമ്പരയ്ക്കു വേണ്ടിയുള്ള സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു പ്രിയദർശൻ. അസിസ്റ്റന്റായി ശ്രീകാന്ത് മുരളിയും.

മഴ ശക്തമായി പെയ്യുന്ന സമയമാണ്. ഷൂട്ട് നീണ്ടുപോകുന്നു.സ്വാഭാവികമായും സംവിധായകനു പിരിമുറുക്കം വരുന്ന സമയം. എന്തോ ശരിയാകാതെ വന്നപ്പോൾ പ്രിയദർശൻ ശ്രീകാന്തിനെ വിളിച്ചു പാതി ദേഷ്യത്തിലും പാതി ശാസനയിലുമായി ചോദിക്കുന്നു, ‘എന്താണിത് ശ്രീ.’ ഭവ്യതയോടെ ശ്രീകാന്ത് പെട്ടെന്നു തിരിഞ്ഞോടി എല്ലാം ശരിയാക്കുന്നു.

srikanth-murali

ഏതെങ്കിലും തട്ടിക്കൂട്ട് സ്കൂളിൽ സിനിമ പഠിച്ച ശേഷം നേരേ ഏതെങ്കിലും നിർമാതാവിന്റെ തോളിൽ കയ്യും ഇട്ടുവന്നു സിനിമ ചെയ്യുന്നവരുടെ കാലമാണിത്. കൂടെയുള്ള കുറേ ‘ഗൈസ് ’ ഉണ്ടെങ്കിൽ സിനിമയായി. ഒരു പടം കഴിയുന്നതോടെ പെട്ടി മടക്കും. ആദ്യ പടം സോഷ്യൽ മീഡിയയിൽ മാത്രം ഹിറ്റാകും. ഏതെങ്കിലും ഒടിടിയിൽ വന്നതും പോയതും അറിയാതെ കിടപ്പുണ്ടാകും.

സിനിമാ സംവിധാനമെന്നതു ഗുരുകുല വിദ്യാഭ്യാസം പോലെ പഠിക്കേണ്ടതുതന്നെയാണ്. ഓരോ ഫ്രെയിമും എന്തിനുവേണ്ടിയെന്നു തൊട്ടറിഞ്ഞു മനസ്സിലാക്കേണ്ട കല. നല്ല ക്യാമറമാനെ പണി ഏൽപിച്ചു ‘ൈഗസിന്റെ’ കൂടെ ഇരിക്കേണ്ട തട്ടിപ്പു പരിപാടിയല്ല.

lal-priyan

ശ്രീകാന്ത് മുരളി അദ്ഭുതപ്പെടുത്തുന്നതു മറ്റൊന്നുകൊണ്ടുമല്ല. കെ.ജി. ജോർജിന്റെ സഹസംവിധായകനായാണു ശ്രീകാന്ത് മുരളി ജീവിതം തുടങ്ങുന്നത്. മലയാളിക്കു കിട്ടാവുന്ന ഏറ്റവും നല്ല സിനിമാ ഗുരു. അതിനു ശേഷം ധാരാളം ഡോക്യുമെന്ററികൾ ചെയ്തു. 96 മുതൽ പ്രിയദർശനൊപ്പം മരയ്ക്കാർ വരെ എല്ലാ സിനിമയ്ക്കും സഹസംവിധായകനായി കൂടെ നിന്നു പഠിച്ചു. ഇതിനിടയിൽ സ്വന്തമായി ‘എബി’യെന്ന മനോഹരമായൊരു സിനിമയെടുത്തു. ആക്‌ഷൻ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്സാക്ഷിയും തുടങ്ങി ഹോം വരെയുള്ള സിനിമകളിൽ അഭിനയിച്ചു. നെടുമുടി വേണുവിനേയും വേണു നാഗവള്ളിയേയും പോലുള്ള നടന്മാരുടെ പട്ടികയിലേക്കു കയറി നിൽക്കാവുന്നൊരു നടൻ. നന്നായി കഥകളി കളിക്കും. നന്നായി വായിക്കും, അത്യാവശ്യം എഴുതും.

lal-srikanth
കിളിച്ചുണ്ടൻ മാമ്പഴം സിനിമയുടെ ചിത്രീകരണം

ഇതെല്ലാം കയ്യിലുള്ളപ്പോൾ ശ്രീകാന്ത് മുരളി എന്തിനാണ് ഒരു സംവിധായകന്റെ കീഴിൽ നിൽക്കുന്നത്. ഇടയ്ക്കെങ്കിലും ചീത്ത വിളി കേൾക്കുന്നത്. ഇതിന്റെ പത്തു ശതമാനം യോഗ്യതയുള്ളവർ പോലും ‘ഞാനന്റെ സ്വന്തം കാറിൽ വന്നിറങ്ങും. …. ’ എന്നു പറയുന്ന കാലമാണ്. ഇവിടെയാണു ശ്രീകാന്ത് മുരളിയെന്ന സംവിധായകനെയും നടനെയും തിരിച്ചറിയേണ്ടത്. കിട്ടാവുന്ന ഓരോ നിമിഷവും പാഠപുസ്തകമാക്കി മാറ്റുകയും സ്വന്തം സിനിമയുടെ വലിയ ലോകം ഉണ്ടാക്കുകയും ചെയ്യുന്ന ഇത്തരം ചിലരാണു മലയാള സിനിമയുടെ പച്ചത്തുരുത്തുകൾ. വാങ്ങാൻ പോകുന്ന കാറിനേക്കാൾ കൂടുതൽ, ഒന്നോ രണ്ടോ സീനിൽ പ്രത്യക്ഷപ്പെടുന്ന നല്ല സിനിമയെക്കുറിച്ചു സ്വപ്നം കാണുന്നവർ.

vettam-sritkanth
വെട്ടം സിനിമയുടെ സെറ്റിൽ നിന്നും

മഴയത്തു കുടയില്ലാതെ ബോർഡും പിടിച്ച് ഓടുന്ന ശ്രീകാന്തിന്റെ ചിത്രം നല്ലൊരു സിനിമ പോലെ മനസ്സിൽ ബാക്കിയാകുന്നു. ഉറപ്പാണ്, ഈ മനുഷ്യന്റെ മനസ്സിൽ ഇപ്പോഴത്തെ തട്ടിക്കൂട്ടുകാരുടെ കയ്യിലുള്ളതിനേക്കാൾ എത്രയോ നല്ല സിനിമകളുണ്ടാകും. സ്നേഹത്തോടെ അതാരെങ്കിലും ഖനനം ചെയ്ത് എടുക്കണമെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA