ADVERTISEMENT

റിലീസ് ചെയ്തതു മുതൽ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യഗാനം 'ദർശന'. പ്രണവ് മോഹൻലാൽ–ദർശന രാജേന്ദ്രൻ ജോടിയും പാട്ടിനൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. പല ചിത്രങ്ങളിൽ, വ്യത്യസ്ത വേഷങ്ങളിൽ ഇതിനു മുമ്പും ദർശനയേയും പ്രണവിനെയും പ്രേക്ഷകർ കണ്ടിട്ടുണ്ടെങ്കിലും ഇരുവരും ഒരുമിക്കുമ്പോൾ വല്ലാത്തൊരു മാജിക് സംഭവിച്ചിട്ടുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. പ്രേക്ഷകർ ഏറെ ഊഷ്മളതയോടെ സ്വീകരിച്ച ഹൃദയത്തിലെ കഥാപാത്രമായി ദർശന രാജേന്ദ്രനെ കണ്ടെത്തിയതെങ്ങനെയെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ.

വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ: ‘ദർശന അഭിനയിച്ച തമിഴ് ചിത്രം ‘ഇരുമ്പു തിരൈ’ ഞാൻ കണ്ടിരുന്നു. അതിൽ ടെറസിനു മുകളിൽ നിന്ന് ദർശനയും വിശാലും സംസാരിക്കുന്ന സീൻ ഉണ്ട്, അതിൽ കണ്ടപ്പോൾ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദർശന എന്നാണ് പേരെന്നോ എനിക്ക് അറിയില്ല. പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോൾ ദർശന രാജേന്ദ്രൻ എന്ന് കണ്ടു. അങ്ങനെയാണ് ദർശനയെ ഞാൻ ആദ്യം അറിയുന്നത്.’

‘പിന്നീട് മായനദിയിലെ 'ഭാവ്‌രാ മൻ' ദർശന പാടുന്നതാണ് കണ്ടത്. അതിനു ശേഷം ഞാൻ ദിവ്യയോട് ഇങ്ങനെ ഒരു പെൺകുട്ടിയെ കണ്ടു എന്ന് പറഞ്ഞു. ആ സമയത്താണ് ‘കൂടെ’ സിനിമ റിലീസ് ചെയ്യുന്നത്. ‘കൂടെ’യിലെ പാട്ട് റിലീസ് ചെയ്ത സമയത്ത് ആ പാട്ടിൽ നസ്രിയയെ കാണിക്കുന്ന ഷോട്ട് ഞാനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡിൽ ഉള്ള ദർശനയെ നോക്കും, ഈ കുട്ടി കാണാൻ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദർശനയെ ഫോക്കസ് ചെയ്ത് കുറേനേരം ഞങ്ങൾ നോക്കി ഇരുന്നിട്ടുണ്ട്.’

‘നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ ചില കഥാപാത്രത്തിന് ഇന്ന ആൾ ചേരും എന്ന് മനസ്സിൽ തോന്നാറുണ്ടല്ലോ. പല തീരുമാനങ്ങളും നമ്മുടെ മനസ്സ് നമ്മോടു പറയുന്നതാണ്. അങ്ങനെ ഞാൻ ‘ഹൃദയം’ എഴുതുന്ന സമയത്ത് എനിക്ക് തോന്നി ദർശന ഈ കഥാപാത്രം ചെയ്‌താൽ അടിപൊളി ആയിരിക്കും എന്ന്.’

മായാനദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരാമാണ് ദര്‍ശന രാജേന്ദ്രന്‍. പിന്നീട് ‘കൂടെ’, ‘സീ യു സൂൺ’, ‘ഇരുൾ’, ‘ആണും പെണ്ണും’ എന്ന ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ദർശന ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു. ഒരു ഗായിക കൂടിയായ ദർശന മായാനദിയിൽ 'ഭാവ്‌രാ മൻ' എന്ന ഗാനവും ആലപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com